Image

ഞങ്ങളുടെ ചുന്ദരി പൂച്ച (ശ്രീപാര്‍വ്വതി)

Published on 10 February, 2014
ഞങ്ങളുടെ ചുന്ദരി പൂച്ച (ശ്രീപാര്‍വ്വതി)
അവള്‍, ഞങ്ങളുടെ ചുന്ദരി പൂച്ച കുടുംബത്തിലെ ഒരംഗമായിട്ട്‌ രണ്ടര വര്‍ഷമായിരിക്കുന്നു. അവളുടെ രണ്ട്‌ സഹോദരങ്ങളോടും അമ്മയോടും ഒപ്പം കയറി വന്നപ്പോള്‍ കുസൃതിക്കാരിയായ കുഞ്ഞായിരുന്നു അവള്‍. ഫെയ്‌സ്‌ബുക്ക്‌, ഓര്‍ക്കുട്ട്‌, ട്വിറ്റര്‍ , മൂന്ന്‌ പേര്‍ക്കും പേരിട്ടു. വെളുത്തു മെലിഞ്ഞവള്‍ ഫെയ്‌സ്‌ബുക്ക്‌ അവള്‍ നല്ല സോഷ്യലാണ്‌. നന്നായി ഇടപെടാം. മറ്റേതു രണ്ടും മനുഷ്യനെ അടുപ്പിക്കില്ല. എങ്കിലും പതുക്കെ പതുക്കെ അടുത്തു വരുമ്പോള്‍ ഓടില്ലെന്നായി. ഒരിക്കല്‍ അവരുടെ അമ്മയുടെ കരച്ചില്‍ കിണറിന്‍റെ പടിയില്‍ നിന്ന്‌ കേട്ടപ്പോഴേ എന്തോ സംശയം തോന്നി നോക്കിയപ്പോഴാണ്‌, ഓര്‍ക്കുട്ട്‌ അതാ കിണറ്റില്‍ കിടക്കുന്നു. അനങ്ങുന്നില്ല. ഒരു മിനിറ്റ്‌ എന്താ ചെയ്യുക എന്നറിയാതെ നിന്നു, ഒന്നൂടെ നോക്കിയപ്പോഴുണ്ട്‌ ആള്‌, നീന്തുന്നു. അങ്ങോട്ടും ഇങ്ങോട്ടും നീന്തി പോവുകയാണ്‌. പിന്നെ ഒരു നിമിഷം വൈകിയില്ല, കയറിട്ട്‌ തൊട്ടി താഴ്‌ത്തി നോക്കി, ഒരു രക്ഷയുമില്ല, കുറച്ച്‌ വലിപ്പം വച്ചതു കൊണ്ട്‌ അവള്‍ അതില്‍ കയറുന്നില്ല. അടുത്ത വീട്ടില്‍ പോയി കുട്ട എടുത്തു കയറില്‍ കെട്ടി ഇട്ടു, പക്ഷേ കയറി ഒങ്ങുന്നതിനു മുന്‍പ്‌ വശം ചരിഞ്ഞ്‌ പിന്നെയും വീഴുന്നു.

സങ്കടത്തിന്‍റെ നിമിഷങ്ങള്‍ ഉള്ളില്‍ ചുര മാന്തിക്കൊണ്ടിരിക്കുകയാണ്‌. കടന്നു പോകുന്ന ഓരോ സമയവും അവളുടെ ശ്വാസത്തെ മരവിപ്പിച്ചു കൊണ്ടിരിക്കുക്യാണെന്ന്‌ ഓര്‍മ്മ എപ്പൊഴോ എന്നെയും മരവിപ്പിച്ചു.

ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ നീളമുള്ള ഒരു ബക്കറ്റ്‌ എടുത്ത്‌ കെട്ടി താഴ്‌ത്തി. ഒരു അഞ്ചു മിനിറ്റ്‌ പിന്നെയും പരിശ്രമിച്ചു, ഭാഗ്യം വെള്ളത്തോടൊപ്പം ഓര്‍ക്കുട്ടും അതില്‍ കയറി. മുകളില്‍ വന്ന്‌ തൊട്ട്‌ നോക്കിയപ്പോള്‍ ശ്വാസമുണ്ട്‌. വെള്ളം തോര്‍ത്തിക്കളഞ്ഞ്‌ വെയിലത്ത്‌ കൊണ്ടു വച്ചു. രക്ഷപെടുമോ എന്ന്‌ ഉറപ്പുണ്ടായിരുന്നില്ല.............

പിന്നെയും ദിവസങ്ങള്‍ പൊഴിഞ്ഞു വീണു... ഫെയ്‌സ്‌ബുക്കും ട്വിറ്ററും എല്ലാം അലച്ചിലുകള്‍ക്കൊടുവില്‍ എവിടെയോ ചേക്കേറി, ബാക്കിയായത്‌ അവള്‍ ... ഓര്‍ക്കുട്ട്‌...

പിന്നെ അവളുടെ പേരു മാറ്റി ചുന്ദരി എന്നാക്കി... അവള്‍ ഒരു സുന്ദരി തന്നെ ആയിരുന്നു താനും.
ഇന്നിപ്പോള്‍ എത്ര മൈന്‍ഡ്‌ ചെയ്യാതെ ഉറങുമ്പോഴും , `ചുന്ദരീ........ `എന്നൊന്ന്‌ വിളിച്ചാല്‍ കണ്ണു പോലും തുറക്കാതെ അവളുടെ ഒരു കിന്നാരമുണ്ട്‌... `ങും.......` എന്ന്‌...

കൊഞ്ചിക്കപ്പെടണമെന്ന്‌ തോന്നുമ്പോള്‍ അടുത്തു വന്ന്‌ വെട്ടിയിട്ട പോലെ ചരിഞ്ഞ്‌ ഒരു കിടത്തവും.
ചിലപ്പോഴൊക്കെ ഞങ്ങളുടെ മകളായും കൂട്ടുകാരിയായും അവള്‍ അവളുടെ അടുത്ത പ്രസവവും നോക്കി ഇരിക്കുന്നു. അവള്‍ക്ക്‌ പ്രസവിച്ചാല്‍ മതിയല്ലോ, നോക്കുന്നത്‌ ഞങ്ങളല്ലേ........
ഞങ്ങളുടെ ചുന്ദരി പൂച്ച (ശ്രീപാര്‍വ്വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക