Image

അമൃതാനന്ദമയിക്ക് എതിരെ ഉയരുന്ന നാസ്തികശബ്ദങ്ങളുടെ നിഷ്ഫലത

Published on 25 February, 2014
അമൃതാനന്ദമയിക്ക് എതിരെ ഉയരുന്ന നാസ്തികശബ്ദങ്ങളുടെ നിഷ്ഫലത
ഹഗിങ് സെയ്ന്‍റ്, കിസിങ് മദര്‍ എന്നൊക്കെയാണ് സായിപ്പ് വിളിക്കുന്നത്. വയസ്സിപ്പോള്‍ അറുപതുണ്ട്. എന്നാലും എഴുപതു വയസ്സുകാരും അമ്മേ എന്നു വിളിക്കും. അമ്മ തന്നേക്കാള്‍ പ്രായമുള്ള കുഞ്ഞിനെ കെട്ടിപ്പിടിക്കും, ചുംബിക്കും. കെട്ടിപ്പിടിക്കുന്നതോ ഉമ്മ വെക്കുന്നതോ ഒരു തെറ്റല്ല. അത് സ്നേഹവാത്സല്യങ്ങളുടെ ജൈവികവും വൈകാരികവുമായ പ്രകടനമാണ്. എന്നാല്‍, വളര്‍ച്ചാദോഷം വന്ന കുറേ ശിശുക്കള്‍ ഒരു സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു എന്നതില്‍ ആശങ്കപ്പെടാതിരിക്കാനാവില്ല.
മലയാളിയുടെ വൈകാരിക ചരിത്രം പരിശോധിച്ചാല്‍ എണ്‍പതുകള്‍ക്കു ശേഷമുള്ള സവിശേഷ കാലഘട്ടത്തില്‍ പ്രായഭേദമില്ലാതെ കുറേ ശിശുക്കള്‍ ജനിച്ചതായി കാണാം. സ്വന്തം അമ്മയുടെ വാത്സല്യം ചുരക്കുന്ന നിറമാറില്‍നിന്നും മാതൃത്വത്തിന്‍െറ സ്നേഹോഷ്മളമായ സ്പര്‍ശത്തില്‍നിന്നും വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ വിച്ഛേദിക്കപ്പെടുമ്പോഴാണ് സ്വതന്ത്രവ്യക്തിത്വമുള്ള മനുഷ്യര്‍ ഉണ്ടാവുന്നത് എന്ന് ജീവശാസ്ത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്ത ബോധം വ്യക്തിവികാസത്തിന്‍െറ ഈ ഘട്ടത്തില്‍ വന്നുചേരുന്നതാണ്. എന്നാല്‍, സ്വന്തം ജീവിതത്തിന്‍െറ ഉത്തരവാദിത്തം അമ്മയെ ഏല്‍പിച്ച് അവരില്‍ അഭയം തേടുകയാണ് നവയുഗ മലയാളി ശിശുക്കള്‍ ചെയ്യുന്നത്.
മാനസിക വളര്‍ച്ചയില്ലാത്ത ശിശുക്കളുടെ എണ്ണം കൂടിയപ്പോള്‍ അമ്മ ആത്മീയ, ജീവകാരുണ്യ കോര്‍പറേറ്റ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി. അമ്മമനസ്സ് തങ്കമനസ്സല്ളെന്നും മുറ്റത്തെ തുളസിപോലെ വിശുദ്ധമല്ളെന്നും പലകോണുകളില്‍നിന്നായി വിമര്‍ശമുയര്‍ന്നിട്ടും ബഹുരാഷ്ട്ര ആത്മീയ സാമ്രാജ്യത്തിന് ഇളക്കം തട്ടിയില്ല. സത്നംസിങ് എന്ന ബിഹാറുകാരന്‍െറ അസ്വാഭാവിക മരണത്തില്‍ വിശുദ്ധയായ അമ്മക്ക് പുത്രദു$ഖമോ മറ്റു മാനുഷിക വികാരങ്ങളോ ഉണ്ടായതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആ വിശുദ്ധലോകം നരകമാണെന്ന് പറയുകയാണ് ഇരുപതുവര്‍ഷത്തോളം കൂടെ കഴിഞ്ഞ ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ഗായത്രി. പിണങ്ങിപ്പോയ മകളുടെ ചെയ്തി അമ്മ പൊറുക്കാതിരിക്കില്ല. ആ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിവിട്ട വിവാദാനന്ദത്തില്‍ ആറാടുകയാണ് ഇപ്പോള്‍ അമൃതാനന്ദമയി.
അമ്മയുടെ ലോകം അധോലോകമാണ് എന്നാണ് മകളുടെ കണ്ടത്തെല്‍. ആത്മീയസൗഖ്യം തേടി മകള്‍ വന്നത് അങ്ങ് ആസ്ട്രേലിയയില്‍നിന്ന്.
അമ്മയുടെ മടിത്തട്ടില്‍ കഴിഞ്ഞ നാളുകളില്‍ മകള്‍ കണ്ടത് ആത്മീയതയുടെ വിശുദ്ധലോകമല്ല. അന്തമില്ലാത്ത ഭോഗതൃഷ്ണകളുടെയും അടക്കിപ്പിടിച്ച ആസക്തികളുടെയും എരിഞ്ഞടങ്ങാത്ത കനലുകള്‍. സാമ്പത്തിക സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ഒഴുക്കിയ കോടികളുടെ കണക്കുകള്‍. ഭൗതിക സുഖഭോഗങ്ങളില്‍ അഭിരമിക്കുന്ന സര്‍വസംഗ പരിത്യാഗികള്‍. പക്ഷേ, മകള്‍ക്കറിയാതെ പോയ ഒരു കാര്യമുണ്ട്. ഈ വെളിപ്പെടുത്തലുകള്‍ കണ്ട് ഞെട്ടുന്നവരല്ല അമ്മയുടെ കുഞ്ഞുങ്ങള്‍. അമ്മയിലെ ദിവ്യാത്മാവിന് അപാരമായ സിദ്ധികളാണുള്ളത്. അതുകൊണ്ടാണ് മകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് പി.ജയരാജന്‍ ഇട്ട ഫേസ്ബുക് പോസ്റ്റ് സൈബര്‍ സ്പേസില്‍നിന്നും തല്‍ക്ഷണം അപ്രത്യക്ഷമായത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന ഭൗതികമായ ഇടങ്ങളില്‍ മാത്രമല്ല, നവസാങ്കേതിക മാധ്യമങ്ങളിലെ അമൂര്‍ത്തമായ ഇടങ്ങളില്‍പോലും അമൃതാനന്ദമയിക്ക് സ്വാധീനമുണ്ട് എന്ന് തെളിയിച്ചു ഈ സംഭവം.
പി.ജയരാജന്‍ സാധാരണ അമ്മഭക്തന്മാരെപ്പോലെ മാനസിക വളര്‍ച്ചയില്ലാത്ത ശിശുവല്ളെന്നും വ്യക്തിത്വവികാസം കൈവരിച്ച ശാസ്ത്രീയ സോഷ്യലിസ്റ്റാണെന്നും ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെയൊരു ഭൗതികവാദിയുടെ മേലില്‍പോലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആത്മീയവാദിയായതിനാല്‍ അമൃതാനന്ദമയിക്ക് എതിരെ ഉയരുന്ന നാസ്തികശബ്ദങ്ങളുടെ നിഷ്ഫലത നാം തിരിച്ചറിയണം.
വാസ്തവത്തില്‍ കേരളത്തിന്‍െറ വികസനത്തില്‍ അമൃതാനന്ദമയി വഹിച്ച പങ്ക് നാം കാണാതെ പോകരുത്. ഒട്ടേറെ ഭൗതികമായ നേട്ടങ്ങള്‍ ഈ ആത്മീയവാദി കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ടാറ്റ പോലെയോ ബിര്‍ല പോലെയോ റിലയന്‍സ് പോലെയോ വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ ഇല്ലാതിരുന്ന നാടാണ് കേരളം. അവിടെയാണ് സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലുകളും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദ ചാനലുമുള്ള വന്‍കിട ബഹുരാഷ്ട്ര കോര്‍പറേറ്റ് കമ്പനി തഴച്ചുവളര്‍ന്നത്. ഇന്ത്യന്‍ ചതുരാശ്രമ വ്യവസ്ഥയില്‍ ഒടുവിലത്തേതാണ് സന്യാസം. ഫലേച്ഛ കൂടാതെ ത്യജിക്കലാണ് സന്യാസത്തിന്‍െറ രീതി.
പക്ഷേ, ഈ സന്യാസിനിയുടെ പുണ്യാശ്രമം മാത്രം എല്ലാ ഭൗതികകര്‍മങ്ങളും പരിത്യജിക്കാതെ മുറുകെപ്പിടിക്കുന്നു. വൈദ്യവിദ്യാഭ്യാസ ചട്ടമനുസരിച്ച് പകുതി സീറ്റ് സര്‍ക്കാറിന്‍േറതാണ്. പക്ഷേ, ആത്മീയ ഗുരുകുലത്തില്‍ മുഴുവന്‍ സീറ്റും കച്ചവടം ചെയ്യാന്‍ സൂത്രപ്പണിയില്‍ കരസ്ഥമാക്കിയത് കല്‍പിത സര്‍വകലാശാലാ പദവി. ലക്ഷങ്ങളാണ് ഫീസ്. വിദ്യ കാശുകൊടുത്ത് വാങ്ങേണ്ട ഒന്നാണെന്ന് പറയുന്ന വേദം ഏതാണെന്ന് ‘അമൃതവാണി’യിലെങ്കിലും വിശദീകരിക്കേണ്ടതാണ്. സാമൂഹികനീതി ആശ്രമത്തിന്‍െറ പടിക്കു പുറത്തായതിനാല്‍ വിദ്യാഭ്യാസത്തിന് സംവരണമില്ല. കോടിക്കണക്കിന് ആസ്തിയുള്ള ആശ്രമത്തിന്‍െറ ധനശേഖരം സൂക്ഷിച്ചുവെച്ചിരിക്കുന്നത് സ്വിസ് ബാങ്കിലെന്ന് ഇരുപതുവര്‍ഷം കൂടെ പേഴ്സനല്‍ അസിസ്റ്റന്‍റായിരുന്ന ഗായത്രി. ഭൗതികസ്വത്തുക്കളോട് ആര്‍ത്തിയുള്ള സര്‍വസംഗ പരിത്യാഗിയാണ് സന്യാസിയെങ്കില്‍ ഭൗതികവാദി ആരായിരിക്കും എന്ന കാര്യത്തില്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് ഒരു കണ്‍ഫ്യൂഷനുണ്ട്.
നാനാ ജാതിമതസ്ഥരുടെ അമ്മയാണ്. അന്തമില്ലാത്ത സ്നേഹത്തിന്‍െറ അമൃതപ്രവാഹം. ഏതു ഫാഷിസ്റ്റിനെയും ചേര്‍ത്തുപിടിക്കുന്ന സമുദ്രവാത്സല്യം.
സംഘപരിവാരത്തിന് കേരളത്തില്‍ ഹിന്ദുത്വ അജണ്ട വേരൂന്നാന്‍ സഹായിക്കുന്ന സാന്നിധ്യമാണത്. കാഴ്ചയില്‍ അവര്‍ണസ്ത്രീയാണെങ്കിലും സവര്‍ണമാണ് പ്രവര്‍ത്തനമേഖല. വര്‍ഗീയഫാഷിസത്തിന് നിഷ്കരുണം വളം വെച്ചുകൊടുക്കുന്ന പ്രകൃതം. നരേന്ദ്ര മോദി പ്രിയപ്പെട്ട ഒരു മകനാണ്. അമ്മക്ക് വല്ലാത്ത വാത്സല്യമുണ്ട് ഈ മകനോട് എന്ന് മാലോകര്‍ കണ്ടറിഞ്ഞതാണ്.
സത്നം സിങ് എന്ന ഇരുപത്തിമൂന്നുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ മഠത്തിന് സംരക്ഷണവലയം തീര്‍ത്തത് സംഘ്പരിവാര്‍ സംഘടനകള്‍. അമ്മയും മക്കളും വളരുമ്പോള്‍ നഷ്ടപ്പെടുന്നത് ഇടതുപക്ഷത്തിന്‍െറ ഇടമാണ്. സത്നം സിങ് മരിച്ചപ്പോഴും ഗെയ്ല്‍ ട്രെഡ്വെല്‍ വിശുദ്ധനരകമെഴുതിയപ്പോഴും ഇടതുപക്ഷം പഴയ ഊക്കോടെ പ്രതികരിച്ചുകണ്ടില്ല. അവരുടെ പ്രതികരണശേഷി കാലക്രമേണ പൂര്‍ണമായും എടുത്തുകളയാനുള്ള ദിവ്യശക്തി ഘട്ടം ഘട്ടമായി പ്രയോഗിക്കപ്പെടുന്നുണ്ട് എന്ന് വ്യക്തം.
സുധാമണി എന്നായിരുന്നു പൂര്‍വാശ്രമത്തില്‍ പേര്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ 1953 സെപ്റ്റംബര്‍ 27ന് ജനനം. സുഗുണനന്ദന്‍െറയും ദമയന്തിയുടെയും മൂന്നാമത്തെ കുട്ടി. ഒമ്പതാം വയസ്സില്‍ വിദ്യാഭ്യാസം നിര്‍ത്തി. കൗമാരകാലത്തുതന്നെ വേദനയനുഭവിക്കുന്നവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ തുടങ്ങി. 1981ല്‍ മഠം സ്ഥാപിച്ചു. 1987 മുതല്‍ ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി.
1985ല്‍ ശ്രീനിപട്ടത്താനത്തിന്‍െറ ‘ദിവ്യകഥകളും യാഥാര്‍ഥ്യവും’ പുറത്തിറങ്ങിയതോടെ അമൃതാനന്ദമയി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. 2008 ജൂണില്‍ സുകുമാര്‍ അഴീക്കോട് മഠത്തിന്‍െറ സ്വത്തുക്കളുടെ സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. അമൃതാനന്ദമയി ഒരുകൂട്ടം നിക്ഷിപ്ത താല്‍പര്യക്കാരുടെ കൈയിലെ കളിപ്പാവയാണ് എന്ന് അഴീക്കോട് പറഞ്ഞു. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പിണറായിയും പറയുന്നത്. വോട്ടുബാങ്കില്‍ കണ്ണുള്ളിടത്തോളം കാലം പക്ഷേ, ദിവ്യത്വം നിയമപരമായി ചോദ്യം ചെയ്യാതെ കിടക്കുമെന്ന് ഉറപ്പ്.
(Madhyamam)
Join WhatsApp News
Truth man 2014-02-25 21:36:15
Unknown article is not valuable.  Sorry
Anthappan 2014-02-26 11:21:22
By refusing to look into the alleged crime committed in the Amarathamai Madm , Kerala Government is cooperating with such criminals those who are accused of committing it. Kerala government must be fired and put Kerala under presidential rule.
വിദ്യാധരൻ 2014-02-26 19:06:53
"സ്നേഹോഷ്മളമായ സ്പര്‍ശത്തില്‍നിന്നും വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ വിച്ഛേദിക്കപ്പെടുമ്പോഴാണ് സ്വതന്ത്രവ്യക്തിത്വമുള്ള മനുഷ്യര്‍ ഉണ്ടാവുന്നത് എന്ന് ജീവശാസ്ത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്ത ബോധം വ്യക്തിവികാസത്തിന്‍െറ ഈ ഘട്ടത്തില്‍ വന്നുചേരുന്നതാണ്. എന്നാല്‍, സ്വന്തം ജീവിതത്തിന്‍െറ ഉത്തരവാദിത്തം അമ്മയെ ഏല്‍പിച്ച് അവരില്‍ അഭയം തേടുകയാണ് നവയുഗ മലയാളി ശിശുക്കള്‍ ചെയ്യുന്നത്. "

നവയുഗ മലയാളി ശിശുക്കൾ മാത്രമല്ല വിദ്യാസമ്പന്നരും ബുദ്ധിജീവികളും ജീവിതത്തിന്‍െറ ഉത്തരവാദിത്തം അമ്മയെ ഏല്‍പിച്ച് അവരില്‍ അഭയം തേടുകയാണ്.  ഈ അടിമത്വത്തിന്റെ ചങ്ങലയിൽ സാധരനക്കാരെനെ ബന്ധിച്ചിട്ടു രാഷ്ട്രീയക്കാർ, വൻകിട വ്യവസായികൾ, മറ്റുമതസ്ഥർ എന്നിവരല്ലാം വൻതോതിൽ തട്ടിപ്പ് നടത്തുകയാണ്. അടിമകൾ ഒരിക്കൽ ഇത് തിരച്ചറിയും എന്ന് പ്രതീക്ഷിക്കാം 

"സത്നംസിങ് എന്ന ബിഹാറുകാരന്‍െറ അസ്വാഭാവിക മരണത്തില്‍ വിശുദ്ധയായ അമ്മക്ക് പുത്രദു$ഖമോ മറ്റു മാനുഷിക വികാരങ്ങളോ ഉണ്ടായതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല."  

പ്രസിവക്കാത്ത സ്ത്രീക്ക് (നമ്മളുടെ അറിവ് വച്ച് ) പുത്ര ദുഖം എങ്ങനെ മനസിലാകും?

എന്തായാലും മാധ്യമത്തിൽ വന്ന ഈ റിപ്പോര്ട്ട് പ്രസിദ്ധീകരിച്ച ഈ-മലയാളിക്ക് അഭിനന്ദനം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക