Image

നൂറു ദിന പ്രഖ്യാപനത്തിന്‌ നൂറു മാര്‍ക്ക്‌; ഇനി വേണ്ടത്‌ ഇച്ഛാശക്തി

ജി.കെ. Published on 04 June, 2011
നൂറു ദിന പ്രഖ്യാപനത്തിന്‌ നൂറു മാര്‍ക്ക്‌; ഇനി വേണ്ടത്‌ ഇച്ഛാശക്തി
അതിവേഗത്തില്‍ ബഹുദൂരം മുന്നേറാനുള്ള നൂറു ദിന കര്‍മപരിപാടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി പ്രഖ്യാപിച്ചിരിക്കുന്നു. സമഗ്രവും സുതാര്യവുമായ ഒരു പിടി പ്രഖ്യാപനങ്ങളുമായി ഭരണത്തെ ജനങ്ങള്‍ക്ക്‌ മുന്നില്‍ ഒരു തുറന്ന പുസ്‌തകമാക്കുമെന്നാണ്‌ മുഖ്യമന്ത്രി പ്രഖ്യാപനം സൂചിപ്പിക്കുന്നത്‌. വകുപ്പു വിഭജനത്തിന്റെ പേരിലും മന്ത്രിമാരെ തെരഞ്ഞെടുത്തതിന്റെ പേരിലും ഉണ്‌ടായ പ്രതിച്ഛായാ നഷ്‌ടം പരിഹരിക്കാന്‍ ഇതിലൂടെ കഴിയുമെന്ന്‌ ഉമ്മന്‍ ചാണ്‌ടിയും യു.ഡി.എഫും കണക്കുക്കൂട്ടുന്നു. ഇനി ഈ പ്രഖ്യാപനങ്ങളെല്ലാം നടപ്പില്‍ വരുത്താനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിയാണ്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്തും വാക്കുകളിലും തെളിഞ്ഞുനിന്ന നിശ്ചയദാര്‍ഢ്യം പ്രതീക്ഷാജനകമാണ്‌.

ദീര്‍ഘകാല പദ്ധതികളും നൂറുദിവസത്തിനുള്ളില്‍ത്തന്നെ പൂര്‍ത്തിയാക്കേണ്‌ട കാര്യങ്ങളുമായി വിശദമായൊരു പട്ടികതന്നെയാണു മുഖ്യമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്‌. ഇതെല്ലാം നൂറുദിനത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാനാവുമോ എന്ന്‌ സംശയമുണ്‌ടെങ്കിലും തല്‍ക്കാലും ഉമ്മന്‍ ചാണ്‌ടിയുടെ ആത്മാര്‍ത്ഥയ്‌ക്ക്‌ നൂറ്‌ മാര്‍ക്ക്‌ നല്‍കാം.

മുഖ്യമന്ത്രിയുടെ മുഖത്ത്‌ കണ്‌ട നിശ്ചയദാര്‍ഢ്യം സഫലമാവണമെങ്കില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനവും ഒരുപോലെ ഊര്‍ജസ്വലമാകണം. ഒരു മണിക്കൂര്‍പോലും പാഴാക്കാതെ ഉദ്യോഗസ്ഥവൃന്ദം പണിയെടുക്കണം; മന്ത്രിമാരും സെക്രട്ടറിമാരും വകുപ്പു തലവന്മാരും മാത്രമല്ല വിവിധ വകുപ്പുകളിലെ എല്ലാ വിഭാഗം ജീവനക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം; ഘടകകക്ഷി സമ്മര്‍ദ്ദത്തിന്റെ വറചട്ടിയില്‍ എരിയുന്ന ഐക്യജനാധിപത്യ മുന്നണിക്ക്‌ അതിന്‌ കഴിയുമോ എന്നാണ്‌ ജനം ആകാംക്ഷപൂര്‍വം ഉറ്റു നോക്കുന്നത്‌.

ഭരണത്തില്‍ സുതാര്യതയാണ്‌ മുഖ്യമന്ത്രി മുന്നോട്ടുവെയ്‌ക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന്‌. ഒരു സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാനായി സര്‍ക്കാരോഫീസുകളുടെ പടികയറിയിറങ്ങി പൊതുജനത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന ഉദ്യോഗസ്ഥ സംസ്‌കാരത്തിന്‌ ചെറുതായെങ്കിലും മാറ്റം വരുത്താനായാല്‍ അത്‌ അഭിനന്ദിക്കേണ്‌ടതു തന്നെയാണ്‌. സാധാരണക്കാരന്റെ ജീവിതത്തെ സര്‍ക്കാര്‍ തീരുമാനങ്ങളും നടപടികളും സ്‌പര്‍ശിക്കുമെന്നിരിക്കെ അവയെക്കുറിച്ച്‌ പൂര്‍ണമായിതന്നെ അറിയാന്‍ ജനത്തിന്‌ അവകാശമുണ്‌ട്‌.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായിരിക്കും എന്ന പ്രഖ്യാപനം തികഞ്ഞ കാര്യക്ഷമതയ്‌ക്കുള്ള ഉറപ്പാകണം. ഈ കാര്യക്ഷമത മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമൊതുങ്ങുകയുമരുത്‌. സംസ്ഥാന ഭരണത്തിന്റെ ഓരോ മേഖലയിലും അനുഭവപ്പെടണം. സെക്രട്ടറിയേറ്റിലെ മൂന്ന്‌ ലക്ഷം ലക്ഷം ഫയലുകളില്‍ നൂറ്‌ ദിവസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കുമെന്ന പ്രഖ്യാപനം ഓരോ ഫയലിലും ഓരോ ജീവിതമുണ്‌ടെന്ന തിരിച്ചറിവില്‍ നിന്നാകണം.

രാജ്യം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വിപത്ത്‌ അഴിമതിയാണ്‌. അതിനെതിരെ ചെറുവിരലെങ്കിലും അനക്കാനുള്ള ശ്രമങ്ങളും അഭിനന്ദിക്കപ്പെടേണ്‌ടത്‌ തന്നെ. എങ്കിലും രാജ്യത്ത്‌ ആദ്യമായാണ്‌ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വത്ത്‌ വിവരം പ്രഖ്യാപിക്കുന്നതെന്ന രീതിയലുള്ള തരംതാണ പ്രചാരണങ്ങള്‍ ഒഴിവാക്കേണ്‌ടതുമാണ്‌. കാരണം മലയാളികള്‍ എന്നും പുച്ഛത്തോടെ ഉച്ചരിക്കുന്ന ബീഹാര്‍ ഇത്‌ എന്നേ നടപ്പാക്കിക്കഴിഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനം 15 ദിവസം കൂടുമ്പോള്‍ നല്‍കുമെന്ന പ്രഖ്യാപനവും ഒരു രൂപയ്‌ക്ക്‌ അരി ഓണത്തിന്‌ നല്‍കുമെന്ന വാഗ്‌ദാനവും നെല്‍കര്‍ഷകരുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന ഉറപ്പുമെല്ലാം ജനങ്ങളോടുളള കരുതലായി കണക്കാക്കാം. അതിലപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിന്‌ പുതിയ ഊര്‍ജമാകേണ്‌ട സ്‌മാര്‍ട്‌ സിറ്റിയും, വിഴിഞ്ഞവും മെട്രോ റെയിലുമെല്ലാം നടപ്പാക്കാന്‍ വ്യക്തമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്നതും ശ്രദ്ധേയമാണ്‌. ഇവയൊന്നും നൂറുദിനംകൊണ്‌ടു പൂര്‍ത്തിയാക്കാവുന്നതല്ലെങ്കിലും അവയുടെ കാര്യത്തിലും നിര്‍ണായകമായ തീരുമാനങ്ങള്‍ ഈ നൂറു ദിവസത്തിനുള്ളില്‍ ഉണ്‌ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

പുതിയ ഭൂനയം ഉടന്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നല്‍കുന്നതാണ്‌. പ്രഖ്യാപനങ്ങള്‍ക്കും പ്രസ്‌താവനകള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണു നമ്മുടേത്‌. ഇതിനെക്കാള്‍ വലിയ പ്രഖ്യാപനങ്ങള്‍ ഇതിനു മുന്‍പും കേട്ടിട്ടുണ്ട്‌ മലയാളികള്‍. അതുകൊണ്‌ട്‌ തന്നെ പ്രഖ്യാപനങ്ങള്‍ വഴിയില്‍ വീണുപോവാതിരിക്കാനുള്ള കരുതലാണ്‌ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിനുണ്‌ടാവേണ്‌ടത്‌. നൂറുദിന കര്‍മപരിപാടികളുടെ നടത്തിപ്പു സംബന്ധിച്ച കണക്കെടുപ്പ്‌ നൂറ്റൊന്നാം ദിനംതന്നെ ഉണ്‌ടാകുമെന്നകാര്യം ഉമ്മന്‍ ചാണ്‌ടി മറക്കില്ലെന്നും വിശ്വസിയ്‌ക്കാം.

രാഷ്‌ട്രീയക്കാരെയും ഭരണാധികാരികളെയുംകുറിച്ചു സാധാരണ ജനങ്ങള്‍ക്കുള്ള പ്രധാന പരാതി അവര്‍ വാക്കുപാലിക്കാറില്ല എന്നതാണ്‌. പ്രകടനപത്രികകളിലും തെരഞ്ഞെടുപ്പുവേളകളിലും കോരിച്ചൊരിയുന്ന വാഗ്‌ദാനങ്ങള്‍ പലപ്പോഴും ജനങ്ങളെ കബളിപ്പിക്കാനുള്ളതായി മാറുന്നു. അനുഭവങ്ങളാണ്‌ ജനങ്ങളുടെ അവിശ്വാസത്തിനു അടിസ്ഥാനം. ഈ അവിശ്വാസം ഇല്ലാതാക്കുക എന്ന വലിയ വെല്ലുവിളിയാണ്‌ ഉമ്മന്‍ ചാണ്‌ടിക്ക്‌ മുന്നിലുള്ളത്‌. അത്‌ അദ്ദേഹം വിജയകരമായി മറികടക്കുമെന്ന്‌ ആശിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക