Image

ഒറ്റയ്‌ക്കലയുന്ന കുട്ടി (ശ്രീപാര്‍വതി)

Published on 15 February, 2014
ഒറ്റയ്‌ക്കലയുന്ന കുട്ടി (ശ്രീപാര്‍വതി)
ഒറ്റയ്‌ക്കിങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കാന്‍ എന്നോ മോഹിച്ച ഒരു കുട്ടിയായിരുന്നു ഞാന്‍ .കൗമാരകാലത്തൊക്കെ വളരെയധികം ഏകാകിയായി എന്നിലേയ്‌ക്കു തന്നെ ഒതുങ്ങി ചേര്‍ന്ന്‌ കിനാവു കാണുകയായിരുന്നു ഏറ്റവും പ്രിയങ്കരം. വലിയ വീടിന്‍റെ ഏകാന്തതയില്‍ തനിച്ചിരിക്കാതെ ഞാനെപ്പൊഴോ മരങ്ങളുമായി സൌഹൃദത്തിലായി. അവര്‍ക്ക്‌ പുതിയ പേരുകളായി, നീലാംമ്പരിയായും , അജയ്‌ ആയും ആദില ആയുമൊക്കെ അവര്‍ക്കു ഞാന്‍ വ്യക്തിത്വം നല്‍കി. നിരന്തരം സംസാരങ്ങളില്‍ ഏര്‍പ്പെട്ടു

എന്റെ പ്രണയത്തെ കുറിച്ച്‌ ആദ്യം അറിയുന്നത്‌ അവളാണ്‌, നീലാമ്പരി. അമ്പലമുറ്റത്തെ പന്തുകളിക്കിടയില്‍ അവനെന്‍റെ പേരു നീട്ടി വിളിച്ചതും, പിന്നീടെപ്പൊഴും ആ നോട്ടമേല്‍ക്കാനാവാതെ ഞാനിങ്ങനെ പരുങ്ങി ഒതുങ്ങുന്നതും എല്ലാം എല്ലാം ഞാനവളോട്‌ പറഞ്ഞു. അടുത്ത വീട്ടിലുള്ള വലിയ മറുകുള്ള ചെക്കന്‍ `നിന്നെ കണ്ടാല്‍ സിനിമാ നടി ആനിയെ പോലെയുണ്ട്‌` എന്ന്‌ പറഞ്ഞതിന്‍റെ അവിശ്വസനീയത ഞാന്‍ പങ്കു വച്ചതും അവളോടായിരുന്നു. പിന്നീട്‌ അ ചെക്കനെന്നെ `ആനീ` എന്നേ വിളിക്കാറുള്ളൂ. നടന്നു പോകുമ്പോള്‍ ചിലപ്പോള്‍ കാലൊച്ച കേള്‍പ്പിക്കാതെ പുറകില്‍ വന്ന്‌ `എനിക്കു നിന്നെ ഇഷ്ടമാണ്‌...` എന്നും ഇടയ്‌ക്ക്‌ പറഞ്ഞു കളയും. പക്ഷേ എന്തോ ഒരു പ്രണയം മനസ്സിനുള്ളില്‍ കിറ്റന്നുരുകുന്നതു കൊണ്ട്‌ അവനോട്‌ ഒരു തരിമ്പു പോലും ഇഷ്ടം തോന്നിയതുമില്ല. അതിന്‍റെ പരിഭവം നീലാമ്പരിയ്‌ക്കെന്നോടുണ്ടായിരുന്നു. ഞാനെന്നും അവളുടെ തണലരുകില്‍ ചാരിയിരുന്ന്‌ കിന്നരിക്കുന്നത്‌ ആ ചെക്കന്‍ എത്ര തവണ കണ്ടിരിക്കുന്നു...

ഒരു രഹസ്യം പരയുന്നതു പോലെ ആദില എന്ന പാലമരമാണ്‌, ആ സത്യമെന്നോടു പറഞ്ഞത്‌...
അവളുടെ ഇല വീണ വഴിയില്‍ വെറുതേ ഒന്നു നോക്കിയപ്പോള്‍ നക്ഷത്രം തിളങ്ങുന്ന രണ്ട്‌ കണ്ണുകള്‍ ...
പിന്നെ ഞാനവിടെ നിന്നില്ല...

പിന്നീടൊരിക്കലും നില്‍ക്കേണ്ടിയും വന്നില്ല...

പിറ്റേന്ന്‌ എന്റെനീലാമ്പരിയുടേയും ആദിലയുടേയും ശവസംസ്‌കാരമായിരുന്നു. തടിയുടെ മിനുപ്പ്‌ നോക്കി വന്ന ഒരു മരം വെട്ടുകാരന്‍ അവരെ തൊട്ടെടുത്തു കൊണ്ടു പോയി. പിന്നെ ഞാന്‍ പറമ്പിലിറങ്ങിയില്ല. ഞാനും എന്‍റെ ഏകാന്തതയും എന്‍റെ മുറിയുടെ നാലു ചുമരുകളില്‍ ഭ്രാന്തന്‍ ചിറകു കെട്ടി ആടി തിമിര്‍ത്തു...
ഒറ്റയ്‌ക്കലയുന്ന കുട്ടി (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക