Image

`തോംസണ്‍ വില്ല' പ്രദര്‍ശനത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 February, 2014
`തോംസണ്‍ വില്ല' പ്രദര്‍ശനത്തിന്‌
മലയാള സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന `തോംസണ്‍ വില്ല' കേരളത്തിലുടനീളം പ്രദര്‍ശനത്തിന്‌ എത്തുന്നു. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ശക്തമായൊരു സാമൂഹിക, മാനുഷിക പ്രമേയമാണ്‌ പ്രശസ്‌ത തിരക്കഥാകൃത്തായ ഡെന്നീസ്‌ ജോസഫും, നവാഗത സംവിധായകനായ എബിന്‍ ജേക്കബും ചേര്‍ന്ന്‌ തോംസണ്‍ വില്ലയിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കായി കാഴ്‌ചവെയ്‌ക്കുന്നത്‌.

ഹാസ്യത്തിനൊപ്പം, ഭാവാഭിനയത്തിലും പ്രഗത്ഭനായ ഇന്നസെന്റിന്റെ അവിസ്‌മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം, ഗൗരീശങ്കര്‍ എന്നൊരു ബാലതാരത്തിന്റെ ഉദയംകൂടിയാണ്‌ തോംസണ്‍ വില്ല. നടന്‍ ഇന്നസെന്റിന്‌ തോംസണ്‍ വില്ലയൂടെ ഷൂട്ടിംഗിനിടയില്‍ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്ത ലഭിക്കുവാന്‍ ഇടയായി. കടുത്ത മാനസീക സംഘര്‍ഷവും അവഗണിച്ച്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കുകവാന്‍ അദ്ദേഹം കാട്ടിയ ആത്മധൈര്യം കഥാപാത്രത്തിന്റെ കരുത്തും പ്രമേയത്തിന്റെ മാനുഷികമൂല്യവും, സാമൂഹികപ്രസക്തിയും ഒന്നുകൊണ്ടു മാത്രമാണ്‌.

ഒരു ധനിക കുടുംബത്തില്‍ വളരുന്ന പിഞ്ചു ബാലന്‍ അനുഭവിക്കുന്ന കരളലയിപ്പിക്കുന്ന കഥയാണ്‌ തിരക്കഥാകൃത്ത്‌ ഡെന്നീസ്‌ ജോസഫ്‌ വരച്ചുകാട്ടുന്നത്‌. രണ്ടു പതിറ്റാണ്ടു മുമ്പ്‌ കേരളത്തിലെ സിനിമാ തീയേറ്ററുകളെ കണ്ണീര്‍പ്പുഴയാക്കിയ `ആകാശദൂതിനെ' അനുസ്‌മരിപ്പിക്കുന്ന മറ്റൊരു ഡെന്നീസ്‌ ജോസഫ്‌ വിസ്‌മയമാണ്‌ തോംസണ്‍ വില്ല. നവാഗത സംവിധായകനായ എബിന്‍ ജേക്കബിന്റെ മലയാള സിനിമയിലെ ശക്തമായൊരു കാല്‍വെയ്‌പാണ്‌ ഈ ചിത്രം. ഈവര്‍ഷത്തെ മികച്ച സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ നേടുവാനും ഈ ചിത്രം അദ്ദേഹത്തിന്‌ അവസരമൊരുക്കി.

മാതാപിതാക്കളുടെ ലാളനയിലും അത്യാധുനിക സുഖസൗകര്യങ്ങളിലും വളര്‍ന്നുവന്ന കുസൃതിയും നിഷ്‌കളങ്കനുമായ ഒരു ആറുവയസുകാരന്‌ പെട്ടന്നനുഭവപ്പെട്ട അനാഥത്വത്തിന്റേയും നിന്ദയുടേയും കഥയാണ്‌ ഈ ചിത്രം.

തോംസണ്‍ വില്ലയിലെ തൊമ്മിയെന്ന അനാഥ ബാലന്‌ ജീവന്‍ നല്‍കിയ ഗൗരീശങ്കര്‍ എന്ന ബാല നടനാണ്‌ ഈ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍. അഭിനയം തന്റെ സര്‍ഗ്ഗവാസനാണെന്ന്‌ വിളിച്ചുപറയുന്ന വികാരനിര്‍ഭരമായ അഭിനയ മുഹൂര്‍ത്തങ്ങളാണ്‌ ഈ ബാലതാരം ചിത്രത്തിലൂടനീളം കാഴ്‌ചവെയ്‌ക്കുന്നത്‌.

എറണാകുളത്തെ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ ഗൗരീശങ്കര്‍ രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ പരസ്യ ചിത്രങ്ങളില്‍ മുഖംകാണിച്ചുതുടങ്ങി. `ബാച്ചിലേഴ്‌സ്‌ പാര്‍ട്ടി', `ചെറുക്കനും പെണ്ണും', `അയാളും ഞാനും തമ്മില്‍' എന്നീ ചിത്രങ്ങളില്‍ അപ്രധാന റോളുകളില്‍ അഭിനയിച്ച ഗൗരീശങ്കറിന്‌ മലയാളസിനിമാ പ്രേക്ഷക മനസുകളില്‍ ഇടംനേടിക്കൊടുത്തത്‌ ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത `ഇമ്മാനുവേല്‍' എന്ന ചിത്രത്തില്‍ ഭരത്‌ മമ്മൂട്ടിയുടെ മകന്റെ റോളാണ്‌. ഇരുത്തംവന്ന ഒരു നടന്റെ ആത്മവിശ്വാസത്തോടുകൂടി റിഹേഴ്‌സലിന്റേയും റീടേക്കിന്റേയും ആവശ്യംകൂടാതെയാണ്‌ തോംസണ്‍ വില്ലിയിലുടനീളം ഗൗരീശങ്കര്‍ അഭിനയിച്ചത്‌.

അമേരിക്കന്‍ മലയാളികളായ കുറെ സുഹൃത്തുക്കളുടെ ആദ്യ സിനിമാ സംരംഭമാണ്‌ തോംസണ്‍ വില്ല. തൃപ്പൂണിത്തുറ, ഫോര്‍ട്ട്‌ കൊച്ചി, കോട്ടയം, കുട്ടിക്കാനം എന്നിവടങ്ങളിലായി 35 ദിവസംകൊണ്ട്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കി. അനന്യ, ലെന, സരയൂ, ഹേമന്ദ്‌, പത്മകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, നന്ദു, ശ്രീലത നമ്പൂതിരി എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ കഥാപാത്രങ്ങള്‍ക്ക്‌ ജീവനേകുന്നത്‌.

ഒ.എന്‍.വി കുറുപ്പ്‌, എസ്‌.പി. വെങ്കിടേഷ്‌ കൂട്ടുകെട്ടിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്‌. മഹാദേവാ ഫിലിംസാണ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌. കേരളത്തിലെ തീയേറ്ററുകള്‍ക്കൊപ്പം ഷിക്കാഗോയിലെ ബിഗ്‌ സിനിമാ തീയേറ്ററിലും, ഇതര അമേരിക്കന്‍ നഗരങ്ങളിലും തോംസണ്‍ വില്ല ഉടന്‍ പ്രദര്‍ശിപ്പിക്കും.
`തോംസണ്‍ വില്ല' പ്രദര്‍ശനത്തിന്‌
`തോംസണ്‍ വില്ല' പ്രദര്‍ശനത്തിന്‌
`തോംസണ്‍ വില്ല' പ്രദര്‍ശനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക