Image

ആം ആദ്മി: “ചക്ക വീണു, മുയല്‍ ചത്തു”- ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 25 January, 2014
ആം ആദ്മി: “ചക്ക വീണു, മുയല്‍ ചത്തു”- ഷോളി കുമ്പിളുവേലി
ഒരിക്കല്‍ ചക്കവീണ് ഒരു മുയല്‍ ചത്തതുകൊണ്ട്, ചക്ക വീഴുമ്പോഴെല്ലാം മുയലുകള്‍ ചാകണമെന്നില്ല!
കഴിഞ്ഞ പത്തുകൊല്ലത്തെ യു.പി.എ. സര്‍ക്കാരിന്റെ ക്രൂരമായ ജനദ്രോഹ നടപടികളില്‍, നിരാശരായ ജനങ്ങളുടെ വികാരപ്രകടനമാണ് മന്‍മോഹന്‍ സിംഗിന്റേയും, സോണിയാ ഗാന്ധിയുടേയുമൊക്കെ, മൂക്കിന്റെ താഴെയുള്ള ഡല്‍ഹിയില്‍ ജനങ്ങള്‍ നടത്തിയത്. തികച്ചും അനിവാര്യമായ ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് ഡല്‍ഹി നിവാസികള്‍ കോണ്‍ഗ്രസില്‍ നല്‍കിയത്. അതേ സമയം ബി.ജെ.പി.യോടും ജനങ്ങള്‍ക്ക് താല്പര്യമില്ല എന്നതിന്റെ തെളിവാണ്, ഡല്‍ഹിയിലെ അവസരം മുതലെടുക്കുവാന്‍ അവര്‍ക്കും കഴിയാതെ പോയത്. പൊതുവില്‍ അഴിമതിയും, അക്രമങ്ങളും, വിലക്കയറ്റം കൊണ്ടും, രാഷ്ട്രീയ അരാജകത്വം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം, ജനങ്ങള്‍ പ്രതികരിക്കുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഡല്‍ഹിയില്‍ അത് 'ആം ആദ്മി'ക്ക് അനുകൂലമായി ഭവിച്ചു എന്നു മാത്രം.

അഴിമതി ഇല്ലായ്മ ചെയ്യാന്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട്, അണ്ണാ ഹസാരെ തുടങ്ങി വച്ച ജനകീയ മുന്നേറ്റം, ഹസാരെയുടെ വലംകൈ ആയിരുന്ന കേജരിവാള്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുകയായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം, കോണ്‍ഗ്രസ് പിരിച്ചു വിടണമെന്നു പറഞ്ഞ ഗാന്ധിജിയെ മറികടന്ന്, രാഷ്ട്രീയ പാര്‍ട്ടിയാക്കിയതു പോലെ കേജരിവാളും ഒരു ശ്രമം നടത്തി. പക്ഷേ ഡല്‍ഹിയില്‍ ഉണ്ടായ വിജയം മറ്റ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കുവാന്‍ ആം ആദ്മിക്ക് സാധിക്കണമെന്നില്ല. ശക്തമായ പ്രാദേശിക പാര്‍ട്ടികളും, ഇടതുപക്ഷങ്ങളും നിലവിലുള്ള സംസ്ഥാനങ്ങള്‍ “ആപ്പിന”് മുന്നേറ്റം നടത്താന്‍ കഴിയില്ല. ഒരു പ്രത്യയ ശാസ്ത്രമോ, നിയമാവലിയോ, കാര്യമായ നേതൃത്വമോ ഇല്ലാതെ എത്ര നാള്‍ ഒരു ആള്‍ക്കൂട്ടത്തെ മുന്നോട്ടു കൊണ്ടു പോകുവാന്‍ സാധിക്കും. മാത്രമല്ല, സമരം പോലെ എളുപ്പമല്ല ഭരണം. എന്നാല്‍ ഭരണത്തിലിരുന്നു കൊണ്ട് സമരം ചെയ്യാന്‍ കേജരിവാളിന് തുണയാകുന്നത്, കോണ്‍ഗ്രസ് ഭരണത്തില്‍ കീഴില്‍ പോലീസിനോടും, പൊതു ഭരണ സമ്പ്രദായങ്ങളോടുമുള്ള ജനങ്ങളുടെ വെറുപ്പ് ഒന്നുകൊണ്ടു മാത്രമാണ്.

ജനം ആഗ്രഹിക്കുന്നത്, അവരോട് സ്‌നേഹവും കരുതലുമുള്ള ഭരണാധികാരികളെയാണ്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, വാജ്‌പേയി എന്നീ മുന്‍ പ്രധാന മന്ത്രിമാര്‍ക്ക് ജനമനസിലുണ്ടായിരുന്ന സ്ഥാനം മന്‍മോഹന്‍ സിങ്ങിനുണ്ടാക്കാന്‍ കഴിഞ്ഞോ? ജനത്തിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല! മന്‍മോഹന്‍ സിങ്ങിന്റെ സംസാരവും (അദ്ദേഹം സംസാരിച്ചിട്ടുണ്ടെങ്കില്‍) പ്രവര്‍ത്തിയും എല്ലാം ഒരിക്കല്‍പ്പോലും സാധാരണക്കാരായ പ്രജകള്‍ക്കു വേണ്ടി ആയിരുന്നില്ല, മറിച്ച് കുത്തക മുതലാളിമാര്‍ക്കും, മുതലാളിത്വ രാഷ്ട്രങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു. ഇത് കോണ്‍ഗ്രസ് തിരിച്ചറിയണം. അതുപോലെ സ്വന്തം കുടുംബങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന അഴിമതിയുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുവാനും, പൊതു ജനങ്ങളെ അറിയിക്കുവാനും രാഹുല്‍ഗാന്ധി ശ്രമിക്കണം. അല്ലാതെ ആരെങ്കിലും എഴുതികൊടുക്കുന്നത്, ഏറ്റു പറഞ്ഞുതുകൊണ്ടോ, ജനത്തോടുള്ള പ്രതിപത്തി ആകുന്നില്ല! അംബാനിമാര്‍ക്കുണ്ടാകുന്ന ലാഭകുറവിനെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍, ഒരു കുറ്റി ഗ്യാസിനും, ഒരു ലിറ്റര്‍ പെട്രോളിനും പാവം ജനം കൊടുക്കേണഅടി വരുന്ന വില, അവര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം!

ജനങ്ങള്‍ക്ക് മോദിയെന്നോ, രാഹുലെന്നോ വ്യത്യാസമില്ല; അവരെ സ്‌നേഹിക്കുന്ന, കരുതലോടെ പരിപാലിക്കുന്ന ഭരണകര്‍ത്താക്കളെയാണ് ആഗ്രഹിക്കുന്നത്. കുടുംബമഹിമ പറഞ്ഞാല്‍ ജയിച്ചു പോരുന്ന കാലം തീരുകയാണ്. കുത്തക പത്രങ്ങളുടെ സംരക്ഷണം മാത്രമാണ് ഇപ്പോഴുള്ളത്. ഈ ആധുനിക യുഗത്തില്‍ അതിനും പരിമിധികള്‍ ഉണ്ട്. അതുകൊണ്ട് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണം. അല്ലെങ്കില്‍ "ആം ആദ്മി" ആകണമെന്നില്ല; മറ്റേതെങ്കിലും പേരുകളിലുള്ള അരാഷ്ട്രീയവാദികള്‍ വീണ്ടും ഉണ്ടായെന്നു വരാം.

വാല്‍ക്കഷ്ണം
“കാള പെറ്റെന്നു കേട്ടപ്പോഴെ, അമേരിക്കയില്‍ ചിലര്‍ കയറെടുത്തു കഴിഞ്ഞു” ചില മുന്‍ കോണ്‍ഗ്രസുകാരും, കേരളാ കോണ്‍ഗ്രസുകാരും, ഒരു സുപ്രഭാതത്തില്‍ തലയില്‍ തൊപ്പിയും വച്ച് “ആം ആദ്മിയായി” അങ്ങനെ അമേരിക്കയിലും ഹസാരേമാരും, കേജരിവാളുമാരും ഉണ്ടായിതുടങ്ങി. “ദീപസ്തംഭം മഹാശ്ചര്യം”…

ആം ആദ്മി: “ചക്ക വീണു, മുയല്‍ ചത്തു”- ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക