Image

മഹാശിവരാത്രി (സുധീര്‍ പണിക്കവീട്ടില്‍)

Published on 26 February, 2014
മഹാശിവരാത്രി (സുധീര്‍ പണിക്കവീട്ടില്‍)
(ശിവരാത്രി മാഹാത്മ്യത്തെകുറിച്ചു തയ്യാറാക്കിയ ഒരു കുറിപ്പു പ്രിയ വായനക്കാര്‍ക്കുവേണ്ടി താഴെ കൊടുക്കുന്നു - പത്രാധിപര്‍.)

പഞ്ചാക്ഷരിമന്ത്രങ്ങളുടെ (ഓം!നമഃശ്ശിവായ) നിറവില്‍ ആര്‍ഷഭാരതം ദൈവീക ചൈതന്യമാര്‍ജ്‌ജിക്കുന്ന പുണ്യദിനമാണ്‌ ശിവരാത്രി. കുംഭമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസം ശിവരാത്രി വ്രുതമായി ശിവഭക്‌തമാര്‍ ആചരിച്ചുവരുന്നു. കറുത്ത പക്ഷത്തോടു അടുക്കുംതോറും ശക്‌തിക്ഷയം സംഭവിക്കുന്ന ചന്ദ്രന്റെ തേജസ്സിന്റെ 1/16 അംശം മാത്രമെ അപ്പോള്‍ ബാക്കിയുണ്ടാകുകയുള്ളു. മനുഷ്യമനസ്സുകളും രജസ, തമസ ഗുണങ്ങളുടെ അനുപാതത്തില്‍ തേജസ്സു നഷ്‌ടപെട്ടു കൊണ്ടിരിക്കുമ്പോള്‍ ശേഷിച്ചതു നഷ്‌ടപെടാന്‍ അനുവദിക്കാതെ ശിവസ്‌തുതികളും, പഞ്ചാക്ഷരി മന്ത്രവും ജപി
ച്ചു കൊണ്ടു വ്രതശുദ്ധിയോടെ ഈ ദിവസം ഉപവസിച്ചു ഉറക്കമൊഴിഞ്ഞ്‌ ഭക്‌തന്മാര്‍ ദൈവാനുഗ്രഹം നേടിയെടുക്കുന്നു.

ദിവ്യത്വലബ്‌ധിക്കായി ഉപനിഷത്തുക്കളില്‍ പറഞ്ഞിരിക്കുന്നതു `സത്യം, ശിവം, സുന്ദരം' എന്നാണ്‌. യാതൊന്നു സത്യ മായിരിക്കുന്നുവോ, മംഗള കരമായിരിക്കുന്നുവോ, സുന്ദരായിരിക്കുന്നുവോ, അതാണു സത്യം, ശിവം, സുന്ദരം. ശിവന്‍ എന്ന വാക്കിനു മംഗളകാരി, മനുഷ്യനു നന്മ കാംക്ഷിക്കുന്നയാള്‍ എന്നീ അര്‍ഥങ്ങളുണ്ടു. കൈലാസനാഥനായ ശിവനില്‍ നിന്നും 108 രീതിയിലുള്ള ന്രുത്തങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ടെന്നു വിശ്വസിച്ചു വരുന്നു. ഭൂമിയിലെ ജീവജാലങ്ങളെ സന്തോഷിപ്പിക്കാനും, അവരുടെ ദുഃഖങ്ങളെ വിസ്‌മരിപ്പിക്കുവാനും എല്ലാ സായം സന്ധ്യയിലും ശിവന്‍ താണ്ഡവ ന്രുത്തം ആടുന്നു എന്നു ഭക്‌തര്‍ വിശ്വസിച്ചുപോരുന്നു. ശിവനെ പ്രോത്‌സാഹിപ്പിക്കാനായി ശിവനോടൊപ്പം ശ്രീ പാര്‍വതിയും ലാസ്യവിലാസ നൃത്തങ്ങള്‍ ചെയ്യുന്നു.

മഹാശിവരാത്രിയെ കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ ചിലതു ഇവിടെ കുറിക്കാം. മഹാപ്രളയത്തില്‍ യോഗനിദ്രയില്‍ കിടന്നിരുന്ന മഹാവിഷ്‌ണുവിന്റെ മുമ്പില്‍ പ്രത്യക്ഷപെട്ട ബ്രന്മാവു പറഞ്ഞു `ഞാനാണു ലോകത്തിന്റെ സ്രുഷ്‌ടി നടത്തിയയാള്‍'. അതിനു മറുപടിയായി വിഷ്‌ണു പറഞ്ഞു `ഞാനാണു ലോക ശില്‍പ്പി'. ആര്‍ക്കാണു മഹത്വമെന്നറിയാന്‍ അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഒരു ലിംഗം അവരുടെ മുമ്പില്‍ പ്രത്യക്ഷപെട്ടു. അതിന്റെ ഉത്ഭവമറിയാന്‍ ഉല്‍കണ്‌ഠയോടെ ബ്രന്മാവു ഒരു അരയന്നത്തിന്റെ രൂപത്തില്‍ മേലോട്ടും വിഷ്‌ണു ഭൂമിക്കടിയിലേക്കും തിരിച്ചു. ദിവസങ്ങളോളം അന്വേഷിച്ചിട്ടും ലിംഗത്തിന്റെ ആദിയും അന്ത്യവും കാണാതെ അവര്‍ വലഞ്ഞപ്പോള്‍ ശിവന്‍ പ്രത്യക്ഷപെട്ടു അവരോടു പറഞ്ഞു `നിങ്ങള്‍ എന്നില്‍ നിന്നും വേര്‍പെട്ടവര്‍, നാം ത്രിമൂര്‍ത്തികള്‍' ആ ദിവസമാണത്രെ ശിവരാത്രിയായി ആഘോഷിക്കുന്നത്‌. ശിവന്‍ ഇങ്ങനെ പ്രത്യക്ഷപെട്ടു എന്നു പറയുന്ന ദിവസം കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ ചതുര്‍ദശി ദിവസമായിരുന്നു.

വേറൊരു കഥ പാലാഴി മഥന സമയത്തു പാരിജാതം, കാമധേനു, അമൃത്‌ മുതലായവ പൊങ്ങി വന്നതിനോടൊപ്പം കാളകൂട വിഷവും പുറത്തു വന്നു. ശിവന്‍ അതു പാനം ചെയ്‌തു. ആ വിഷം ഭഗവാനില്‍ പ്രവേശിക്കാതിരിക്കാന്‍ അവിടെയുള്ളവരെല്ലാവരും ഉറങ്ങാതെ വ്രുതമനുഷ്‌ഠിച്ചു പ്രാര്‍ഥിച്ചു. ശിവന്‍ വിഷം പാനം ചെയ്‌ത ആ ദിവസം ശിവരാത്രിയായി ആചരിക്കപെട്ടു വരുന്നു. വിഷം ഭഗവാന്റെ കണ്‌ഠത്തില്‍ തളം കെട്ടി കിടന്നു ഭഗവാനു `നീലകണ്‌ഠന്‍' എന്ന പേരു സമ്പാദിച്ചുകൊടുത്തു.
നല്ല സാധനങ്ങള്‍ സ്വീകരിക്കാന്‍ എല്ലാവരുമുണ്ടാകുമെന്നും, ചീത്തയാര്‍ക്കും ഇഷ്‌ടമില്ലെന്നും നമുക്കറിയാം. ഭഗവാന്‍ വിഷം തുപ്പി കളയുകയോ, ഇറക്കുകയോ ചെയ്‌തില്ല. തന്നില്‍ അതു ഒതുക്കി നിര്‍ത്താന്‍ ഭഗവാനു കഴിഞ്ഞു. മനുഷ്യരുടെ സ്വഭാവം ചീത്ത വര്‍ത്തമാനങ്ങള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കുകയും, അതു മുഴുവന്‍ പറഞ്ഞുകൊണ്ടു നടക്കുകയും ആണക്ലോ. ചീത്ത കാര്യങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തി ദുര്‍ഗന്ധം വ്യാപിപ്പിക്കരുതെന്നുള്ള സൂചന ഇവിടെ നമുക്കു കിട്ടുന്നു. ശിവരാത്രി ദിവസം ഭക്‌തന്മാര്‍ ബ്രഹ്‌മ മുഹുര്‍ത്തത്തിലുണര്‍ന്നു സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ചു ശിവക്ഷേത്ര ദര്‍ശനം നടത്തുന്നു. പകല്‍ മുഴുവന്‍ ഉപവാസം നിര്‍ബന്ധമാണു. ഭസ്‌മം, രുദ്രാക്ഷം മുതലായവ ഭക്‌തന്മാര്‍ ധരിക്കുന്നു. പല ഗൃഹങ്ങളിലും ഒരു വര്‍ഷത്തേക്കാവശ്യമായ ഭസ്‌മം ശിവരാത്രിദിവസം വീട്ടിലുണ്ടാക്കുന്നു.
രുദ്രാക്ഷത്തിന്റെ പ്രാധാന്യത്തെ പറ്റിയും ഒരു ഐതിഹ്യമുണ്ട്‌. കുരുക്ഷേത്ര യുദ്ധത്തില്‍ വിജയിച്ച പാണ്ഡവന്മാര്‍ അശ്വമേധ യാഗം നടത്തി. ആ യജ്‌ഞത്തില്‍ പങ്കെടുക്കാന്‍ ശ്രീ കൃഷണന്റെ ആവശ്യപ്രകാരം ഭീമസേനന്‍ താമ്ര
ര്‍ണ്ണി നദീതീരത്തു തപസ്സു ചെയ്‌തിരുന്ന വ്യാഘ്രപാദ മുനിയെ ക്ഷണിക്കാന്‍ പോയി. ഭഗവാന്‍ ക്രുഷ്‌ണന്‍ ഭീമനെ പന്ത്രണ്ടു രുദ്രാക്ഷങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. മുനിയെ ഉണര്‍ത്താനായി ഭീമസേനന്‍ `ഗോവിന്ദ ഗോപാല' എന്നു വിളിച്ചു. ശിവഭക്‌തനായ മുനി വിഷ്‌ണുവിന്റെ നാമം കേട്ടു കോപിഷ്‌ടനായി, ഭീമന്റെ പുറകെ ഓടി ചെന്നു. ഓട്ടത്തിനിടയില്‍ രുദ്രാക്ഷത്തിലൊന്നു ഭീമന്‍ ഒരു സ്‌ഥലത്തു വച്ചപ്പോള്‍ അതു ഒരു ശിവലിംഗമായി. ശിവലിംഗം കണ്ട മുനി ശാന്തനായി കുളിച്ചു ശിവലിംഗത്തെ പൂജിച്ചു. ഇങ്ങനെ പന്ത്രണ്ടു രുദ്രാക്ഷങ്ങള്‍ ശിവലിംഗങ്ങളായി മാറി. മുനിക്കു ഭീമനോടുള്ള കോപത്തിനു കുറവു വന്നില്ല. ഭീമന്‍ ശ്രീക്രുഷ്‌ണനെ പ്രാര്‍ഥിച്ചു. ശ്രീക്രുഷ്‌ണന്‍ മുനിക്കു ശിവന്റെ രൂപത്തിലും ഭീമനു വിഷ്‌ണുവിന്റെ രൂപത്തിലും ദര്‍ശനം നല്‍കി ശങ്കരനാരായണ പ്രതിഷ്‌ഠയുണ്ടായി.

ശിവലിംഗത്തെ കുറിച്ചു സാധാരണ ജനങ്ങള്‍ ധരിച്ച്‌ വച്ചിരിക്കുന്ന അര്‍ഥം തെറ്റാണ്‌. പലരും അതു പുരുഷ ദേവനായ ശിവന്റെ ലിംഗമായി കരുതുകയും ആഭാസകരമായ വ്യാഖാനങ്ങള്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്‌. അജ്‌ഞതമൂലം സംഭവിക്കുന്ന ഒരു സ്‌ഥിതി വിശേഷമാണത്‌. സകല ഭൂതങ്ങളും യാതൊന്നില്‍ ലയിക്കുകയും, യാതൊന്നില്‍ നിന്നുണ്ടാവുകയും ചെയ്യുന്നുവോ ആ പരമാകാരത്തെ ലിംഗമെന്നും അതു തന്നെയാണു നിഷ്‌കളങ്കനായ പരമശിവനെന്നുമാണു ശരിയായ വ്യാഖാനം. മഹാശിവരാത്രിവ്രതം ഭാരതീയ സ്‌ത്രീകള്‍ വളരെ നിഷ്‌കര്‍ഷതയോടെ ആചരിച്ചു വരുന്നു. അന്നേ ദിവസം ശിവലിംഗപൂജക്കായി സ്‌ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നു. ചന്ദ്രപ്രകാശമില്ലാതെ ഇരുണ്ടു നിന്ന കുംഭ മാസത്തിലെ ക്രുഷ്‌ണപക്ഷത്തില്‍ ശിവന്റെ രക്ഷക്കായി പാര്‍വതി വ്രുതശുദ്ധിയോടെ തപസ്സനുഷ്‌ഠിച്ചിരുന്നുവെന്നു വിശ്വസിച്ചുപോരുന്നു. അതിന്റെ ഓര്‍മ്മക്കെന്നോണം സ്‌ത്രീകള്‍ അന്നേ ദിവസം പുത്രന്മാരുടേയും, ഭര്‍ത്താക്കന്മാരുടേയും രക്ഷക്കായി ശിവ്രാത്രി വ്രുതം നോല്‍ക്കുന്നു.

കേരളത്തിലെ മഹോത്സവങ്ങളിലൊന്നായ ആലുവ ശിവരാത്രി പെരിയാറിന്റെ വടക്കെ തീരത്തു ആലുവ മണല്‍പുറത്തു കൊണ്ടാടപെടുന്നു. ജനലക്ഷങ്ങള്‍ പിത്രുക്കള്‍ക്കു തര്‍പ്പണം ചെയ്യാനെത്തുന്ന ഇവിടത്തെ പ്രതിഷ്‌ഠ സ്വയംഭൂവായ ശിവലിംഗമാണ്‌. അതിന്റെ ഐതിഹ്യം ഇങ്ങനെ. സീതാദേവിയെ തേടി ദക്ഷിണേന്ത്യയിലെത്തിയ ശ്രീരാമ-ലക്ഷ്‌മണന്മാര്‍ ജടായുവിന്റെ ദഹനകര്‍മ്മങ്ങള്‍ ആലുവ മണല്‍പുറത്തുവച്ചു ചെയ്‌തുവെന്നും അപ്പോള്‍ ശിവന്‍ സ്വയംഭൂ ലിംഗമായി പ്രത്യക്ഷപെട്ടുവെന്നുമാണ്‌. പിത്രുക്കള്‍ക്കു ബലിയര്‍പ്പിച്ചു ആത്മസംത്രുപ്‌തി നേടുന്ന അനേകരോടൊപ്പം പങ്കു ചേരാന്‍ ഈ ലേഖകനു കഴിഞ്ഞിട്ടുണ്ട്‌.
ചന്ദ്രനില്ലങ്കിലും കുംഭമാസത്തിലെ തെളിഞ്ഞ ആകാശവും, മക്കള്‍ പിത്രുക്കള്‍ക്കായി പുഴയിലൊഴിക്കിയ അനേകം തിരിവിളക്കുകള്‍ പ്രഭ പരത്തികൊണ്ടു ഓളങ്ങളില്‍ ചാഞ്ചാടുന്നതും അവിടത്തെ കുളുര്‍മ്മയുള്ള രാവിന്റെ സാന്ത്വനവും ഒരു ദൈവീക സാന്നിദ്ധ്യം വെളിപെടുത്തുന്നവയാണ്‌. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ഒലിക്കുന്ന കണ്ണുനീര്‍ നനച്ച മുഖത്തേക്കു തട്ടുന്ന തിരിവിളക്കുകളുടെ പ്രകാശ ധോരണിയും, ഓം!നമഃശ്ശിവായ എന്നു മുഴങ്ങുന്ന പഞ്ചാക്ഷരിമന്ത്രവും, ഐതിഹ്യങ്ങള്‍ ഉറങ്ങുന്ന മണല്‍പുറവും ഓര്‍മ്മയില്‍ നിന്നും മായുകയില്ല.

നിറഞ്ഞ ഭക്‌തിയോടും, ശ്രദ്ധയോടും കൂടി ശിവനെ ആരാധിച്ചാല്‍ പാപങ്ങള്‍ കഴുകികിട്ടുമെന്നും, മരണശേഷം ശിവസന്നിധിയില്‍ എത്തിചേരുമെന്നും ജനന മരണ ചക്രത്തില്‍ നിന്നും മുക്‌തി കിട്ടുമെന്നും ശിവ ഭക്‌തന്മാര്‍ ഉറച്ചു വിശ്വസിക്കുന്നു.

രത്‌നങ്ങളേക്കാള്‍, പൂക്കളേക്കാള്‍ ശിവനു പ്രിയം കൂവളത്തിലയാണ്‌. ശിവരാത്രി ദിവസം ശിവലിംഗത്തെ പൂജിക്കാന്‍ കൂവള ത്തിലയുപയോഗിക്കുന്നു. കൂവളത്തിലയുടെ മാഹാത്മ്യത്തെകുറിച്ച്‌ു ഇങ്ങനെ വിശ്വസിച്ചുപോരുന്നു. അര്‍ദ്ധനാരീശ്വരനായ ശിവനു പാര്‍വതിയോടുള്ളത്ര സ്‌നേഹം വിഷ്‌ണുവിനു തന്നോടില്ലെന്നു തോന്നിയ ലക്ഷ്‌മിദേവി നാരദനെ വിവരമറിയിച്ചപ്പോള്‍ ആ ത്രിലോക ജ്‌ഞാനി ദേവിയെ ഉപദേശിച്ചു-പ്രതിദിനം ആയിരത്തിയൊന്നു താമരമൊട്ടുകള്‍ തനിയെ പറിച്ചു നാല്‍പ്പത്തിയൊന്നു ദിവസം ശിവനെ പൂജിക്കാന്‍. മണ്ഡലപൂജയുടെ അവസാനദിവസം ഒരു താമരമൊട്ടു കുറവു വന്നു. ലക്ഷ്‌മിദേവി ആദ്യം ഒന്നു അമ്പരന്നെങ്കിലും ക്രീഡവേളയില്‍ ഭര്‍ത്താവു തന്റെ സ്‌തനങ്ങളെ താമരമൊട്ടിനോടു ഉപമിക്കാറുള്ളതു അവര്‍ ഓര്‍ത്തു. ഒരു താമരമൊട്ടിന്റെ കുറവു നികത്താനായി തന്റെ സ്‌തനങ്ങളില്‍ ഒന്നു അവര്‍ പറിച്ചെടുക്കാന്‍ തുടങ്ങി.
ദേവിയുടെ ദ്രുഢവിശ്വാസത്തിലുള്ള ഭക്‌തി കണ്ടു സന്തുഷ്‌ടനായ ശിവന്‍ ആ സാഹസത്തില്‍നിന്നും അവരെ പിന്തിരിപ്പിച്ചു. എന്നാല്‍ ദേവിയുടെ മാറിടത്തില്‍നിന്നും ഭൂമിയിലേക്കു ഇറ്റിറ്റു വീണ രക്‌തബിന്ദുക്കളില്‍ നിന്നും കൂവളം മുളച്ചു. തന്നെ പൂജിക്കാന്‍ ഇതിനേക്കാള്‍ വേറെ നല്ല ഇല മൂന്നു ലോകത്തിലുമില്ലെന്നു ശിവന്‍ അരുളി ചെയ്‌തു.
കേരളത്തില്‍ ധാരാളം ശിവക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അരുവിപുറം ശിവക്ഷേത്രത്തിന്റെ പ്രത്യേകത അവിടത്തെ പ്രതിഷ്‌ഠകര്‍മ്മം നിര്‍വഹിച്ചതു ശ്രീ നാരായണഗുരുവാണെന്നതാണ്‌. ജാതിയുടെ സങ്കുചിതമായ കോട്ടതളങ്ങളെ കിടുകിടെ വിറപ്പിച്ചുകൊണ്ടു വെള്ളിടി പോലെ ഗുരുദേവന്‍ മുഴക്കിയ ശബ്‌ദം `താന്‍ ഈഴവ ശിവനെയാണു പ്രതിഷ്‌ഠിച്ചത്‌' എന്നു ഇവിടത്തെ മൂര്‍ത്തിയെകുറിച്ചാണ്‌. മൂര്‍ത്തിക്കോ മൂര്‍ത്തിയെ സ്വന്തമായി കൊണ്ടുനടന്നവര്‍ക്കൊ ഒന്നും സംഭവിച്ചില്ല. ദൈവം നമ്മോടുകൂടി എന്ന ബൈബിള്‍ വചനം പോലെ ശിവന്‍ എല്ലാവരുടേയും കൂടി കഴിയുന്നു.

ശിവരാത്രി മറ്റു വിശേഷ ദിവസങ്ങളെപോലെ ഒരു ആഘോഷമല്ല.ഭക്‌തന്മാര്‍ അനുഷ്‌ഠിക്കുന്ന ഒരു മഹവ്രുതമാണിത്‌. അതുകൊണ്ടു മരണശേഷം ശിവലോക പ്രാപ്‌തിയുണ്ടാകുമെന്നു അവര്‍ വിശ്വസിക്കുന്നു. ശിവരാത്രിയുടെ ശ്രേഷ്‌ഠവും പ്രാധാന്യവും അറിയണമെങ്കില്‍ `ആയിരം ഏകാദശിക്കു തുല്യമാണു അര ശിവരാത്രി' യെന്ന ചൊല്ല്‌ ഓര്‍ക്കുക.

മനുഷ്യര്‍ സ്വാര്‍ത്‌ഥ ലബ്‌ധിക്കുവേണ്ടി മതങ്ങളെ വളച്ചൊടിച്ചിട്ടുണ്ട്‌. തന്മൂലം ലോകത്തില്‍ ശാന്തിയും സമാധാനവും നഷ്‌ടപെട്ടുകൊണ്ടിരിക്കുന്നു. മതങ്ങളേക്കാള്‍ മനുഷ്യരെ സ്‌നേഹിക്കാന്‍ പഠിക്കുകയാണ്‌ അതിനുള്ള പ്രതിവിധി.. ദൈവപ്രീതി, പുണ്യം തുടങ്ങിയ ലക്ഷ്യങ്ങളെക്കാള്‍ വ്രുതങ്ങള്‍ക്ക്‌ (ഏത്‌ മതത്തിലെയായാലും) ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടെന്നും ഓര്‍ക്കുമ്പോള്‍ മതസ്‌പര്‍ദ്ധ കുറയും.

(ഓം!നമഃശ്ശിവായ)
മഹാശിവരാത്രി (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
babu menon (ottappalam) 2014-02-27 06:56:09
എന്താ കഥ. കണ്ണ് നിറഞ്ഞു പോയി. കഥ വയികുംപോൾ തന്നെ നമ്മളെ ശിവ ലോകത്തിലേക് കൊണ്ട് പോകുന്നത് പോലെ സുധിയുടെ എല്ലാ കഥകളും എന്നെ കഥയോടപ്പം കൊണ്ടുപോയിടുണ്ട്
lekha menon 2014-02-27 07:01:08
കഥ നന്നായിരിക്കുന്നു എവിടെ നിന്നാണ് എത്ര ഭാവനയോടെ എഴുതി വായനകാരെ കഥയുടെ ലോകത്തേക് കൊണ്ടുപോകാൻ കഴിയുന്നത്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക