Image

ഇലക്ട്രിക്ക് ഷോക്ക് ( കഥ - സാം നിലമ്പള്ളില്‍)

സാം നിലമ്പള്ളില്‍ Published on 26 February, 2014
ഇലക്ട്രിക്ക് ഷോക്ക് ( കഥ - സാം നിലമ്പള്ളില്‍)




പഞ്ഞിക്കാരന്‍ പൊറിഞ്ചു നിരുപദ്രവിയായ ഒരു ജീവിയായിരുന്നു. പേരുകേട്ടപ്പോള്‍ ആദ്യംവിചാരിച്ചത് അദ്ദേഹം പഞ്ഞിക്കച്ചവടക്കാരന്‍ ആണെന്നാണ്. അയാള്‍ പഞ്ഞിയും മെത്തയുമൊന്നും വില്‍ക്കുന്നവനല്ലെന്നും അനേകം ഏക്കര്‍വരുന്ന അടക്കാതോട്ടത്തിന്റെ ഉടമയായ ചെറിയൊരു ധനവാനാണെന്നും ഡേവീസാണ് പറഞ്ഞത്. പഞ്ഞിക്കാരന്‍ എന്നുള്ളത് കുടുംബപ്പേരാണത്രെ. മരങ്ങളും കിളികളുമായി ബന്ധപ്പെട്ടുള്ള വീട്ടുപേരുകള്‍ കേരളത്തില്‍ സാധാരണമാണെങ്കിലും ഇങ്ങനെയൊരുപേര് ആദ്യമായമായിട്ടാണ് ക്‌ളീറ്റസ് കേള്‍ക്കുന്നത്. പുളിമൂട്ടില്‍, കാഞ്ഞിരമുറ്റത്ത് തത്തമംഗലത്ത് എന്നിങ്ങനെയുള്ള വീട്ടുപേരുകള്‍ കേട്ടിട്ടുണ്ട്. പഞ്ഞിയുമായി ബന്ധമുള്ള പേരുകളൊന്നും ഇല്ല എന്നായിരുന്നു ഇത്രനാളും അവന്റെ ധാരണ.

പണീഷ്‌മെന്റ് ട്രാന്‍സ്ഫറായി തൃശ്ശൂര്‍ ജില്ലയില്‍ എത്തിയപ്പോള്‍ കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സൂപ്പര്‍വൈസറായ ക്‌ളീറ്റസിന് സസ്‌പെന്‍ഷന്‍കിട്ടിയത് അവന്റെമാത്രം കുറ്റംകൊണ്ടല്ല. ഒരു ഗള്‍ഫുകാരന് അനധികൃതമായി കണക്ഷന്‍ കൊടുത്തത് അസിസ്റ്റന്റ് എഞ്ചിനീയര്‍കൂടി അറിഞ്ഞുകൊണ്ടായിരുന്നു. അതിനുകിട്ടിയ സമ്മാനത്തുക അയാളുമിയി പങ്കുവെയ്ക്കുകയും ചെയ്തു. ആരോ പാരവെച്ചതുകൊണ്ടാണ് അന്വേഷണംവന്നതും, ഏ.ഇ. രാഷ്ട്രീയസ്വാധീനമുപയോഗിച്ച് രക്ഷപെട്ടതും, ക്‌ളീറ്റസിനെ സസ്‌പെന്‍ഡ് ചെയ്തതും. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരികെവന്ന അവനോട് തൃശ്ശൂര്‍ക്ക് പൊക്കോളാന്‍ പറഞ്ഞു. കൊല്ലംജില്ലയില്‍ വീടും, ഭാര്യയും മക്കളുമുള്ള അവന് ദൂരേക്കുപോകാന്‍ തീരെസമ്മതമുണ്ടായിരുന്നില്ല. അവസാനം ഏ.ഇയുടെ സമാധാന വാക്കുകള്‍ കേട്ടപ്പോള്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

'താന്‍ അഞ്ചാറുമാസം അവിടെപ്പോയി ജോലിചെയ്യ്. അപ്പോഴേക്കും തിരികെ ഇവിടെത്തന്നെ കൊണ്ടുവരുന്നകാര്യം ഞാനേറ്റു. എന്നെ അപകടത്തില്‍നിന്നുരക്ഷിച്ച തന്നോട് എനിക്കൊരു കടപ്പാടില്ലേ? അതുഞാന്‍ മറക്കത്തില്ല.'

അപകടമെന്ന് അയാള്‍ പറഞ്ഞത് വാഹനാപകടമോ കറണ്ടടിച്ചുള്ള അപകടത്തേപ്പറ്റിയോ അല്ല. താന്‍ കുറ്റമേറ്റ് അയാളെ നിരപരാധി ആക്കിയതിനെയാണ് സൂചിപ്പിച്ചത്. വകയില്‍ ഒരുബന്ധു എമ്മെല്ലേ ആയതിനാല്‍ അയാള്‍വിചാരിച്ചാല്‍  തിരികെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നുള്ള വിശ്വാസം അവനുണ്ടായിരുന്നു.

തൃശ്ശൂര്‍ക്ക് ട്രാന്‍സ്‌ഫെറെന്ന് കേട്ടപ്പോള്‍ മേരി കരഞ്ഞു. 'ഞാനും കുഞ്ഞുങ്ങളും ഇവിടെ ഒറ്റക്കെങ്ങനെ കഴിയും? ഞങ്ങളും വരികാ തൃശ്ശൂര്‍ക്ക്.'

'നിങ്ങള്‍ വന്നാലെങ്ങനാ? ഒന്നാമത് പിള്ളാരുടെ പഠിത്തത്തെ ബാധിക്കും. ആറുമാസംകഴിഞ്ഞ് വീണ്ടും ഇങ്ങോട്ടുതന്നെ വരേണ്ടതല്ലേ? രണ്ടാമത്….'

രണ്ടാമത്തെ കാരണംപറയാന്‍ മേരി അനുവദിച്ചില്ല. അതിനുമുന്‍പ് അവള്‍ പറഞ്ഞു, 'ഇനി അവിടെപ്പോയി വേണ്ടാത്തവേലകാണിച്ച് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം വാങ്ങിയേക്കരുത്.'

അങ്ങനെയൊന്നും സംഭവിക്കത്തില്ലെന്ന് അവളെ പറഞ്ഞ് മനസിലാക്കി. ഇതിപ്പം ഏ.ഇയുംകൂടി അറിഞ്ഞുള്ള കേസല്ലായിരുന്നോ; ഇങ്ങനെയൊക്കെ ആകുമെന്ന് ആരെങ്കിലും വിചാരിച്ചോ? 

ഏ.ഈയേയും കീയിയേയും ഒന്നും വിശ്വസിക്കരുതെന്ന് മേരി ഉപദേശിച്ചു. 'കാര്യംകണ്ടിട്ട് കൈകഴുകുന്ന കൂട്ടരാ. അച്ചായനൊരു പാവമായതുകൊണ്ടാ ഇതൊക്കെ പറയുന്നത്.'

ഭാര്യയുടെ കോംപ്‌ളിമെന്റും വാങ്ങിക്കൊണ്ടാണ് തൃശ്ശൂര്‍ക്ക് വണ്ടികയറിയത്. ഭര്‍ത്താവിനെ ഏതോ വിദേശത്തേക്ക് യാത്രഅയക്കാനെന്നതുപോലെ അവളും മക്കളും റയില്‍വേസ്റ്റഷനില്‍ ചെന്നിരുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നതുകണ്ടു.

'മിലിറ്ററിയിലാണോ?' കുറെകഴിഞ്ഞപ്പോള്‍ എതിരെ ഇരുന്നയാള്‍ ചോദിച്ചു.

'അല്ല, ഇലക്ട്രിസിറ്റി ബോര്‍ഡിലാ.'

'എവിടാ?'

'തൃശ്ശൂര്.'

 കൊല്ലത്തുനിന്ന് തൃശ്ശൂര്‍ക്ക് പോകുന്നയാളെ യാത്രഅയക്കാന്‍ ഒരുകുടുംബംമൊത്തം സ്റ്റേഷനില്‍ വന്നതുകണ്ടിട്ടായിരിക്കണം അയാള്‍ ചിരിച്ചത്. അവനത് കണ്ടില്ലെന്ന് നടിച്ചു.

പഞ്ഞിക്കാരന്‍  പൊറിഞ്ചുവിന്റെ വീട്ടില്‍ താമസസൗകര്യം ഒരുക്കികൊടുത്തത് ലൈന്‍മാന്‍ ഡേവീസായിരുന്നു. അന്നേരമാണ് പൊറിഞ്ചുവിന് പഞ്ഞിക്കച്ചവടമാണോയെന്ന്  ചോദിച്ചത്. പൊറിഞ്ചു മാന്യനാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസിലായി. കണ്ടാല്‍ ഒരു കര്‍ഷകനാണെന്ന് തോന്നില്ല. കൃഷിക്കാരനെന്ന് പേരേയുള്ളു, നടുവളച്ച് തറയില്‍കിടക്കുന്ന ഒരു പാളപോലും എടുക്കുന്ന കൂട്ടത്തിലല്ല. ജന്റില്‍മാനേപ്പോലുള്ള വസ്ത്രധാരണം, സണ്‍ഗ്‌ളാസ്സ്, കഴുത്തില്‍ രണ്ടുപവന്റെ സ്വര്‍ണമാല, കയ്യില്‍ സ്വര്‍ണനിറമുളള വാച്ച്. മുടി ഡൈചെയ്തതാണെന്ന് കണ്ടാലറിയാം.

അയാളുടെ വീടിന്റെ മുകളിലെ ഒറ്റമുറിക്ക് വീടുമായിട്ട് ബന്ധമൊന്നുമില്ല. വെളിയില്‍കൂടി സ്റ്റെയര്‍ക്കെയിസ് ഉള്ളതുകൊണ്ട് വീട്ടുകാരെ ശല്ല്യപ്പെടുത്താതെ വരികയും പോവുകയും ചെയ്യാം. പ്രാധമിക ആവശ്യങ്ങള്‍ക്ക് വെളിയില്‍ കക്കൂസും കുളിമുറിയും. അതുകൂടാതെ നീന്തിക്കുളിക്കാന്‍ കുളവുമുണ്ട്. ആഹാരത്തിന് അടുത്തുതന്നെ അപ്പുനായരുടെ ഹോട്ടല്‍. എല്ലാംകൊണ്ടും സൗകര്യപ്രദം.

'വാടക?'

'അതൊക്കെ സാറിന്റെ ഇഷ്ടംപോലെ തന്നാല്‍മതി,' പൊറിഞ്ചു പറഞ്ഞു. 'ഇനിതന്നില്ലെങ്കിലും ഞാന്‍ ചോദിക്കത്തില്ല. ഞാന്‍ ഈയൊരുമുറിയുടെ വാടകകൊണ്ടല്ല കഴിയുന്നത്.'

'അതാണ് പൊറിഞ്ചു,' ഡേവീസ് പിന്നീട് പറഞ്ഞു. 'പൈവേണേല്‍  ഇങ്ങോട്ടുതരും. സാറിന് ആഹാരംകൂടി തരാന്‍ സാധിക്കാത്തതിലായിരിക്കും അയാള്‍ക്ക് വിഷമം.'

'അതിനകത്ത് കുത്തിയിരിക്കാതെ ഇറങ്ങിവാ ക്‌ളീറ്റസ് സാറെ,' വൈകുന്നേരങ്ങളില്‍ അയാള്‍ വിളിക്കും. 'നമുക്ക് വല്ലതുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കാം.'

പൊറിഞ്ചുവിന് രാഷ്ട്രീയം സംസാരിക്കണം. അതിനാണ് ക്‌ളീറ്റസിനെ വിളിക്കുന്നത്. സംസാരത്തിനിടയില്‍ അകത്തേക്ക്‌നോക്കി വിളിക്കും, 'മോളെ, ചായ.'

അയാള്‍ക്ക് ഒറ്റമോളാണ്. പതിന്നാലു വയസുള്ള, എപ്പോഴും ചിരിക്കുന്ന സുന്ദരിക്കുട്ടി. പേര് ലിസി. ഒമ്പതിലാണ് പഠിക്കുന്നതെന്ന് പറഞ്ഞു. താമസംതുടങ്ങി അനേകദിവസങ്ങളായിട്ടും അയാടെ ഭാര്യയെ വെളിയിലെങ്ങും കണാഞ്ഞതുകൊണ്ട് ഒരുദിവസം സംസാരത്തിനിടയില്‍  ചോദിച്ചു, 'പൊറിഞ്ചുവിന്റെ ഭാര്യ?'

അതുകേട്ട് അയാള്‍ ചിരിച്ചു. 'അവള്‍ വെളിയിലോട്ടൊന്നും ഇറങ്ങത്തില്ല. ഞായറാഴ്ച പള്ളിയില്‍പോകും, അതന്നെ. അതും കാറില്‍.'

പൊറിഞ്ചുവിന്റെ പഴയൊരു മാരുതി സുസുക്കി ഷെഡ്ഡില്‍ കിടപ്പുണ്ട്. പള്ളിയിലോട്ടുള്ള വഴിമാത്രമേ അതിനറിയൂ എന്നാണ് തോന്നുന്നത്. കാരണം ഞായറാഴ്ച മാത്രമേ അത് ഷെഡ്ഡില്‍നിന്ന് പുറത്തിറങ്ങുന്നത് കണ്ടിട്ടുള്ളു. അങ്ങനെ ഒരു ഞായറാഴ്ച രാവിലെ പൊറിഞ്ചുവിന്റെ ഭാര്യയെ ആദ്യമായി അവന്‍കണ്ടു. തലനരച്ച ഒരു കിഴവി. കണ്ടാല്‍ അയാളുടെ അമ്മയാണെന്നുതോന്നും. അവര്‍ പുറത്തോട്ടൊന്നും ഇറങ്ങാത്തതിന്റെ കാരണം അന്നേരമാണ് പിടികിട്ടിയത്; ചെറുപ്പക്കാരനും (?) യോഗ്യനുമായ പൊറിഞ്ചുവിന്റെ ഭാര്യയാണെന്ന് പറയാനുള്ള നാണക്കേട്. എന്തായാലും ആവിഷയത്തെപ്പറ്റി പിന്നീട്  അയാളുമായി സംസാരിച്ചിട്ടില്ല. ഒരുദിവസം രാത്രിയില്‍ ഒരുകുപ്പിയുമായി അയാള്‍ കയറിവന്നു. 'നല്ല ഒന്നാംതരം സാധനമാ; നെല്ല് വാറ്റിയത്. പൂവന്‍പഴവും, കൈതച്ചക്കയും കറുവാപ്പട്ടയും മറ്റുചില പച്ചമരുന്നുകളുമിട്ട് സ്‌പെഷ്യലായി ഉണ്ടാക്കിയതാ.'

'ഞാന്‍ അങ്ങനെ മദ്യപിക്കാറില്ല. ചില പാര്‍ട്ടികളില്‍ കമ്പനിക്കുവേണ്ടി അല്‍പം കുടിക്കുമെന്നല്ലതെ…….'

'ഇതൊരു മദ്യമല്ല, ക്‌ളീറ്റസ് സാറെ; മരുന്നാണ്.' അയാള്‍ പറഞ്ഞു. 'സ്‌കോച്ചുവിസ്‌ക്കി ഇവന്റെ പിന്നാലെവരാന്‍ യോഗ്യനല്ല.'

പൊറിഞ്ചു പറഞ്ഞത് ശരിയായിരുന്നു. അതൊരു വിശേഷപ്പെട്ട മദ്യമായിരുന്നു. സ്വീകാര്യമായ ഒരു രുചിയും മണവും അതിനുണ്ടിയാരുന്നു. കമ്പനിക്കുവേണ്ടിയെന്നുപറഞ്ഞ് തുടങ്ങിയ അവന്‍ അയാളോടൊപ്പമിരുന്ന് മദ്യപിച്ചു. മുക്കാല്‍ഭാഗവും കുടിച്ചത് പൊറിഞ്ചുതന്നെയായിരുന്നു. കുടിച്ച് ലവലുകെട്ട് അയാള്‍ തന്റെ കിടക്കയിലേക്ക് മറിയുന്നത് കറങ്ങുന്നകണ്ണുകള്‍കൊണ്ട് അവന്‍കണ്ടു. അയാളെ എഴുന്നേല്‍പിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടതുകൊണ്ട് കട്ടിലിന്റെ ഒരുകോണില്‍ അവനുംകിടന്നു. 

ഉറക്കത്തില്‍ മേരിയെ സ്വപ്നംകണ്ടു. അവള്‍ തന്റെ മുകളില്‍ കിടക്കുകയാണ്, അമര്‍ത്തി ചുംബിക്കുന്നു. അവള്‍ക്ക് ഇത്രയും ബലമോ? എന്തൊരു ഭാരമാണ് അവള്‍ക്ക്? വിവാഹജീവിതത്തില്‍ ഒരിക്കല്‍പോലും അവള്‍ ഇതുപോലെയുള്ള സംഗമത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. അവന്റെ കൈകള്‍ അവളുടെ നഗ്നശരീരത്തിലൂടെ സഞ്ചരിച്ചു. ശരീരത്തില്‍ നിറയെ രോമങ്ങള്‍. മേരിയുടെ ശരീരത്തില്‍ രോമങ്ങള്‍ ഇല്ലായിരുന്നല്ലോ. അവള്‍ക്ക് നീളമുള്ള മുടിയുണ്ടായിരുന്നു. ഇപ്പോള്‍ മുടികാണുന്നില്ല. മുഖത്തെ കുറ്റിമീശ മൂക്കില്‍കയറിയപ്പോള്‍ അവന്‍തുമ്മി. അതോടുകൂടി അവന്‍ ഉണര്‍ന്നു. കുറെനേരത്തെ ആലോചനക്ക് ശേഷമാണ് എന്തുഭാരമാണ് തന്റെ മുകളില്‍ കിടക്കുന്നതെന്ന് മനസിലായത്, പൊറിഞ്ചു. അയാളവനെ സംഭോഗിക്കുകയാണ്. ബലിഷ്ടമായ കൈകളില്‍നിന്ന് രക്ഷപെടാന്‍ സാധിക്കുന്നില്ല. അവസാനം സ്വതന്ത്രമായ ഒരുകാലുകൊണ്ട് സര്‍വ്വശക്തിയും സംഭരിച്ച് തൊഴിച്ചു. അയാള്‍ കട്ടിലില്‍നിന്ന് മറിഞ്ഞ് താഴെവീണു, ഒരു തടിവെട്ടിയിട്ടപോലെ. അവിടെക്കിടന്നു അയാള്‍ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.

രാത്രിയില്‍ അവിടുന്നിറങ്ങി ഡേവീസിന്റെ വീട്ടിലേക്ക് നടക്കുമ്പോള്‍ ഒന്ന് കരഞ്ഞാല്‍ കൊള്ളാമെന്നു അവനുതോന്നി. താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരിക്കുന്നു. ആരോട് തന്റെ വിഷമംപറയും, ഡേവീസിനോടോ, അതോ മേരിയോടോ?





ഇലക്ട്രിക്ക് ഷോക്ക് ( കഥ - സാം നിലമ്പള്ളില്‍)ഇലക്ട്രിക്ക് ഷോക്ക് ( കഥ - സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക