Image

നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -4: ജോര്‍ജ്‌ തുമ്പയില്‍)

Published on 15 February, 2014
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -4: ജോര്‍ജ്‌ തുമ്പയില്‍)
മുന്നില്‍ അഗസ്‌ത്യന്റെ ഒരു ചെറിയ പ്രതിമ. മഞ്ഞള്‍പൊടിയും പൂവുകളും ചുറ്റും തൂവിയിട്ടിരിക്കുന്നു. മരീചിക പോലെ ചുറ്റും മഞ്ഞ്‌ ഘനീഭവിച്ചു നില്‍ക്കുന്നു. കാഴ്‌ച മറച്ചു കൊണ്ട്‌ മഞ്ഞ്‌ കുന്നു കയറി വരുന്നു. വളരെപെട്ടെന്ന്‌ പരിസരമാകെ മൂടി, യാത്രികരെ പരസ്‌പരം കാണാനാവാത്തവിധം മറച്ച്‌, കോടമഞ്ഞിന്റെ മേലാപ്പുകള്‍.... അങ്ങനെ കടന്നുപോയത്‌ മണിക്കൂറുകളെങ്കിലും അനുഭവപ്പെട്ടത്‌ മിനിറ്റുകളെന്നപോലെയാണ്‌... തെളിഞ്ഞ ആകാശത്തിനരികെ അഗസ്‌ത്യന്റെ മുമ്പില്‍ എത്തുകയും അപൂര്‍വ്വമായ ആനന്ദം അലയടിച്ചു നിന്നു. ഹിന്ദു പുരാണത്തിലെ സപ്‌തര്‍ഷികളിലെ പ്രമുഖനായിരുന്ന അഗസ്‌ത്യമുനിയുടെ പ്രതിമയാണ്‌ മുന്നില്‍. ഇതു സ്ഥാപിച്ചത്‌ ചെങ്കോട്ടുകോണം മഠാധിപതിയായിരുന്ന ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളായിരുന്നുവത്രേ. രാമകൃഷ്‌ണന്‍ ബാഗിനുള്ളില്‍ നിന്നും ഒരു കല്ലെടുത്തു തലയ്‌ക്കു ചുറ്റും ചുഴറ്റി അഗസ്‌ത്യന്റെ മുന്നില്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിക്കുന്നതു കണ്ടു. ഞാനപ്പോള്‍ കൈയിലുണ്ടായിരുന്ന പേനയെടുത്തു അവിടെ വച്ചു. അവിടെ പൂജാരിയെ പോലെ ഒരാള്‍ ഉണ്ടായിരുന്നു. എല്ലായിടവും നിശബ്ദം. താഴെ നിന്നും വടത്തില്‍ പിടിച്ചു വലിഞ്ഞു കയറി വന്നതിന്റെ ക്ഷീണം മാറി. ചുറ്റും മഞ്ഞു മാത്രം തിരശീല കെട്ടി കണ്ണു മറച്ചു. ഇപ്പോള്‍ ഒന്നും കാണാനേ വയ്യ. അപ്പോള്‍ ഓര്‍മ്മവന്നത്‌, മധുസൂദനന്‍ നായരുടെ ഈ വരികളാണ്‌-

ഒടുവില്‍ നാമെത്തി ഈ ജന്മശൈലത്തിന്റെ
കൊടുമുടിയില്‍, ഇവിടാരുമില്ലേ..
വനപര്‍ണ്ണശാലയില്ലല്ലോ, മനംകാത്ത
മുനിയാമഗസ്‌ത്യനില്ലല്ലോ...

ഇവിടെ നിന്നാല്‍ ആകാശം തൊടാം. താരങ്ങളെ കൈയെത്തിപ്പിടിക്കാം. കാറ്റിനൊപ്പം പറന്നു പോകാം. തെളിഞ്ഞ കാലവസ്ഥയില്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി വരെ ഇവിടെ നിന്നാല്‍ കാണാമെന്ന്‌ ഗൈഡ്‌ മുനിയാണ്ടി പറഞ്ഞു. അയാള്‍ക്ക്‌ കാടിനെക്കുറിച്ചു നല്ല അറിവാണ്‌. അഗസ്‌ത്യമലയ്‌ക്കു ചുറ്റിനുമായി കിടക്കുന്ന മൂന്ന്‌ റിസര്‍വൊയറുകള്‍ നല്ല വെയിലുണ്ടെങ്കില്‍ കാണാമത്രേ. പക്ഷെ, മുഴുവന്‍ കാഴ്‌ചകളും ഞങ്ങള്‍ക്ക്‌ വ്യക്തമായില്ല. ഇടക്കിടെ മഞ്ഞ്‌ വന്ന്‌ കണ്ണു പൊത്തി. രണ്ടു മണിക്കൂര്‍ അവിടെ ചിലവിട്ട്‌ താഴേക്കിറങ്ങുമ്പോള്‍ മന്ത്രം ജപിക്കുന്ന കാറ്റ്‌ ഉരല്‍ക്കുഴികളിലേക്ക്‌ കൈ നീട്ടി മരുന്നുരക്കുന്നതായി തോന്നി. പ്രകൃതിയുടെ നിഴല്‍ തേടിയെത്തുന്നവര്‍ക്ക്‌ ജീവശ്വാസം നല്‍കാന്‍ വിശ്വാസത്തിന്റെ അമൃത്‌ ചേര്‍ത്ത മൃതസഞ്‌ജീവനി.

ഉടന്‍ ഇറങ്ങണം. ചിലപ്പോള്‍ മഴ ചാറിയേക്കാം. എങ്കില്‍ കഷ്‌ടപ്പെട്ടതു തന്നെ. കൂടെയുണ്ടായിരുന്ന ഗൈഡ്‌ പറഞ്ഞു. ഇത്രയും പാടുപെട്ട്‌ ഇവിടെ വന്നിട്ട്‌ ഒന്നും കാണാനാവാതെ പോകുന്നതിന്റെ പരിഭവം എന്റെ മുഖത്തു നിന്നു വായിച്ചിട്ടാവണം രാമകൃഷ്‌ണന്‍ പറഞ്ഞു, ഒന്നും പ്രതീക്ഷിച്ചാവരുത്‌ ഒരു യാത്രയും. യാത്രകള്‍ നമ്മുടെ പ്രതീക്ഷകളെ അതു തകര്‍ത്തു കളയും. ചിലപ്പോള്‍ കേട്ടു കേള്‍വി മാത്രമുള്ള കാട്ടിനുള്ളിലെ കല്ലാനയെ (കുള്ളന്‍ കാട്ടാന, ശത്രുക്കളെ കണ്ടാലും കണ്‍മുന്നില്‍ നിന്നും ഓടിമറയില്ലെന്നു കണ്ടിട്ടുള്ളവര്‍ പറയും. എന്നാല്‍ ഇതിന്‌ ശാസ്‌ത്രീയമായ അടിത്തറയില്ല. കല്ലാനയെ കണ്ടിട്ടുണ്ടെന്നു കൂടെയുണ്ടായിരുന്ന ഗൈഡ്‌ മുനിയാണ്ടി പറഞ്ഞെങ്കിലും ഒരിക്കല്‍ പോലും വനംവകുപ്പ്‌ അത്‌ സമ്മതിക്കുകയില്ല. ഹിമവാന്റെ മുകള്‍ത്തട്ടിലെ യതി എന്ന ഹിമമനുഷ്യനെ പോലെ ശാസ്‌ത്രീയമായ കണ്ടെത്തലുകള്‍ ഒന്നുമില്ല.) മുന്നിലേക്ക്‌ കാണിച്ചു തരും. ചിലപ്പോള്‍ ഒരു മുള്ളന്‍പന്നിയെ പോലും കാട്ടില്‍ കണ്ടില്ലെന്നും വരാം. എന്തായാലും അഗസ്‌ത്യപര്‍വം ഇവിടെ പൂര്‍ണമാവുകയാണ്‌. ഇതാണ്‌ അഗസ്‌ത്യഹൃദയവും. കാടിന്റെ ഗര്‍ഭപാത്രം കടന്ന്‌ പുറത്തെത്തി, പുതിയൊരു ജീവിതവുമായി കാടിറങ്ങുന്നു.

കുന്നു കയറിയതിനേക്കാള്‍ പ്രയാസമായിരുന്നു ഇറക്കത്തിന്‌. വടത്തിലൂടെ വലിഞ്ഞിറങ്ങിയപ്പോള്‍ കൈ നന്നായി തന്നെ വേദനിച്ചു. ഇരുന്നും കിടന്നും നിരങ്ങിയുമൊക്കെയായിരുന്നു തിരിച്ചുള്ള ഇറക്കം. പാറയിടുക്ക്‌ കഴിഞ്ഞപ്പോഴേയ്‌ക്കും വീണ്ടും മഞ്ഞ്‌ ചങ്ങാത്തത്തിനു വന്നു. ഒരു മലമുഴക്കി പക്ഷിയുടെ ചിലമ്പല്‍ കേട്ടു. രാമകൃഷ്‌ണന്‍ ധ്യാനനിരതനായി ഇരുന്നു വായു ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്നതു കണ്ടു.

സകല വേദനയ്‌ക്കുമുളള ഔഷധങ്ങള്‍ ഈ ഭാഗത്തു കിട്ടുമത്രേ. പലതിന്റെയും പേര്‌ ഒരു ശ്വാസത്തില്‍ മുനിയാണ്ടി പറഞ്ഞപ്പോള്‍ കുറിച്ചെടുക്കാന്‍ കൈയില്‍ പേനയുണ്ടായില്ലല്ലോ എന്ന വ്യസനം മാത്രം അവശേഷിച്ചു. തിരിച്ചെത്തി അന്ന്‌ രാത്രി കൂടി ഡോര്‍മിറ്ററിയില്‍ തങ്ങി. അവിടെ നല്ല ചൂട്‌ കഞ്ഞിയും പയറും കിട്ടി. വിശപ്പും ക്ഷീണവുമുണ്ടായിരുന്നു. രണ്ടു ദിവസമായി നടക്കുകയാണ്‌. തിരിച്ച്‌ അതിരുമല കടന്നെത്തുമ്പോഴേയ്‌ക്കും കുറഞ്ഞത്‌ എണ്‍പതു കിലോമീറ്ററുകള്‍ എങ്കിലും സഞ്ചരിച്ചിട്ടുണ്ടാവുമത്രേ. എണ്‍പതു കിലോമീറ്റര്‍. എനിക്ക്‌ അവിശ്വനീയമായി തോന്നി. എട്ടു കിലോമീറ്റര്‍ നടന്നാല്‍, പരവശപ്പെട്ട്‌ താഴെ വീണു പോകുമെന്നു പേടിക്കുന്നയൊരാള്‍ എണ്‍പതു കിലോമീറ്റര്‍ നടക്കുക. അതും കുന്നും മലയും കടന്ന്‌ വഴുവഴുക്കേറിയ ഉരുളന്‍ പാറക്കല്ലും കാട്ടരുവിയും കടന്ന്‌ യാത്ര. കാത്തരുളിയത്‌ പ്രകൃതി തന്നെയായിരുന്നുവെന്ന്‌ തോന്നി. എത്ര പറഞ്ഞാലും അതൊന്നും അധികമാവുകയില്ല. അന്നു രാത്രി ക്യാമ്പില്‍ കിടന്നപ്പോള്‍ അഗസ്‌ത്യകൂടത്തിലേക്ക്‌ വന്നത്‌ ജീവിതത്തിലെ ഒരു വലിയ മഹാഭാഗ്യം പോലെ തോന്നി. അത്രയ്‌ക്ക്‌ ധന്യത തോന്നിയ രണ്ടു ദിനരാത്രങ്ങള്‍. ലോകത്തില്‍ എന്താണ്‌ നടക്കുന്നതെന്നു പോലുമറിയില്ല. അല്ലെങ്കില്‍ തന്നെ അവയൊക്കെയും അറിഞ്ഞിട്ട്‌ എന്തു കാര്യം. മനസ്സിലേക്ക്‌ മാലിന്യങ്ങള്‍ കുത്തിനിറച്ചു കൊണ്ട്‌ ചില ലോക വര്‍ത്തമാനങ്ങള്‍... അല്ലാതെ എന്താണ്‌.. വാവലുകളുടെ ചിറകടിയും ചീവിടുകളുടെ ഗാനമേളയും. കാതിനു ഹിതകരമായി കണ്ണുകള്‍ കൂമ്പിയടയുന്നു. അരികത്തു നിന്നു രാമകൃഷ്‌ണന്റെ കൂര്‍ക്കം വലി കേള്‍ക്കാമായിരുന്നു.

രാവിലെ കുളി കഴിഞ്ഞെത്തിയപ്പോള്‍ തന്നെ ഉപ്പുമാവും പപ്പടവും പഴവും റെഡിയായിരുന്നു. യാത്ര പറഞ്ഞ്‌ വീണ്ടും നടപ്പ്‌. ആനമുടി കഴിഞ്ഞാല്‍ പൊക്കം കൂടിയ കുന്നിറങ്ങുകയാണ്‌ ഞങ്ങള്‍. ആറായിരത്തില്‍പരം അടി പൊക്കത്തില്‍ നിന്നും താഴേയ്‌ക്ക്‌. അന്താരാഷ്ട്ര ജൈവമണ്ഡലമായി യുനെസ്‌കോ ഇവിടെ പ്രഖ്യാപിക്കാനിരിക്കുകയാണത്രേ. സമുദ്രനിരപ്പില്‍ നിന്നും 1868 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്‌ത്യമലയും മലയുടെ താഴെയുള്ള 3,000 ചതുരശ്ര കിലോമീറ്ററോളം വരുന്ന വനമേഖലയുമാണ്‌ അന്താരാഷ്ട്ര ബയോസ്‌ഫിയര്‍ റിസര്‍വായി പ്രഖ്യാപിക്കുക. 1958 മുതല്‍ അഗസ്‌ത്യവനത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ താഴെയോ മുകളിലോ ഉള്ള ഭൂപ്രദേശത്തെയാണ്‌ ജൈവമണ്ഡലമായി കണക്കാക്കുക. ബയോസ്‌ഫിയര്‍ ആയി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മേഖലയില്‍ വസിക്കുന്ന മനുഷ്യരും സംരക്ഷണത്തിന്റെ പരിധിയില്‍ വരും. ഇപ്പോള്‍ അഗസ്‌ത്യവനത്തിലെ സസ്യങ്ങളും ജന്തുജാലങ്ങളും മാത്രമേ സംരക്ഷണ പരിധിയില്‍ വരുന്നുള്ളു.

നെയ്യാറിന്റെ കര പറ്റിയുള്ള നടപ്പ്‌ ഇന്നു വൈകുന്നേരത്തോടെ തീരും. പിന്നെ തിരിച്ച്‌ തിരുവനന്തപുരത്തേക്ക്‌. ഫോണിന്‌ റേഞ്ച്‌ ഉണ്ടോ എന്ന്‌ ഇടയ്‌ക്കിടെ നോക്കി. അതു കണ്ടിട്ടാവണം വടവൃക്ഷത്തിന്റെ മുകളിലിരുന്ന്‌ ഒരു പേരറിയാത്ത പക്ഷി കൂവി കളിയാക്കി.

(തുടരും)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -4: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -4: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -4: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -4: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -4: ജോര്‍ജ്‌ തുമ്പയില്‍)
നാരായബിന്ദുവില്‍ അഗസ്‌ത്യഹൃദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി -4: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക