Image

മലയാളം സൊസൈറ്റി: `ചങ്ങമ്പുഴക്കവിതകളുടെ ആസ്വാദനം'

മണ്ണിക്കരോട്ട്‌ Published on 04 November, 2011
മലയാളം സൊസൈറ്റി: `ചങ്ങമ്പുഴക്കവിതകളുടെ ആസ്വാദനം'
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ മലയാളം സൊസൈറ്റിയുടെ ഒക്ടോബര്‍ (2011) സമ്മേളനം 30-ാം തീയത്‌ വൈകീട്ട്‌  4 മണിയ്‌ക്ക്‌ സ്റ്റാഫൊര്‍ഡ്‌ സിറ്റിയിലുള്ള ഡിസ്‌ക്കൗന്‍ട്‌ ഗ്രോസേഴ്‌സ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു. മലയാളത്തിന്റെ എക്കാലത്തേയും പ്രിയ കവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ ജന്മശതാബ്ധിയോടനുബന്ധിച്ച്‌ `ചങ്ങമ്പുഴക്കവിതകളു'ടെ ആസ്വാദനമായിരുന്നു മുഖ്യവിഷയം. ടെക്‌സസ്‌ 22ിറ ഡിസ്‌ട്രിക്കില്‍നിന്ന്‌ യു.എസ്‌. കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്ന കെ.പി. ജോര്‍ജ്‌ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു.

മലയാളം സൊസൈറ്റി പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ അന്തരിച്ച പ്രശസ്‌ത സാഹിത്യകാരന്‍ കാക്കനാടനെയും മന്ത്രി ടി.എം. ജേക്കബിനെയും അനുസ്‌മരിച്ചു. മണ്ണിക്കരോട്ടിന്റെ സ്വാഗതപ്രസംഗത്തില്‍ ചങ്ങമ്പുഴയുടെ കാവ്യലോകത്തെക്കുറിച്ച്‌ ചുരുക്കമായി വിവരിച്ചു. ജീവിതത്തിന്റെ വൈകാരികതലങ്ങളും സൗന്ദര്യത്തിന്റെ നാനാമുഖങ്ങളും കവിതയിലൂടെ സാധാരണ ജനങ്ങള്‍ പകര്‍ന്ന ഒരു മഹാകവിയായിരുന്നു ചങ്ങമ്പുഴ എന്ന്‌ മണ്ണിക്കരോട്ട്‌ സൂചിപ്പിച്ചു.

ചങ്ങമ്പുഴക്കവിതകളുടെ ആസ്വാദനത്തിന്റെ തുടക്കമായി അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച്‌ ജോണ്‍ മാത്യു പ്രഭാഷണം നടത്തി. കവിത്രയ കാലത്തിന്റെ തുടര്‍ച്ചയായി ജി. ശങ്കരക്കുറുപ്പ്‌, വൈലോപ്പിള്ളി, പാലാ, കുഞ്ഞിരാമന്‍ നായര്‍, വെണ്ണിക്കുളം മുതലായ യുവകവികളുടെ കാലം; അവിടെയാണ്‌ ചങ്ങമ്പുഴ കാവ്യലോകത്ത ഒരു പുതിയ കാല്‍വയ്‌പ്പുമായി കടന്നുവരുന്നത്‌. പാശ്ചാത്യ ഇടയഗീതങ്ങളും കാല്‌പനികതയും, കേരളത്തില്‍ അക്കാലത്ത്‌ നടമാടിക്കൊണ്ടിരുന്ന ജന്മി-കുടിയാന്‍ ബന്ധങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ ജോണ്‍ മാത്യു സമര്‍ത്ഥിച്ചു. ജോളി വില്ലി, ചങ്ങമ്പുഴയുടെ പ്രണയകവിതകളുടെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച്‌ പ്രസംഗിച്ചു.

പ്രണയം ആത്മാവിന്റെ പ്രണവമന്ത്രമാക്കിയ കേരളത്തിന്റെ മഹാകവിയാണ്‌ ചങ്ങമ്പുഴയെന്നും, മലയാള കവിത ചങ്ങമ്പുഴയുടെ മുമ്പില്‍ `മതിമോഹന നര്‍ത്തനമാടുക'യായിരുന്നുവെന്നും പുത്തന്‍കുരിശിന്റെ പ്രഭാഷണത്തില്‍ നിറഞ്ഞുനിന്നു. ചങ്ങമ്പുഴയുടെ വിവര്‍ത്തനങ്ങളെക്കുറിച്ചും പുത്തന്‍കുരിശ്‌ പ്രതിപാദിച്ചു. ചില ഇംഗ്ലീഷ്‌ കവിതകളുടെയും ജാപ്പനിസ്‌ കവിതകളുടെയും വിവര്‍ത്തനങ്ങള്‍ അദ്ദേഹം സ്വതസിദ്ധമായ ശബ്‌ദമാധുര്യത്തോടെ ആലപിച്ചു. എ.സി. ജോര്‍ജ്‌ ചങ്ങമ്പുഴയുടെ സ്‌മാരകം സന്ദര്‍ശിച്ച അനുഭവങ്ങള്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ സ്‌മാരകം അര്‍ഹിക്കുന്ന നിലയില്‍ പരിരക്ഷിക്കുകയൊ സൂക്ഷിക്കുകയൊ ചെയ്യാത്തതില്‍ ഖേദം പ്രകടിപ്പിച്ചു. ജോസഫ്‌ കരിപ്പായില്‍ ചങ്ങമ്പുഴക്കവിതകളെക്കുറിച്ച്‌ പൊതുവായ അവലോകനം നടത്തി.

തോമസ്‌ വര്‍ഗ്ഗീസ്‌ മലയാള കാവ്യലോകത്ത്‌ പ്രണയത്തിന്റെ പൂമഴ പെയ്യിച്ച മഹാകിവിയായിരുന്നു ചങ്ങമ്പുഴയെന്ന്‌ അഭിപ്രായപ്പെട്ടു. പ്രണയത്തിന്റെ വിവിധ തലങ്ങള്‍ അദ്ദേഹത്തിന്റെ കവിതയിലെങ്ങും തിങ്ങിനിറഞ്ഞിട്ടുണ്ട്‌. അത്തരത്തിലുള്ള കവിതകളുടെ ചില വരികള്‍ തോമസ്‌ വര്‍ഗ്ഗീസ്‌ ഉദ്ധരിക്കുകയും ചെയ്‌തു. സുരേഷ്‌ ചീയേടത്ത്‌, മുപ്പത്തേഴമത്തെ വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ ഒരു പുരുഷായുസിനുവേണ്ടത്രയും കവിതകള്‍ രചിച്ചിട്ടുണ്ടെന്ന്‌ അറിയിച്ചു. ഇനിയും ഉണ്ടാകേണ്ടിയിരുന്ന അത്യുജ്ജലമായ മറ്റ്‌ ധാരാളം കാവ്യങ്ങള്‍ അദ്ദേഹത്തിന്റെ അകാല മരണത്തോടെ മലയാള സാഹിത്യത്തിന്‌ നഷ്ടമായിട്ടുണ്ടെന്ന്‌ സുരേഷ്‌ എടുത്തു പറഞ്ഞു. അദ്ദേഹത്തിന്റെ അകാല മരണം മലയാള സാഹിത്യത്തിന്‌ എന്നും ഒരു തീരാനഷ്ടമാണെന്ന്‌ പൊന്നു പിള്ള അഭിപ്രായപ്പെട്ടു.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. ചര്‍ച്ചയില്‍ തോമസ്‌ ഒലിയാംകുന്നേല്‍, ജോണ്‍ മാത്യു, സക്കറിയ വില്ലി, ജോളി വില്ലി, പൊന്നു പിള്ള, ജോസഫ്‌ കരിപ്പായില്‍, ജോസഫ്‌ തച്ചാറ, ഫിലിപ്പ്‌ തെക്കേല്‍, തോമസ്‌ വര്‍ഗ്ഗീസ്‌, സുരേഷ്‌ ചീയേടത്ത്‌, നൈനാന്‍ മാത്തുള്ള, എ.സി. ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു.
വൈസ്‌ പ്രസിഡന്റ്‌ ജോളി വില്ലിയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു,

മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി: `ചങ്ങമ്പുഴക്കവിതകളുടെ ആസ്വാദനം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക