Image

ആരാധനാലയങ്ങളിലേക്ക് വരുന്നവര്‍ തോക്ക് കൈവശംവെയ്ക്കരുത്: ആര്‍ച്ച് ബിഷപ് ജറോം

പി.പി. ചെറിയാന്‍ Published on 05 November, 2011
ആരാധനാലയങ്ങളിലേക്ക് വരുന്നവര്‍ തോക്ക് കൈവശംവെയ്ക്കരുത്: ആര്‍ച്ച് ബിഷപ് ജറോം
മില്‍വാക്കി (വിസ്‌കോണ്‍സില്‍): സമാധാനത്തിന്റേയും, സൗഹൃദത്തിന്റേയും പ്രത്യാശയുടേയും വേദിയായിത്തിരീരേണ്ട ആരാധനാലയാന്തരീക്ഷം കലുഷിതമാക്കി ആശാന്തിയുടേയും ഭീകരതയുടേയും സാഹചര്യം സൃഷ്ടിക്കുന്നതിനുതകുംവിധം തോക്ക്, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി ആരാധനാലയങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് വിസ്‌കോണ്‍സില്‍ ബിഷപ്പിനെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് ജറോം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് "കണ്‍സീല്‍ഡ് ഗണ്‍' കൈവശംവെയ്ക്കുന്നത് നിയമവിധേയമാക്കിക്കൊണ്ട് നവംബര്‍ 2 മുതല്‍ നിലവില്‍ വന്ന നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാര്‍ ഇങ്ങനെയൊരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചത്.

വിസ്‌കോണ്‍സില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഇത്തരത്തിലുള്ള നിയമനിര്‍മ്മാണം നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭാ സാമാജികരോട് മെയ്മാസം ആഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അത് അംഗീകരിക്കുകയുണ്ടായില്ല.

ഗവര്‍ണ്ണര്‍ സ്‌കോട്ട് വാക്കര്‍ ജൂലൈ മാസം "കണ്‍സീല്‍ഡ് ഗണ്‍' നിയമം അംഗീകരിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ചെങ്കിലും നവംബര്‍ 2 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

നിയമം നിലവില്‍ വന്ന നവംബര്‍ രണ്ടിനുതന്നെ സംസ്ഥാനത്ത് അര്‍ഹരായ 120 പേര്‍ക്കാണ് തോക്ക് കൈവശം വെയ്ക്കുന്നതിനുള്ള ലൈസലന്‍സ് ഗവണ്‍മെന്റ് നല്‍കിയത്.

കണ്‍സീല്‍ഡ് ഗണ്‍ കൈവശം വെയ്ക്കാവുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ വിസ്‌കോണിസിന് ഇതോടൊപ്പം 49-മത് സ്ഥാനം ലഭിച്ചു.

ഈ നിയമം നിലവിലുള്ള ജോര്‍ജിയ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് ഗണ്‍ കൊണ്ടുവരുന്നത് നിയമപരമായിത്തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും വിസ്‌കോണ്‍സില്‍ ഇത് ബാധകമാക്കിയിട്ടില്ല.

2008 നവംബറില്‍ മലയാളിയായ ഒരു യുവാവ് ന്യൂജേഴ്‌സിയിലെ ക്ലിഫ്ടണ്‍ പള്ളിയില്‍ നടത്തിയ വെടിവെയ്പില്‍ ഭാര്യ ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ഓര്‍മ്മയില്‍ നിന്നും പ്രവാസി മലയാളികള്‍ ഇനിയും മോചിതരായിട്ടില്ല.

അമേരിക്കയിലെ ദേവാലയങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ ഓരോവര്‍ഷവും വര്‍ധിച്ചുവരുന്നതായിട്ടാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദേവാലയങ്ങളില്‍ ആരാധനയ്ക്കായി വരുന്നവര്‍ കാത്തലിക് ബിഷപ്പുമാരുടെ ഈ അഭ്യര്‍ത്ഥന ഗൗരവമായി കാണേണ്ടതുണ്ട്.
ആരാധനാലയങ്ങളിലേക്ക് വരുന്നവര്‍ തോക്ക് കൈവശംവെയ്ക്കരുത്: ആര്‍ച്ച് ബിഷപ് ജറോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക