Image

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം: ഓക്‌ലന്‍ഡ്‌ തുറമുഖം അടച്ചു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 03 November, 2011
വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം: ഓക്‌ലന്‍ഡ്‌ തുറമുഖം അടച്ചു (അങ്കിള്‍സാം വിശേഷങ്ങള്‍)
കാലിഫോര്‍ണിയ: വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ സമരം ശക്തമായതിനെത്തുടര്‍ന്ന്‌ ഓക്‌ലന്‍ഡ്‌ തുറമുഖം അടച്ചു. പ്രക്ഷോഭത്തെ പിന്തുണച്ചു നിരവധി പേര്‍ രംഗത്തെത്തിയോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. രാജ്യത്തെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ തുറമുഖമാണിത്‌. പ്രതിവര്‍ഷം 39 ബില്യണ്‍ ഡോളറിന്റെ കയറ്റിറക്കുമതിയാണ്‌ ഇവിടെ നടക്കുന്നത്‌. തുറമുഖത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയാല്‍ മാത്രമെ പ്രവര്‍ത്തനം പുനരാരംഭിക്കൂവെന്ന്‌ അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍, യൂണിയന്‍ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ കഴിഞ്ഞ ദിവസം ഇവിടെ പ്രകടനം നടത്തിയിരുന്നു. വിവിധ ബാങ്കുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും മുന്നിലാണു സമരം. ഇതേത്തുടര്‍ന്നു മിക്ക സ്ഥാപനങ്ങളും അടയ്‌ക്കേണ്‌ടി വന്നു. യുഎസില്‍ ഏറ്റവുമധികം തൊഴിലില്ലായ്‌മ നിരക്കുള്ള സ്ഥലമാണ്‌ ഓക്‌ലന്‍ഡ്‌. മേഖലയില്‍ പൊതുപണിമുടക്കിനും പ്രക്ഷോഭകാരികള്‍ അഹ്വാനം ചെയ്‌തിട്ടുണ്‌ട്‌.

നാക്കു നീട്ടി ചാനല്‍ താപ്പര്‍ ഗിന്നസ്‌ ബുക്കില്‍

വാഷിംഗ്‌ടണ്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ നാക്കിന്‌ ഉടമയെന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ 21കാരിയായ അമേരിക്കന്‍ യുവതിക്ക്‌. യുഎസിലെ ഹൂസ്‌റ്റണില്‍ നിന്നുള്ള ചാനല്‍ താപ്പറാണ്‌ റെക്കോര്‍ഡിനുടമയായത്‌. 9.7 സെന്റിമീറ്റര്‍ നീളമാണ്‌ താപ്പറിന്റെ നാക്കിന്റെ നീളം. 13-ാം വയസില്‍ നാക്ക്‌ യുട്യൂബില്‍ പ്രദര്‍ശിപ്പിച്ചു കൊണ്‌ടാണ്‌ താപ്പര്‍ ആദ്യം ജനശ്രദ്ധ നേടുന്നത്‌.

നാക്കിനു നീളം കൂടിയതുകൊണ്‌ട്‌ യാതൊരു പ്രശ്‌നവും ഇല്ലെന്നും വെറു തമാശയായാണ്‌ ഇതു കാണുന്നതെന്നും താപ്പര്‍ പറയുന്നു. നാക്ക്‌ ആളുകള്‍ക്കു മുമ്പില്‍ പുറത്തെടുത്തു കാണിക്കാന്‍ കുട്ടിക്കാലം മുതല്‍ തനിക്ക്‌ ഇഷ്‌ടമാണെന്നും താപ്പര്‍ വ്യക്‌തമാക്കി.

സൈബര്‍ ലോകത്തിന്‌ പുയിയ ഭീഷണിയുമായി ഡ്യൂക്യു വൈറസ്‌

ന്യൂയോര്‍ക്ക്‌: മൈക്രോസോഫറ്റ്‌ വേഡ്‌ ഡോക്യുമെന്റുകളുടെ രൂപത്തില്‍ ഈമെയിലിലൂടെ പുതിയൊരു ഭീഷണി ലോകമെങ്ങും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്‌. ഇറാന്റെ ആണവപരിപാടിക്കെതിരെ പ്രത്യക്ഷപ്പെട്ട സ്റ്റക്‌സ്‌നെറ്റിന്‌ സമാനമെന്ന്‌ വിലയിരുത്തപ്പെടുന്ന ഡ്യൂക്യു വൈറസ്‌ ആണ്‌ പുതിയ സൈബര്‍ ഭീഷണി.

മൈക്രോസോഫ്‌ട്‌ വേഡ്‌ ഫയലുകളില്‍ ഇതുവരെ അറിയപ്പെടാത്ത ഒരു പഴുത്‌ ചൂഷണം ചെയ്‌താണ്‌ ഡ്യൂക്യു എന്ന ട്രോജന്‍ വൈറസ്‌ പടരുന്നത്‌. പവര്‍ പ്ലാന്റുകള്‍, ഓയില്‍ റിഫൈനറികള്‍, പൈപ്പ്‌ലൈനുകള്‍ മുതലായവയെ നിയന്ത്രിക്കുന്ന വ്യവസായിക സംവിധാനങ്ങളുടെ ഡേറ്റ ചോര്‍ത്തിയെടുത്ത്‌ ഇത്തരം സംവിധാനങ്ങളെ ആക്രമിക്കാന്‍ പാകത്തിലാണ്‌ ഡ്യൂക്യു സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

ഈമെയിലുകളില്‍ അറ്റാച്ച്‌ ചെയ്‌ത മൈക്രോസോഫ്‌റ്റ്‌ വേഡ്‌ ഫയലുകളുടെ രൂപത്തിലാണ്‌ വൈറസ്‌ എത്തുക. മെയില്‍ ലഭിക്കുന്നയാള്‍ അറ്റാച്ച്‌മെന്റ്‌ തുറക്കുന്നതോടെ, ഡ്യൂക്യു വൈറസ്‌ ആ കമ്പ്യൂട്ടറില്‍ കയറിപ്പറ്റും. ഇങ്ങനെയാണ്‌ വൈറസ്‌ പടരുന്നത്‌. കഴിഞ്ഞ മാസമാണ്‌ നിഗൂഢസ്വഭാവമുള്ള പുതിയൊരു വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച്‌, കമ്പ്യൂട്ടര്‍ സുരക്ഷാകമ്പനിയായ സിമാന്റെക്‌ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ്‌ നല്‍കിയത്‌. സ്റ്റക്‌സ്‌നെറ്റ്‌ വൈറസിന്‌ സമാനമായ കോഡുള്ളതാണ്‌ പുതിയ വൈറസെന്നും സിമാന്റെക്‌ വെളിപ്പെടുത്തിയിരുന്നു.

തങ്ങളുടെ വേഡ്‌ സോഫ്‌ട്‌വേറിലെ പഴുതാണ്‌ ഈ വൈറസ്‌ പ്രത്യക്ഷപ്പെടാന്‍ അവസരമൊരുക്കിയതെന്ന്‌ മൈക്രോസോഫ്‌റ്റ്‌ കഴിഞ്ഞ ദിവസം സമ്മതിച്ചു. വേഡ്‌ ഫയലുകളിലെ പഴുതടയ്‌ക്കാനുള്ള സോഫ്‌ട്‌വേര്‍ പാച്ച്‌ തയ്യാറാക്കിക്കൊണ്‌ടിരിക്കുകയാണെന്നും മൈക്രസോഫറ്റ്‌ അറിയിച്ചു.

ഇന്ത്യയുമായി പ്രതിരോധ ബന്ധം വിപുലമാക്കാന്‍ യു.എസ്‌

വാഷിംഗ്‌ടണ്‍: ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുമായി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നൂതന പ്രതിരോധ സാങ്കേതികവിദ്യ ഇന്ത്യക്ക്‌ നല്‍കാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. യു.എസ്‌. കോണ്‍ഗ്രസ്സില്‍ പെന്റഗണ്‍ സമര്‍പ്പിച്ച ഒമ്പതു പേജുള്ള റിപ്പോര്‍ട്ടിലാണ്‌ സാങ്കേതികവിദ്യകള്‍ നല്‍കുന്നതിനു പുറമേ എഫ്‌-35 യുദ്ധവിമാനങ്ങളുള്‍പ്പെടെയുള്ളവ വികസിപ്പിക്കുന്ന കാര്യത്തിലും ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌.

എഫ്‌-16, എഫ്‌-18 യുദ്ധവിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന്‌ വാങ്ങേണെ്‌ടന്ന്‌ ഇന്ത്യ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതുവഴി ആയിരം കോടി ഡോളറിന്റെ കരാര്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ്‌ തുടര്‍ന്നും ഇന്ത്യയുമായി സഹകരിക്കാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചത്‌. ഇന്ത്യ താത്‌പര്യം കാണിക്കുകയാണെങ്കില്‍ എഫ്‌-35 യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും നല്‍കാന്‍ തയ്യാറാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷണ രംഗത്തും സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും ഉന്നത സാങ്കേതിക സഹകരണം ലഭ്യമാക്കുമെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌.

മോത്തി മസ്‌ജിദ്‌ പെയിന്റിംഗിന്‌ യുഎസില്‍ റെക്കോര്‍ഡ്‌ തുക

ന്യൂയോര്‍ക്ക്‌: ന്യൂഡല്‍ഹിയിലെ പ്രസിദ്ധമായ മോത്തി മസ്‌ജിദിന്റെ പെയിന്റിംഗിന്‌ അമേരിക്കയില്‍ ലേലത്തില്‍ ലഭിച്ചത്‌ റെക്കോര്‍ഡ്‌ തുക. റഷ്യന്‍ കലാകാരനായ വാസിലി വാസിലിയേവിച്ച്‌ വെറെഷ്‌ചെഗിന്‍ വരച്ച ഒരു നൂറ്റാണ്‌ടിലേറെ പഴക്കമുള്ള കൂറ്റന്‍ പെയ്‌ന്റിങ്‌ 31 ലക്ഷം ഡോളറിനാണ്‌ (15.22 കോടി രൂപ) ലേലത്തില്‍ പോയത്‌. പ്രസിദ്ധ ലേലസ്ഥാപനമായ സോത്‌ബിയാണ്‌ ലേലം നടത്തിയത്‌.

വെറെഷ്‌ചെഗിന്‍ 1876-1879 കാലത്ത്‌ ചെയ്‌ത `പേള്‍ മോസ്‌ക്‌ അറ്റ്‌ ഡല്‍ഹി' എന്ന പെയിന്റിംഗിന്‌ 13 അടി നീളവും 16 അടി വീതിയുമുണ്‌ട്‌. ബോസ്റ്റണിലെ മ്യൂസിയം ഓഫ്‌ ഫൈന്‍ ആര്‍ട്‌സാണ്‌ ഈ ചിത്രം മറ്റ്‌ ഏഴ്‌ പെയിന്റിഗുകള്‍ക്കൊപ്പം ലേലത്തിന്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക