Image

യുഎസില്‍ പതിനഞ്ചില്‍ ഒരാള്‍ ദരിദ്രനെന്ന്‌ പഠനം (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 04 November, 2011
യുഎസില്‍ പതിനഞ്ചില്‍ ഒരാള്‍ ദരിദ്രനെന്ന്‌ പഠനം (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: യുഎസിലെ മെട്രൊ പൊളിറ്റന്‍ മേഖലയില്‍ പതിനഞ്ചില്‍ ഒരാള്‍ ദരിദ്രനാണെന്നാണു പുതിയ കണെ്‌ടത്തല്‍. ഗ്രാമീണമേഖലയിലും ഇത്തരം സ്ഥിതിവിശേഷമുണ്‌ട്‌. തൊഴില്‍, വരുമാനം എന്നിവയിലുള്ള കുറവാണ്‌ ഇതിനു കാരണമെന്നു ഗവേഷണ സ്ഥാപനമായ ബ്രൂക്കിംഗസ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ നടത്തിയ പഠനം അടിവരയിടുന്നു. രാജ്യത്തെ തൊഴിലില്ലായ്‌മ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും പുതിയ കണക്കു വ്യക്തമാക്കുന്നു. തൊഴില്‍ ചെയ്യാന്‍ പ്രായമായവരും മുതിര്‍ന്നവരും ദാരിദ്ര്യത്തിലാണ്‌.

ദരിദ്രരായ ഇവര്‍ പട്ടിണി അനുഭവിക്കുന്നവരല്ല; എന്നാല്‍, അമേരിക്കന്‍ സാമ്പത്തിക അളവുകോല്‍ വച്ചു നോക്കുമ്പോള്‍ ഇവരെ ദരിദ്രരെന്ന്‌ കണക്കാക്കാമെന്നാണ്‌ പഠനം വ്യക്തമാക്കുന്നത്‌. 1990കളില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലുണ്‌ടായ നേട്ടമെല്ലാം അമേരിക്കക്ക്‌ കൈവിട്ടു പോവുകയാണെന്നും പഠനത്തില്‍ പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡിട്രോയിറ്റ്‌, ഒഹിയോ, ടൊലേഡോ എന്നീ നഗരങ്ങളിലെ ദാരിദ്ര്യ നിരക്ക്‌ ഏകദേശം ഇരട്ടിയായി ഉയര്‍ന്നു. തൊഴിലിലായ്‌മാ നിരക്ക്‌ ഒമ്പത്‌ ശതമാനത്തിന്‌ മുകളില്‍ തുടരുന്നതും നിര്‍മാണ മേഖലയിലെ തളര്‍ച്ചയുമാണ്‌ ഇതിനുള്ള പ്രധാന കാരണമെന്നും പഠനം വ്യക്തമാക്കുന്നു.

എല്‍ പാസോ, ടെക്‌സാസ്‌, ബാറ്റണ്‍ റോഗ്‌, ല്യൂസിയാന എന്നീ നഗരങ്ങളിലും തൊഴിലില്ലായ്‌മാ നിരക്ക്‌ ഗണ്യമായി വര്‍ധിച്ചു. 1960ല്‍ നിലവില്‍ വന്ന ദാരിദ്ര്യ രേഖയനുസരിച്ച്‌ ദാരിദ്ര്യ നിരക്ക്‌ 15 ശതമാനത്തിന്‌ മുകളിലെത്തിയത്‌ രണ്‌ട്‌ തവണയാണ്‌. 1983ലും 1993ലുമായിരുന്നു ഇത്‌. ദാരിദ്ര്യ രേഖക്ക്‌ മുകളിലെത്തണമെങ്കില്‍ നാല്‌ അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ വരുമാനം 22,314 ഡോളറിന്‌ മുകളിലായിരിക്കണം. അതായത്‌ ഒരോ വ്യക്തിയും പ്രതിദിന വരുമാനം 30 ഡോളറെങ്കിലും ആയിരിക്കണം.

ലോകത്തെ ഇരുപത്‌ കരുത്തരില്‍ ഒന്നാമന്‍ ഒബാമ തന്നെ

ന്യൂയോര്‍ക്ക്‌: ഫോര്‍ബ്‌സ്‌ മാസിക തയ്യാറാക്കിയ ഈ വര്‍ഷത്തെ ലോകത്തെ കരുത്തരുടെ പട്ടികയില്‍ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ വീണ്‌ടും ഒന്നാമതെത്തി. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനാണ്‌ രണ്‌ടാം സ്ഥാനത്ത്‌. അല്‍ക്വയ്‌ദ നേതാവായിരുന്ന ഉസാമ ബിന്‍ലാദനെയും ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയെയും കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ്‌ കഴിഞ്ഞ വര്‍ഷം രണ്‌ടാംസ്ഥാനത്തായിരുന്ന ഒബാമ ഇത്തവണ ഒന്നാമനായത്‌

കഴിഞ്ഞ തവണ പട്ടികയില്‍ ഒന്നാമനായിരുന്ന ചൈനീസ്‌ പ്രസിഡന്റ്‌ ഹു ജിന്റാവോ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടപ്പോള്‍ കഴിഞ്ഞ തവണ നാലാമനായിരുന്ന പുടിന്‍ രണ്‌ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യകാര്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്‌ ഫോര്‍ബ്‌സിന്റെ പട്ടിക.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗു യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും ആദ്യ ഇരുപത്‌ പേരില്‍ സ്ഥാനം പിടിച്ചിട്ടുണ്‌ട്‌. സോണിയ പട്ടികയില്‍ പതിനൊന്നാമതും മന്‍മോഹന്‍ പത്തൊമ്പതാമതുമാണ്‌.

പത്ത്‌ ലക്ഷം കുട്ടികള്‍ ഫേസ്‌ബുക്കിന്‌ അടിമകള്‍

ന്യൂയോര്‍ക്ക്‌: ലോകത്താകമാനം പത്ത്‌ ലക്ഷം കുട്ടികള്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്‌ അടിമകളായതായി സര്‍വേഫലം. ഏഴിനും 12നും ഇടയില്‍പ്രായമുള്ള 9,70,000 കുട്ടികളാണ്‌ ഒരുദിവസം ഫേസ്‌ബുക്കില്‍ ലോഗിന്‍ ചെയ്യുന്നതെന്ന്‌ ലണ്‌ടനിലെ സണ്‍ ന്യൂസ്‌ പേപ്പര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. സര്‍വ്വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 46 ശതമാനം പേര്‍ വല്ലപ്പോഴും ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നവരാണ്‌. ട്വിറ്ററും ക്ലബ്‌ പെന്‍ഗ്വിനുമാണ്‌ അടുത്ത സ്ഥാനത്ത്‌ നില്‍ക്കുന്ന സോഷ്യല്‍ വെബ്‌സൈറ്റുകള്‍. ഇവരില്‍ മൂന്നില്‍ രണ്‌ടുപേരും കൂട്ടുകാര്‍ ഉപയോഗിക്കുന്നു എന്നതുകൊണ്‌ട്‌ മാത്രമാണ്‌ ഫേസ്‌ബുക്കില്‍ ലോഗിന്‍ ചെയ്യുന്നതെന്നും സര്‍വേ വിദഗ്‌ധര്‍ കണെ്‌ടത്തിയതായി സണ്‍ പത്രം റിപ്പോര്‍ട്ടുചെയ്‌തു.

യുഎസ്‌ സഹായമില്ലാതെ നിലനില്‍ക്കാനാവില്ലെന്ന്‌ യുനെസ്‌കോ

വാഷിംഗ്‌ടണ്‍: പലസ്‌തീന്‌ യുനെസ്‌കോ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച്‌ സാമ്പത്തികസഹായം നിര്‍ത്തിയ അമേരിക്കന്‍ നടപടി നിലനില്‍പിനെ ബാധിക്കുമെന്ന്‌ യുനെസ്‌കോ ഡയറക്ടര്‍ ഐറീന ബൊകോവ പറഞ്ഞു. അമേരിക്കയുടെ നിലപാടില്‍ ഖേദമുണ്‌ട്‌. സാമ്പത്തികസഹായം തുടരാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്‌ ആലോചിക്കണമെന്ന്‌ അവര്‍ അമേരിക്കയോട്‌ ആവശ്യപ്പെട്ടു. സഹായം വെട്ടിക്കുറക്കുന്നത്‌്‌ വിദ്യാഭ്യാസം, തീവ്രവാദത്തിനെതിരായ ജനാധിപത്യ പോരാട്ടങ്ങള്‍ തുടങ്ങി നിര്‍ണായകമായ പദ്ധതികളെയാണ്‌ ബാധിക്കുകയെന്നും ഐറീന പറഞ്ഞു.

പലസ്‌തീന്‌ യുനെസ്‌കോയില്‍ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച്‌ സംഘടനക്കുള്ള സഹായം റദ്ദാക്കുമെന്ന്‌ കഴിഞ്ഞദിവസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. യുനെസ്‌കോയുടെ ബജറ്റിന്‍െറ 23 ശതമാനവും നല്‍കുന്നത്‌ അമേരിക്കയാണ്‌. അതിനിടെ, പലസ്‌തീന്‍ അംഗത്വത്തെ എതിര്‍ത്ത കാനഡയും സംഘടനക്കുള്ള സഹായം നിര്‍ത്തുമെന്ന്‌ പ്രഖ്യാപിച്ചു.

പാക്‌ നയത്തില്‍ മാറ്റം വരുത്തേണ്‌ട സമയം അതിക്രമിച്ചുവെന്ന്‌ ഗാരി അക്കെര്‍മാന്‍

വാഷിംഗ്‌ടണ്‍: പാക്‌ നയത്തില്‍ മാറ്റം വരുത്തേണ്‌ട സമയം അതിക്രമിച്ചെന്നു മുതിര്‍ന്ന യുഎസ്‌ ജനപ്രതിനിധി ഗാരി അക്കെര്‍മാന്‍. ലഷ്‌കര്‍ ഇ ത്വയ്‌ബ അടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരേ പാക്കിസ്ഥാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മുംബൈ ആക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ആണെന്നതു രഹസ്യമല്ല. പാക്കിസ്ഥാന്‍ സൈന്യത്തിനു സംഭവത്തില്‍ പങ്കുണ്‌ട്‌. പാക്കിസ്ഥാനില്‍ തന്നെയാണു പദ്ധതികള്‍ ആസൂത്രണം ചെയ്‌തതെന്നും ഗാരി അക്കെര്‍മാന്‍ പറഞ്ഞു.

അല്‍ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ അബോട്ടാബാദില്‍ സുഖമായി താമസിച്ചു വരികയായിരുന്നുവെന്നതും പരസ്യമാണ്‌. പാക്കിസ്ഥാന്‍ ഒരിക്കലും തങ്ങളുടെ സുഹൃത്തല്ല. പാക്കിസ്ഥാനു ചില നിക്ഷിപ്‌ത താത്‌പര്യങ്ങളുണെ്‌ടന്നും അക്കെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക