Image

അരിവില കുറച്ചതിന്റെ ഗുണം മദ്യപര്‍ക്ക്‌: മാര്‍ ക്രിസോസ്‌റ്റം

Published on 03 November, 2011
അരിവില കുറച്ചതിന്റെ ഗുണം മദ്യപര്‍ക്ക്‌: മാര്‍ ക്രിസോസ്‌റ്റം
ദുബായ്‌: മിടുക്കനും നല്ലവനുമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കിലോയ്‌ക്ക്‌ 25 രൂപയുള്ള അരി ഒരു രൂപയ്‌ക്കു കൊടുത്തു ബാക്കി 24 രൂപയ്‌ക്കും കള്ളുകുടിക്കാന്‍ നാട്ടുകാര്‍സക്കു സൗകര്യമൊരുക്കിയെന്നു ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. അരിവില കുറച്ചതു നല്ല കാര്യമാണെങ്കിലും ബാക്കി കാശ്‌ ഭാര്യമാര്‍ക്കു കിട്ടുന്നില്ലെന്നു ചിരിയുടെ പൂരത്തിനു തിരികൊളുത്തി അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ ഇംഗ്ലിഷിലായിരുന്നു മാര്‍ ക്രിസോസ്‌റ്റത്തിന്റെ തുടക്കം. മലയാളികള്‍ മാത്രമുള്ള സദസ്സില്‍ ഇംഗ്ലിഷ്‌ വേണോ എന്നു ചോദ്യം ഉയര്‍ന്നപ്പോള്‍ തെറ്റിദ്ധരിക്കരുതെന്നു മറുപടി. കുറച്ചൊക്കെ അറിയാമെന്നല്ലാതെ സത്യമായിട്ടും ഇംഗ്ലിഷില്‍ കാര്യമായ പിടിപാടില്ല. അറിയാമെന്നു കാണിക്കാനാണു കയ്യിലുള്ളത്‌ ആദ്യമേ തട്ടിയതെന്നും വെടിയുണ്ടപോലെ ഉത്തരം വന്നു. പിള്ളേര്‌ രണ്ടു മതിയെന്നു പറഞ്ഞുള്ള വിവാദത്തില്‍ അവിവാഹിതനായ താന്‍ കക്ഷിയല്ല. പെണ്ണുകെട്ടാത്ത മെത്രാന്മാര്‍ പെണ്ണുകെട്ടിയവരോടു മക്കള്‍ വേണ്ടെന്നു പറയുന്നതു ശരിയല്ല. കല്യാണം കഴിച്ചശേഷം മക്കള്‍ വേണ്ടെന്നു നിശ്‌ചയിച്ചവരെയും അറിയാം.

ഇക്കാര്യത്തിലെല്ലാം ഗുണദോഷിക്കാമെന്നല്ലാതെ വേറൊന്നും ചെയ്യാനില്ല. നിയമംകൊണ്ടു നടപ്പാക്കാന്‍ കഴിയുന്നതാണിതെല്ലാമെന്നു തോന്നുന്നില്ല. പള്ളിയില്‍ വരുന്ന പലരും ക്രിസ്‌ത്യാനികളല്ല എന്നതാണു വസ്‌തുത. ഇവരെ ക്രിസ്‌ത്യാനികളാക്കാനാണു താന്‍ പള്ളിയില്‍ പോകുന്നത്‌. സഭ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഒരു സാഹചര്യത്തില്‍ തെറ്റായതു മറ്റൊരു സാഹചര്യത്തില്‍ ശരിയായി വരാം. യുക്‌തിസഹചമായ ചിന്തകളിലൂടെ വേണം ഉചിതമായ തീരുമാനമെടുക്കാനെന്നും മാര്‍ ക്രിസോസ്‌റ്റം ഓര്‍മിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക