Image

വിരോധാഭാസം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍ )

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 28 February, 2014
വിരോധാഭാസം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍  )





സാമ്രാജ്യത്ത  ശക്തിയാണെങ്കിലും  
ബര്‍മിങ്ങാമില്‍   മോനെ  അയക്കണം 
കാപ്പിറ്റേഷന്‍  നിഷിദ്ധമാണെങ്കിലും 
ഊട്ടിയില്‍  വിട്ടു  ഡോക്ടറാക്കീടേണം   

സ്വാശ്രയങ്ങള്‍  വിരുദ്ധമാണെങ്കിലും 
മറ്റാശ്രയങ്ങള്‍  ഒന്നുമേ  ഇല്ലഹോ !!!
തൊഴിലില്ലാപ്പട  പെരുകുമെന്നാകിലും 
സോഫ്റ്റ്‌വെയറില്‍ ഭാവി  കണ്ടീടുന്നു  

ഒരു  ദൈവമെന്നോതിയ  വര്യനെ 
ദൈവമാക്കി  പൂജ  നടത്തുന്നു 
ഗുരുവചനങ്ങള്‍  ഉച്ചത്തില്‍  ഘോഷിച്ചു 
ഗുരുവിനെ  വിറ്റു  പോക്കറ്റിലാക്കുന്നു 

മദ്യപാനം  ഗുരുദോഷമെങ്കിലും 
മദ്യം  വിറ്റു  കീശ  വീര്‍പ്പിക്കുന്നു   
ജാതിഭേദം വളര്‍ത്തി കൊഴുപ്പിച്ചു 
ജാതിസ്പര്‍ദ്ധ  ഇരട്ടിയാക്കീടുന്നു 

തീവ്രവാദികള്‍  ദിവ്യന്മാരാകുന്നു 
വേദി  പങ്കിട്ടു  കുശലം  പറയുന്നു 
എതിര്  നിന്ന്  കടകം  പയറ്റിയോര്‍ 
കൈകള്‍  കോര്‍ത്ത്  സുഹൃത്തുക്കളാകുന്നു 

കാവിമണ്ണില്‍  കരിഞ്ഞ  തീവണ്ടിയില്‍ 
സോദര  സ്‌നേഹം  ഉച്ചത്തിലാകുന്നു 
മാപ്പപേക്ഷിച്ചു  കൊഞ്ഞനം  കുത്തുന്നു 
അവസരത്തിനായ്  കാതോര്‍ത്തു  നില്ക്കുന്നു 

ഗാന്ധിചിത്രം  തൂക്കിയതിന്‍  താഴെ 
ഗാന്ധി  നോട്ടുകള്‍  കൈമാറ്റം  ചെയ്യുന്നു 
ശുഭ്രവസ്ത്രം  കളങ്കിതമാകുന്നു 
അഴിമതിയില്‍  മുങ്ങിക്കുളിക്കുന്നു 
 
സായിപ്പിന്‍  ഭാഷ  വര്‍ജ്യമാണെങ്കിലും 
മക്കളൊക്കെയും  ഇംഗ്ലീഷ്  മൊഴിയണം 
ഇവ്വിധങ്ങളൊക്കെയുമെന്‍  നാട്ടില്‍ 
വാക്കിനെതിരെ  പ്രവര്‍ത്തിയൊഴുകുന്നു !!!

Join WhatsApp News
Baby thottakara 2014-03-12 14:25:14
Very good...keep writing more.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക