Image

'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ് ജേതാവ് കൊല്ലം തെല്‍മ മനസ്സു തുറക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 19 February, 2014
'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ് ജേതാവ് കൊല്ലം തെല്‍മ മനസ്സു തുറക്കുന്നു
മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം)പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി സംഘടിപ്പിച്ച 2013ലെ പ്രഥമ മുട്ടത്തുവര്‍ക്കി പ്രവാസി സ്മാരക അവാര്‍ഡിന് കൊല്ലം തെല്‍മ അര്‍ഹയായി. തെല്‍മ എഴുതിയ 'ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന നോവലിനാണ്  ഈ പുരസ്‌ക്കാരം ലഭിച്ചത്. 

തെറ്റ് ചെയ്തവര്‍ പശ്ചാത്തപിച്ച് നല്ല മാര്‍ഗത്തില്‍ ജീവിക്കാന്‍ ശ്രമിച്ചാലും, സമൂഹം അവരുടെ നേരെ വിരല്‍ ചൂണ്ടുന്നു. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം' എന്ന പ്രവണത തുടച്ചുനീക്കുക എന്നതാണ് തെല്‍മ തന്റെ നോവലില്‍ വരച്ചു കാട്ടുന്നത്.

1970കളില്‍ മലയാള നാട്, കുങ്കുമം, കേരള കൗമുദി, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തെല്‍മ സജീവമായിരുന്നു. തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്ത 'തെല്‍മാ കഥകള്‍' ശ്രോതാക്കളെ ആകര്‍ഷിച്ചവയായിരുന്നു. നെയ്യാര്‍ ഡാമില്‍ സംഘടിപ്പിച്ച 'യംഗ് റൈറ്റേഴ്‌സ് ക്യാമ്പില്‍, ജനയുഗം വാരിക പ്രസിദ്ധീകരിച്ച 'വൃദ്ധന്‍' എന്ന ചെറുകഥയെക്കുറിച്ച് പ്രശംസിച്ചവരില്‍ പ്രധാനി ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ആയിരുന്നു എന്ന് തെല്‍മ ഓര്‍ക്കുന്നു. ബിരുദ വിദ്യാര്‍ഥിനിയായിരിക്കെ അഖില കേരള സാഹിത്യ സംഘടന സംഘടിപ്പിച്ച  ആംഗല ചെറുകഥാ മത്സരത്തില്‍ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

1984ല്‍ അമേരിക്കയില്‍ ചേക്കേറിയ തെല്‍മയുടെ സാഹിത്യലോകം വളരെ വര്‍ണാഭമായി. 'മനുഷ്യാ നീ മണ്ണാകുന്നു'   കേരളാ എക്‌സ്പ്രസ് (ഷിക്കാഗോ), 'അപസ്വരങ്ങള്‍'  രജനി (ഫിലാഡല്‍ഫിയാ  ഫൊക്കാനാ അവാര്‍ഡ്), 'ചിലന്തിവല'  ആഴ്ചവട്ടം (ടെക്‌സാസ്), 'അമേരിക്കന്‍ ടീനേജര്‍'  ധ്വനി (ഡിട്രോയിറ്റ്), 'വെണ്മേഘങ്ങള്‍'  വനിത എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍.

പ്രസിദ്ധീകരണ പണിപ്പുരയിലെ നോവലുകള്‍: 'സിനിമാ സിനിമാ', 'യാക്കോബിന്റെ കിണര്‍', 'ഒരു കന്യാസ്ത്രീയുടെ കഥ', 'മഞ്ഞില്‍ വിരിയുന്ന മഗ്‌നോളിയ ', 'തങ്കശ്ശേരി.' ഇതില്‍ തങ്കശ്ശേരി എന്ന നോവല്‍ സിനിമയാക്കാനുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നു.

മുട്ടത്തു വര്‍ക്കി സ്മാരക അവാര്‍ഡ് പ്രഖ്യാപനം അറിഞ്ഞ തെല്‍മ മാം പ്രതിനിധികള്‍ക്കും അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിക്കും പ്രത്യേകം നന്ദി പറഞ്ഞു. അവാര്‍ഡിന് പരിഗണിച്ച നോവലിനെക്കുറിച്ച് വളരെ മുമ്പ് തന്നെ മലയാളത്തിന്റെ അഭിമാനമായ സി. രാധാകൃഷ്ണന്‍ പറഞ്ഞ അഭിപ്രായമാണ് തെല്‍മയുടെ മനസ്സില്‍ ഓടിയെത്തിയത്. 'നോവല്‍ ഞാന്‍ വായിച്ചു, വളരെ പാരായണക്ഷമവും രസകരവുമാണ്. പശ്ചാത്തപിക്കുന്നവരും പൊറുക്കുന്നവരും ദൈവത്തിന്റെ കണ്ണിലുണ്ണികളാണ്. പക്ഷേ, ലോകം അവരെ കല്ലെറിയുന്നു. ഈ നോവല്‍ എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകള്‍, വായിച്ചിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...!' എന്നാണ് സി. രാധാകൃഷ്ണന്‍ പറഞ്ഞതെന്ന് തെല്‍മ ഓര്‍ക്കുന്നു. സി. രാധാകൃഷ്ണന്റെ ഈ വാക്കുകളാണ് തനിക്ക് പ്രോത്സാഹനം തന്നതെന്ന് തെല്‍മ പറഞ്ഞു. എങ്കിലും മലയാള സാഹിത്യത്തിന്റെ ജനപ്രിയനായ മുട്ടത്തു വര്‍ക്കിയുടെ ബഹുമാനാര്‍ത്ഥം പ്രവാസി സാഹിത്യകാരന്മാര്‍ക്കുവേണ്ടി 'മാം' നല്‍കുന്ന ഈ അംഗീകാരം എന്റെ ജീവിതത്തില്‍ എത്രയും വിലപ്പെട്ടതായിരിക്കുമെന്നും തെല്‍മ പറഞ്ഞു.

'മാം' മുട്ടത്തുവര്‍ക്കി സ്മാരക പ്രവാസി അവാര്‍ഡ് ജേതാവ് കൊല്ലം തെല്‍മ മനസ്സു തുറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക