Image

അമേരിക്കയില്‍ ഒരിക്കല്‍ വഴിതെറ്റിയപ്പോള്‍ (ട്രാവലോഗ്‌: ഇ.ഡി. ഭാസ്‌കരന്‍)

Published on 04 February, 2014
അമേരിക്കയില്‍ ഒരിക്കല്‍ വഴിതെറ്റിയപ്പോള്‍ (ട്രാവലോഗ്‌: ഇ.ഡി. ഭാസ്‌കരന്‍)
2005 ലെ അവധിക്കാലം ഞങ്ങള്‍ അമേരിക്കയില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു. കുറെയേറെ കൂട്ടലും കിഴിക്കലും ഒക്കെ നടത്തിയാണ്‌ ഞങ്ങള്‍ ആ തീരുമാനത്തില്‍ എത്തിയതും. അതിന്‌ അഞ്ചാറ്‌ വര്‍ഷം മുമ്പ്‌ ഞങ്ങള്‍ കുറച്ചു കുടുംബങ്ങള്‍ ഒന്നിച്ചു മലേഷ്യ, സിംഗപ്പൂര്‍ പോകാന്‍ പരിപാടിയിട്ടതായിരുന്നു; എന്നാല്‍ അന്ന്‌ സഹധര്‍മ്മിണി ഇളയ രണ്ടാമത്തെ മോനെ മൂന്നുമാസം ഗര്‍ഭിണിയായതിനാല്‍ അന്നതിനു പറ്റിയസമയം അല്ലാത്തതിനാല്‍ പോകാന്‍ പറ്റിയില്ല.

അങ്ങിനെ അമേരിക്കയില്‍ പല കാഴ്‌ചസ്ഥലങ്ങളും ഇന്റര്‍നെറ്റിലൂടെ കണ്ടെത്തി, യാത്രാ പരിപാടികള്‍ ശരിയാക്കി ഞങ്ങള്‍ ജൂണ്‍ 28ന്‌ ബഹ്‌റിനില്‍ നിന്നും യാത്രതിരിച്ചു. കത്തറിലെ ദോഹയില്‍ വിമാനം മാറിക്കയറി, ലണ്ടന്‍ വഴി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇറങ്ങി. അവിടെ ആദ്യമായി ഇറങ്ങാന്‍ കാരണം എന്റെ മരുമകളും (ചേട്ടന്റെ മൂത്ത മോള്‍) ഭര്‍ത്താവും രണ്ടു കൊച്ചുകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം അവിടെയാണ്‌ കുറച്ചു കൊല്ലങ്ങളായി.

അങ്ങിനെ നാളിതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത അമേരിക്കയില്‍ ഞങ്ങള്‍ ചെന്നിറങ്ങി. മരുമകന്‍ ഞങ്ങളെ സ്വീകരിക്കാനായി ന്യൂജെഴ്‌സിയിലെ എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. അവിടന്ന്‌ അവരുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ വലിയവലിയ ഒരുപാട്‌ നീണ്ടുഞാന്നു കിടക്കുന്ന മേല്‍പ്പാലങ്ങളും, പേള്‍ഹാര്‍ബര്‍ എന്ന സ്ഥലവും (നല്ല ജലാശയം ആയിരുന്നത്‌), ഒക്കെ കണ്ടാസ്വദിച്ച്‌ അവരുടെ വീട്ടിലെത്തി. എല്ലാം ഒരു പുതിയ ലോകം ആയിരുന്നു എനിക്കും എന്റെ സഹധര്‍മ്മിണിയും ഞങ്ങളുടെ രണ്ടാണ്‍മക്കളും അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന്‌. അമേരിക്കയിലെ വീടുകള്‍ എല്ലാം ഏകദേശം ഒരേ രീതിയില്‍, മിക്കതും നല്ല മരം കൊണ്ടും അല്‌പ്പം കോണ്‍ക്രീറ്റ്‌ ഉപയോഗിച്ചും പണിതതാണ്‌. എല്ലാം മോളിലോട്ട്‌ കൂര്‍ത്തു പണിഞ്ഞിട്ടുള്ള, അതുവരെ കാണാതിരുന്ന (രണ്ടായിരത്തില്‍ യുറോപ്പ്‌ സന്ദര്‍ശിച്ചപ്പോള്‍ ജര്‍മനിയിലും ഇറ്റലിയിലും അങ്ങിനത്തെ വീടുകള്‍ കണ്ടതായി ഓര്‍ക്കുന്നു). എന്നാല്‍ അമേരിക്കയിലെ യീ വീടുകളുടെ വിലയോ, വളരെ കൂടുതലും.

അങ്ങിനെ ന്യൂയോര്‍ക്ക്‌ ,വാഷിംഗ്‌ടണ്‍, നയാഗ്ര വെള്ളച്ചാട്ടം എന്നിവയൊക്കെ പോയിക്കണ്ടതിനുശേഷം, `ലോക മലയാളി കൗണ്‍സിലി'ന്റെ 2005ലെ ഹൂസ്റ്റനില്‍ ഈരണ്ടുവര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തുന്ന ലോകസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പറന്നു. അന്നത്തെ തീവ്രവാദി ആക്രമണങ്ങള്‍ കണക്കിലെടുത്ത്‌ ഞങ്ങള്‍ കറുത്തവര്‍ഗ്ഗത്തില്‍ (ഏഷ്യക്കാര്‍ മൊത്തം) പെടുന്നതിനാല്‍, എല്ലാ എയര്‍പോര്‍ട്ടിലും`സ്‌പെഷ്യല്‍ ചെക്ക്‌അപ്‌' ആയിരുന്നു ഞങ്ങള്‍ക്ക്‌. ശരീരം മൊത്തം തപ്പിയും ഒക്കെ പരിശോധിക്കുന്ന ഒരു രീതി! ഞങ്ങള്‍ ആകെ അമേരിക്കയിലെ ഒമ്പതു എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്‌തു; അവയിലെല്ലാം ഈ രീതിയില്‍ ഉള്ള `സ്‌പെഷ്യല്‍ ചെക്ക്‌അപ്പിന്‌' ഞങ്ങളെല്ലാം അടിമപ്പെടെണ്ടി വരികയുണ്ടായി. ബോര്‍ഡിംഗ്‌ പാസ്സില്‍ തന്നെ അഞ്ചു സ്റ്റാറുകള്‍ ഒരു മൂലയ്‌ക്ക്‌ അടിച്ചിട്ടുണ്ടാവും; അതിന്റെ അര്‍ത്ഥം ആ യാത്രികന്‍ `സ്‌പെഷ്യല്‍ ചെക്ക്‌അപ്പിന്‌' വിധേയമാകണം എന്നത്‌ തന്നെ! സഹധര്‍മിണി പറയുകയുണ്ടായി,`ഇത്‌ ആദ്യത്തെയും അവസാനത്തെയും അമേരിക്കന്‍ യാത്രയായിരിക്കും എന്ന്‌'; അത്രകണ്ടു മുഷിഞ്ഞിരുന്നു ഇവരുടെ ഈ `സ്‌പെഷ്യല്‍ ചെക്ക്‌അപ്‌' കൊണ്ട്‌.

എന്തായാലും ഞങ്ങള്‍ ഹൂസ്റ്റന്‍ ശരിക്കും ആസ്വദിച്ചു. കെന്നഡി കൊല്ലപ്പെട്ട വീടും ഹൂസ്റ്റന്‍ ഗല്ലേരിയാ എന്ന ഷോപ്പിംഗ്‌ സമുച്ചയവും ഒക്കെ ചെന്നു കണ്ടു.

`ലോക മലയാളി കൗണ്‍സിലി'ന്റെ ലോകസമ്മേളനത്തില്‍ മൂന്ന്‌ ദിവസം പലവിധ കലാപരിപാടികളും ആസ്വദിക്കാന്‍ കഴിഞ്ഞു. അമേരിക്കയിലെയും ഇന്ത്യയിലെയും കുറെ പൗരപ്രധാനികള്‍, അമേരിക്കയിലെ ബിസിനസ്‌ മാഗ്‌നെറ്റുകള്‍, കേരള -കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍.എമാര്‍, സിനിമാ രംഗത്തെ കുറെ പേരുകേട്ടയാളുകള്‍, ഗായകന്‍ ശ്രീ. വേണുഗോപാലും സംഘവും, അങ്ങിനെ ഒട്ടേറെ ആളുകളെ കാണാനും അവരുമായി സല്ലപിക്കാനും കഴിഞ്ഞു. അന്നത്തെ കേന്ദ്ര സഹമന്ത്രി ശ്രീ. ഇ. അഹമ്മദുമായി ആദ്യമായി അടുത്തറിയാനും സാധിച്ചു; കാരണം അദ്ദേഹവും താമസിച്ചത്‌ അതേ ഹോട്ടലില്‍ തന്നെയായിരുന്നതുകൊണ്ട്‌.

പിന്നെ ഞങ്ങളുടെ യാത്ര ലാസ്‌വേഗാസിലേക്കായിരുന്നു. അവിടെ അഞ്ചുദിവസം തങ്ങിയെങ്കിലും ഒരാഴ്‌ച നിന്നാലും മതിയാകാത്തത്ര കാഴചകള്‍ ഉണ്ടായിരുന്നു അവിടെ. പിന്നീടു ഹൂവര്‍ ഡാം വഴി ഗ്രാന്റ്‌ കാനിയന്‍ കാണാന്‍ പോയി; ഒരുദിവസത്തെ മുഴുവന്‍ പരിപാടി. ടൂര്‍ ബസിലായിരുന്നു പോയത്‌. ബസ്സില്‍ വിവിധ രാജ്യക്കാര്‍ ടൂറിസ്റ്റുകളായി ഉണ്ടായിരുന്നതിനാല്‍ യാത്ര നല്ല ഒരു അനുഭവമായിരുന്നു. തിരികെ വന്ന്‌, ഫ്‌ളോറിഡയിലേക്ക്‌ വിമാനം കയറി. അവിടെ പത്തുദിവസത്തെ പരിപാടിയിട്ടിരുന്നു. കാരണം അവിടെ കാണാനും സന്ദര്‍ശിക്കാനും ഒരുപാടുണ്ട്‌. യൂണിവേഴ്‌സല്‍ സ്റ്റുഡിയോ, തീം പാര്‍ക്കു കള്‍, അങ്ങിനെ പോവുന്നു ആ നീണ്ടനിര.

ഫ്‌ളോറിഡ എയര്‍പോര്‍ട്ടില്‍, ഞങ്ങള്‍ ബുക്ക്‌ ചെയ്‌തിരുന്ന `ബെസ്റ്റ്‌ വെസ്‌റ്റേണ്‍' ഹോട്ടലുകാര്‍ വന്നു ഞങ്ങളെ ഹോട്ടലിലേക്ക്‌ കൊണ്ടുപോയി. അതൊരു `മോട്ടല്‍' ആയിരുന്നു; കാറുണ്ടെങ്കില്‍ അതു പാര്‍ക്ക്‌ ചെയ്‌തിടാനും താമസിക്കാനും ഉള്ള സൗകര്യങ്ങളുമായി. അമേരിക്കയില്‍ ടാക്‌സി ഉപയോഗിച്ചാല്‍ ഒരുപാടു കാശാവും എന്ന്‌ ഞങ്ങള്‍ക്ക്‌്‌ ഡാളസില്‍ നിന്ന്‌ ഹൂസ്റ്റനിലെ നാസയിലേക്ക്‌ ടാക്‌സി വിളിച്ചുപോയപ്പോള്‍ മനസ്സിലായിരുന്നു. മാത്രമല്ലാ, അത്തരം മിക്ക ടാക്‌സികളും ഓടിക്കുന്നത്‌ അവിടത്തെ `കറുംമ്പന്മാര്‍' എന്ന്‌ പ്രത്യേകം വിശേഷിപ്പിക്കുന്ന കറുത്തവര്‍ഗ്ഗക്കാരായ അമേരിക്കന്‍ ടാക്‌സി ഡ്രൈവേഴ്‌സ്‌ ആയിരുന്നു. അവരുടെ, ഡ്രൈവിങ്ങിനിടെ ക്ഷമനശിച്ചുള്ള തന്നോടുതന്നെയുള്ള സംഭാഷണങ്ങളും ഇടയ്‌ക്കു നമ്മോടു എന്തെങ്കിലും ഒക്കെ ചോദിച്ചറിയുന്ന പ്രവണതയും തീര്‍ത്തും അരോചകമായിരുന്നു. അതിനാല്‍, സൗദിയില്‍ നിന്നും പോകുന്നതിനുമുന്നേ തന്നെ ഒരു ഇന്റര്‌നാ ഷണല്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ശരിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ താമസിക്കുമ്പോള്‍ എന്തെങ്കിലും തരത്തില്‍ പ്രയോജനപ്പെട്ടെങ്കിലോ എന്ന്‌ കരുതി.

ആദ്യദിവസം ഞങ്ങള്‍ ടാക്‌സിക്കാര്‍ തന്നെ എടുത്തു ഊരു ചുറ്റി; എന്നാല്‍ ഭയങ്കര ചാര്‍ജ്‌ ആയിരുന്നു അവിടെയും അവര്‍ ഈടാക്കിയത്‌. അതിനാല്‍ അടുത്ത ദിവസം ഞാന്‍ തയ്യാറാക്കികൊണ്ടുവന്ന `ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌' വെച്ചുതന്നെ താമസിച്ചിരുന്ന `ബെസ്റ്റ്‌ വെസ്‌റ്റേണില്‍' നിന്ന്‌ അവരുടെതന്നെയായ ബിസിനസ്സ്‌ സംരംഭത്തില്‍ നിന്ന്‌ ഒരു `റെന്റ്‌ കാര്‍'എടുത്തു. ഹ്യുണ്ടായി മാക്‌സിമാ ആയിരുന്നു കിട്ടിയത്‌; മുപ്പത്തഞ്ച്‌ ഡോളര്‍ ദിവസവാടക വ്യവസ്ഥയില്‍.

ആദ്യമായി അമേരിക്കയില്‍ വെച്ച്‌ സ്വയം കാറോടിച്ച്‌ പോവുക. സൗദിയില്‍ ഏതാണ്ട്‌ ഇരുപത്തഞ്ച്‌ കൊല്ലം കാര്‍ ഓടിച്ച പരിചയം ഉണ്ടല്ലോ എന്ന ധൈര്യമായിരുന്നു സഹധര്‍മ്മിണിക്ക്‌. ഞങ്ങള്‍ ആ ആത്മവിശ്വാസത്തോടെ ഫ്‌ളോറിഡായിലെ തീം പാര്‍ക്കുകള്‍ ലക്ഷ്യമാക്കി കാര്‍ ഓടിച്ചുപോയി.

വഴിയറിയാന്‍ റൂട്ട്‌ മാപ്പൊക്കെ കൈവശം വെച്ചിരുന്നു. എന്നിരുന്നാലും വണ്ടിയോടിച്ചു ഓടിച്ചു എങ്ങാണ്ടൊക്കെ വഴിമാറി ചെന്നെത്തി. അന്നൊക്കെ അവിടങ്ങിളിലെ മിക്ക റോഡുകളിലും`ടോള്‍' കൊടുക്കണമായിരുന്നു. അവിടത്തെ ഇരുപത്തഞ്ച്‌ നാണയത്തിന്റെ മൂന്ന്‌ തുട്ടുകള്‍ (മുക്കാല്‍ ഡോളര്‍) ഓരോ ബൂത്തിലും ഒരു സൈഡില്‍ ഉറപ്പിച്ചിട്ടുള്ള കോളാമ്പിപോലത്തെയുള്ള ഒരു പാത്രത്തില്‍ എറിഞ്ഞിട്ടാല്‍ മതി. പാലത്തില്‍ സ്ഥാപിചിട്ടുള്ള കമ്പിയിരുമ്പുദണ്‌ഡ്‌ താനേ മോളിലേക്ക്‌ പൊങ്ങിക്കോളും. ഞങ്ങള്‍ അത്തരം കുറച്ചു നാണയത്തുട്ടുകളെ കരുതിയിരുന്നുള്ളൂ. ഉള്ളതെല്ലാം നാലഞ്ചുതവണ എറിഞ്ഞിട്ടപ്പോള്‍ തീരുകയുംചെയ്‌തു! അങ്ങിനെ ഞങ്ങള്‍ എങ്ങോ ഒരു കുഗ്രാമത്തില്‍ ചെന്നുപെട്ടു. മനുഷ്യവാസം തീരെയില്ലാത്ത സ്ഥലം. ആരോടെങ്കിലും വഴി ചോദിക്കാമെന്നുവെച്ചാല്‍, ഒരു മനുഷ്യനെയും കാണാനുമില്ല. നേരമാണെങ്കില്‍ ഇരുട്ടും ആയിത്തുടങ്ങി.

കുറെ ചെന്നപ്പോള്‍ ഒരു റെയില്‍പാളം കാണാനിടയായി. അപ്പോള്‍ റെയില്‍വേ സ്‌റ്റേഷന്‍ കാണുമെന്നു കരുതി; കണ്ടില്ല. ഞങ്ങള്‍ക്ക്‌ അല്‌പ്പമൊക്കെ പേടിയും ആയിത്തുടങ്ങി. അങ്ങിനെ ഏതാണ്ട്‌ രാത്രി 8:30 ആയിക്കാണും; കുറച്ചകലെ ഒരു വെളിച്ചം കണ്ടുതുടങ്ങി. ആ ദിശയിലേക്ക്‌ വണ്ടിയോടിച്ചുപോയി. അതൊരു സുപ്പര്‍ സ്‌റ്റോര്‍ ആയിരുന്നു. അതിനകത്തും ഒന്നോ രണ്ടോ കസ്റ്റമേഴ്‌സ്‌ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ക്യാഷില്‍ നിന്നിരുന്ന യുവതിയോട്‌ വഴി ചോദിചപ്പോള്‍ അവര്‍ അവിടെ പുതിയതായി വന്നതാണെന്നും അവര്‍ അവരുടെ കമ്പനി താമസസ്ഥലത്താണ്‌ നില്‌ക്കുന്നതെന്നും കൂടുതലായി ആ സ്ഥലത്തെ പറ്റിയൊന്നും അറിയില്ലെന്നും പറഞ്ഞു. അങ്ങിനെ വഴിമുട്ടി നില്‌ക്കു്‌മ്പോള്‍, ഒരു പുതിയ കസ്റ്റമര്‍ കടയില്‍ വന്നു. അദ്ദേഹത്തോട്‌ ഞങ്ങള്‍ കാര്യം പറഞ്ഞു. അയാള്‍ പറഞ്ഞു, `ഒട്ടും പേടിക്കേണ്ട. നിങ്ങള്‍ ഫ്‌ളോറിഡ ടൗണില്‍ നിന്നും ഏകദേശം പതിനഞ്ചു മൈല്‍സ്‌ അകലെയാണെന്നും കുറച്ചകലെ കാണുന്ന ടോള്‍ ഗേറ്റില്‍ ടോള്‍ അടച്ചു കുറച്ചുദൂരം ഓടിച്ചാല്‍, ഒരു യുട്ടേന്‍ കിട്ടുമെന്നും പിന്നെ ആ റോഡ്‌ പിന്തുടര്‍ന്നാല്‍ വലിയ ഹൈവേയില്‍ എത്തുമെന്നും, അവിടെ നിങ്ങള്‌ക്ക്‌ റോഡ്‌ ഡയറക്ക്‌ഷന്‍ ലഭ്യമാവുമെന്നും താമസിക്കുന്ന ബെസ്റ്റ്‌വെസ്‌റ്റേണില്‍ അനായാസം യെത്തിപ്പെടാമെന്നും' പറഞ്ഞുതന്നു ഞങ്ങളെ നേര്‍ വഴിക്ക്‌ നയിച്ചുവിട്ടു.

ഞങ്ങള്‍ക്ക്‌ പേടിയുണ്ടായിരുന്നത്‌, അമേരിക്കയില്‍ വിജനമായ സ്ഥലത്തൊക്കെ ചെന്നുപെട്ടാല്‍ ആക്രമിക്കപെടാനും കൈവശം ഉള്ളതെന്തും പിടിച്ചുപറിക്കപ്പെടാമെന്നതുമൊക്കെ ആയിരുന്നു. ഉദാഹരണം ന്യൂയോര്‍ക്കിലെ വിജനമായ തെരുവുകളില്‍ സംഭവിക്കുന്ന പിടിച്ചുപറിയുടെയും വെടിവേയ്‌പ്പിന്റെയും ഒക്കെയുള്ള കഥകള്‍, വായിച്ചുള്ള അറിവുകള്‍...! പിന്നെ, അമേരിക്കയില്‍ തോക്കിനും പഞ്ഞമില്ലല്ലോ. ചില സ്‌ക്കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും ഒക്കെ നടക്കാറുള്ള നീചമായ വെടിവെപ്പുകളെപറ്റി നമ്മളൊക്കെ കൂടെകൂടെ വാര്‍ത്തകളില്‍ കേള്‍ക്കുന്നതും ആണല്ലോ. ദൈവ കൃപയാല്‍ എന്തോ ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഏതാണ്ട്‌ രാത്രി ഒമ്പതരയോടെ സുഖമായി ചെന്നെത്തി. പിന്നെ അവിടെ അടുത്തുതന്നെയുള്ള ഒരു വടക്കെ ഇന്ത്യന്‍ ഹോട്ടലില്‍ (അതും ഞങ്ങള്‍ കണ്ടുപിടിച്ചുവെച്ചിരുന്നു തലേ ദിവസം) പോയി എല്ലാ പ്രയാസങ്ങളും മാറ്റി കുശാലായി നല്ലൊരു സായാഹ്നസദ്യയും കഴിച്ചു ഹോട്ടലില്‍ പോയി സന്തോഷമായി കിടന്നുറങ്ങി.

ഈയൊരു അനുഭവകഥ എക്കാലവും മനസ്സില്‍ തങ്ങിനില്‌ക്കുന്നു! ഇടക്കെങ്ങാനും വല്ലയിടത്തും ഇതുപോലെ വഴിതെറ്റിയാല്‍ അപ്പോള്‍ മനസ്സില്‍ വിരിയുക മുകളില്‍ വിവരിച്ച സംഭവം ആയിരിക്കും. അതിനുശേഷം മൂന്നു തവണ അമേരിക്ക സന്ദര്‍ശിച്ചെങ്കിലും എന്തോ ഒരു ധൈര്യം പോരായിരുന്നു അവിടെ വണ്ടി വാടകക്കെടുത്തു ഇതുപോലെ ഓടിക്കാന്‍. പിന്നെ ആ യാത്രകളെല്ലാം തനിച്ചായിരുന്നതിനാല്‍, സഹധര്‍മ്മിണിയും മക്കളും കൂടെ ഇല്ലാത്തതും ഒരുപക്ഷെ അതിനു ഹേതു ആയിരുന്നിരിക്കാം.

ഇനിയും മറക്കാത്ത ഓര്‍മകളുമായി ഞാന്‍ തിരിച്ചെത്തും വരെ... വിട.
അമേരിക്കയില്‍ ഒരിക്കല്‍ വഴിതെറ്റിയപ്പോള്‍ (ട്രാവലോഗ്‌: ഇ.ഡി. ഭാസ്‌കരന്‍)അമേരിക്കയില്‍ ഒരിക്കല്‍ വഴിതെറ്റിയപ്പോള്‍ (ട്രാവലോഗ്‌: ഇ.ഡി. ഭാസ്‌കരന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക