Image

ജനനായകന്‌ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി സമൂഹത്തിന്റെ ആദരാഞ്‌ജലി

ജോയിച്ചന്‍ പുതുക്കുളം Published on 05 November, 2011
ജനനായകന്‌ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി സമൂഹത്തിന്റെ ആദരാഞ്‌ജലി
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ നാലുപതിറ്റാണ്ടായി കേരളത്തിന്റെ സമഗ്ര വികസനത്തിനും, അഴിമതിരഹിത വളര്‍ച്ചയ്‌ക്കും, ആധുനിക പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി കഠിനയത്‌നം ചെയ്‌ത അന്തരിച്ച കേരള ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രിയും കേരളാ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന ടി.എം. ജേക്കബിന്‌ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലുള്ള മലയാളി സമൂഹം സംയുക്തമായി ആദരാഞ്‌ജലിയര്‍പ്പിച്ചു. വിവിധ സാമൂഹ്യ-സാംസ്‌കാരിക-ആദ്ധ്യാത്മിക മേഖലയിലെ മുന്‍നിര നേതാക്കള്‍ അന്തരിച്ച നേതാവിനെ അനുസ്‌മരിച്ച്‌ പ്രണാമം അര്‍പ്പിച്ചു.

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ മലങ്കര ദേവാലയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ തോമസ്‌ തോമസ്‌ പാലത്തറ (നോര്‍ത്ത്‌ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ്‌ ഡയറക്‌ടര്‍) അധ്യക്ഷതവഹിച്ചു. വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനങ്ങളിലൂടെ കേരള രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച്‌ ജനാധിപത്യ പാര്‍ട്ടിയുടെ ചെയര്‍മാന്‍, വിവിധ മുഖ്യ വകുപ്പുകളുടെ മന്ത്രി എന്നീ നിലകളില്‍ ടി.എം. ജേക്കബിന്റെ സംഭാവനകള്‍ കേരള വികസന ചരിത്രത്തില്‍ എക്കാലവും തിളങ്ങി നില്‍ക്കുമെന്ന്‌ തോമസ്‌ തോമസ്‌ പാലത്തറ പ്രസ്‌താവിച്ചു. ജേക്കബുമായുള്ള പരിചയവും രാഷ്‌ട്രീയ ബന്ധങ്ങളും അദ്ദേഹത്തിന്റെ മുഖ്യ സംഭാവനകളും പ്രതിപാദിച്ചുകൊണ്ട്‌ സി.വി. വളഞ്ഞവട്ടം (ഫൊക്കാന, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ എക്‌സിക്യൂട്ടീവ്‌), സണ്ണി കോന്നിയൂര്‍ (ഫണ്ട്‌സ്‌ ഓഫ്‌ കേരള, സ്റ്റാറ്റന്‍ഐലന്റ്‌, മുന്‍ പ്രസിഡന്റ്‌ മലയാളി അസോസിയേഷന്‍), തോമസ്‌ ഇടത്തിക്കുന്നേല്‍ (കേരള സമാജം സ്റ്റാറ്റന്‍ഐലന്റ്‌), ഏബ്രഹാം ഉമ്മന്‍ (മാര്‍ത്തോമാ ചര്‍ച്ച്‌), ജോസ്‌മോന്‍ തര്യന്‍ (സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), സദാശിവന്‍ നായര്‍ (മലയാളി അസോസിയേഷന്‍), ഡോ. ജോര്‍ജ്‌ കോശി, രാജു മൈലപ്ര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റും ഫോമാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗവുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി മൗന പ്രാര്‍ത്ഥന നടത്തി. സ്റ്റാറ്റന്‍ഐലന്റിലെ വിവിധ തുറകളില്‍പ്പെട്ട നിരവധി പേര്‍ അനുശോചന സമ്മേളനത്തില്‍ പങ്കെടുത്തു.
ജനനായകന്‌ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി സമൂഹത്തിന്റെ ആദരാഞ്‌ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക