Image

നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)

Published on 24 February, 2014
നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)
അഗസ്‌ത്യകൂടത്തില്‍ നിന്നും വരുന്ന വഴി നെയ്യാര്‍ അണക്കെട്ടില്‍ ഇറങ്ങിയിട്ടു പോകാമെന്നു പറഞ്ഞത്‌ രാമകൃഷ്‌ണനാണ്‌. നെയ്യാറിന്റെ ഉറവ പൊട്ടുന്നിടം യാത്രയ്‌ക്കിടയില്‍ ഞങ്ങള്‍ കണ്ടിരുന്നു. അതിന്റെ രൗദ്രരൂപം മീന്‍മുട്ടി വെള്ളച്ചാട്ടമായി ദൂരെ നിന്നും ഞങ്ങള്‍ കണ്ടിരുന്നു. എനിക്ക്‌ ഒരു ദിവസം കൂടി തിരുവനന്തപുരത്ത്‌ അധികമായി തങ്ങുന്നതു കൊണ്ടും പ്രശ്‌നമുണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ നെയ്യാര്‍ ഡാമിലേക്ക്‌ വഴി തിരിച്ചു വിട്ടു. ഇവിടെ നിന്നും ഏകദേശം മുപ്പതു കിലോമീറ്ററിലധികം ദൂരമുണ്ട്‌ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക്‌. നല്ല തെളിഞ്ഞ കാലാവസ്ഥ. പ്രകൃതി പൂത്തുലഞ്ഞു നില്‍ക്കുന്നു. വഴിമധ്യേ യാത്രയില്‍ ഇലകള്‍ മഞ്ഞിച്ചും ചുവന്നുമൊക്കെ നിറയെ മരങ്ങള്‍. അഗസ്‌ത്യകൂടത്തിന്റെ നെറുകയില്‍ നിന്നു നോക്കിയപ്പോള്‍ ചിത്രകാരന്‍ വരച്ചിട്ടതു പോലെ ദൂരെ കണ്ട എണ്ണഛായ ചിത്രം ഇപ്പോഴിതാ അരികില്‍. അതിന്റെ സാമീപ്യം അറിഞ്ഞും നുകര്‍ന്നും ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഏതാണ്ട്‌ ഉച്ചയോടു കൂടിയാണ്‌ നെയ്യാര്‍ ഡാമിനു സമീപം എത്തിച്ചേര്‍ന്നത്‌. നല്ല ഒന്നാന്തരം ഉച്ചഭക്ഷണം. മീന്‍ വറുത്തതും പച്ചക്കറികളും ചേര്‍ന്നു ഗ്രാമീണമായ ഭക്ഷണസ്‌റ്റൈല്‍. ഒപ്പം വായില്‍ വെള്ളമൂറുന്ന രസവും കൂടി കുഴച്ചുള്ള ഭക്ഷണം മനസ്സും ഒപ്പം വയറും നിറച്ചു.

തിരുവനന്തപുരം ജില്ലയുടെയും തമിഴ്‌നാടിന്റെയും സമീപപ്രദേശങ്ങളിലെ കൃഷിയാവശ്യങ്ങള്‍ക്കായി 1959 മുതല്‍ ഈ അണക്കെട്ട്‌ ഉപയോഗിക്കുന്നുണ്ട്‌. പ്രകൃതിയുടെ സൗന്ദര്യം ഏറെ അനുഗ്രഹിച്ചിട്ടുണ്ട്‌ ഈ റിസയര്‍വോയറിനെ. ഏതാണ്ട്‌ തൊണ്ണൂറ്‌ ചതുരശ്രകിലോമീറ്ററോളം കാടും നാടും ഈ അണക്കെട്ടിന്റെ നിര്‍മ്മാണത്തോടെ ജലസംഭരണിയുടെ അടിയിലായി എന്നത്‌ മറ്റൊരു കാര്യം. എന്നാല്‍ വാച്ച്‌ ടവറിന്റെ മുകളില്‍ നിന്നു നോക്കിയപ്പോള്‍ ഈ പരിസ്ഥിതിനാശത്തിന്റെ തോത്‌ മനോഹരമായി കാണപ്പെടുന്ന കായലിന്റെയും മലനിരകളുടെയും ദൃശ്യം മുന്നില്‍ നിര്‍ത്തുമ്പോള്‍ ഓര്‍മ്മിപ്പിക്കുകയേയില്ലെന്നത്‌ വേറൊരു കാര്യം.

തിരുവനന്തപുരം നഗരത്തില്‍ നിന്നും അധികം അകലെയല്ലാത്തതിനാല്‍ സ്വദേശികളായ ധാരാളം വിനോദസഞ്ചാരികള്‍ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. അണക്കെട്ടിന്റെ കാഴ്‌ചകള്‍ മനോഹരമാണ്‌. രാമകൃഷ്‌ണന്‍ പലതവണ ഇവിടെ വന്നിട്ടുണ്ട്‌. അയാള്‍ക്ക്‌ ഇതൊന്നും വലിയ കാര്യമായി തോന്നിയിട്ടില്ല. അല്ലെങ്കിലും അത്‌ അങ്ങനെയാണല്ലോ.. ഡാമിനോട്‌ അനുബന്ധിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്കും, കുട്ടികള്‍ക്ക്‌ പ്രത്യേകിച്ചും. ജലസംഭരണിയില്‍ ബോട്ടുസവാരിക്കുള്ള സംവിധാനവും അടുത്തായി തന്നെ ഒരു മുതലവളര്‍ത്തല്‍ കേന്ദ്രവും ഉണ്ട്‌. ഡാമില്‍ രണ്ടു വിഭാഗമായിട്ടാണ്‌ കാഴ്‌ചകള്‍ കാണേണ്ടത്‌ എന്ന്‌ അവിടെ എത്തിയപ്പോള്‍ മനസ്സിലായി. ഡാമിലെ കാഴ്‌ചകള്‍ നടന്നു കാണാവുന്നതാണ്‌. പിന്നെയുള്ളത്‌ രണ്ടു മൂന്നു ദ്വീപുകളാണ്‌. ബോട്ടില്‍ കയറിവേണം ദ്വീപിലേക്ക്‌ പോകാന്‍.

ഞാനും രാമകൃഷ്‌ണനും കൂടി ഡാമിന്റെ കവാടത്തിനരികിലേക്കു നടന്നു. നല്ല കാറ്റ്‌, നെയ്യാര്‍ സൗമഭാവത്തില്‍ മലര്‍ന്നു കിടക്കുന്നതു പോലെ തോന്നി. മാനം തെളിഞ്ഞു തന്നെ നില്‍ക്കുന്നു. ഈ സമയത്ത്‌ അഗസ്‌ത്യാര്‍കൂടത്തില്‍ മഞ്ഞിന്റെ ആവരണമായിരിക്കുമെന്നു രാമകൃഷ്‌ണന്‍ പറഞ്ഞു. ശരിയാണ്‌, തണുപ്പും ഇരുട്ടും കൂടി കലര്‍ന്ന്‌ ഒരു ഭയാനകസ്ഥിതിയായിരുന്നു അവിടെ. ഇവിടെ നേരെ തിരിച്ചും. ഞങ്ങള്‍ ഒരു ബോട്ട്‌ യാത്ര നടത്താന്‍ തീരുമാനിച്ചു. പാസ്‌ കൗണ്ടറില്‍ നിന്നും ടിക്കറ്റ്‌ എടുത്തു. ബോട്ടില്‍ പോകാന്‍ സന്ദര്‍ശകരുടെ നല്ല തിരക്കുണ്ടായിരുന്നു. അവിടെ ഇറങ്ങി പാസ്‌ എടുത്തു. ബോട്ട്‌ യാത്ര രസകരമായിരുന്നു. ജലതരംഗങ്ങള്‍ നെയ്യാറില്‍ ചിത്രങ്ങള്‍ എഴുതുന്നു. ഞങ്ങളത്‌ നോക്കി നിന്നു. ജലമരീചിക പോലെ അത്‌ അകന്നകന്നു പോയി. ബോട്ടില്‍ ഇരുന്നു തന്നെ കണ്ടു. ലയണ്‍ സഫാരി പാര്‍ക്ക്‌. വലിയൊരു അലര്‍ച്ചയാണ്‌ അവിടെ ബോട്ട്‌ അടുത്തപ്പോള്‍ ഞങ്ങളെ സ്വീകരിച്ചത്‌. സിംഹങ്ങള്‍ അവിടെ സ്വതന്ത്രരായി നടക്കുന്നുണ്ടത്രേ. അലര്‍ച്ച ഇടയ്‌ക്കിടെ കേള്‍ക്കുന്നുണ്ട്‌. ദ്വീപില്‍ ബോട്ട്‌ യാത്രക്കാരായ ഞങ്ങളെ കാത്തു ഒരു ബസ്‌ കിടപ്പുണ്ടായിരുന്നു. കാടിനുള്ളിലൂടെ ബസ്‌ യാത്ര തുടങ്ങി. ജുറാസിക്ക്‌ പാര്‍ക്ക്‌ സിനിമയാണ്‌ പെട്ടെന്ന്‌ ഓര്‍മ്മ വന്നത്‌. ബസിന്‌ എന്തെങ്കിലും പറ്റിയാലുള്ള അവസ്ഥയെക്കുറിച്ചാണ്‌ ഓര്‍മ്മ വന്നത്‌. അതേക്കുറിച്ച്‌ രാമകൃഷ്‌ണനോടു പറഞ്ഞ്‌ നാക്ക്‌ വായിലിട്ടില്ല അതാ മുന്നില്‍ സിംഹങ്ങളുടെ ഒരു കൂട്ടം. ആണും പെണ്ണും ഉണ്ട്‌. ഇടയ്‌ക്കിടെ മുരളുകയും അലറുകയും ചെയ്‌തു. അത്‌ ബസിനെ മൈന്‍ഡ്‌ ചെയ്യുന്നില്ലെന്നു തോന്നി. സിംഹങ്ങളില്‍ ഒന്ന്‌ ബസിന്റെ മുന്നില്‍ വന്നു കുറച്ചു നേരം എല്ലാവരേയും സാകൂതം നോക്കി. പിന്നെ ഗൗരവത്തോടെ മുരണ്ടു. സിംഹത്തെ അതിന്റെ സ്വാഭാവികമായി നിലയില്‍ കണ്ടതിന്റെ ത്രില്ല്‌ വര്‍ണനാതീതം തന്നെ. അല്‍പ്പം കൂടി പോയതിനു ശേഷം ബസ്‌ തിരികെ ബോട്ടിനു സമീപത്തേക്ക്‌ എത്തി.

രണ്ടാമത്തെ ദ്വീപിനെ ലക്ഷ്യമാക്കി ബോട്ട്‌ നീങ്ങി. ദ്വീപില്‍ മുതലകളുടെ ഒരു കൂട്ടമാണ്‌, കെട്ടിയുണ്ടാക്കിയ ടാങ്കുകളില്‍ മുതലകളെ വളര്‍ത്തുന്നു. വളരെ ചെറിയത്‌ തുടങ്ങി അല്‌പം വളര്‍ച്ചയെത്തിയ മുതലകള്‍ വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിലൊന്ന്‌ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടി പോസ്‌ ചെയ്യുന്നതു കണ്ടു. പിന്നെയത്‌ ക്ഷമനശിച്ചു വെള്ളത്തിലേക്ക്‌ ആഴ്‌ന്നു പോയി. നീണ്ടു കിടക്കുന്ന നടപ്പാത കണ്ടപ്പോള്‍ നടക്കുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച്‌ ചിലര്‍ പറയുന്നതു കേട്ടു. അപ്പോള്‍ ഞാനും രാമകൃഷ്‌ണനും മുഖത്തോടു മുഖം നോക്കി. ഞങ്ങളുടെ ഇരുവരുടെയും ചുണ്ടില്‍ ഒരു മന്ദഹാസം തുടിക്കൊട്ടി. നടന്നെത്തിയത്‌ മാനുകളെ വളര്‍ത്തുന്നയിടത്തായിരുന്നു. അവിടെ ഏകദേശം അമ്പതിലധികം മാനുകളുടെ വലിയൊരു കൂട്ടത്തെ കണ്ടു. തിരികെ ബോട്ടിന്റെ സമീപത്തേക്കു നടക്കുമ്പോള്‍ യാത്ര വലിയൊരു ന്‌ഷ്ടമായില്ലെന്നു തന്നെ ഉറപ്പിച്ചു. നെയ്യാറിലൂടെ ബോട്ട്‌ നീങ്ങുമ്പോള്‍ ആകാശത്ത്‌ വര്‍ണവിതാനങ്ങള്‍ ഛായമെഴുതി തുടങ്ങിയിരുന്നു.

ബസില്‍ നെയ്യാറില്‍ നിന്നും പേരൂര്‍ക്കടയെത്തി. അവിടെ നിന്നും മുട്ടടയിലേക്ക്‌ തിരിഞ്ഞു കേശവദാസപുരത്ത്‌. രാമകൃഷ്‌ണനോടു യാത്ര പറഞ്ഞ നേരെ ഹോട്ടല്‍ മുറിയിലേക്ക്‌. കുറിപ്പെഴുതിയപ്പോള്‍, അവിചാരിതമായി നെയ്യാര്‍ സന്ദര്‍ശിച്ചതിന്റെ സന്തോഷം മനസ്സില്‍ തിങ്ങി നിന്നു. യാത്രകള്‍ ഇങ്ങനെയാണ്‌, ഓരോ തവണയും ഓരോ കുളിര്‍മ മനസ്സില്‍ അവശേഷിപ്പിക്കും. പറഞ്ഞറിയിക്കാനാവാത്ത ഒരു അനിര്‍വചനീയ അനുഭൂതി..

(തുടരും)
നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)നെയ്യാര്‍, നീ എത്ര സുന്ദരി (പ്രകൃതിയുടെ നിഴലുകള്‍ തേടി 5:ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക