Image

പാക്കിസ്ഥാനിലെ ഡ്രോണ്‍ ആക്രമണം നിയന്ത്രിക്കാന്‍ യുഎസ്‌ തീരുമാനം (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 05 November, 2011
പാക്കിസ്ഥാനിലെ ഡ്രോണ്‍ ആക്രമണം നിയന്ത്രിക്കാന്‍ യുഎസ്‌ തീരുമാനം (അങ്കിള്‍സാം വിശേഷങ്ങള്‍)

പാക്കിസ്ഥാനിലെ ഡ്രോണ്‍ ആക്രമണം നിയന്ത്രിക്കാന്‍ യുഎസ്‌ തീരുമാനം

വാഷിംഗ്‌ടണ്‍: പാക്കിസ്ഥാനില്‍ ആളില്ലാ യുദ്ധവിമാനങ്ങള്‍(ഡ്രോണ്‍) നടത്തുന്ന ആക്രമണത്തിന്‌ കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചു. ഉത്തര വസീറിസ്ഥാന്‍ മേഖലയില്‍ ഈയിടെ നടത്തിയ ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാഗ്വാദങ്ങള്‍ക്ക്‌ വഴിവെച്ച സാഹചര്യത്തിലാണ്‌ പാക്കിസ്ഥാന്‌ അനുകൂലമായ ഈ തീരുമാനമെന്ന്‌ വാള്‍സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

2009ല്‍ ഒബാമ അധികാരത്തില്‍ വന്നതിനുശേഷം തീവ്രവാദികളെന്ന്‌ സംശയിക്കുന്ന 1500പേര്‍ പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്‌ട്‌. പാക്കിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അമേരിക്ക സന്ദര്‍ശിക്കുന്ന സമയത്ത്‌ ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തിവെക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളാണ്‌ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി. ഐ. എ. ശുപാര്‍ശ ചെയ്‌തത്‌. ആളില്ലാ യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള ആക്രമണത്തെ പിന്തുണയ്‌ക്കുന്ന ഉന്നത സമിതിയുടെ പരിശോധനയ്‌ക്കു ശേഷമേ നിബന്ധനകള്‍ നടപ്പില്‍ വരൂ.

ഒബാമ-മാലിക്കി കൂടിക്കാഴ്‌ച അടുത്ത മാസം 12ന്‌

വാഷിംഗ്‌ടണ്‍: ഇറാഖ്‌ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയും യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും അടുത്തമാസം 12ന്‌ വൈറ്റ്‌ ഹൗസില്‍ കൂടിക്കാഴ്‌ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്ന്‌ വൈറ്റ്‌ ഹൗസ്‌ പ്രസ്‌താവനയില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനം ഇറാഖില്‍ നിന്നു യുഎസ്‌ സൈന്യത്തെ പിന്‍വലിക്കുമെന്ന്‌ ഒബാമ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ഇറാഖില്‍ യുഎസ്‌ സൈന്യത്തെ നിയോഗിച്ചതിന്റെ കാലാവധി ഡിസംബര്‍ 31ന്‌ അവസാനിക്കും. അതേസമയം, ഒബാമയുടെ പ്രഖ്യാപനത്തിനെതിരെ രാജ്യത്തിനകത്തു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഡിസംബറിനു ശേഷം അമേരിക്കയുമായി പുതിയൊരു സുരക്ഷാ ധാരണയുണ്‌ടാക്കുമ്പോള്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള സമയക്രമവും പരിഗണിക്കുമെന്നു മാലിക്കിയും വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ കൂടിക്കാഴ്‌ച.

ഭൂമുഖത്തുനിന്ന്‌ ഭീമന്‍ ആനകള്‍ അപ്രത്യക്ഷരായത്‌ കാലാവസ്‌ഥാ വ്യതിയാനംമൂലം

വാഷിംഗ്‌ടണ്‍: ഹിമയുഗത്തിലെ സസ്‌തനി ജീവികളായ വൂളി മാമത്ത്‌ (രോമമുള്ള ഭീമന്‍ ആന), രോമമുള്ള കാണ്‌ടാമൃഗം തുടങ്ങിയവ അപ്പാടേ അപ്രത്യക്ഷമായതിനു കാരണം മനുഷ്യനും കാലാവസ്‌ഥാ വ്യതിയാനവും വരുത്തിയ കെടുതികളാണെന്ന്‌ പഠനം. ലോകത്തെ 40 യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള രാജ്യാന്തര പഠനസംഘമാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌.അന്‍പതിനായിരം വര്‍ഷംമുന്‍പു യുറേഷ്യയിലെ മൂന്നിലൊന്നും ഉത്തര അമേരിക്കയിലെ മൂന്നില്‍ രണ്‌ടും ഓസ്‌ട്രേലിയയിലെ 90 ശതമാനവും സസ്‌തനികളെ ഇല്ലായ്‌മ ചെയ്‌തതിനു പിന്നിലുള്ള ഘടകമെന്തെന്നതു സംബന്ധിച്ചു ഗവേഷകര്‍ക്കിടയില്‍ ഇതുവരെ വ്യത്യസ്‌ത അഭിപ്രായമാണുണ്‌ടായിരുന്നത്‌.

മനുഷ്യനും കാലാവസ്‌ഥയും വഹിച്ച പങ്കിനെക്കുറിച്ചുള്ള വാദവും ഇതുവരെ സ്വീകരിക്കപ്പെട്ടിരുന്നില്ല.എന്നാല്‍ പുതിയ പഠനസംഘം ഇതിനുള്ള തെളിവുകള്‍ കണെ്‌ടത്തി. ഹിമയുഗത്തില്‍ ജീവിച്ചിരുന്ന സസ്യഭുക്കുകളായ ആറു സസ്‌തനികളെയാണു സംഘം പഠനവിധേയമാക്കിയത്‌. രോമമുള്ള കാണ്‌ടാമൃഗം, രോമമുള്ള ആന, കാട്ടുകുതിര, കലമാന്‍, കാട്ടുപോത്ത്‌, കസ്‌തൂരിമാന്‍ എന്നിവ ഓരോന്നും ഭുമുഖത്തു നിന്ന്‌ അപ്രത്യക്ഷമായതിനു പിന്നിലെ ഘടകങ്ങള്‍ ഇവ രണ്‌ടുമാണ്‌. എന്നാല്‍ ഓരോ രാജ്യത്തും ഓരോ ഇനത്തിനും രണ്‌ടിലേതെങ്കിലും ഭീഷണിയെ ഒന്നിച്ചോ രണ്‌ടായോ ആണ്‌ അഭിമുഖീകരിക്കേണ്‌ടി വന്നതെന്നും പഠനം പറയുന്നു.

പതിനഞ്ചു ഡോളറിനു വേണ്‌ടി ഇന്ത്യക്കാരനെ തലയ്‌ക്കടിച്ചുകൊന്നു

ന്യൂയോര്‍ക്ക്‌: യു.എസ്സില്‍ പതിനഞ്ചു ഡോളറിനു (737 രൂപ) വേണ്‌ടി രണ്‌ടുപേര്‍ ഇന്ത്യക്കാരനായ ടാക്‌സി െ്രെഡവറെ തലയ്‌ക്കടിച്ചുകൊന്നു. കൊല്‍ക്കത്ത സ്വദേശിയായ ബിമല്‍ ചന്ദയെയാണ്‌ രണ്‌ടുപേര്‍ ചേര്‍ന്ന്‌ തലയ്‌ക്കടിച്ചു വീഴ്‌ത്തി പണം തട്ടിയെടുത്തത്‌. സംഭവത്തില്‍ പങ്കാളികളായ രണ്‌ടു പേരുള്‍പ്പെട്ട വീഡിയോ പോലീസ്‌ പുറത്തുവിട്ടിട്ടുണെ്‌ടങ്കിലും ആരെയും അറസ്റ്റു ചെയ്‌തിട്ടില്ല.

രാത്രി തൊട്ടടുത്ത കടയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങി തിരിച്ചുവരികയായിരുന്ന ചന്ദയെ പിന്തുടര്‍ന്നെത്തിയ ഇവര്‍ ഇരുമ്പുദണ്ഡുകൊണ്‌ട്‌ പിന്നില്‍ നിന്ന്‌ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം പണവുമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ഉടന്‍ ആസ്‌?പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത്തിയെട്ടു വര്‍ഷമായി ന്യൂയോര്‍ക്കില്‍ താമസിച്ചുവരുന്ന ബിമല്‍ ചന്ദയ്‌ക്ക്‌ ഭാര്യയും മകളുമുണ്‌ട്‌.

ഓക്‌ലന്‍ഡ്‌ പിടിച്ചെടുക്കല്‍: നൂറോളം പേര്‍ അറസ്റ്റില്‍

ഓക്‌ലന്‍ഡ്‌: സാമ്പത്തിക അസമത്വത്തിനെതിരെ അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഓക്‌ലന്‍ഡ്‌ പിടിച്ചെടുക്കല്‍ സമരത്തില്‍ പങ്കെടുത്ത നൂറോളം പേരെ പോലീസ്‌ അറസ്റ്റു ചെയ്‌തു. വ്യാഴാഴ്‌ച നഗരത്തില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ ഓക്‌ലന്‍ഡ്‌ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്നുണ്‌ടായ അക്രമസംഭവങ്ങളില്‍ മൂന്ന്‌ പോലീസുകാരുള്‍പ്പെടെ എട്ട്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

സമരം മൂലം അടച്ചിട്ട തുറമുഖം വെള്ളിയാഴ്‌ച രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിച്ചു. നഗരത്തിലെ ക്രമസമാധാന നിലയും സാധാരണ നിലയിലായിട്ടുണ്‌ട്‌. അതിനിടെ, വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ സമരം തെരുവില്‍ നിന്ന്‌ കോടതിയിലേക്ക്‌ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. പ്രോസിക്യൂട്ടറുമായി ധാരണയുണ്‌ടാക്കി വിചാരണ ഒഴിവാക്കാന്‍ സമരക്കാര്‍ക്ക്‌ ഭരണകൂടം അവസരമൊരുക്കിയെങ്കിലും അത്‌ നിരസിക്കാനാണ്‌ പ്രക്ഷോഭകരുടെ തീരുമാനം. തങ്ങളെ കോടതിയില്‍ ഹാജരാക്കി സ്വതന്ത്രമായ വിചാരണയ്‌ക്ക്‌ വിധേയമാക്കണമെന്നാണ്‌ അവരുടെ ആവശ്യം.

ഇന്ത്യയ്‌ക്കു പാക്കിസ്‌ഥാന്റെ അഭിമത രാഷ്‌ട്ര പദവി:വലിയ കാര്യമെന്നു യുഎസ്‌

വാഷിംഗ്‌ടണ്‍: വ്യാപാര ബന്ധത്തില്‍ ഇന്ത്യയ്‌ക്ക്‌ അഭിമതരാഷ്‌ട്ര പദവി (മോസ്‌റ്റ്‌ ഫേവേഡ്‌ നേഷന്‍) നല്‍കാനുള്ള പാക്കിസ്‌ഥാന്റെ തീരുമാനത്തെ യുഎസ്‌ പ്രകീര്‍ത്തിച്ചു.`ഇതു വലിയൊരു കാര്യമാണ്‌; വലിയ ഇടപാടാണ്‌. ഇരു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതും- യുഎസ്‌ വിദേശകാര്യ വകുപ്പ്‌ വക്‌താവ്‌ വിക്‌ടോറിയ നുലാന്‍ഡ്‌ പറഞ്ഞു.

ബന്ധം മെച്ചപ്പെടുത്താന്‍ പാക്കിസ്‌ഥാനും ഇന്ത്യയും നടത്തിവരുന്ന ശ്രമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ നടപടിയാണ്‌ ഇത്‌. ഇന്ത്യ - പാക്കിസ്‌ഥാന്‍ വാണിജ്യമന്ത്രിമാര്‍ തമ്മില്‍ സെപ്‌റ്റംബറില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നു പാക്കിസ്‌ഥാന്‍ മന്ത്രിസഭ ഏകകണ്‌ഠമായാണ്‌ ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും നുലാന്‍ഡ്‌ ചൂണ്‌ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക