Image

ജാതി രാഷ്ട്രീയം = കേരള രാഷ്ട്രീയം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 26 February, 2014
ജാതി രാഷ്ട്രീയം = കേരള രാഷ്ട്രീയം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
ജാതി ഭ്രാന്തില്‍ കേരളം പൊള്ളുന്നു
ജാതി വച്ച്‌ ചീട്ടു കശക്കുന്നു
മതമേലാളര്‍ ഉറഞ്ഞൊന്നു തുമ്മിയാല്‍
വിറങ്ങലിക്കുന്നു ഭരണകൂടങ്ങളും

മന്ത്രിമാര്‍ വന്ന്‌ കാലു തിരുമ്മണം
തന്ത്രിമാര്‍ വന്ന്‌ പൂജ നടത്തണം
കൈകള്‍ മുത്തി അനുഗ്രഹം വാങ്ങണം
തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറുവാന്‍

ആശയങ്ങളെ മണ്ണിട്ടുമൂടിയ
പകലിരവില്‍ നിറം മാറിയെത്തുന്ന
പക്ഷ പ്രതിപക്ഷ കക്ഷികളല്ലയോ
ജാതി ഭ്രാന്തിന്‍ വളര്‍ച്ചക്ക്‌ കാരണം

വോട്ടു വെട്ടിപ്പിടിച്ചു ജയിക്കുവാന്‍
അരമനകളില്‍ കയറി ഇറങ്ങുന്നു
സ്വാമിമാരെ താണ്‌ വണങ്ങുന്നു
സ്വയം പ്രവാചകനായി ചമയുന്നു

ദൈവചിന്ത വളര്‍ത്തേണ്ട ശ്രേഷ്ടന്മാര്‍
കത്തിയുമായി തെരുവില്‍ കളിക്കുന്നു
കാവിയിട്ടു സന്യസ്‌തരായവര്‍
സ്ഥാനം തേടി തമ്മിലടിക്കുന്നു

നാണയത്തിന്റെ രണ്ടു പുറങ്ങളില്‍
ജാതിരാഷ്ട്രീയം കോമരം തുള്ളുന്നു
പൂരകമായി പരസ്‌പരം വര്‍ത്തിച്ചു
രണ്ടു കൂട്ടരും സംതൃപ്‌തി നേടുന്നു

നീന്തല്‍ സായത്തമാക്കിയ പൂരുഷന്‍
സാഗരത്തില്‍ നീന്തി രസിക്കട്ടെ
പന്ത്‌ തട്ടില്‍ വൈദഗ്‌ദ്യം നേടിയോന്‍
കളിക്കളത്തില്‍ അരങ്ങു തകര്‍ക്കട്ടെ ..

അവനവനുടെ കര്‍മ്മക്ഷേത്രങ്ങളില്‍
പരിലസിക്കാന്‍ കഴിയട്ടെ എപ്പോഴും
പന്ത്‌ തട്ടി നീന്തുവാന്‍ പോയെന്നാല്‍
സാഗരത്തില്‍ അന്ത്യയാത്രാമൊഴി ...
ജാതി രാഷ്ട്രീയം = കേരള രാഷ്ട്രീയം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക