Image

യെദ്യൂരപ്പയ്ക്ക് ജാമ്യം; ജയില്‍ മോചിതനാവും

Published on 08 November, 2011
യെദ്യൂരപ്പയ്ക്ക് ജാമ്യം; ജയില്‍ മോചിതനാവും
ബാംഗ്ലൂര്‍: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാകട മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് ജാമ്യം. കര്‍ണാകട ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റൊരു കേസില്‍ നവംബര്‍ നാലിന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹത്തിന് ജയിലില്‍നിന്ന് പുറത്തിറങ്ങാം. ഒക്ടോബര്‍ 15 മുതല്‍ ജയിലില്‍ കഴിയുകയാണ് യെദ്യൂരപ്പ.

ഭൂമി കുംഭകോണ കേസില്‍ ഒക്ടോബര്‍ 15 നാണ് യെദ്യൂരപ്പ അറസ്റ്റിലായത്. ജയിലില്‍ അടച്ച അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് 16 ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം ആസ്പത്രിയില്‍നിന്ന് വിട്ടയച്ചതിനെ തുടര്‍ന്ന് വീണ്ടും ജയിലിലടച്ചു. എന്നാല്‍ അന്ന് വൈകീട്ടുതന്നെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചുലക്ഷം രൂപയുടെ ജാമ്യത്തിന്മേലും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന ഉറപ്പിന്മേലുമാണ് ജസ്റ്റിസ് ബി.വി പിന്റോ ജാമ്യം അനുവദിച്ചത്. മുന്‍മന്ത്രി കൃഷ്ണയ്യ ഷെട്ടിക്കും യെദ്യൂരപ്പയ്‌ക്കൊപ്പം ജാമ്യം ലഭിച്ചിട്ടുണ്ട്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് യെദ്യൂരപ്പയ്ക്ക് എതിരെയുള്ളത്. എന്നാല്‍ രണ്ടു കേസുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. ഗെദ്ദനഹള്ളി, ദേവരാച്ചിക്കനഹള്ളി എന്നിവടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി യെദ്യൂരപ്പയുടെ അടുത്ത ബന്ധുക്കള്‍ക്കായി പതിച്ചു നല്‍കിയതും ഉത്തരഹള്ളി, ആഗ്ര ഗ്രാമങ്ങളിലും നടന്ന ഭൂമി കൈമാറ്റവുമാണ് കേസുകകള്‍ക്ക് ആധാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക