Image

മിത്രങ്ങള്‍ അകലുന്നു (പഞ്ചതന്ത്രം കഥകള്‍: ഡോ. എന്‍.പി ഷീല)

Published on 24 February, 2014
മിത്രങ്ങള്‍ അകലുന്നു (പഞ്ചതന്ത്രം കഥകള്‍: ഡോ. എന്‍.പി ഷീല)
തന്ത്രശാലിയായ കുറുക്കന്റെ കഥ കേട്ടപ്പോള്‍ സിംഹത്തെയും കാളയെയും തമ്മില്‍ പിണക്കാനുള്ള കരടകന്റെ ആശ അതിന്റെ പാരമ്യത്തിലെത്തി. ജ്യേഷ്‌ഠന്റെ വിശ്വാസം ഊട്ടിയുറിപ്പിക്കുന്നതിനായി ദമനകന്‍ ഒരു കഥകൂടി പറഞ്ഞു.

പണ്ടൊരിക്കല്‍ മദോല്‍ക്കടന്‍ എന്നൊരു സിംഹം കാട്ടിലുള്ള സകല ജീവികളെയും പീഡിപ്പിച്ചു രസിച്ചുകൊണ്ടിരുന്നു. പ്രജകള്‍ ഒരുമിച്ചുകൂടി സിംഹത്തെകണ്ട്‌ ഇപ്രകാരം ഒരു വ്യവസ്ഥ തിരുമുമ്പാകെ തരപ്പെടുത്തി.

 തങ്ങള്‍ ഓരോരുത്തരായി ദിവസവും വന്ന്‌ രാജാവിന്‌ ഭക്ഷണമായിക്കൊളളാം, അപ്പോള്‍ മറ്റു ജന്തുക്കള്‍ക്കും സ്വസ്ഥത കിട്ടുമല്ലൊ. ഈ തീരുമാനം രാജാവിനും ഹിതമായി. താന്‍ ഇരതേടി നടക്കേണ്ടതില്ല.തന്നെ ക
ണ്ട്‌ ജീവികള്‍ പരിഭ്രമിക്കുകയുമില്ല. തന്റെ ഭോജനം കുശാലായി നടക്കുകയും ചെയ്യും.

അങ്ങനെ കാര്യങ്ങള്‍ക്ക്‌ ക്രമം വന്നു. മൃഗങ്ങള്‍ തവണവച്ചു ചെന്ന്‌ രാജാവിനു ഭക്ഷണമായി. രാജാവങ്ങനെ അല്ലലില്ലാതെ, ഇര തേടാന്‍ മെനക്കെടാതെ സുഖമായി കഴിഞ്ഞു വന്നു. ഒരു നാള്‍ മുയലിന്റെ ഊഴം വന്നു . മുയല്‍ മന:പൂര്‍വ്വം അത്യന്തം സാവാധാനം നടന്ന രാജാവിന്റെ ഭക്ഷണ സമയം തെറ്റിച്ചു. രാജാവ്‌ അസ്വസ്‌തനും ക്ഷുഭിതനുമായി കാത്തു. തന്റെ ഇര ഇനിയും എത്തിയിട്ടില്ല. `ഇവനിതെവിടെ പോയി കിടക്കുന്നു, നാശം' രാജാവിന്റെ ക്ഷമയുടെ നെല്ലി പലക കണ്ടുതുടങ്ങി . അപ്പോഴതാ ഒച്ചിന്റെ വേഗതയില്‍ മുയലിന്റെ വരവ്‌! ആ നടപ്പു കണ്ടപ്പോഴേ രാജാവിന്റെ കോപം ഇരട്ടിച്ചു. സിംഹം ഗര്‍ജ്ജിച്ചുകൊ
ണ്ട്‌ താമസിക്കാനുള്ള കാരണം ആരാഞ്ഞു. മുയലിന്റെ മറുപടി ഇങ്ങനെ-

തിരുമനസേ അടിയന്‍ ഇങ്ങോട്ടു വേഗത്തില്‍ ഓടി വന്നപ്പോള്‍ മറ്റൊരു സിംഹത്തിന്റെ വായിലാണ്‌ ചന്നു ചാടിയത്‌.  അവിടുന്നു രക്ഷപെട്ടുപോരാന്‍ കുറെ പണിപ്പെടേണ്ടിവന്നു. അടിയന്റെ കാലതാമസം കരുതികൂട്ടിയല്ലാത്തതിനാല്‌ അവിടുന്നു പൊറുക്കണം. ഇതു കട്ടപ്പോള്‍ സിംഹത്തിന്റെ ക്രോധം ഇരട്ടിക്കയാണുണ്ടായത്‌ . രാജാവു പറഞ്ഞു-

ഭക്ഷണമൊക്കെ പിന്നെ , ആ ധിക്കാരിയെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം. വാ പുറപ്പെടാം , അവന്‍ എവിടെയെന്നു നോക്കാം.

ഇരുവരുമൊന്നിച്ചു പുറപ്പെട്ടു. വഴി മധ്യേകണ്ട ഒരു കിണര്‍ ചൂണ്ടി
ക്കണിച്ചുകൊണ്ട്‌ മുയല്‍ പറഞ്ഞു , ദാ അവിടെ. ഒരു പക്ഷേ, അവന്‍ നമ്മളെ കണ്ട്‌ അതിനകത്ത്‌ ഒളിച്ചിരിക്കാനും മതി . അങ്ങു  കണ്ടാട്ടെ. എന്നിട്ട്‌ അവനെ വേണ്ടവിധം കൈകാര്യം ചെയ്‌താട്ടെ . സിംഹം മുയലിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ മുമ്പോട്ട്‌ നടന്ന്‌ അവിടമാകെ പരിശോധിച്ചു. കണ്ടില്ല. തന്റെ എതിരാളി കിണറ്റിനുള്ളില്‍ പതുങ്ങിയിരിക്കയാണെന്നു കരുതി നോക്കിയപ്പോള്‍ തന്റെ രൂപത്തിലും ഭാവത്തിലും മറ്റൊരു സിംഹം . ആ രൂപം നോക്കി സിംഹം ഒറ്റയലര്‍ച്ച . കിണറ്റില്‍ നിന്നും അതിനേക്കാള്‍ ഭയങ്കരായ ഒരലര്‍ച്ച. തന്റെ പ്രതിബിംബവും തന്റെ അലര്‍ച്ചയുടെ മാറ്റൊലിയുമാണെന്ന വാസ്‌തവമറിയാതെ സിംഹത്താന്‍ കിണറ്റിലേക്ക്‌ എടുത്തു ചാടി. അവന്റെ കഥ കഴിഞ്ഞുവെന്നു പറയേണ്ടതില്ലല്ലൊ. ബുദ്ധിമാനായ മുയലിന്‌ മറ്റു മൃഗങ്ങളെല്ലാം ചേര്‍ന്ന്‌ നല്ലൊരു സ്വീകരണം നല്‌കി.

കഥകളെല്ലാം കേട്ട്‌ കരടകന്‌ തന്റെ അനുജനില്‍ വിശ്വാസവും മതിപ്പും വര്‍ദ്ധിച്ചു. കാളയെയും സിംഹത്തെയും തമ്മില്‍ പിണക്കുന്നതിന്‌ അനുജനെ അനുഗ്രഹിച്ച്‌ രാജസന്നിധിയിലേക്ക്‌ യാത്രയാക്കി.

തന്ത്രശാലിയായ ദമനകന്‍ രാജസന്നിധിയില്‍ ഹാജരായി. തന്റെ ബുദ്ധി മോശത്തിനു മാപ്പു തരണമെന്ന്‌ അപേക്ഷിച്ചു. സിംഹത്തിനു മാപ്പപേക്ഷയുടെ കാരണം മനസ്സിലായില്ല. കാരണമന്വേഷിച്ച സിംഹത്തി നോട്‌ ദമനകന്‍ ഇങ്ങനെ വിശദീകരണം നല്‌കി.

പുറമെ പഞ്ചപാവമെന്ന്‌ തോന്നുന്ന കാള ജഗജില്ലിയാണ്‌. അവന്‍ ഡാവില്‍ രാജാവിനെ സ്ഥാനഭ്രഷ്‌ട നാക്കി രാജ്യം കൈക്കലാക്കി രാജാവാകാന്‍ ആഗ്രഹിക്കുന്ന ഒരു ദുര്‍മോഹിയാണെന്ന കാര്യം തനിക്കിപ്പോഴേ അറിയാന്‍ കഴിഞ്ഞുള്ളു. ആ വിവരം അങ്ങയെ അറിയിക്കേണ്ടത്‌ ഒരു പ്രജയുടെ കടമയാണല്ലൊ. കൂടാതെ ഒരു കാര്യംകൂടി അടിയന്‌ ഉണര്‍ത്തിക്കാനു
ണ്ട്‌ . ഒരാളെ മാത്രം മന്ത്രിയാക്കുന്നതും ശരിയാണെന്നു തോന്നുന്നില്ല. അതു മത്തരമാണ്‌ . പിന്നെ വെറുമൊരു കാളയ്‌ക്ക്‌ നിലമുഴാനോ വണ്‌ടി വലിക്കാനോ അല്ലാതെ മറ്റെന്തറിയാം? ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഏഭ്യന്‍!

ദമനകന്റെ ഗീര്‍വ്വാണം കേട്ടിട്ടും പിംഗളകന്‌ കാളയെ തിരസ്‌കരിക്കാന്‍ തോന്നിയില്ല. കേവലമൊരു കാളയ്‌ക്ക്‌ മൃഗരാജാവായ തന്നോട്‌ എന്തു ചയ്യാന്‍ കഴിയും. ഇതിനു മറുപടിയായി ദമനകന്‍ ഇപ്രകാരം പറഞ്ഞു. `പ്രഭോ' ഒരാളെ അമിതമായി വിശ്വസിച്ചാല്‍്‌ ആപത്തു തീര്‍ച്ച . അങ്ങ്‌ മൂട്ടയുടെയും പേനിന്റെയും കഥ കട്ടിട്ടില്ലേ? ഞാന്‍ പറയാം.

രാജാവിന്റെ പട്ടു മെത്തയില്‍ വിസര്‍പ്പണി എന്നൊരു പേന്‍ സുഖമായി വസിച്ചു വന്നു. അങ്ങനെയിരിക്കെ ഒരു മൂട്ട അവിടെ ചെന്നു പേനുമായി മൈത്രി സമ്പാദിച്ചു. പേന്‍ മൂട്ടയെ തന്നോടൊപ്പം താമസിക്കാന്‍ അനുവദിച്ചു. തനിക്കു രാജാവിന്റെ രക്തത്തിന്റെ സ്വാദറിയാന്‍ മോഹമുണ്ടെന്നുകൂടി മൂട്ട പറഞ്ഞു. എന്നാലതും സാധിച്ചോളൂ എന്ന്‌ പേന്‍ അനുവാദം നല്‍കി. രാജാവ്‌ വന്നു ഉറങ്ങാന്‍ കിടന്നു. ഉറക്കം പിടിച്ച രാജാവിന്റെ രക്തം കുടിക്കാനായി മൂട്ട രാജാവിനെ കടിച്ചു തുടങ്ങി. കടിയുടെ ശല്യം സഹിക്കവയ്യാതെ രാരാവ്‌ ഉണര്‍ന്നു പരിചാരകനെ വിളിച്ചു കിടക്ക പരിശോധിപ്പിച്ചു. വെളിച്ചം കണ്ട്‌ മൂട്ട ഞൊടിയിടയില്‍ ഓടി മറഞ്ഞു. പരിചാരകന്‍ ഇഴഞ്ഞു നീങ്ങിയ പേനിനെ ഞെരിച്ചു കൊന്നു.
മിത്രങ്ങള്‍ അകലുന്നു (പഞ്ചതന്ത്രം കഥകള്‍: ഡോ. എന്‍.പി ഷീല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക