Image

പൊന്നില്‍ കുളിച്ച്‌ പൊന്മുടി (പ്രകൃതിയുടെ നിഴലുകള്‍ തേടി ഭാഗം -6: ജോര്‍ജ്‌ തുമ്പയില്‍)

Published on 22 February, 2014
പൊന്നില്‍ കുളിച്ച്‌ പൊന്മുടി (പ്രകൃതിയുടെ നിഴലുകള്‍ തേടി ഭാഗം -6: ജോര്‍ജ്‌ തുമ്പയില്‍)
മാവേലിക്കര സ്വദേശിയും ഇപ്പോള്‍ ഹൂസ്‌റ്റണില്‍ താമസക്കാരനുമായ തമ്പു എന്നു വിളിക്കുന്ന ജേക്കബ്‌ പി ജോണും എന്റെ അമ്മാവന്റെ മകന്‍ തങ്കച്ചനും ഞാനും കൊട്ടാരക്കാരനായ ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ ബേബിക്കുട്ടി ഗീവര്‍ഗീസിന്റെ വീട്ടില്‍ വച്ചു കണ്ടു മുട്ടിയ വേളയിലാണ്‌ പൊന്മുടിയിലേക്ക്‌ ഒരു യാത്ര പോകാന്‍ തീരുമാനിക്കുന്നത്‌. പൊന്നില്‍ കുളിച്ചു കിടക്കുന്ന മഞ്ഞിന്റെ മുകള്‍ത്തട്ടിലേക്ക്‌ പോയാലോ എന്ന തമ്പുവിന്റെ പ്രലോഭനത്തില്‍ ഞങ്ങള്‍ മൂന്നു പേരും വീഴുകയായിരുന്നുവെന്നതാണ്‌ സത്യം. വൈകിച്ചില്ല, പിറ്റേന്നു രാവിലെ തന്നെ യാത്ര തുടങ്ങി.

അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടല്‍ മഞ്ഞും ഉള്ളതാണ്‌. സ്വകാര്യ ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇല്ലാത്തതിനാല്‍ താമസിക്കാനുള്ള സൗകര്യം പൊന്‍മുടിയില്‍ കുറവാണ്‌. ടൂറിസം വകുപ്പിന്‌ കീഴിലുള്ള ഗസ്റ്റ്‌ഹൗസും കുറച്ച്‌ കോട്ടേജുകളും മാത്രമേ ഉള്ളു. അതിനാല്‍ മുന്‍കൂട്ടി വിളിച്ച്‌ മുറി ബുക്കുചെയ്യണം. ഞങ്ങള്‍ക്ക്‌ വണ്‍ഡേ ടൂര്‍ എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അതു കൊണ്ട്‌ റൂം ബുക്ക്‌ ചെയ്യേണ്ടി വന്നില്ല. കാര്‍ നല്ല കണ്ടീഷനായിരിക്കണമെന്നും വിതുര കഴിഞ്ഞാല്‍ പൊന്‍മുടിക്കുള്ള 30 കിലോമീറ്റര്‍ ദൂരം വര്‍ക്ക്‌ഷോപ്പുകളൊന്നുമില്ലെന്നും പോകും മുന്‍പ്‌ തങ്കച്ചന്‌ അലേര്‍ട്ട്‌ കിട്ടിയിരുന്നു.

പൊന്മുടിയെക്കുറച്ചുള്ള വിവരങ്ങള്‍ യാത്രാ ടീമിനെ ബേബിക്കുട്ടി അറിയിച്ചു കൊണ്ടിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്‍മാരാണ്‌ പൊന്‍മുടിയില്‍ ആദ്യം വിശ്രമസങ്കേതങ്ങള്‍ നിര്‍മിച്ചതത്രേ അന്ന്‌ രാജകുടുംബത്തില്‍പെട്ടവര്‍ക്കേ ഇവിടെ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇന്ന്‌ ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രം കൂടിയാണ്‌ ഈ പര്‍വതസങ്കേതം. സ്വകാര്യ ഉടമസ്ഥതയില്‍ ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇവിടെ അനുവദിക്കാത്തതിന്‌ കാരണം അതാണ്‌. ഞങ്ങള്‍ വിതുരയില്‍ വാഹനം നിര്‍ത്തി. ബ്രേക്ക്‌ ഫാസ്റ്റ്‌ ഇവിടെ നിന്നാണ്‌. നല്ല പുട്ടും മുട്ടക്കറിയും കിട്ടി. ചൂടു പറക്കുന്ന ചായ കൂടി ആയതോടെ എല്ലാവരും ഉഷാര്‍. പുട്ടും മുട്ടക്കറിയും എന്ന കോമ്പിനേഷന്‍ ഇപ്പോള്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റാണെന്ന്‌ അടുത്തിടെ വായിച്ചിരുന്നു. നമ്മുടെ നടന്‍ ദിലിപും നാദിര്‍ഷായും ചേര്‍ന്ന്‌ ദേ പുട്ട്‌... എന്ന പേരില്‍ കൊച്ചിയില്‍ ഒരു കട പോലും ഇപ്പോള്‍ തുറന്നിട്ടുണ്ട്‌. അവര്‍ പണ്ടു മുതല്‍ക്കേ ഓണത്തിനിടയില്‍ പുട്ടു കച്ചവടം എന്ന കോമഡി കാസ്‌റ്റ്‌ ഇറക്കിയിരുന്ന കാര്യവും ഓര്‍ത്തു.

വിതുരയില്‍നിന്ന്‌ 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട്‌ ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തമ്പാനൂരില്‍ നിന്നും ഇവിടേക്ക്‌ പകല്‍നേരത്ത്‌ ഒരുമണിക്കൂര്‍ ഇടവിട്ട്‌ പൊന്‍മുടിക്ക്‌ ബസ്സുണ്ടെന്ന്‌ തങ്കച്ചന്‍ പറഞ്ഞു. വാഗമണ്‍ യാത്രയെ അനുസ്‌മരിപ്പിക്കുന്ന പ്രകൃതി ഭംഗി. ചിലയിടത്ത്‌ അഗാധമായ കൊക്കകള്‍. താഴെ കണ്ണെത്താത്ത ദൂരത്തോളം അഗാധത. ഞങ്ങള്‍ ഇടയ്‌ക്ക്‌ വണ്ടി നിര്‍ത്തി. നല്ല തണുപ്പുണ്ട്‌. പുറത്തിറങ്ങി കാറ്റില്‍ ലയിച്ചങ്ങനെ നിന്നു. കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന്‌ സ്വപ്‌നതുല്യമായ ഒരു സ്ഥലത്ത്‌ വന്ന പ്രതീതി പോലെയെന്ന്‌ തമ്പു പറഞ്ഞു. വാസ്‌തവം.

പൊന്മുടിക്ക്‌ ഈ പേര്‌ നല്‍കിയത്‌ ആരാണെന്നു ഓര്‍ത്തു പോയി. മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന മലയായതിനാല്‍ പൊന്‍മുടി എന്ന പേരു വന്നതെന്ന്‌ കാണിക്കാരായ ആദിവാസികള്‍ വിശ്വസിക്കുന്നു. എന്നാല്‍ പേരിന്റെ യഥാര്‍ത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധജൈന സംസ്‌കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്‌. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര്‌ ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നും മറ്റും വിളിച്ചിരുന്നതില്‍ നിന്നാണ്‌ ഈ മലക്ക്‌ പൊന്‍മുടി എന്ന്‌ പേരു വന്നതെന്നാണ്‌ അവര്‍ കരുതുന്നത്‌. പൊന്‍മുടി, പൊന്നമ്പലമേട്‌, പൊന്നാമല, പൊന്‍മന തുടങ്ങിയ പേരുകളും ഇത്തരത്തില്‍ ഉണ്ടായവയാണെന്നു വാദമുണ്ട്‌.

സൂര്യന്‍ കുന്നുകളില്‍ പതിച്ച്‌ സുവര്‍ണ്ണരശ്‌മികള്‍ പ്രതിഫലിക്കുന്നുണ്ട്‌. ഞങ്ങള്‍ യാത്ര തുടര്‍ന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്‌ഹൗസില്‍നിന്ന്‌ രണ്ടു കിലോമീറ്റര്‍ അകലെയാണ്‌ വിശാലമായ ടോപ്‌സ്‌റ്റേഷന്‍. അവിടെ മഞ്ഞ്‌ ആവരണമിട്ടു കഴിഞ്ഞു. ഒന്നും കാണാന്‍ പറ്റുന്നില്ല. കാണാകാണെ മഞ്ഞു മാറുന്നു. അതിനേക്കാള്‍ വേഗത്തില്‍ മഞ്ഞ്‌ തിരികെ മൂടുന്നു. ആരോ സ്വിച്ചിട്ട മാതിരി. ഞങ്ങള്‍ക്ക്‌ പുറമേ വേറെയും സഞ്ചാരികള്‍ അവിടെ എത്തിയിരുന്നു. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്‌റ്റേഷനിലേക്കുള്ള യാത്ര അവിസ്‌മരണീയമായ അനുഭവമായി. തമ്പുവും ബേബിക്കുട്ടിയും തങ്കച്ചനും അതു ശരിക്കും ആസ്വദിക്കുന്നുണ്ട്‌. മനോഹരമായ ഒരു കാഴ്‌ചയായിരുന്നു സമീപത്തുള്ള ചോലവനങ്ങളും പുല്‍മേടുകളും. അവിടെ നിന്ന്‌ കിളികളുടെ സൗന്ദര്യാത്മക സംഗീതാലപനം കേട്ടപ്പോള്‍ കേരളത്തിന്റെ വ്യത്യസ്‌തമായ പ്രകൃതി രമണീയതയെക്കുറിച്ച്‌ ഓര്‍ത്തു പോയി. ശരിക്കും ഇതൊരു ദൈവത്തിന്റെ സ്വന്തം നാടു തന്നെ. അത്രമാത്രം അവിസ്‌മരണീയമായ കാഴ്‌ചയാണ്‌ ടോപ്‌സ്‌റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്‌.

ഞങ്ങള്‍ കാഴ്‌ചകള്‍ കണ്ടു നീങ്ങവേ, മുന്നിലൊരു ബോര്‍ഡ്‌ കണ്ടു. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ വകയാണ്‌. കിഴക്കാംതൂക്കായ കുന്നിന്‍ചരിവും അഗാധഗര്‍ത്തവും, സൂക്ഷിച്ചു നീങ്ങുക എന്ന മുന്നറിയിപ്പായിരുന്നു അത്‌. തമ്പുവിനും ബേബിക്കുട്ടിക്കും പൊന്മുടി നന്നേ പിടിച്ചിരുന്നു. ബേബിക്കുട്ടി ഇതിനു മുന്‍പും പൊന്മുടിയില്‍ വന്നിരുന്നുവെങ്കിലും ഞങ്ങള്‍ക്കൊപ്പമുള്ള യാത്ര അദ്ദേഹത്തിന്‌ നന്നേ രസിച്ചിരുന്നു. പൊന്മുടിയിലെ തേയിലത്തോട്ടങ്ങള്‍ ഏറെ പ്രശസ്‌തമാണ്‌. പൊന്മുടി കൊടുമുടിയില്‍ നിന്ന്‌ ഏകദേശം അര കിലോമീറ്റര്‍ അകലെയാണ്‌ വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ്‌ എന്നും അറിയപ്പെടുന്നു.

പൊന്മുടിക്ക്‌ സമീപത്തായി കാടിനുള്ളില്‍ ഒരുപാട്‌ അരുവികളും വെള്ളച്ചാട്ടങ്ങളും നിലനില്‍ക്കുന്ന ഗോള്‍ഡന്‍ വാലിയെക്കുറിച്ച്‌ ഞങ്ങള്‍ കേട്ടെങ്കിലും അവിടേക്കു പോകാന്‍ സമയം അനുവദിച്ചില്ല. കല്ലാര്‍ നദിയുടെ തുടക്കം ഇവിടെ നിന്നും ആസ്വദിക്കാമെന്നും അവിടെ കണ്ടുമുട്ടിയ ഒരാള്‍ പറഞ്ഞു. ഉരുളന്‍ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും വെള്ളച്ചാട്ടവുമുള്ള ഇവിടേക്ക്‌ ട്രക്കിങ്‌ ഏര്‍പ്പെടുത്താറുണ്ടത്രേ. സമീപത്തു തന്നെ െ്രെബമൂര്‍, ബോണക്കാട്‌ തുടങ്ങിയ പ്രദേശങ്ങളും പ്രകൃതിരമണീയമത്രേ.

സൗമ്യഭാവത്തോടെയാണ്‌ പൊന്മുടി നിലകൊള്ളുന്നത്‌. ഞങ്ങള്‍ ഉച്ചഭക്ഷണത്തിനു ശേഷം മഞ്ഞിനു നടുവില്‍ ഇത്തിരി നേരം വിശ്രമിച്ചു. ഇവിടെ സ്ഥാപിച്ചിരുന്ന നടപ്പാതകളിലൂടെ ഞങ്ങള്‍ ഇത്തിരി ദൂരം നടന്നു. രണ്ട്‌ കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിച്ച കമ്പിമൂട്‌മരുതാമല, പൊന്‍മുടിമണ്ണാമൂല ട്രക്ക്‌പാത്തുകളും ഒരു കിലോമീറ്റര്‍ ദൂരത്തിലെ പൊന്‍മുടിസീതക്കുളം ട്രക്ക്‌പാത്തുകളും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്‌. കാട്ടുകല്ലുകളും, സ്‌റ്റെപ്പുകളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ പാതകള്‍ കാടിന്റെ വന്യതയിലേയ്‌ക്കുളള യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കും. 20 പേര്‍ ഉള്‍പ്പെട്ട ടീമില്‍ 10 പേര്‍ക്ക്‌ 400 രൂപയും അധികമായുളള ഓരോരുത്തര്‍ക്ക്‌ 50 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്കുകള്‍. ഇവര്‍ക്കായി ഒരു ഗൈഡിന്റെ സേവനവും ലഭ്യമാണ്‌. ട്രക്ക്‌പാത്തുകള്‍ക്കൊപ്പം വനംവകുപ്പിന്റെ വനശ്രീ വിപണനകേന്ദ്രവും പൊന്‍മുടി അമിനിറ്റി സെന്ററില്‍ പ്രവര്‍ത്തമാരംഭിച്ചു കഴിഞ്ഞു. പ്രകൃതി വിഭവങ്ങളായ കസ്‌തൂരിമഞ്ഞള്‍, തേന്‍, കുന്തിരിക്കം എന്നിവയ്‌ക്കൊപ്പം അപൂര്‍വകൂട്ടുകളുളള ദന്തപാല എണ്ണ, അഗസ്‌ത്യാര്‍ എണ്ണ, ചന്ദനതൈലം തുടങ്ങിയവും ഇവിടെ വനംവകുപ്പിന്റെ വില്‍പ്പന കേന്ദ്രത്തില്‍ ലഭ്യമാണ്‌. പൊന്‍മുടിയിലെ വനശ്രീ കഫറ്റീരിയയില്‍ നിന്ന്‌ നല്ലൊരു കാപ്പി കുടിച്ചതിനു ശേഷം ചുരമിറങ്ങി. മനസ്സില്‍ പ്രകൃതിയുടെ പൊന്‍വെളിച്ചം അപ്പോഴും അവശേഷിച്ചിരുന്നു. അത്‌ ഏറെക്കാലം അങ്ങനെതന്നെ അവിടെ കുടികൊള്ളുമെന്നു ബേബിക്കുട്ടിയും തമ്പുവും തങ്കച്ചനും സമ്മതിക്കുകയും ചെയ്‌തു. കാര്‍ ഹെയര്‍പിന്നുകള്‍ വളഞ്ഞുപുളഞ്ഞ്‌ താഴേക്കിറങ്ങി...

(തുടരും)
പൊന്നില്‍ കുളിച്ച്‌ പൊന്മുടി (പ്രകൃതിയുടെ നിഴലുകള്‍ തേടി ഭാഗം -6: ജോര്‍ജ്‌ തുമ്പയില്‍)പൊന്നില്‍ കുളിച്ച്‌ പൊന്മുടി (പ്രകൃതിയുടെ നിഴലുകള്‍ തേടി ഭാഗം -6: ജോര്‍ജ്‌ തുമ്പയില്‍)പൊന്നില്‍ കുളിച്ച്‌ പൊന്മുടി (പ്രകൃതിയുടെ നിഴലുകള്‍ തേടി ഭാഗം -6: ജോര്‍ജ്‌ തുമ്പയില്‍)പൊന്നില്‍ കുളിച്ച്‌ പൊന്മുടി (പ്രകൃതിയുടെ നിഴലുകള്‍ തേടി ഭാഗം -6: ജോര്‍ജ്‌ തുമ്പയില്‍)പൊന്നില്‍ കുളിച്ച്‌ പൊന്മുടി (പ്രകൃതിയുടെ നിഴലുകള്‍ തേടി ഭാഗം -6: ജോര്‍ജ്‌ തുമ്പയില്‍)പൊന്നില്‍ കുളിച്ച്‌ പൊന്മുടി (പ്രകൃതിയുടെ നിഴലുകള്‍ തേടി ഭാഗം -6: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക