Image

പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)

Published on 07 February, 2014
പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)
സഹ്യനില്‍നിന്ന്‌ ഒഴുകിയെത്തുന്ന പമ്പയാര്‍ ഇടവേളയില്‍ ശരണംപ്രാപിക്കുന്നതു ശാസ്‌താവ്‌ വാണരുളുന്ന ശബരിമലയുടെ താഴ്‌വാരങ്ങളിലാണ്‌. മാരാമണ്ണിലെ പമ്പാസരസില്‍ ഞായറാഴ്‌ച മുതല്‍ ഒരാഴ്‌ചത്തേക്ക്‌ ഘോഷണം ചെയ്യുന്ന സുവിശേഷസൂക്തങ്ങള്‍ ശബരിമലയുടെ അടിവാരത്തെ ത്രിവേണിയിലെത്താന്‍ കുറഞ്ഞത്‌ 85 കിലോമീറ്റര്‍ പിന്നിടണം.

എന്നാല്‍, പമ്പയുടെ അഞ്ചു കിലോമീറ്ററിനുള്ളില്‍ രണ്ടു വിശ്വാസഘോഷണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നൂറ്റാണ്ടിലേറെയായി നടക്കുന്നു-ചെറുകോല്‍പ്പുഴയിലും മാരാമണ്ണിലും. 102-ാമത്‌ ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ സമാപിക്കുന്ന ഈ ഞായറാഴ്‌ചതന്നെ 119-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷനു വിളംബരമാകും. ഷിക്കാഗോ കണ്‍വന്‍ഷന്‍ പോലെ നൂറ്റാണ്ടു മുമ്പ്‌ സര്‍വമത സംഗമഭൂമിയായി ഇവ രണ്ടും സങ്കല്‌പിക്കപ്പെട്ടിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു.

ഇന്ന്‌ ഇതിലൊന്ന്‌ ഹൈന്ദവ വിശ്വാസസംഹിതകള്‍ പ്രഘോഷിക്കുമ്പോള്‍, മറ്റേത്‌ ക്രൈസ്‌തവദര്‍ശനങ്ങള്‍ വിളംബരം ചെയ്യുന്നു; സര്‍വമത സാഹോദര്യമെന്നതാണ്‌ രണ്ടിന്റെയും സന്ദേശമെങ്കിലും. ഇംഗ്ലണ്ടിലെ കെസ്‌വിക്കിനെ പണ്ടേ പിന്തള്ളിയ മാരാമണ്‍ ഇന്നു ലോകത്തിലെ ഏറ്റം വലിയ വിശ്വാസിസംഗമ ഭൂമികയാണ്‌. തീര്‍ഥാടനമായി കണക്കാക്കിയാല്‍ ശബരിമലയോ മെക്കയോ മാത്രമേ മുന്നിട്ടു നില്‍ക്കൂ.

കാലവര്‍ഷം കഴിഞ്ഞ്‌ കൊടുംവേനലായെങ്കിലും (കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും 32 ഡിഗ്രി സെല്‍ഷ്യസ്‌ ചൂട്‌) പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി പാലത്തിന്റെ നിഴലില്‍ മണല്‍പ്പുറത്തെ ഓലമേഞ്ഞ വിശാലമായ പന്തലിനുള്ളില്‍ വീര്‍പ്പടക്കിക്കഴിയുന്ന പതിനായിരങ്ങള്‍ക്ക്‌ സഹ്യനില്‍നിന്ന്‌ കേരളത്തിലെ ഏറ്റം നീളം കൂടിയ രണ്ടാമത്തെ നദിയായ പമ്പയാര്‍ കൊണ്ടുവരുന്ന കുളിര്‍തെന്നല്‍ തെല്ലൊന്ന്‌ ആശ്വാസം പകരുന്നു. അവര്‍ക്കിടയില്‍ ഒരായിരം പനയോലവിശറികളും അവയെ തോല്‌പിക്കാന്‍ ജാപ്പനീസ്‌ ഗെയിഷകള്‍ കൊണ്ടുനടക്കുന്നതു പോലെ വര്‍ണഭംഗിയുള്ള പ്ലാസ്റ്റിക്‌ വിശറികളും കാണാം.

കേരളത്തിലെ ഏറ്റം പ്രായംകൂടിയ വൈദിക മേലധ്യക്ഷന്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്തയ്‌ക്ക്‌ ഏപ്രില്‍ 27ന്‌ 96 തികയും. പ്രായാധിക്യത്തിന്റെ ആലസ്യമൊന്നും അലോസരപ്പെടുത്താത്ത മെത്രാപ്പോലീത്ത സഹജമായ ആര്‍ജവത്തോടെ പ്രാര്‍ഥന നടത്തിക്കൊണ്ടാണ്‌ 119-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷനു
തുടക്കം കുറിക്കുക. സര്‍വമതങ്ങളെയും ഒരുപോലെ സമാദരിക്കുന്ന ഇതുപോലൊരു ദാര്‍ശനികനേതാവ്‌ കേരളത്തില്‍ മറ്റാരുമില്ലതന്നെ. മധുരിച്ചിട്ട്‌ തുപ്പാനും കയ്‌ച്ചിട്ട്‌ ഇറക്കാനും വയ്യ എന്നതുപോലെ അനുഭവപ്പെടുന്നു അദ്ദേഹത്തിന്റെ തേന്‍മധുരമായ വാഗ്‌മൊഴികള്‍.

ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത (21-ാമത്തെ മാര്‍ത്തോമ്മാ, ജൂണ്‍ 27ന്‌ 83 തികയും; നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ മുന്‍ പ്രസിഡന്റും ക്രിസ്റ്റ്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ ചെയര്‍മാനുമാണ്‌), സഫ്രഗന്‍ മെത്രാപ്പോലീത്ത സക്കറിയ മാര്‍ തെയോഫിലോസും എപ്പിസ്‌കോപ്പമാരും വൈദികശ്രേഷ്‌ഠരും വിശ്വാസികളുമടങ്ങിയ ലക്ഷത്തോളം വരുന്ന സദസിനെ മുന്‍പന്തിയിലിരുന്നു നയിക്കും.

മാര്‍ത്തോമ്മാ ഇവാഞ്ചലിസ്റ്റിക്‌ അസോസിയേഷന്‍ രൂപവത്‌കൃതമായതിനെത്തുടര്‍ന്ന്‌ 1895 മാര്‍ച്ച്‌ 8-17 തീയതികളില്‍ നടന്ന ആദ്യത്തെ കണ്‍വന്‍ഷനില്‍ ഡേവിഡും വേഴ്‌സ്‌വര്‍ത്തുമായിരുന്നു പ്രധാന പ്രാസംഗികര്‍. കഴിഞ്ഞ 12 വ്യാഴവട്ടക്കാലത്തിനുള്ളില്‍ ലോകപ്രസിദ്ധനായ അമേരിക്കന്‍ സുവിശേഷകന്‍ ഡോ. സ്റ്റാന്‍ലി ജോണ്‍സ്‌ ഉള്‍പ്പെടെ നിരവധി പ്രഗത്ഭമതികള്‍ മാരാമണ്ണില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. നൊബേല്‍ സമ്മാനാര്‍ഹനായ ജോണ്‍ ആര്‍. മോട്ട്‌, ചന്ദ്രനിലിറങ്ങിയ അമേരിക്കന്‍ ഗഗനചാരി കേണല്‍ ജയിംസ്‌ ഇര്‍വിന്‍, കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പുമാരായ റോബര്‍ട്ട്‌ റണ്‍സി, ജോര്‍ജ്‌ കാരി തുടങ്ങിയവര്‍ ഈ പട്ടികയില്‍ പെടും.

ജപ്പാന്‍, ജര്‍മനി, സൗത്ത്‌ ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള പ്രസംഗകരെയാണ്‌ മാരാമണ്ണില്‍ അണിനിരത്തുക. ബൈബിളിനെ അടിസ്ഥാനമാക്കിയാണ്‌ അവരുടെയൊക്കെ ഉദ്‌ഘോഷണമെങ്കിലും മനുഷ്യരാശിയെ ഒന്നാകെ മഥിക്കുന്ന ദാരിദ്ര്യം, പാര്‍ശ്വവത്‌കരണം, വനിതാ അസമത്വം, ബാലപീഡനം തുടങ്ങിയ പ്രശ്‌നങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കണ്‍വന്‍ഷന്റെ അന്നും ഇന്നും എന്നുമുള്ള ലക്ഷ്യം ഇതൊക്കെത്തന്നെയാണെന്ന്‌ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്ന അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ മാര്‍ തിമോത്തിയോസ്‌ `ഇ-മലയാളി' ലേഖകനോടു പറഞ്ഞു. റവ. ഏബ്രഹാം പി. ഉമ്മന്‍ ആണ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി.

പലപ്പോഴും പമ്പാസരസിന്‌ ഉള്‍ക്കൊള്ളാനാവുന്നതിലേറെ ജനാവലി എത്തിച്ചേരാറുണ്ട്‌. പന്തല്‍ നിറഞ്ഞുകവിഞ്ഞാല്‍ ആളുകള്‍ നദിയുടെ ഇരുകരകളിലും തെങ്ങോലകളുടെ തണല്‍പറ്റി നിരക്കുന്നതു കാണാം. പതിനാറു പാട്ടുകള്‍ പുതുതായി ഉള്‍പ്പെടുത്തിക്കൊണ്ടിറക്കുന്ന കണ്‍വന്‍ഷന്‍ ഗീതങ്ങളുടെ രണ്ടു ലക്ഷം കോപ്പികളാണ്‌ വിറ്റുപോകുന്നതെന്നോര്‍ക്കുമ്പോള്‍ സമ്മേളനത്തിന്റെ വലുപ്പം ഊഹിക്കാവുന്നതേയുള്ളൂ. വെറുതെയല്ല യുട്യൂബില്‍ മാരാമണ്‍ ഗീതങ്ങളുടെ ഒരു ഗംഗാപ്രവാഹംതന്നെയുണ്ട്‌. ആഗോള മലയാളികള്‍ കണ്‍വന്‍ഷനോടടുപ്പിച്ച്‌ അവധിക്കെത്തുന്നതും മാരാമണ്ണിന്റെ ഖ്യാതി വിശ്വത്തോളം വളര്‍ന്നുവെന്നതിന്റെ അടയാളമാണ്‌.
പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക