Image

ചില ചിന്തകള്‍; കേരളം ഒരു വിശുദ്ധനരകം (മാത്യു മൂലേച്ചേരില്‍)

Published on 23 February, 2014
ചില ചിന്തകള്‍; കേരളം ഒരു വിശുദ്ധനരകം (മാത്യു മൂലേച്ചേരില്‍)
അറസ്റ്റുവാറന്റുള്ള പ്രതിക്ക്‌ ഒന്നുമറിയാത്തമട്ടില്‍ പോലീസ്‌ ജയില്‍ തുറന്നുകൊടുക്കുന്നു;
ഒരു മഹാ തട്ടിപ്പുവീരനും, ക്രിമിനലുമായ കുറ്റവാളിയെ പോലീസ്‌ സേനയിലേക്ക്‌ തിരികെയെടുക്കുന്നു;
ഒരു ബുക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ക്കെതിരെ ഒരു തരത്തിലുമുള്ള നടപടികളും എടുക്കാന്‍ സാധ്യമല്ലെന്ന്‌ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നു!
ആള്‍ ദൈവങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നു!
മാധ്യമങ്ങള്‍ ധര്‍മ്മം മറന്ന്‌ പെയ്‌ഡ്‌ ന്യൂസുകള്‍ മാത്രമെഴുതി മിടുക്കരായ്‌ മാറുന്നു!...

ഇങ്ങനെ തുടരുന്നു കഥകള്‍ ....


സരിതയെ നീയമപരമായി മാത്രമാണ്‌ പുറത്തുവിട്ടതെന്നും, ആ നടപടിയെ ന്യായീകരിച്ചുകൊണ്ടും മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും പോലീസുകാരും! ഇതെല്ലാം കണ്ടും കേട്ടും മൗനവൃതത്തില്‍ പ്രതിപക്ഷവും മറ്റു രാഷ്ട്രീയ കക്ഷികളും! അപ്പോള്‍ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ച ജഡ്‌ജിമാര്‍ നീയമപരമായല്ലേ ഈ പറയപ്പെടുന്ന വാറന്റ്‌ പുറത്തുവിട്ടത്‌?

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനും ഭൂമിതട്ടിപ്പുള്‍പ്പെടെ നിരവധി തട്ടിപ്പുകേസുകളിലും, അടിപിടിക്കേസുകളിലും പ്രതിയായ സലിംരാജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ പോലീസിലേക്ക്‌ തിരികെയെടുത്തു. സലിം രാജിനെപ്പോലെയുള്ള ക്രിമിനലുകള്‍ വാഴുന്ന പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെ ജനങ്ങള്‍ എങ്ങനെ സുരക്ഷയ്‌ക്കായി അപ്പോള്‍ സമീപിക്കണം!

അമൃതാനന്ദമയി ആശ്രമത്തിനെ വിശുദ്ധനരകമെന്ന്‌ വിശേഷിപ്പിച്ച്‌ അവിടെ 20 വര്‍ഷം ജീവിച്ച്‌, ഈ പീഡനങ്ങളൊക്കെയും നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്‌ത ഒരു വിദേശവനിത ഒരു ബുക്കില്‍ കൂടി നടത്തിയ വെളിപ്പെടുത്തലിനെപ്പറ്റി ഒന്നും അന്വേഷിക്കേണ്ടയെന്ന്‌ കേരള മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും പൊതുജനസമക്ഷം പ്രഖ്യാപിച്ചു.

മഠം മറ്റുള്ളവര്‍ക്ക്‌ ചെയ്‌തുകൊടുക്കുന്ന ഉപകാരങ്ങളെ മാനിച്ചുകൊണ്ട്‌ മഠത്തിനെതിരെ അന്വേഷണം ആവശ്യമില്ല എന്നുള്ളതാണ്‌. മുഖ്യമന്ത്രിയുടെ പറച്ചില്‍ പ്രകാരമാണെങ്കില്‍ അദ്ദേഹം ആ മഠത്തിലെ ഒരു അന്തേവാസിയാണോ എന്നുപോലും തോന്നിപ്പോകും. എന്തായാലും മഠത്തിനെതിരെ അന്വേഷണമില്ലെങ്കിലും, ആ വിഷയം പൊതുമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്‌ത പാവം കേരള ജനതയെ മുഴുവന്‍ ജയിലിലടയ്‌ക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടി തീരുമാനിച്ചു.

ഒരു ബുക്ക്‌ എന്നത്‌ ഒന്നുമല്ലെങ്കില്‍ , ബുക്കുകളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ കഴമ്പില്ലെങ്കില്‍ ഇനി ആരും സ്‌കൂളുകളില്‍ ബുക്കുവായിക്കുകയോ, പഠിക്കുകയോ ചെയ്യാതിരിക്കുന്നതല്ലെ കരണീയം എന്ന്‌ ഭരണകര്‍ത്താക്കളുടെ ഈ പ്രവര്‍ത്തനത്തില്‍ കൂടി ആര്‍ക്കെങ്കിലും തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രസിദ്ധീകരിച്ച ഈ ബുക്കിനെക്കുറിച്ച്‌ ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ വേളയില്‍ , പല നേതാക്കന്മാരും പല സ്ഥലങ്ങളും സന്ദര്‍ശിക്കുകയും വോട്ടുകള്‍ക്കായി കാന്‍വാസ്‌ ചെയ്യുകയും ചെയ്യുമ്പോള്‍ തന്നെ ഇത്തരമൊരു വാര്‍ത്താ പ്രചാരണം ഉണ്ടാക്കിയതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയെക്കുറിച്ചും പൊതുജനങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്‌.

ആശ്രമത്തില്‍ അന്തേവാസികളായിട്ടുള്ളവര്‍ എല്ലാം അമൃതാനന്ദമയിയെപ്പോലെ ദൈവീക തേജസ്‌ ഉള്ളവരായിക്കൊള്ളണമെന്നില്ല. അവര്‍ പണത്തിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും പരസ്‌പരം പടവെട്ടുന്നുണ്ടാവാം. അതിനായ്‌ പല കാര്യങ്ങളും ചെയ്യുന്നുണ്ടാവാം. അതു ചിലപ്പോള്‍ അമൃതാന്ദമയി പോലും അറിഞ്ഞെന്നു വരില്ല. അങ്ങനെയുള്ള വിഷയങ്ങളില്‍ ആരോപണമുണ്ടാവുമ്പോള്‍ അന്വേഷിച്ച്‌ സത്യാവസ്ഥ പൊതുജനങ്ങളെ അറിയിക്കേണ്ടത്‌ ഒരു ജനാധിപത്യ രാജ്യത്ത്‌ പ്രധാനപ്പെട്ടതാണ്‌.

പെയ്‌ഡ്‌ ന്യൂസിനുവേണ്ടി മാത്രം തൂലിക ചലിപ്പിക്കുകയും, അക്ഷരങ്ങള്‍ നിരത്തുകയും ചെയ്യുന്ന നമ്മുടെ മാധ്യമ സുഹൃത്തുക്കളെക്കാണുമ്പോള്‍ ലജ്ജിക്കാതെ തരമില്ല. മാധ്യമ പ്രവര്‍ത്തനമെന്നത്‌ സത്യസന്ധമായി വാര്‍ത്തകള്‍ പൊതുജനങ്ങളെ അറിയിക്കുകയാണ്‌. മാധ്യമങ്ങളും ഇങ്ങനെ ആരെയൊക്കെയോ ഭയപ്പെട്ടും, കിട്ടുന്ന നക്കാപ്പിച്ച വാങ്ങി കീശയിലിട്ട്‌ വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കാതിരിക്കുന്നത്‌ ലോകത്തോട്‌ ചെയ്യുന്ന ഒരു അപരാധമാണെന്ന്‌ അവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

ദേവിമാരും ദേവന്മാരുമാണ്‌ പണ്ടുമുതല്‍ക്കേ കേരളത്തില്‍ നാടുവാഴുന്നത്‌. ദൈവീക നാമത്തില്‍ കോപ്രായങ്ങള്‍ കാട്ടി ജനങ്ങളെ പറ്റിച്ചു ചീര്‍ത്തുവീര്‍ത്തിരിക്കുന്ന ഈ ക്രിമിനലുകളെ നിലയ്‌ക്കു നിര്‍ത്തിയില്ലെങ്കില്‍ ഒരുനാള്‍ ഈ ദൈവങ്ങള്‍ കേരളം തന്നെ കരണ്ടുതിന്നും. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറും. അന്ന്‌ ചിലപ്പോള്‍ പട്ടാളത്തിന്റെ സഹായം വേണ്ടിവരും ഇവരെ ഒതുക്കുവാന്‍.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്‌. ഇന്റര്‍നെറ്റ്‌ പൊതുമാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി ജനങ്ങള്‍ക്ക്‌ ഏതൊരു വിഷയത്തിലും അവരുടെ ഹൃദയം തുറക്കുവാന്‍ ഇപ്പോള്‍ സാധിക്കുന്നു. പല ക്രിമിനലുകള്‍ക്കും ഇപ്പോള്‍ പഴയപടി നിര്‍ബാധം പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നില്ല. അതുമൂലം അവര്‍ക്കെതിരെ ശബ്ദിക്കുന്നവന്റെ വായടിപ്പിക്കുവാനുള്ള ശ്രമമാണ്‌ സൈബര്‍ സെല്‍ പരാതികളില്‍ കൂടുതലും. കേരളത്തിലെ സൈബര്‍ സെല്ലും ഈ ക്രിമിനലുകള്‍ക്കുവേണ്ടി ആണ്‌ രൂപീകരിച്ചിരിക്കുന്നതെന്ന്‌ മനസ്സിലാക്കാവുന്നതേയുള്ളു. മറ്റു രാജ്യങ്ങളില്‍ സൈബര്‍ സെല്‍ രൂപീകരിച്ചിരിക്കുന്നത്‌ ഭീകരപ്രവര്‍ത്തനം തടയുന്നതിനും, കുറ്റവാളികളെ നിലയ്‌ക്കു നിര്‍ത്തുന്നതിനുമാണ്‌. ഒരു സൈബര്‍ സെല്‍ എന്നത്‌ ഉണ്ടെന്നു കരുതി ഭീഷണികള്‍ മുഴക്കി യാഥാര്‍ത്ഥ്യത്തെ മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്നത്‌ ജനാധിപത്യപരമല്ല. ഇപ്രകാരം നടപടികള്‍ എടുക്കുമ്പോള്‍ ഇതിനെതിരെ പ്രതികരിച്ചവരെ അപമാനിക്കുകയും, പുലഭ്യം പറയുകയും ചെയ്‌തവര്‍ക്കെതിരെയും നടപടികള്‍ എടുക്കുന്നത്‌ ഉചിതമായിരിക്കും

ഇങ്ങനെ നിരവധി കാരണങ്ങളാല്‍ ഈ അടുത്തിട കേരളത്തില്‍ സംഭവിക്കുന്ന ചില വിഷയങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ പൊതുജനത്തിന്‌ എന്ത്‌ സുരക്ഷയാണ്‌ അവിടെയുള്ളതെന്ന്‌ ആര്‍ക്കും തോന്നിപ്പോകും. അവിടെയുള്ള രാഷ്ട്രീയക്കാരും, പോലീസും, മേലുധ്യോഗസ്ഥരും, മാധ്യമങ്ങളും ആര്‍ക്കുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ സാധാരണ ജനങ്ങളില്‍ സംശയം ഉളവാക്കും. പ്രവാസത്തിന്റെ ഇടവേളയില്‍ നാട്ടിലേക്ക്‌ കടന്നുപോകാനായി ആഗ്രഹിക്കുന്ന പാവം പ്രവാസികള്‍ക്ക്‌ ഇനി സമാധാനത്തോടെ എങ്ങനെ അങ്ങോട്ട്‌ കടന്നുപോകാന്‍ സാധിക്കും.

ഈ കേരളം ഭ്രാന്താലയം മാത്രമല്ല; ഇതാണ്‌ യഥാര്‍ത്ഥ വിശുദ്ധ നരകം!
ചില ചിന്തകള്‍; കേരളം ഒരു വിശുദ്ധനരകം (മാത്യു മൂലേച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക