Image

നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)

Published on 09 February, 2014
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)
കാടിനുള്ളില്‍ കാട്ടാനയുടെ സാന്നിധ്യം ഞാനറിഞ്ഞു. നെഞ്ചിടിപ്പിന്റെ വേഗത അറിയാന്‍ കഴിയുന്നുണ്ട്‌. അഞ്ചു മിനിറ്റോളം വഴിയില്‍ തന്നെ എല്ലാവരും അനങ്ങാതെ നിന്നു. പിന്നീട്‌, കാടനക്കി ആ കരിവീരന്‍ ഞങ്ങളുടെ സാന്നിധ്യം വിട്ടൊഴിഞ്ഞു പോകുന്നത്‌ അറിഞ്ഞു. ഇരുള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ ഗൈഡിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ നടന്നു തുടങ്ങി. വഴിയില്‍ ആവി പറക്കുന്ന ആനപ്പിണ്ടം. നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌ കാട്ടാന അവിടെ നിലയുറപ്പിച്ചിരുന്നുവെന്നതിന്റെ തെളിവ്‌. ഞങ്ങള്‍ക്ക്‌ മുന്‍പേ നടന്നു നീങ്ങിയിട്ടുള്ളവര്‍ ഒരു പക്ഷേ ആനയുടെ മുന്നില്‍ പെട്ടിട്ടുണ്ടാവുമോ? എന്റെ ആശങ്ക ഞാന്‍ രാമകൃഷ്‌ണനുമായി പങ്കുവച്ചു. അതിനുള്ള സാധ്യത തീരെയില്ലെന്ന്‌ അയാള്‍ പറഞ്ഞു. മനുഷ്യന്റെ സാന്നിധ്യം എവിടെയെങ്കിലും ഉണ്ടായാല്‍ ആന തന്നെ സ്വയം പിന്‍വലിഞ്ഞു കൊള്ളും. എല്ലാ കാട്ടുമൃഗങ്ങളും ഇങ്ങനെയാണ്‌. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായിട്ടുള്ളത്‌ കരടികള്‍ മാത്രമാണത്രേ. അവ മാത്രമാണ്‌ ആക്രമണസാധ്യത കാണിക്കുന്നത്‌. കൂട്ടം കൂടി നില്‍ക്കുന്ന കാട്ടുപോത്തിന്റെ മുന്നില്‍ പെട്ടാലും ഇതു തന്നെ പ്രശ്‌നം. എന്നാല്‍, കാട്ടുപോത്തിന്റെ വിഹാരകേന്ദ്രം വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പു പ്രദേശങ്ങളാണ്‌. അവിടേക്ക്‌ മനുഷ്യര്‍ക്ക്‌ സ്വാഭാവികമായി ചെന്നെത്താനുമാവില്ലല്ലോ..

ഒരു കൊമ്പില്‍ നിന്നും ചാടിയോടുന്ന വാനരപ്പടയെ കണ്ടു. വഴിക്കരുകില്‍ കാട്ടു കൊമ്പന്‍ താഴെ കാട്ടിനുള്ളിലേക്ക്‌ നിരങ്ങിയിറങ്ങിയതിന്റെ പാടുകള്‍. ഗൈഡ്‌സ്‌ കൂടെയുള്ളതാണ്‌ ആശ്വാസം. കഴിഞ്ഞ കുറച്ചു ദിവസമായി പുല്‍മേട്ടില്‍ ആനക്കൂട്ടത്തിന്റെ വിഹാരമായിരുന്നുവത്രേ. പുല്‍മേട്ടില്‍ നിന്നും ഒത്തുകൂടി ഒരു സംഘമായാണ്‌ ഇപ്പോള്‍ യാത്ര. കുറച്ചു ദൂരം നടന്നതിനു ശേഷം മുന്‍പിലെത്തിയവര്‍ പിന്നിലായവരെ കാത്തു നില്‌ക്കും.

ബോണക്കാട്‌ മുതല്‍ അഗസ്‌ത്യകൂടം വഴിയില്‍ ഇടയ്‌ക്കിടെ മരച്ചുവടുകളില്‍ കല്‍വിഗ്രഹങ്ങള്‍ കാണാമായിരുന്നു. പ്രകൃതിയുടെയും ശക്തിയുടെയും നിറസാന്നിധ്യമാണതെന്നു രാമകൃഷ്‌ണന്‍ പറഞ്ഞു. അയാള്‍ പ്രകതിയെക്കുറിച്ചു പറയുമ്പോള്‍ സൈദ്ധാന്തികമായാണ്‌ സംസാരിക്കുന്നത്‌.

അതിരുമലയിലെത്തിയപ്പോള്‍ സമയം 4.20 കഴിഞ്ഞിരിക്കുന്നു. സൂര്യനെ കാണാനേയില്ല. ഇക്കോ ഡവലപ്‌മെന്റ്‌ സൊസൈറ്റി വക ഒരു കൊച്ചു ക്യാന്റീന്‍ കണ്ടു. നല്ല ചൂടു കട്ടന്‍ ചായയും പഴംപൊരിയും കിട്ടും. ഞങ്ങള്‍ ഓരോന്നു വാങ്ങി. വിശ്രമിക്കാനായുള്ളത്‌ ഒരു ഡോര്‍മിറ്ററി പോലെ നീണ്ടയൊരു ഹാള്‍. പായും തലയിണയും ഷീറ്റും വാടകയ്‌ക്ക്‌ കിട്ടും. ഇത്തിരി കൂടുതലാണ്‌ വിലയൊന്നൊക്കെ തോന്നി. എന്നാലും കാട്ടിനുള്ളില്‍ അല്ലേ... വേറെ ഓപ്‌ഷനുകള്‍ ഇല്ലല്ലോ.. ബ്രേക്ക്‌ഫാസ്റ്റായി ഉപ്പുമാവ്‌ അല്ലെങ്കില്‍ പൂരി ഉണ്ട്‌. എന്തു വേണമെന്ന ഓര്‍ഡര്‍ നേരത്തെ കൊടുക്കണം. വൈകീട്ട്‌ നല്ല കഞ്ഞി കിട്ടുമെന്നു ഗൈഡ്‌ പറഞ്ഞു. കാലുകള്‍ക്കൊക്കെ ഒരു ചെറിയ വേദന തോന്നുന്നുണ്ട്‌. എവിടെയെങ്കിലും ഒന്നു കിടക്കണമെന്നു തോന്നി. അത്രയ്‌ക്ക്‌ ക്ഷീണമുണ്ടായിരുന്നു. ആനയുടെ ഛിന്നംവിളി കേട്ടു ഭയന്നതു മുതല്‍ കാലുകള്‍ക്കും ശരീരത്തിനുമൊക്കെ പഴയ ഊര്‍ജം നഷ്‌ടപ്പെട്ടോ എന്നൊരു തോന്നല്‍. ഇതൊക്കെ ആദ്യമായതു കൊണ്ടാണെന്നു രാമകൃഷ്‌ണന്‍ ആശ്വസിപ്പിച്ചു. ഞാന്‍ ഡയറി തുറന്നു ചില കുറിപ്പുകളെഴുതി. രാമകൃഷ്‌ണന്‍ പറഞ്ഞു തന്നെ ചില പൂക്കളുടെയും കിളികളുടെയും പേരുകള്‍ പുതുമയുള്ളതായിരുന്നു.

ഡോര്‍മിറ്ററിയുടെ ഒരു ഭാഗത്തായി ഒരു കൊച്ചു മുറി കണ്ടു. അതൊരു വയര്‍ലസ്‌ ഓഫീസാണത്രേ. ഇവിടെ ഒരു ഓപ്പറേറ്ററെ സീസണ്‍ കാലത്ത്‌ താമസിപ്പിക്കാറുണ്ടത്രോ. എന്തെങ്കിലും അടിയന്തരസാഹചര്യത്തില്‍ പുറംലോകത്തേക്ക്‌ വിവരമറിയിക്കാനുള്ള ഏക ഉപാധിയാണിത്‌. മൊബൈല്‍ ഫോണിനൊന്നും റേഞ്ച്‌ കിട്ടുന്നതേയില്ല. നല്ല തണുപ്പ്‌ അടിക്കാന്‍ തുടങ്ങി. ചെറിയ കാറ്റും. രാമകൃഷ്‌ണനൊപ്പം ഡോര്‍മിറ്ററിക്ക്‌ താഴ്‌ഭാഗത്തുകൂടി ഒഴുകുന്ന അരുവിയുടെ സമീപത്തേക്ക്‌ നടന്നു. ഞങ്ങള്‍ക്ക്‌ ഒപ്പമുണ്ടായിരുന്നവര്‍ അവിടെ വിശാലമായ കുളി നടത്തുന്നുണ്ടായിരുന്നു. അധികനേരം അരുവിയില്‍ ചെലവഴിക്കണ്ടെന്നു ഗൈഡ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മറുഭാഗത്തുള്ള പുല്‍മേട്‌ ഇറങ്ങി ചിലപ്പോള്‍ മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വന്നേക്കാം. ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ വരുന്ന വെള്ളത്തിന്‌ നല്ല കുളിരുണ്ടായിരുന്നു. മുങ്ങി നിവരുമ്പോള്‍ മനസ്സിനും ശരീരത്തിനുമൊക്കെ നല്ല ആശ്വാസം. കിളികളുടെ ആരവങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. അരുവിയില്‍ നിന്നും മടങ്ങി കഞ്ഞികുടിച്ച്‌ നേരത്തെ കിടന്നു. കിടന്നതു മാത്രം ഓര്‍മ്മയുണ്ട്‌.

രാവിലെ ഉണര്‍ന്നപ്പോള്‍ ക്യാമ്പിനു സമീപം രാത്രി ആനക്കൂട്ടമെത്തിയിരുന്നുവെന്നു രാമകൃഷ്‌ണന്‍ പറഞ്ഞു. പക്ഷേ, ഞാന്‍ ഒന്നും അറിഞ്ഞതേയില്ല. രാവിലെ 8 മണി കഴിഞ്ഞു. ഉപ്പുമാവ്‌ കഴിച്ച്‌ യാത്രയ്‌ക്ക്‌ ഒരുങ്ങി. മുന്നില്‍ അഗസ്‌ത്യകൂടം എന്ന മഹാമേരു തല ഉയര്‍ത്തി നില്‍ക്കുന്നു. മുകള്‍ ഭാഗമൊന്നും കാണാന്‍ കഴിയുന്നില്ല. മഞ്ഞ്‌ തലയ്‌ക്ക്‌ ഷാള്‍ അണിയിച്ചതു പോലെ തോന്നി. ഇനി അതിന്റെ മുകള്‍ ഭാഗത്തേക്കാണ്‌ നടപ്പ്‌. ഇപ്പോള്‍ കൃത്യമായി ഞങ്ങള്‍ അഗസ്‌ത്യകൂത്തിന്റെ താഴ്‌വരയിലാണ്‌. കിഴക്കു ദിക്കിലായി തലയെടുപ്പോടെ നില്‌ക്കുന്ന ആ ഗിരികന്ദരം തലേന്ന്‌ രാത്രി മഞ്ഞ്‌ മൂടിയതിനാല്‍ കാണാന്‍ പറ്റുമായിരുന്നില്ല. ഞങ്ങള്‍ ക്യാംപ്‌ ചെയ്‌തിരുന്ന അതിരുമലയില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരമാണ്‌ മലമുകളിലേക്കെന്നു ഗൈഡ്‌ പറഞ്ഞു. ഇടതൂര്‍ന്ന വനം കഴിഞ്ഞ്‌ ഈറ്റക്കാടുകളാണ്‌. ഇവിടെ അട്ടയുടെയും ആനയുടെയും ശല്യമുണ്ടത്രേ. പിന്നെ പൊങ്കാലപ്പാറ എന്ന വലിയ പാറക്കൂട്ടമാണ്‌. മഴക്കാലത്തും മഞ്ഞുസമയത്തും ഇവിടെ നല്ല വഴുക്കലുണ്ടാവുമത്രേ. അവിടം മുതല്‍ പിന്നെ സാഹസിക യാത്രയാണ്‌. കയറില്‍ത്തൂങ്ങി പിടിച്ചു വലിഞ്ഞു കയറി വേണം അഗസ്‌ത്യകൂടത്തിന്റെ മുകളിലെത്താന്‍. പോകുന്ന വഴിയില്‍ അഗസ്‌ത്യന്‍ മരുന്നുരക്കാന്‍ കുഴിച്ചതെന്ന്‌ കരുതുന്ന ഉരല്‍ക്കുഴികളും കാണാം.

നടപ്പിനു അല്‍പ്പം വേഗത വര്‍ദ്ധിപ്പിച്ചു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1890 മീറ്റര്‍ മുകളിലാണ്‌ ഇപ്പോള്‍. കേരളത്തിലേയും തെക്കേ ഇന്ത്യയിലേയും ഉയരം കൂടിയ രണ്ടാമത്തെ മലയുടെ മുകളില്‍. മഞ്ഞും കാറ്റും ആകാശവും താഴേയ്‌ക്ക്‌ ഇറങ്ങി വരുന്നതു പോലെ.. രാമകൃഷ്‌ണന്‍ മെല്ലെ പാടി,

രാമ, രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാട്‌ താണ്ടാം
നോവിന്റെ ശൂലമുനമുകളില്‍ കരേറാം
നാരായബിന്ദുവില്‍ അഗസ്‌ത്യനെ കാണാം..

മധുസൂദനന്‍ നായരുടെ പ്രശസ്‌തമായ വരികള്‍. എത്ര അന്വര്‍ത്ഥമാണതെന്നു തോന്നി. വഴി പിന്നെയും നീണ്ടു കിടക്കുന്നു. കയറില്‍ വലിഞ്ഞു മുകളിലേക്ക്‌ കയറുമ്പോള്‍ രാമകൃഷ്‌ണന്‍ മെലിച്ച ശബ്‌ദത്തില്‍ പാടി-

ചിട നീണ്ട വഴിയളന്നും പിളര്‍ന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ
മൊലിവാര്‍ന്ന ചുടുവിയര്‍പ്പാല്‍ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേള ഒരുകാത
മൊരുകാതമേ ഉള്ളു മുകളീലെത്താന്‍..

അതെ, ഇനി വെറുമൊരു കാതമേയുള്ളു മുകളിലെത്താന്‍. അഗസ്‌ത്യഹൃദയത്തെ തൊടാനുള്ള വെമ്പല്‍ ഉള്ളിലേക്ക്‌ അരിച്ചിറങ്ങുന്നതു പോലെ... പ്രകൃതിയും മനുഷ്യനും ഒന്നാകുന്നതു പോലെ.. പിന്നില്‍ രാമകൃഷ്‌ണന്‍ പാടുന്നതു അന്തരീക്ഷത്തില്‍ അലയടിച്ചു..

ഗിരിമകുടമാണ്ടാല്‍ അഗസ്‌ത്യനെക്കണ്ടാല്‍
പരലുപോലത്താരമിഴിയൊളിപുരണ്ടാല്‍
കരളില്‍ കലക്കങ്ങള്‍ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം..

(തുടരും)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -3: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക