Image

അബൂദബി വിമാനത്താവളം: ഒന്നാം ടെര്‍മിനല്‍ നവീകരണം പൂര്‍ത്തിയായി

Published on 03 November, 2011
അബൂദബി വിമാനത്താവളം: ഒന്നാം ടെര്‍മിനല്‍ നവീകരണം പൂര്‍ത്തിയായി
അബൂദബി: അബൂദബി അന്തര്‍ദേശീയ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഒന്നാം ടെര്‍മിനല്‍ ഇന്ന്‌ ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളതും ആകര്‍ഷകവുമായ ടെര്‍മിനലായി മാറിയിട്ടുണ്ട്‌. അടിസ്ഥാന സൗകര്യങ്ങളും നവീന സാങ്കേതിക വിദ്യകളും മാത്രമല്ല, അതിമനോഹരമായ വാസ്‌തുശില്‍പ രീതിയും നവീകരണം പൂര്‍ത്തിയായ ടെര്‍മിനല്‍ കെട്ടിടത്തെ ആകര്‍ഷകമാക്കുന്നു. ഒന്നാം ടെര്‍മിനല്‍ അന്തര്‍ദേശീയ നിലവാരത്തില്‍ നവീകരിക്കാനും രണ്ട്‌, മൂന്ന്‌ ടെര്‍മിനലുകള്‍ വികസിപ്പിക്കാനും വന്‍ പദ്ധതിയാണ്‌ അബൂദബി എയര്‍പോര്‍ട്ട്‌സ്‌ കമ്പനി നടപ്പാക്കിയത്‌.

വരും വര്‍ഷങ്ങളില്‍ അബൂദബി എമിറേറ്റിന്‍െറ വളര്‍ച്ച മുന്നില്‍ കണ്ടാണ്‌ വിമാനത്താവളത്തില്‍ വന്‍ വികസനം നടപ്പാക്കുന്നത്‌. പുതിയ മിഡ്‌ഫീല്‍ഡ്‌ ടെര്‍മിനലിന്‍െറ നിര്‍മാണം ഇതില്‍ പ്രധാനമാണ്‌. പ്രതിവര്‍ഷം 27 ദശലക്ഷം മുതല്‍ 30 ദശലക്ഷം വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകുന്ന വിധത്തിലാണ്‌ വികസനം ആസൂത്രണം ചെയ്‌തത്‌.

അത്യാധുനിക സൗകര്യങ്ങളുള്ള ആഗമനനിര്‍ഗമന ഹാളുകള്‍, ബോര്‍ഡിങ്‌ ഗേറ്റുകള്‍, എയര്‍ലൈന്‍ ലോഞ്ച്‌ എന്നിവ ഒന്നാം ടെര്‍മിനലിലെ വികസനത്തില്‍ ഉള്‍പ്പെടുന്നു. നിലവും ചുമരും മേല്‍ക്കൂരയും മോടിപിടിപ്പിച്ചു.

കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും വാഷ്‌റൂം സൗകര്യം 100 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്‌തു. ലഘുഭക്ഷണ ശാലകളുടെ എണ്ണം വര്‍ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.ബിസിനസ്‌ ക്‌ളാസ്‌ ലോഞ്ച്‌ നവീകരിച്ചതിന്‌ പുറമെ പുതിയ ഫസ്റ്റ്‌ ക്‌ളാസ്‌ ലോഞ്ചും വന്നു.യാത്രാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ എമിഗ്രേഷന്‍ കൗണ്ടറുകളും ചെക്ക്‌ഇന്‍ കൗണ്ടറുകളും സ്ഥാപിച്ചു.
അബൂദബി വിമാനത്താവളം: ഒന്നാം ടെര്‍മിനല്‍ നവീകരണം പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക