Image

മടക്കയാത്ര മുടങ്ങിയപ്പോള്‍ (കഥ: ഡോ. തോമസ്‌ പാലയ്‌ക്കല്‍)

Published on 13 February, 2014
മടക്കയാത്ര മുടങ്ങിയപ്പോള്‍ (കഥ: ഡോ. തോമസ്‌ പാലയ്‌ക്കല്‍)
നേരം വെളുക്കാന്‍ ഇനി എത്ര മണിക്കൂര്‍ ഉണ്ടെന്ന്‌ സേവ്യറിനു നിശ്ചയമില്ല. പുലരുന്നതും അസ്‌തമിക്കുന്നതുമെല്ലാം പഴയതപോലെ ക്രുത്യസമയത്തുതന്നെ നടക്കുന്നുണ്ടോ ആവോ? ദിവസങ്ങള്‍ പലതായി ഈ രീതിയിലെത്തിയിട്ട്‌. ഓഡിയോ കാസറ്റിന്റെ ഉള്ളില്‍ നിന്ന്‌ പുറത്തേയ്‌ക്ക്‌ വലിച്ചു കിട്ടിയ മാഗ്നറ്റിക്‌ ടേപ്പുപോലെ ജീവിതം കുഴഞ്ഞു മറിയുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ എങ്ങിനെ മാറ്റം വരുമെന്നൊന്നും സേവ്യറിന്‌ ഒരു നിശ്ചയവുമില്ല. ന്യൂയോര്‍ക്കിലെ വളരെ പ്രശസ്‌തമായ ഇന്‍ഡ്യന്‍ ഗ്രോസറിക്കടയിലെ സെയില്‍സ്‌മാനായി അഞ്ചു വര്‍ഷം ജോലി ചെയ്‌തതാണ്‌. വെറ്റ്‌പ്ലെയ്‌ന്‍സ്‌ , ന്യൂറോഷല്‍, മൗണ്ട്‌വര്‍ണന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒട്ടു മിക്ക മലയാളികള്‍ക്കം സേവ്യര്‍ സുപരിചിതനാണ്‌. കടയുടെ അടിയിലുള്ള വിശാലമായ ബെയ്‌സ്‌മന്റില്‌ ഒരു ഭാഗത്ത്‌ വേര്‍തിരിച്ചെടുത്ത ഒരു കൊച്ചു ബഡ്‌റൂമും ചെറിയൊരു കിച്ചനും ബാത്ത്‌റൂമുമുള്ള അപ്പാര്‍ട്ട്‌മെന്റാണ്‌ സേവ്യറിന്റെ കൊച്ചു ലോകം. രാവിലെ എട്ടുമംിക്ക്‌ കട തുറന്നാല്‌ വൈകിട്ട്‌ ഒന്‍പതുമണിവരെ കടയുടെ നിയന്ത്രണം സേവ്യറിന്റെ ചുമതലയിലാണ്‌. കടയുടമ രാജു സക്കറിയാസ്‌ സ്വന്തമായി തുടങ്ങി തനിയെ നടത്തിക്കൊണ്ടിരുന്ന കടയായിരുന്നു അത്‌ . സേവ്യറിനെ കടയുടെ ചുമതല ഏല്‍പിച്ചിട്ട്‌ രാജുവിന്‌ ക്യൂന്‍സിലെ ഹോള്‍സെയില്‍ കടയില്‍ പോകാനും കേരളത്തില്‍ നിന്നു ഇറക്കുമതി ചെയ്‌ത ഫുഡിന്റെ ഏജന്‍സി എടുക്കാനും സാധിച്ചതോടെയാണ്‌ കടയിത്രയും പുരോഗമിച്ചത്‌. കപ്പ വേവിച്ചതും മീന്‍ കറിയും, പലതരം ചക്ക അടകള്‍, കൊഴുക്കോട്ടകള്‍, മൈക്രോ വേവ്‌ റെഡി അവിയലുകള്‍ തീയലുകള്‍ , തേങ്ങ കൊത്തിയിട്ട്‌ ഉലത്തിയ ചെമ്മീന്‍, കക്കാ ഇറച്ചി, പോത്തിറച്ചി, പലതരം ബിരിയാണികള്‍ എന്നു വേണ്ട മലയാളികള്‍ ഇഷ്‌ടപ്പെടുന്ന എന്തും കടയിലുണ്‌ടാകും കടയുടെ പുരോഗതി സേവ്യര്‍ ചുമതല ഏറ്റതിനു ശേഷമാണെന്ന്‌്‌ രാജു സഖറിയാസ്‌ കസ്റ്റമേഴ്‌സിനോടൊക്കെ പറയും. ഒരു വിശ്വസ്‌തനും സല്‍സ്വഭാവി.യും , അത്യോത്സാഹിയും ആയ സേവ്യര്‍ ഈ പ്രസ്ഥാനത്തില്‌ വന്നു പെട്ടത്‌ ഒരു ഭാഗ്യം തന്നെയായിരുന്നു രണ്ടുപേര്‍ക്കും .

ഇനി സേവ്യറിനെ ഒന്ന്‌ പരിചയപ്പെടാം. അഞ്ചടി പത്തിഞ്ചു പൊക്കവും പൊക്കത്തിനൊത്ത തടിയും സാമാന്യം നല്ല വെളുത്ത നിറവുമുള്ള സേവ്യറുമായി പരിചയ പ്പെടാന്‍ മലയാളികള്‍ക്കൊക്കെ താല്‍പര്യമായിരുന്നു. കടയില്‍ വരുന്ന കസ്റ്റമേഴ്‌സിനോട്‌ സൗഹൃദമായി സംസാരിക്കാനും അവര്‍ക്ക്‌ വേണ്ട സഹായം ചെയ്‌തു കൊടുക്കാനും സേവ്യറിനെന്നും സന്തോഷമായിരുന്‌നു. ചേച്ചിയെന്നും ചേട്ടനെന്നും ആന്റിയെന്നും അങ്കിളെന്നും വിളിക്കേണ്ടവരെ ബഹുമാനത്തോടെ അങ്ങിനെ വിളിക്കാന്‍ സേവ്യറിന്‌ ഒരു മടിയും ഉണ്‌ടായിരുന്നില്ല. ചെറുപ്പക്കാരുടെയൊക്കെ പേരുകള്‍ പഠിച്ച്‌ അവരെയൊ ക്കെ സ്ഥിരം പരിചയക്കാരെന്ന മട്ടില്‍ കൈകാര്യം ചെയ്യാനും , വാങ്ങുന്ന സാധനങ്ങള്‍ അവരുടെയൊക്കെ എത്തിക്കാനും സേവ്യര്‍ ഒരിക്കലും മടിപറഞ്ഞിട്ടു കാര്യമില്ല.

സേവ്യര്‍ അമേരിക്കയില്‍ എത്തപ്പെട്ടത്‌ എങ്ങിനെയാണെന്ന്‌ ഒട്ടു മിക്കവര്‍ക്കും അറിയാമായിരുന്നു. ഒരു ഗാനമേള ഗ്രൂപ്പിന്റെ കൂടെ തബല വായനക്കാരനായിട്ടാണ്‌ സേവ്യര്‍ ഇവിടെ എത്തിയത്‌. ന്യൂയോര്‍ക്ക്‌ ഹ്യൂസ്റ്റന്‍ , ഡാളസ്‌, ഷിക്കാഗോ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിങ്ങനെ അമേരിക്കയിലെ പല മലയാളി കേന്ദ്രങ്ങളിലും അവര്‍ ഗാനമേളകള്‍ അവതരിപ്പിച്ചു. ട്രൂപ്പ്‌ തിരിച്ചു പോകാറായപ്പോഴാണ്‌ സേവ്യറിന്റെ നാട്ടുകാരനും ഒരേ സ്‌കൂളില്‍ പഠിച്ചിട്ടുള്ളവനുമായ പീറ്ററിനെ കണ്‌ടുമുട്ടുന്നത്‌. പീറ്ററിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാളുടെ വീട്ടില്‍ ഏതാനും ദിവസം താമസിക്കുകയും അയാളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്‌തപ്പോള്‍ സേവ്യറിനു മനംമാറ്റമുണ്‌ടായി. നാട്ടില്‍ തിരിച്ചു ചെന്നിട്ട്‌ എന്തു ചെയ്യാനാണെന്നും കുറെക്കാലം ഇവിടെ നിന്ന്‌ കഠിനാദ്ധ്വാനം ചെയ്‌താല്‍ സാമാന്യം മോശമില്ലാത്ത സമ്പാദ്യം ഉണ്ടാക്കി തിരിച്ചു ചെല്ലുമ്പോള്‍ ഈ ഗാനമേളയുടെ പിറകെ നടക്കാതെ എന്തെങ്കിലും ബിസിനസ്‌ ചെയ്‌തു ജീവിക്കുകയാണ്‌ വേണ്ടെതെന്ന അഭി പ്രായമായിരുന്നു പീറ്ററിന്റേത്‌.

നാട്ടില്‌ കഴിയുന്ന ഭാര്യയെയും കുട്ടികളെയും തനിച്ചാക്കേണ്ടിവരുമല്ലോ എന്നതായിരുന്നു സേവ്യറിന്റെ സങ്കടം. ഏതാനും ദിവസത്തെ പരിചയമെയുള്ളുവെങ്കിലും സല്‍സ്വഭാവിയായ സേവ്യറിനെ പീറ്ററിന്റെ ഭാര്യ സൂസമ്മയ്‌ക്കും ഇഷ്‌ടമായിരുന്നു. സൂസമ്മയുടെ വകയിലൊരു കസിന്‌ അവിടൊരു ഗ്രോസറി കടയുണ്ടെന്നും അവരു പറഞ്ഞാല്‍ സേവ്യറിന്‌ ആ കടയിലൊരു ജോലി ശരിയാക്കാന്‍ സാധിച്ചേക്കുമെന്നുമുള്ള സൂസമ്മയുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ സേവ്യറിനും താത്‌പര്യമായി. രാജു സഖറിയയുടെ ഗ്രോസറിക്കടയില്‍ സാമാന്യം നല്ല ശമ്പളത്തില്‍ സേവ്യറിനെ ജോലിക്ക്‌ കയറ്റിയത്‌ പീറ്ററിന്റെയും സൂസമ്മയുടെയു ഉത്സാഹത്തിലാണ്‌. അവരോടുള്ള സ്‌നേഹവും കടപ്പാടും ഒരിക്കലും സേവ്യര്‍ മറന്നില്ല.

കടയില്‍ ജോലി തുടങ്ങിയപ്പോല്‍ സേവ്യറിന്‌ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. എത്ര കഷ്‌ടപ്പെട്ടെങ്കിലും അഞ്ച്‌ കൊല്ലം പിടിച്ചു നില്‌ക്കുക. ഒറ്റപ്പെനിപോലും നഷ്‌ടപ്പെടുത്താതെ ഉണ്‌ടാക്കാന്‍ സാധിക്കുന്നത്‌ മുഴുവന്‌ നാട്ടിലെത്തിക്കുക അഞ്ചു കൊല്ലം കഴിയുമ്പോള്‍ നല്ലൊരു ബിസിനസ്‌. അഞ്ചുകൊല്ലം തനിയെ ഇട്ട്‌ കഷ്‌ടപ്പെടുത്തിയ ലാലിയെയും മിനിമോളെയും കഷ്‌ടപ്പാടില്ലാതെ സംരക്ഷിക്‌കുക, ഈ ലക്ഷ്യം മനസ്സിലുള്ളപ്പോള്‍ ഒരു തളര്‍ച്ചയുമില്ലാതെ എത്ര മണിക്കൂറുകള്‍ കഠിനാദ്ധ്വാനം യ്യാനും സേവ്യറിന്‌ ഉത്സാഹമായിരുന്നു. എല്ലാ വീക്കെന്റിലുമാണ്‌ സേവ്യറിനു ശമ്പളം കിട്ടിയിരുന്നത്‌. ബാങ്കു മാനേജരുമായി പരിചയമുണ്‌ടായിരുന്ന പീറ്ററിന്റെ സഹായത്തോടെയാണ്‌ സേവ്യര്‍ ബാങ്ക്‌ അക്കൗണ്‌ട്‌ തുടങ്ങിയത്‌. ലാലിക്കും കുഞ്ഞിനും വേണ്‌ടി ഒരു നിശ്ചിത തുകയാണ്‌ ആദ്യ കാലങ്ങളില്‍ അയച്ചിരുന്നത്‌. വീസയില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഒരാള്‍ക്ക്‌ എന്നെങ്കിലും എന്നെങ്കിലും പിടിക്കപ്പെടും എന്ന ഭയമുായിരിക്കും. അങ്ങിനെ പിടിക്കപ്പെട്ടാല്‍ ഡീപ്പോര്‍ട്ട്‌ ചെയ്യുമെന്നും ആ സമയത്ത്‌ ബാങ്കിലുള്ള പണം കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും കേട്ടതുകൊണ്‌ടാണ്‌ ലാലിയെ നിര്‍ബന്ധിച്ച്‌ നാട്ടില്‍ അക്കൗണ്ട്‌ തുടങ്ങിച്ചത്‌. അന്നു മുതല്‍ കിട്ടുന്ന പണം മുഴുവന്‍ ലാലിയുടെ പേരില്‍ അയച്ചുകൊടുക്കുന്ന പതിവ്‌ ആരംഭിച്ചു . ഭൂമിയുടെ എതിര്‍ വശങ്ങളില്‍ കഴിയുന്ന സേവ്യറും ലാലിയും തമ്മിലുള്ള ബന്ധം നിലനിന്നിരുന്നത്‌ ഇരു രാജ്യങ്ങളിലെയും തപാല്‍ വകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തില്‍ മാത്രമായിരുന്നു. ഭൂമി കിഴക്കു നിന്ന്‌ പടിഞ്ഞാറോട്ട്‌ കറങ്ങിക്കോണ്‌ടിരിക്കുമ്പോള്‍ ആദ്യം സൂര്യോദയയം ഉണ്‌ടാകുന്നത്‌ കേരളത്തിലാണ്‌. ഒരു പകല്‍ മുഴുവനും സൂര്യന്‌ ലാലിയെയും കുഞ്ഞിനെയും കണ്‌ടുകൊണ്‌ടാണിരിക്കുന്നത്‌. ഭൂമി പകുതി കറക്കം പൂര്‌ത്തിയാക്കി സൂര്യന്‍ ന്യൂയോര്‍ക്കില്‍ ഉദിക്കുമ്പോള്‍ സേവ്യര്‍ ചിന്തിക്കുമായിരുന്നു, ഈ സൂര്യനോട്‌ ചോദിച്ചാല്‍ ലാലിയുടെയും മിനിയുടെയും വിശേഷങ്ങള്‍ അറിയാമായിരുന്നല്ലോ എന്ന്‌്‌. ഈ ആഗ്രഹത്തോടെ ഉദിച്ചുയരുന്ന സൂര്യനെ കുറച്ചു നേരം വെറുതെ നോക്കി നില്‌ക്കാന്‍ സേവ്യറിനിഷ്‌ടമായിരുന്നു. സേവ്യറിനെയും ലാലിയെയും നിത്യവും കണ്‌ട്‌ കുശലാന്വേഷണം നടത്തുന്ന സൂര്യന്‌ രണ്‌ടു പേരുടെയും സ്‌നേഹ വായ്‌പ്പിന്റെ ചൂടറിയാമായിരുന്നിരിക്കും.

രാജു സഖറിയാസിന്റെ കടയില്‍ താമസവും ജോലിയും തുടങ്ങിയതിന്‌ ശേഷമാണ്‌ ലാലിയുടെ എഴു ത്തുകള്‍ കിട്ടിത്തുടങ്ങിയത്‌ സ്വന്തമായി അഡ്രസ്സില്ലാതെ നടന്നിരുന്ന കാലത്തും എല്ലാ ആഴ്‌ചകളിലും മുടങ്ങാതെ ലാലിക്ക്‌ എഴുത്തെഴുതുമായിരുന്നു . ലാലിയുടെ മറുപടികള്‍ കിട്ടി തുടങ്ങിയപ്പോഴാണ്‌ സേവ്യറിനൊരാശ്വാസമായത്‌. ലാലിയുടെ എഴുത്തെങ്ങാന്‍ താമസിച്ചു പോയാല്‍ സേവ്യറിന്‌ അതു കിട്ടുന്നതുവരെ അസ്വസ്‌തതയാണ്‌. ലാലിയുടെ ഒരെഴുത്തു കിട്ടിയാല്‍ അടുത്ത കത്ത്‌ കിട്ടുന്നതുവരെ പഴയ കത്ത്‌ പോക്കറ്റിലുണ്‌ടാകും. ഉച്ചകഴിഞ്ഞ്‌ കടയില്‍ തിരക്കില്ലാത്ത സമയത്ത്‌ പിറകില്‍ പോയിരുന്ന്‌ ആ കത്തു വായിക്കാന്‍ സേവ്യറിന്‌ ആവേശമായിരുന്നു. മിനിമോള്‍ കമന്നു വീണു. മിനി മോള്‍ നീന്താന്‍ തൂടങ്ങി , മിനി മോള്‍ക്ക്‌ രണ്ട്‌ പല്ലുവന്നു, മിനി മോള്‍ക്ക്‌ കുറേശെ ചോറു കൊടുക്കാന്‍ തുടങ്ങി, മനിമോള്‍ പിടിച്ചു നടക്കാന്‍ തുടങ്ങി, ഈ വാര്‍ത്തകളൊക്കെ വായിക്കുമ്പോള്‍ ഒരു വീഡിയോയിലെന്നപോലെ മിനിമോളുടെ വളര്‍ച്ച ഭാവനയില്‍ കണ്ട്‌ ആസ്വദിക്കുമായിരുന്നു. ഒരെഴുത്തില്‍ മിനിമോള്‍ക്ക്‌ പനിയാണ്‌. നൂറ്റി മൂന്നു ഡിഗ്രിവരെ പനിച്ചു, ഹോമിയോ മരുന്നാണ്‌ കൊടുക്കുന്നത്‌ എന്ന്‌ വായിച്ച ദിവസം സേവ്യറിനാകെ തളര്‍ച്ചയായിരുന്നു.

മിനിമോളെക്കുറിച്ച്‌ എഴുതുന്ന കൂട്ടത്തില്‍ നാട്ടിലെ വിശേഷങ്ങളൊക്കെ ടിവിയിലെ പ്രാദേശീക വാര്‍ത്തകള്‍ പോലെ ലാലി എഴുതുന്നത്‌ വായിക്കാന്‍ സേവ്യറിനെന്നും അത്യുത്സാഹമായിരുന്നു.
ആഴ്‌ചകള്‍ പൂവിതളുകള്‍ പോലെ പൊഴിഞ്ഞ്‌ വീഴുകയും മാസങ്ങള്‍ പൂഞെട്ടിലെ ഉണ്ണി മാങ്ങകളായി രൂപാന്തരപ്പെടുകയും മാസങ്ങള്‍ മുഴുത്തു പഴുത്ത മാമ്പഴങ്ങള്‍ ആകുന്ന ആണ്ടുകള്‍ ആവുകയും ചെയ്‌തുകൊണ്‌ടിരുന്നതിനിടയില്‍ ലാലിയുടെ എഴുത്തുകള്‍ ആഴ്‌ചയിലൊന്ന്‌ എന്നുള്ളത്‌ രണ്ടാഴ്‌ചയിലൊരിക്കലായും, മാസത്തിലൊരിക്കലായും ചുരുങ്ങി തുടങ്ങിയപ്പോള്‍ ലാലിയില്‍ ഉണ്‌ടാകന്ന വ്യതിയാനങ്ങള്‍ സേവ്യറിന്‌ മനസ്സിലായില്ല . മാസത്തില്‍ ഒരിക്കല്‍ കിട്ടുന്ന എഴുത്തുകള്‍ തന്നെ വിരസങ്ങളായ തനിയാവര്‍ത്തനങ്ങളായി മാറിയപ്പോള്‌ ലാലിയുടെ ഇന്‍ലാന്റ്‌ തുറക്കാനുള്ള ഉത്സാഹംപോലും സേവ്യറിന്‌ നഷ്‌ടപ്പെട്ടു. ലാലിയുടെ എഴുത്തുകള്‍്‌ തുറക്കുകപോലും ചെയ്യാതെ ദിവസങ്ങളോളം പോക്കറ്റില്‍ ഇട്ടുകൊണ്‌ട്‌ നടക്കാന്‍ പോലും സേവ്യറിന്‌ ബുദ്ധിമുട്ടില്ലാതായി.

വല്ലപ്പോഴുമൊരിക്കല്‍പുലര്‍ച്ചക്കെഴുന്നേറ്റ്‌ ഉദിച്ചുയരുന്ന സൂര്യനെ കാണുമ്പോള്‍ ആകാംക്ഷയോടെ സേവ്യര്‍ ചോദിക്കുമായിരുന്നു, എന്റെ ലാലിക്കെന്തുപറ്റി ? എന്റെ മിനി മോള്‍ക്ക്‌ എന്തുണ്‌ട്‌ വിശേഷം? നിശബ്‌ദതയില്‍ നിന്നുകൊണ്ട്‌ വെയിലിന്റെ ശക്തി കൂട്ടി , തന്റെ നേരെ നോക്കുന്നത്‌ ഇഷ്‌ടപ്പെടാത്ത സൂര്യന്റെ മറുപടി സേവ്യറിന്റെ മനസാണ്‌ പറഞ്ഞിരുന്നത്‌. ഞാന്‍ ടോര്‍ച്ച്‌ കൊണ്‌ട്‌ കാവല്‍ നിന്നിരുന്ന സമയത്തെ കാര്യമല്ലെ എനിക്കറിയാവൂ. ഞാനവിടുന്ന്‌ നിങ്ങളുടെ അടുത്തേയ്‌ക്ക്‌ പോന്നതിനു ശേഷമുള്ള ഇരുട്ടിലെ കാര്യങ്ങള്‍ എനിക്കറിയില്ലല്ലൊ! എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാതെ പതിനായിരം മീറ്ററിന്റെ ലോംഗ്‌ റെയ്‌സില്‍ പങ്കെടുക്കുന്ന കായിക താരത്തെപ്പോലെ, ഇനി മൂന്നു റൗണ്‌ട്‌ മാത്രം , ഇനി രണ്‌ട്‌ റൗണ്‌ടുകള്‍ മാത്രം എന്‌നിങ്ങനെ മനസിലെണ്ണി കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ ദിവസ്‌ങ്ങള്‍ തള്ളി നീക്കി. അഞ്ചുകൊല്ലത്തെ ഓട്ടം പൂര്‍ത്തിയാക്കി, ജേതാവിനെപ്പോലെ ലാലിയുടെയും കുഞ്ഞിന്റെയും അടുത്തേയ്‌ക്ക്‌ പറന്നെത്താമല്ലോ എന്ന പ്രതീക്ഷയില്‍ അത്യുത്സാഹ ത്തോടെ കടയിലെ കാര്യങ്ങളില്‍ മുഴുകി കഴിയുന്നതിനിടയാണ്‌ അത്‌ സംഭവിച്ചത്‌ .

ഒരിക്കല്‍ ജോലി കഴിഞ്ഞ്‌ കടയടച്ച്‌ ബെയ്‌സ്‌മന്റിലെ മുറിയിലേക്ക്‌ പോകുവാന്‍ ഒരുങ്ങുമ്പോഴാണ്‌ സുഹ്രൃത്ത്‌ പീറ്റര്‍ അന്വേഷിച്ചു വന്നത്‌. പീറ്റര്‍ നിര്‍ബന്ധിച്ചാണ്‌ സേവ്യറിനെ വീട്ടിലേക്ക്‌ കൊണ്‌ടുപോയത്‌. സേവ്യറിനെ ലിവിംഗ്‌ റൂമിലിരുത്തിയിട്ട്‌ പീറ്ററും സൂസമ്മയും സംഭാഷണം നടത്തുമ്പോള്‍ സേവ്യറിന്‌ ആദ്യം സംശയത്തിന്റെ ആകാംക്ഷയായിരുന്‌നു. വളരെ നേരം കഴിഞ്ഞ്‌ നിര്‍ജ്ജീവമായ മുഖഭാവത്തോടെ അടുത്തേയ്‌ക്ക്‌ വരുന്ന പീറ്ററിനെയും സൂസമ്മയേയും കണ്‌ട്‌ സേവ്യറിന്റെ ആകാംക്ഷ ഭയമായും ഭയം വിറയലായും മാറി. പീറ്ററില്‍ നിന്നോ സൂസ്സമ്മയില്‍ നിന്നോ ഒരു വാക്കുപോലും കേള്‍ക്കാതെ വന്നപ്പോള്‍ ആദ്യം കേട്ടത്‌ സേവ്യറിന്റെ പൊട്ടിത്തെറിക്കലായിരുന്നു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും ഒന്നു പറഞ്ഞു കൂടേ? എന്നെ ഇങ്ങനെ വീര്‍പ്പു മുട്ടിച്ചു കൊല്ലരുത്‌. ഏതാനും നിമിഷം കഴിഞ്ഞ്‌ പീറ്റര്‍ ഒരു കുപ്പി കോണിയാക്കും രണ്‌ടു ഗ്ലാസുകളും പുറത്തെടുത്തു. ഗ്ലാസുകള്‍ നിറച്ച്‌ ഒന്ന്‌ സേവ്യറിന്റെ കയ്യില്‌ പിടിപ്പിച്ചിട്ട്‌ , പീറ്ററിന്റെ ഗ്ലാസ്‌ ഒറ്റവലിക്ക്‌ അകത്താക്കി . സേവ്യറിന്റെ വിറക്കുന്ന കയ്യി ലെ ഗ്ലാസില്‍്‌ നിന്നും തുളുമ്പി തുടങ്ങിയപ്പോള്‍ പെട്ടെന്നുണ്‌ടായ കാറ്റില്‍ മേപ്പിള്‍ മരത്തി ലെ മഞ്ഞയിലകള്‍ കൊഴിയും പോലെ പീറ്ററിന്റെ കയ്യിലിരുന്ന ഗ്ലാസ്‌ മൂന്നു പ്രാവശ്യം കാലിയായി. ഉള്ളില്‍ അല്‍പം ധൈര്യം കിട്ടിയെന്ന വിശ്വാസത്തോടെ തറയിലെ ഒരു കാര്‍പ്പറ്റിലെ ഡിസൈനില്‍ നിന്നും ശ്രദ്ധ തിരിക്കാതെ ആരോടെന്നില്ലാതെ ഇടറുന്ന ശബ്‌ദത്തില്‍ പറഞ്ഞു തുടങ്ങി. എന്തൊരു കാലമാണിത്‌. ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിദ്യാഭ്യാസ നിലവാരവും സാംസ്‌കാരിക സമ്പന്നനതയു മുള്ള മലയാളികള്‍ക്ക്‌ ഇതെ ന്തുപറ്റി കേട്ടുകേള്‍വി പോലുമില്ലാത്ത വാര്‍ത്തകളാണിപ്പോള്‌ കേരളത്തില്‍ നിന്ന്‌ ദിവസവും കേള്‍ക്കുന്നത്‌.

മദ്ധ്യവയസ്‌കയായ മാതാവിനെ യുവാവായ മകനും കൂട്ടുകാരുംകൂടി പീഡിപ്പിച്ച്‌ കൊന്നു. അച്ഛന്‍ പ്രായമാകാത്ത മകളെ പീഡി പ്പിച്ചതിന്‌ പോലീസ്‌ കസ്റ്റഡിയിലായി . വസ്‌തു തര്‍ക്കത്തെ തുടര്‍ന്ന്‌ മക്കള്‍ അച്ഛനെ വെട്ടിക്കൊന്നു. പ്രായമായ പെണ്‍മക്കളെ നിര്‍ബന്ധിച്ച്‌ അമ്മ അനാശാസ്യത്തിനു പറഞ്ഞയച്ചു. മൂന്നു മക്കളുള്ള സ്‌ത്രീ കാമുകന്റെ കൂടെ ഒളിച്ചോടി. കാമുകന്‌ വിഷം മദ്യത്തില്‍ ചേര്‍ത്ത്‌ കെടുത്ത്‌ ഭാര്യ ഭര്‍ത്താവിനെ കൊന്നു.

ഇന്ന്‌ ഏഷ്യാനറ്റിന്റെ പുതിയ ചാനലില്‍ ഒരു പുതിയ വാര്‍ത്ത കേട്ടു, കാമുകനെ പ്രീതിപ്പെടുത്താന്‍ അഞ്ചു വയസുള്ള മകളെ അമ്മ കഴുത്തില്‍ തോര്‍ത്തിട്ട്‌ മുറുക്കി കൊലപ്പെടുത്തി . കുട്ടി അപകടത്തില്‍ മരിച്ചതാണെന്നും പറഞ്ഞ്‌ മരിച്ച കുഞ്ഞിനെയുംകൊണ്‌ട്‌ ഹോസ്‌പിറ്റലില്‍ വന്ന്‌ പൊട്ടിക്കരഞ്ഞ സ്‌ത്രീയെ സംശയം തോന്നിയാണ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌ . തൊണ്‌ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്‌ . ശ്വാസം മുട്ടിയാണ്‌ കുട്ടി മരിച്ചന്നുള്‌ള പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‌ട്ടിന്റെ വെളിച്ചത്തില്‌ പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലില്‍ ആ സ്‌ത്രീ പറഞ്ഞതിങ്ങനെ- അമേരിക്കയില്‍ ജോലിയുള്ള ഭര്‍ത്താവ്‌ അയച്ചുകൊടുക്കുന്ന പണം കാമുകന്‌ വീടും കാറും വാങ്ങാന്‍ കൊടുത്തിട്ട്‌ പുതിയ വീട്ടിലേക്ക്‌ കുഞ്ഞിനെ ഒഴിവാക്കിയാലേ ചെല്ലാന്‍ പറ്റൂ എന്ന്‌ നിര്‌ബന്ധം പിടിച്ചതുകൊണ്‌ട്‌ മറ്റു മാര്‍ഗ്ഗമില്ലാതെ കാമുകനെ പ്രീതിപ്പെടുത്തി അയാളൊടൊത്തു ജീവിക്കാനുള്‌ള കൊതികൊണ്ടാണിത്‌ ചെയ്‌തതുപോലും....

ഇതൊക്കെ കേട്ടിട്ടും കണ്ണൊന്നു ചിമ്മു കപോലും ചെയ്യാതെ മഴിച്ചിരിക്കുന്ന സേവ്യറിനെ കണ്‌ട്‌ പീറ്ററും സൂസമ്മയും ഭയപ്പെട്ടു. ഒന്നു കരയുകപോലും ചെയ്‌തില്ലെങ്കില്‍ എന്താണ്‌ സംഭവിക്കുക എന്നു ഭയമുണ്‌ടായിരുന്നതിനാല്‍ പൊട്ടിക്കരയും മട്ടില്‍ പീറ്റര്‍ നിയന്ത്രണം വിട്ട ഇങ്ങനെ പറഞ്ഞു. സേവ്യറെ ആ മരിച്ച കുട്ടി മിനിമോളായിരുന്നു. പോലീസ്‌ കസ്റ്റഡിയിലായ ആ ദുഷ്‌ട ലാലിയായിരുന്നു.

ഏഷ്യാനറ്റിലെ വാര്‍ത്ത കേട്ട്‌ ഞാന്‍ നാട്ടിലേക്ക്‌ ഫോണ്‍ ചെയ്‌താണ്‌ വിവരങ്ങളറിഞ്ഞത്‌. തന്റെ പഴയ ഗാനമേള ഗ്രൂപ്പിലെ ഫ്‌ളൂട്ട്‌ വായിക്കുന്ന വേണുവാണ്‌ ഈ കാമുകന്‍. ഇത്രയും പറഞ്ഞിട്ടും സേവ്യറില്‍ ഒരു മാറ്റവും കണ്‌ടില്ല. സൂസന്റെ അത്യച്ഛത്തിലുള്ള കരച്ചില്‍ കോട്ടാണ്‌ സേവ്യറിന്റെ കണ്‍പീലിക്ക്‌ അനക്കം വെച്ചത്‌. ഇറുക്കിയടച്ച കണ്‍പീലികള്‍ക്കിടയില്‍ നിന്നും കണ്ണീര്‍ പ്രവാഹം ഉണ്‌ടായപ്പോഴും സേവ്യറില്‍നിന്ന്‌ ഒരു ശബ്‌ദവും പുറത്തുവന്നില്ല. പതിനായിരം മീറ്റര്‍ ഓട്ടത്തിന്റെ അവസാന റൗണ്‌ടില്‍ ഫിനിഷിംഗ്‌ പോയ്‌ന്റിനു മുന്നില്‍വെച്ച്‌ കാലു മടങ്ങി വീണ കായിക താരം നിരാശയുടെ പടു കുഴിയിലേക്ക്‌ വീണ്‌ സുബോധം നഷ്‌ടപ്പെട്ടതുപോലെയാണ്‌ സേവ്യറിന്റെ അവസ്ഥ എന്നറിയാതെ പരസ്‌പരം തുറിച്ചു നോക്കി നിന്ന പീറ്ററിനും സൂസിക്കും ചലനമൊന്നും ഉണ്‌ടായിരുന്നില്ല.
മടക്കയാത്ര മുടങ്ങിയപ്പോള്‍ (കഥ: ഡോ. തോമസ്‌ പാലയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക