Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌: സംയുക്ത ഏകദിന സമ്മേളനം ഫിലാഡല്‍ഫിയയില്‍ നടന്നു

ബിജു ചെറിയാന്‍ Published on 04 November, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌: സംയുക്ത ഏകദിന സമ്മേളനം ഫിലാഡല്‍ഫിയയില്‍ നടന്നു
ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഭക്തസംഘടനകളായ സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗ്‌, സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നോര്‍ത്ത്‌-ഈസ്റ്റ്‌ റീജിയന്‍ ഏകദിന കോണ്‍ഫറന്‍സ്‌ ഫിലാഡല്‍ഫിയയിലെ സെന്റ്‌ പോള്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ (ഹാവര്‍ ടൗണ്‍, പി.എ) വെച്ച്‌ നടത്തപ്പെട്ടു. ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി ഒട്ടനവധി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

`അതുകൊണ്ട്‌ സഹോദരന്മാരെ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പാക്കുവാന്‍ അധികം ശ്രമിപ്പിന്‍, ഇങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്‌തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും'. 2: പത്രോസ്‌ 1:10-11 എന്നീ വേദവാക്യമായിരുന്നു കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം. റവ.ഫാ. സജി മര്‍ക്കോസ്‌ കോതകേരില്‍ ( മാര്‍ത്തമറിയം സമാജം വൈസ്‌ പ്രസിഡന്റ്‌, വികാരി ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്ച്‌) ആയിരുന്നു മുഖ്യ പ്രഭാഷകന്‍.

ഇടവക വികാരി റവ. ഫാ. ഡോ. പോള്‍ പറമ്പത്ത്‌, റവ.ഫാ. ജോസ്‌ ദാനിയേല്‍, റവ.ഫാ. വര്‍ഗീസ്‌ മരുന്നിനാല്‍ (വൈസ്‌ പ്രസിഡന്റ്‌, സെന്റ്‌ പോള്‍സ്‌ ഫെല്ലോഷിപ്പ്‌) എന്നിവര്‍ നേതൃത്വം നല്‍കിയ പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കുശേഷം മൂന്നു സെഷനുകളിലായി ചര്‍ച്ചാ ക്ലാസുകളും പ്രഭാഷണങ്ങളും നടന്നു. `ബൈബിള്‍ കഥാപാത്രങ്ങള്‍- മാര്‍ത്തയും മറിയയും' എന്ന വിഷയത്തെ ആസ്‌പദമാക്കി റീനാ പറമ്പത്ത്‌ (പ്രൊഫസര്‍, ഡ്രക്‌സല്‍ യൂണിവേഴ്‌സിറ്റി), `ഉത്തമഗീതം- ഉത്തമ കുടുംബജീവിതത്തിന്‌' എന്നതിനെ അടിസ്ഥാനമാക്കി ഇ.വി. പൗലോസ്‌ എം.എ (ദീപം ബൈബിള്‍ സ്റ്റഡി പബ്ലിക്കേഷന്‍സ്‌) എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങളും ഉന്നതനിലവാരം പുലര്‍ത്തി.

സെന്റ്‌ പോള്‍സ്‌ ഇടവക മാനേജിംഗ്‌ കമ്മിറ്റി, ഭക്തസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം മിലന്‍ റോയി (റീജിയണല്‍ സെക്രട്ടറി, എന്‍.ഇ-1), സാറാ പറമ്പത്ത്‌ (റീജിയണല്‍ സെക്രട്ടറി, എന്‍.ഇ-2), ജോണ്‍ തോമസ്‌ (സെന്റ്‌ പോള്‍സ്‌ റീജിയണല്‍ കോര്‍ഡിനേറ്റര്‍), പോള്‍ പത്രോസ്‌, സാജു ചെറുശേരില്‍ (സെക്രട്ടറി), രാജു ഏബ്രഹാം, ഷെവലിയാര്‍ വര്‍ഗീസ്‌ പറമ്പത്ത്‌ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഇടവക ഗായകസംഘം സംഗീതശുശ്രൂഷ നിര്‍വഹിച്ചു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌: സംയുക്ത ഏകദിന സമ്മേളനം ഫിലാഡല്‍ഫിയയില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക