Image

ആറന്മുളയുടെ താല്പര്യത്തിനെതിരായ സമരമാണ് നടക്കുന്നത്: ശിവദാസന്‍നായര്‍ എം.എല്‍.എ

Published on 02 March, 2014
ആറന്മുളയുടെ താല്പര്യത്തിനെതിരായ സമരമാണ് നടക്കുന്നത്: ശിവദാസന്‍നായര്‍ എം.എല്‍.എ
പത്തനംതിട്ട: ആറന്മുള വിമാനത്താവളം വേണമെന്നുകാണിച്ച് കെ.പി.സി.സി. പ്രസിഡന്‍റിന് കത്തുനല്‍കിയെന്നും അനുകൂല മറുപടി പ്രതീക്ഷിക്കുന്നെന്നും കെ. ശിവദാസന്‍നായര്‍ എം.എല്‍.എ.
ജില്ലയുടെ വികസനത്തെ സഹായിക്കുന്ന വലിയ പദ്ധതിക്കെതിരെ നടത്തുന്ന സമരം തട്ടിപ്പാണ്. മറ്റൊരിടത്തും ഇല്ലാത്ത ചിലന്തികള്‍ പദ്ധതി പ്രദേശത്തുണ്ടെന്നും പമ്പയ്ക്ക് ദോഷം ചെയ്യുമെന്നുമുള്ള ബാലിശമായ വാദങ്ങളുന്നയിച്ചാണ് ചിലര്‍ പദ്ധതിയെ എതിര്‍ക്കുന്നത് -ശിവദാസന്‍നായര്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആറന്മുളയില്‍ സമരം നടത്തുന്നത്. ഇവരുടെ കെണിയില്‍ ചിലര്‍ വീണു. നാടിന്റെ വികസനത്തിനെതിരായ സമരത്തില്‍നിന്ന് ഇവര്‍ പിന്മാറണം.
നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കെ. കരുണാകരന്‍ കാണിച്ച താല്പര്യം ആറന്മുളയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കണം.

പ്രമാണിമാര്‍ക്കുവേണ്ടിയാണ് ആറന്മുള വിമാനത്താവളമെന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. എന്നാല്‍, അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പതിനെട്ട് ഉത്തരവുകള്‍ ആറന്മുള വിമാനത്താവളത്തിനായി ഇറക്കിയത്. പ്രമാണിക്കുവേണ്ടിയാണ് ആറന്മുളവിമാനത്താവളമെന്ന് ഇന്ന് അദ്ദേഹം പറയുന്നതിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും മനസ്സിലാകും. സമരത്തിന്റെ നേതൃത്വത്തിലുള്ളവരെല്ലാം തുടക്കസമയത്ത് ആറന്മുളവിമാനത്താവളത്തെ അനുകൂലിച്ചവരാണ്.

ആറന്മുളയുടെ താല്പര്യത്തിനെതിരായ സമരമാണ് നടക്കുന്നത്. ജനങ്ങളുടെ ഹിതപരിശോധന നടത്തിയാല്‍ ഇത് വ്യക്തമാകും. ജനങ്ങളുടെ പിന്തുണയില്ലാത്ത ഈ സമരം നടത്തിക്കൊണ്ടുപോകാനാകില്ല. ജില്ലയ്ക്ക് വീണുകിട്ടിയ ഒരു സുവര്‍ണാവസരമാണ് വിമാനത്താവളം. ഇത് നടപ്പാക്കിയില്ലെങ്കില്‍ വികസനപദ്ധതി നടപ്പാക്കാന്‍ പരാജയപ്പെട്ട എം.എല്‍.എ.എന്നാകും അടുത്ത തലമുറ തന്നെ വിശേഷിപ്പിക്കുക
Join WhatsApp News
വിദ്യാധരൻ 2014-03-02 09:17:41
കേരളത്തിനു മാതാ അമൃത മടത്തിൽ നിന്ന് പല സഹായങ്ങളും ലഭിച്ചിട്ടുണ്ട് അതുകൊണ്ട് അവരുടെ അഴുമതികളെ കുറിച്ച് അന്വേഷിക്കണ്ട എന്ന് പറയുന്ന രാഷ്ട്രീയ ശുംഭ ശിരോമണികൾ ഭരിക്കുന്ന കേരളത്തിൽ ശിവദാസന്‍നായര്‍ എന്ന ഈ രാഷ്ട്രീയ കോമരം, സ്വന്തം നാട് മുടിഞ്ഞാലും വേണ്ടില്ല, മുട്ടിനു മുട്ടിനു വിമാനത്താവളം ഉള്ള കേരളത്തിൽ അറുമുളക്കും ഒരെണ്ണം ഇരിക്കട്ടെ എന്ന് പറയുമ്പോൾ ശർദ്ദിക്കാൻ വരുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക