Image

കുമാരന്റെ ബെര്‍ത്ത്‌ ഡേ ആഘോഷം (അഷ്‌ടമൂര്‍ത്തി)

Published on 15 February, 2014
കുമാരന്റെ ബെര്‍ത്ത്‌ ഡേ ആഘോഷം (അഷ്‌ടമൂര്‍ത്തി)
രാവിലെ പതിവു പോലെ പറമ്പില്‍ നടക്കുകയായിരുന്നു. ഒരുണക്കത്തേങ്ങയില്‍കാലു തട്ടി. ഈയിടെയായി ഇതു പതിവായിട്ടുണ്ട്‌. തേങ്ങയിട്ടിട്ട്‌ ആറേഴു മാസമായിരിയ്‌ക്കുന്നു. കുമാരനെ ഇപ്പോള്‍ ഈ വഴിയ്‌ക്കൊന്നും കാണാനേയില്ല. വീണു കിട്ടുന്നതേങ്ങ പെറുക്കിയാണ്‌ ഇതുവരെ കഴിഞ്ഞുപോന്നത്‌. ഇനി അതു മതിയാവുമെന്നുതോന്നുന്നില്ല. പൂരം വരികയാണ്‌. കുറച്ച്‌ അതിഥികളുണ്ടാവും. പോരാത്തതിന്‌തെങ്ങൊക്കെ ഒന്നു വെളുപ്പിയ്‌ക്കുകയും വേണം. കുമാരന്റെ വീട്ടില്‍ പോയി ഒന്നന്വേഷിയ്‌ക്കാമെന്നു വെച്ചു.

എട്ടു മണി കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. കുമാരന്റെ മക്കള്‍ പൂമുഖത്തിരുന്ന്‌ഒറ്റയും ഇരട്ടയും കളിയ്‌ക്കുകയാണ്‌. എന്നെ കണ്ട ഭാവമില്ല. `കുമാരനില്ലേ?' ഞാന്‍ അന്വേഷിച്ചു.

`അച്ഛന്‍ നേരത്തെ പോയി,' കൂട്ടത്തില്‍ മൂത്ത കുട്ടി പറഞ്ഞു.കുറച്ചുകൂടി നേരത്തെ വരേണ്ടതായിരുന്നു. നേരം വെളുക്കുന്നതോടെ പണി തുടങ്ങുന്നതാണ്‌ കുമാരന്റെ ശീലം. വെയില്‍ മൂത്താല്‍പ്പിന്നെ തെങ്ങുകയറ്റം അത്ര സുഖമുള്ളകാര്യമല്ലെന്ന്‌ കുമാരന്‍ പറയാറുണ്ട്‌. അതിനിടയ്‌ക്ക്‌ അമ്പതോളം തെങ്ങുകള്‍ കയറിക്കഴിഞ്ഞിരിയ്‌ക്കും. പിന്നെ വെയിലാറിയിട്ടേ വീണ്ടും പണിയ്‌ക്കിറങ്ങൂ. ഒരു ദിവസം നൂറുതെങ്ങൊക്കെ കയറും.

കുട്ടികള്‍ തലയുയര്‍ത്തി നോക്കിയപ്പോഴാണ്‌ ആരോ പടി കടന്നു വരുന്നത്‌ എന്റെശ്രദ്ധയില്‍പ്പെട്ടത്‌. മുണ്ടും ജുബ്ബയുമാണ്‌ വേഷം. തോളില്‍ സഞ്ചിയുണ്ട്‌. കണ്ടു പരിചയമില്ല.അടുത്തെത്തി അദ്ദേഹം വിസ്‌തരിച്ചു ചിരിച്ചു.

`ഞാന്‍ നന്ദകുമാര്‍ കൈതവളപ്പില്‍,' തൊഴുതുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.`മിസ്റ്റര്‍ കുമാരനെ കാണാന്‍ വന്നതാണ്‌ ഞാന്‍. അദ്ദേഹം സ്ഥലത്തുണ്ടോ?'`നേരത്തെ ജോലിയ്‌ക്കു പോയി എന്നാണ്‌ തോന്നുന്നത്‌,' ഞാന്‍ അറിയിച്ചു. `തേങ്ങയിടീയ്‌ക്കാറായിട്ടുണ്ടാവും അല്ലേ?'

`നിങ്ങള്‍ക്കു തെറ്റിയിരിയ്‌ക്കുന്നു, ഞാന്‍ നാട്ടുവെളിച്ചത്തിന്റെ പ്രാദേശികലേഖകനാണ്‌.' സഞ്ചിയില്‍നിന്ന്‌ പത്രമെടുത്ത്‌ എന്റെ നേരെ നീട്ടിക്കൊണ്ട്‌ അദ്ദേഹം തുടര്‍ന്നു.`ഇത്‌ ഇന്നലത്തേതാണ്‌. ഇന്നത്തേത്‌ നാലു മണിയ്‌ക്ക്‌ ഇറങ്ങും.' തിണ്ണയില്‍ കയറിയിരുന്ന്‌ കൈതവളപ്പില്‍ തുടര്‍ന്നു. `പത്രം കാണാറുണ്ടെന്ന്‌ വിശ്വസിയ്‌ക്കുന്നു.'

പത്രം മറിച്ചുനോക്കുന്നതിനിടെ കുമാരന്റെ ഭാര്യ അനിത അകത്തുനിന്നു വന്നു.`മിസ്റ്റര്‍ കുമാരന്റെ പിറന്നാളാണെന്നു കേട്ടു,' കൈതവളപ്പില്‍ എഴുന്നേറ്റുനിന്നുകൊണ്ട്‌ സ്വയം പരിചയപ്പെടുത്തി. `ആശംസ അറിയിയ്‌ക്കാന്‍ വന്നതാണ്‌.'`പെറന്നാളല്ല,' അല്‍പം നാണത്തോടെ അനിത അറിയിച്ചു. `ഇന്ന്‌ ബെര്‍ത്ത്‌ഡേയാണ്‌. മകരത്തില്‌ തിരുവാതിരയാണ്‌ കുമാരേട്ടന്റെ പെറന്നാള്‌. പറഞ്ഞിട്ടെന്താ, കുമാരേട്ടന്‌ പെറന്നാളിലൊന്നും ഒരു വിശ്വാസോല്യ. ഈശ്വരവിശ്വാസോം ഇല്യ. ഞാന്‍നേര്‍ത്തെ കുളിച്ച്‌ അമ്പലത്തില്‌ പുവ്വും. ഒരു ചിറ്റുവെളക്ക്‌ കഴിപ്പിയ്‌ക്കും. അത്രന്നെ.'

`എന്നിട്ട്‌ ബെര്‍ത്ത്‌ ഡേ ബോയ്‌ എവിടെ?' സഞ്ചിയില്‍നിന്ന്‌ കാമറ പുറത്തെടു ത്തുകൊണ്ട്‌ കൈതവളപ്പില്‍ അന്വേഷിച്ചു.

`നേരത്തെ പോയി,' അകത്തേയ്‌ക്കു നടക്കുന്നതിനിടയില്‍ അനിത പറഞ്ഞു. `അതാണ്‌ കുമാരേട്ടന്റെ പതിവ്‌. വെയിലു മൂക്കും മുമ്പ്‌ മടങ്ങിപ്പോരും. ഊണു കഴിഞ്ഞ്‌ ഒന്നു മയങ്ങും. പിന്നെ വെയിലാറിയിട്ടേ രണ്ടാമതും പോവൂ.'

`ഹോ, ബെര്‍ത്ത്‌ ഡേ ആയിട്ടും വര്‍ക്കിനു പോയെന്നോ!' കൈതവളപ്പില്‍ അത്ഭുതപ്പെട്ടു. എന്നിട്ട്‌ എന്റെ നേരെ തിരിഞ്ഞു. `വലിയ ആളുകള്‍ അങ്ങനെയാണ്‌. ഫൈനാന്‍സ്‌ മിനിസ്റ്റര്‍ കെ. എം. മാണിയുടെ ബെര്‍ത്ത്‌ ഡേയായിരുന്നു ഇന്നലെ. എന്നിട്ടോ? മിനിസ്റ്റര്‍ പതിവുപോലെ നിയമസഭയില്‍ വന്നു. ഇന്നത്തെ പത്രത്തില്‍ വായിച്ചിരുന്നില്ലേ?'

വായിച്ചിരുന്നു. പത്രത്തില്‍ ചിത്രവുമുണ്ടായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം തിരക്കിട്ടു പ്രാതല്‍ കഴിച്ച്‌ രാവിലെ കൃത്യസമയത്തുതന്നെ നിയമസഭയില്‍ ഹാജരായി. ഉച്ച വരെ ചോദ്യോത്തരങ്ങള്‍. പന്ത്രണ്ടരയ്‌ക്ക്‌ സഭ പിരിഞ്ഞപ്പോള്‍ ഓഫീസില്‍ത്തന്നെയിരുന്ന്‌ സ്റ്റാഫിനോടൊപ്പം ഉച്ചയൂണ്‌ കഴിച്ചുവെന്നു വരുത്തി. പ്രത്യേകവിഭവങ്ങളില്ല. പായസം പോലുമില്ല. രണ്ടു മണിയ്‌ക്ക്‌ നിയമസഭ വീണ്ടും കൂടുമ്പോഴേയ്‌ക്കും ഫയലുമെടുത്ത്‌ എഴുന്നേറ്റു. ഉപധനാഭ്യര്‍ത്ഥനകള്‍ക്ക്‌ ചുറുചുറുക്കോടെ മറുപടി പറഞ്ഞു. ലേഖകന്‍ ആവേശപ ൂര്‍വ്വം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

`സീയെമ്മിന്റെ കാര്യം ഇതിലും ഭയങ്കരമാണ്‌,' കൈതവളപ്പില്‍ തുടര്‍ന്നു. `പിറന്നാളിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. അദ്ദേഹത്തിന്‌ ഊണുമില്ല, ഉറക്കവുമില്ല. സദാനേരം ജനങ്ങളുടെ ഇടയിലാണ്‌.'

ശരിയാണ്‌. കൊച്ചിയില്‍ രാഷ്ട്രപതിയോടൊപ്പം ഒരു സമ്മേളനത്തിനിരിയ്‌ക്കുമ്പോഴാണ്‌ മുഖ്യമന്ത്രിയുടെ പിറന്നാളിനേപ്പറ്റി പത്രക്കാര്‍ ഓര്‍മ്മിപ്പിച്ചത്‌. പിറന്നാള്‍ പോയിട്ട്‌ ഉച്ചഭക്ഷണം തന്നെ മറക്കുന്ന കൂട്ടത്തിലാണ്‌ മുഖ്യമന്ത്രി. ജനസമ്പര്‍ക്കപരിപാടിയിലൊക്കെ നിന്നനില്‍പ്പില്‍ രണ്ടു ബ്രെഡ്ഡിന്‍ ചീളുകളും ഒരു ഗ്ലാസ്സ്‌ വെള്ളവും അകത്താക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം. പല ദിവസവും അതും മറക്കും. പത്രക്കാര്‍ ഓര്‍മ്മിപ്പിയ്‌ക്കുമ്പോഴാണത്രേ അദ്ദേഹം പല ദിവസവും ഊണു കഴിയ്‌ക്കുക.

`അക്കാര്യത്തില്‍ ഓപ്പോസിഷന്‍ ലീഡറും സീയെമ്മും തമ്മില്‍ നല്ല യോജിപ്പാണ്‌. തൊണ്ണൂറാം പിറന്നാളിന്‌ എന്താണുണ്ടായത്‌?'

അതും വായിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണത്‌. അദ്ദേഹം കുടും ാംഗങ്ങളോടൊപ്പം ഇരുന്ന്‌ ഊണുകഴിയ്‌ക്കുന്നതിന്റെ ചിത്രം പത്രങ്ങളില്‍ വന്നിരുന്നു. മിതമായ വിഭവങ്ങള്‍. ഊണു കഴിഞ്ഞ്‌ ഒരു കപ്പ്‌ പായസം. ഉച്ചതിരിഞ്ഞ്‌ ഒരു പൂച്ചമയക്കം. പിന്നെ പുറത്തേയ്‌ക്കിറങ്ങി രാജ്യകാര്യങ്ങളില്‍ വ്യാപൃതനാവുകയാണുണ്ടായത്‌. `പ്രതിപക്ഷനേതാവിന്‌ പിറന്നാള്‍ദിനവും മറ്റേതു ദിവസത്തേയും പോലെ' എന്നു തലക്കെട്ട്‌.അനിത അകത്തുനിന്നു വന്നപ്പോള്‍ കയ്യില്‍ രണ്ടു പ്ലാസ്റ്റിക്‌ കപ്പുകളുണ്ടായിരുന്നു.`പായസമാണ്‌,' ഞങ്ങള്‍ക്കു കപ്പുകള്‍ നീട്ടിക്കൊണ്ട്‌ അവര്‍ പറഞ്ഞു.

`തികച്ചും ഉചിതം,' കപ്പ്‌ കയ്യില്‍ വാങ്ങി കൈതവളപ്പില്‍ പറഞ്ഞു. `മിസ്റ്റര്‍ കുമാരന്‌ ഇഷ്ടമല്ലെങ്കിലും സാരമില്ല. ഇതെല്ലാം ഒരു ഭാര്യയുടെ കടമയാണ്‌.'

`സത്യത്തില്‍ ഞാന്‍ പേടിച്ചിരിയ്‌ക്കാണ്‌,' അനിത പറഞ്ഞു. `പിള്ളേരോട്‌സ്‌കൂളിലേയ്‌ക്ക്‌ പോണ്ടാ എന്നു പറഞ്ഞത്‌ ഞാനാണ്‌. അവര്‍ക്കും ഉണ്ടാവില്ലേ മോഹംഅച്ഛന്റെ ഒപ്പമിരുന്ന്‌ പിറന്നാളുണ്ണാന്‍. പറഞ്ഞിട്ട്‌ കാര്യല്യ. കുട്ട്യോള്‌ സ്‌കൂളിലേയ്‌ക്കു പുവ്വാണ്ട്‌ ഇരിയ്‌ക്കണ കണ്ടാ ചെലപ്പോ ബഹളം കൂട്ടും.'

`അതു സാരമില്ല,' കൈതവളപ്പില്‍ പറഞ്ഞു. `നമുക്കു പറഞ്ഞു മനസ്സിലാക്കാവുന്നതേയുള്ളു. സത്യത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ പിറന്നാളിന്റെ പ്രസക്തി ഏറെയാണ്‌. തിരക്കിനിടയില്‍ ഒന്നു നില്‍ക്കാനും തിരിഞ്ഞു നോക്കാനും ഒരു സമ്പര്‍ഭമാണ്‌ അത്‌. അതിന്റെ ഗൗരവം തികച്ചും ഉള്‍ക്കൊണ്ടു കൊണ്ടുതന്നെ ഞങ്ങള്‍ പുതിയ ഒരു പംക്തി തുടങ്ങുകയാണ്‌. ഇന്നത്തെ പിറന്നാള്‍ എന്നാണ്‌ പംക്തിയുടെ പേര്‌. എല്ലാവരിക്കാരുടേയും പിറന്നാള്‍ ഞങ്ങള്‍ വാര്‍ത്തയാക്കും. അതിലേയ്‌ക്ക്‌ ആദ്യത്തെ ആളാണ്‌ മിസ്റ്റര്‍ കുമാരന്‍.'

കുട്ടികള്‍ വീണ്ടും തലയുയര്‍ത്തി നോക്കുന്നതു കണ്ടു. ഇത്തവണ കുമാരന്‍തന്നെ. കുട്ടികള്‍ കളി നിര്‍ത്തി പെട്ടെന്ന്‌ പൂമുഖത്തുനിന്നു മറഞ്ഞു.കുമാരന്‌ നല്ല ക്ഷീണമുണ്ടെന്നു തോന്നി. തെങ്ങുകയറ്റം നല്ല അദ്ധ്വാനമാണ്‌.എന്റെ മുഖത്തുനോക്കി ഒന്നു ചിരിച്ചുവെന്നു വരുത്തി ലേഖകനെ സംശയരൂപത്തില്‍നോക്കി. ഞാന്‍ കൈതവളപ്പിലിനെ പരിചയപ്പെടുത്തി. കൈതവളപ്പില്‍ കുമാരനും പത്രത്തിന്റെ ഒരു പ്രതി സമ്മാനിച്ചു.

പത്രം നോക്കാനുള്ള ഒരു മൂഡിലായിരുന്നില്ല കുമാരന്‍. പത്രം തിണ്ണയിലിട്ട്‌ അനിതയെ നോക്കി കുറച്ചു വെള്ളം വേണം എന്ന്‌ ആംഗ്യം കാണിച്ചു. ഷര്‍ട്ടൂരി ഉത്തരത്തില്‍ഇട്ടു. ഉത്തരത്തില്‍ത്തന്നെ കിടന്നിരുന്ന തോര്‍ത്തുമുണ്ടെടുത്ത്‌ കഴുത്തും മുഖവും തുടച്ചു.പിന്നെ തിണ്ണയിലെ തൂണു ചാരിയിരുന്ന്‌ തോര്‍ത്തുകൊണ്ട്‌ വീശി. അനിത കൊണ്ടുവന്നവെള്ളം കുടുകുടെ കുടിച്ചു കഴിഞ്ഞപ്പോള്‍ കുമാരന്‌ ശബ്‌ദം കിട്ടിയെന്നു തോന്നി.`എന്താ വന്നത്‌,' കുമാരന്‍ കൈതവളപ്പിലിനോടു ചോദിച്ചു.കൈതവളപ്പിലിന്റെ വിശദീകരണം മുഴുവനും പ്രത്യേകിച്ച്‌ ഒരു ഭാവവ്യത്യാസവുമില്ലാതെയിരുന്ന്‌ കുമാരന്‍ കേട്ടു. പിന്നെ എന്റെ നേരെ തിരിഞ്ഞു. `എന്താ മാഷ്‌പോന്നത്‌?'

`തെങ്ങു കേറീട്ട്‌ കുറേയായീലോ,' ഞാന്‍ പറഞ്ഞു. `ഇന്നു തന്നെ വേണമെന്നില്ല.എന്നാ കുമാരന്‌ സൗകര്യം ഉണ്ടാവുക?'

`തെങ്ങു കേറ്റമോ!' കുമാരന്‍ മുഖം കോട്ടി ചിരിച്ചു. `ഞാനതൊക്കെ എന്നേനിര്‍ത്തി. ഇപ്പോള്‍ സുഖമാണ്‌. രാവിലെ നേര്‍ത്തെ പോയി ശേഖരന്റെ കടയുടെ മുന്നിലെത്തും. അവിടെ അപ്പോഴേയ്‌ക്കും ദാസനും അയ്യപ്പനും തങ്കപ്പനും എത്തിയിട്ടുണ്ടാവും.വേറെയും മൂന്നാലു ചെക്കന്മാര്‍ എത്തും. ഞങ്ങള്‍ സുഖമായി അമ്പത്താറു കളിയ്‌ക്കും.തൃശ്ശൂര്‍ക്കു പോയ ശ്രീകൃഷ്‌ണ മടങ്ങിവന്ന്‌ വീണ്ടും തൃശ്ശൂര്‍ക്കു പോണ വരെ എന്നാണ്‌
കണക്ക്‌. അപ്പോഴേയ്‌ക്കും വെയില്‌ മൂക്കാന്‍ തുടങ്ങുകയും ചെയ്യും. അപ്പോള്‍ ഞങ്ങള്‌പിരിയും. പിന്നെ വീട്ടില്‍ വന്ന്‌ സുഖമായിട്ടൊരു കുളി, ബ്രെയ്‌ക്‌ ഫാസ്റ്റ്‌. പിന്നെ ഭൂമിബ്രോക്കര്‍ വര്‍ക്കിയെ വിളിയ്‌ക്കും. വേണ്ടി വന്നാല്‍ ഒന്ന്‌ പുറത്തിറങ്ങും. വല്ലതുമൊക്കെതടയും. അപ്പോഴേയ്‌ക്കും ഊണിനുള്ള സമയമാവും. ഊണു കഴിഞ്ഞ്‌ ഒന്നു മയങ്ങും.വെയിലാറിയാല്‍ വീണ്ടും ചായക്കടയുടെ മുന്നിലെത്തും. സന്ധ്യയാവുന്നതു വരെ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാതെ അങ്ങനെയിരിയ്‌ക്കും. ആറു മണിയ്‌ക്ക്‌ ഷെയര്‍ ഓട്ടോയില്‍ സവേരയിലേയ്‌ക്ക്‌. രാത്രി കുറച്ചു വൈകും മടങ്ങിയെത്താന്‍.'

`അപ്പോള്‍ ബെര്‍ത്ത്‌ ഡേ ആഘോഷമില്ലേ?' മടിച്ചു മടിച്ച്‌ കൈതവളപ്പില്‍ ചോദിച്ചു. പതുക്കെ എഴുന്നേല്‍ക്കുകയും ചെയ്‌തു.

`ബെര്‍ത്ത്‌ ഡേ ആഘോഷമോ?' കുമാരനും എഴുന്നേറ്റു നിന്നു. `ഇതിനിടയില്‍ അതിനൊക്കെ എനിയ്‌ക്കെവിടെ സമയം?'

കുമാരന്റെ ബെര്‍ത്ത്‌ ഡേ ആഘോഷം (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക