Image

കോടതിയലക്ഷ്യക്കേസില്‍ ജയരാജന് ആറ് മാസം തടവ്

Published on 08 November, 2011
കോടതിയലക്ഷ്യക്കേസില്‍ ജയരാജന് ആറ് മാസം തടവ്
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

ഉത്തരവ് കേട്ട ജയരാജന്‍ ശിക്ഷാ വിധി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതോടെ ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കോടതിയലക്ഷ്യക്കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ജയരാജ് വിധിച്ചത്. ജസ്റ്റിസ്മാരായ വി രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ശിക്ഷ വിധിച്ചത്.

ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ല, വിധിന്യായത്തിലെ പൊരുത്തക്കേടാണ് ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജയാജന്റെ വാദമുഖങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.

ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചത് കോടതിലക്ഷ്യം തന്നെയാണെന്ന് വിധി ന്യായത്തില്‍ പറയുന്നു. 'ശുംഭന്‍ എന്ന പ്രയോഗം കോടതിയുടെ അന്തസ് താഴ്ത്തുന്നതാണ്. ശുംഭന്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങള്‍ കോടതിയുടെ മാന്യതയെ ബാധിക്കുന്നതാണ്. നിയമനിഷേധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന നടപടിയാണിത്. കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് ശേഷവും ജയരാജന്‍ മാധ്യമങ്ങളും പൊതുചടങ്ങിലും വീണ്ടും കോടതിക്കെതിരെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു'- 140 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക