Image

സുധീരനും സുകുമാരന്‍ നായരും - ബാബു പാറയ്ക്കല്‍

ബാബു പാറയ്ക്കല്‍ Published on 03 March, 2014
സുധീരനും സുകുമാരന്‍ നായരും - ബാബു പാറയ്ക്കല്‍
ഗ്രൂപ്പുവഴക്കും അഴിമതിയും കൊണ്ടു നിറം മങ്ങിയ കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കുവാന്‍ കേന്ദ്രം സുധീരനെ നിയമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പേരുകള്‍ ഡല്‍ഹിയിലെ ഓടയിലേക്കു വലിച്ചെറിഞ്ഞു ഹൈക്കമാന്റ് സുധീരമായ നടപടി സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ തലപ്പത്ത് വിവരമുള്ളവനും ഉണ്ടെന്നു ജനങ്ങള്‍ക്കു മനസ്സിലായി. സുധീരനെ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. ഒരിക്കലും അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു വേണ്ടി വാലാട്ടി നടന്നിട്ടില്ല. ഒരു ഗ്രൂപ്പിന്റെയും കൊടിയെടുത്ത് കൗപീനം ധരിച്ച് അതിനുവേണ്ടി റാലി നടത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പിന്റെ നേതാക്കള്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി. എല്ലാ സമുദായങ്ങളെയും തുല്യ അകലത്തില്‍ നിര്‍ത്തി പറയേണ്ടതായ കാര്യങ്ങള്‍ ധൈര്യമായി പറയുകയും ചെയ്ത സുധീരനെ അതുകൊണ്ടുതന്നെ അധികാരങ്ങളുടെ അകത്തളങ്ങളിലേക്ക് ആരും ക്ഷണിച്ചില്ല. എന്നിട്ടും അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകനായി കോണ്‍ഗ്രസിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിച്ച സുധീരനെ ഒടുവില്‍ നേതൃത്വം തിരിച്ചറിഞ്ഞു.
സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായി കേരളത്തിലേക്കു വരുന്നെന്നു കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയതു സി.പി.എം. സെക്രട്ടറി പിണറായി വിജയനാണ്. അതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. കാരണം, ഗ്രൂപ്പുകളുടെ പാരവയ്പ്പും പാലംവലിയും അതിനുപുറമേ അഴിമിതിയുടെ സോളാര്‍പാനല്‍ എനര്‍ജിയും കൂടി കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ കൊടുക്കാന്‍ പോകുന്ന പണി അദ്ദേഹത്തിനു ശരിക്കും അറിയാമായിരുന്നു. അതുകൊണ്ട് അടുത്ത സര്‍ക്കാര്‍ തങ്ങളുടേതാണെന്നുറപ്പിച്ച പാര്‍ട്ടി സെക്രട്ടറിയ്ക്ക് പുനര്‍ചിന്തിക്കേണ്ടിവന്നു. സുധീരന്‍ വരികയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായിരുന്ന ആവേശം ലഭിക്കുകയും ചെയ്തപ്പോള്‍ മറുവശത്ത് വി.എസ്.ന്റെ വിഘടനവാദവും ടി.പി.യുടെ പ്രേതവും കൂടി പാര്‍ട്ടിയുടെ ഉറക്കം കെടുത്തുകയാണ്.

തെരഞ്ഞെടുപ്പിലേക്ക് ശുഭാപ്തിവിശ്വാസത്തോടെ നോക്കുന്ന സുധീരന്‍ കോട്ടയത്തു ഡി.സി.സി.യുടെ മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ പോയവഴി പെരുന്നയിലുള്ള മന്നംസമാധിയില്‍ കയറി മന്നത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ പുഷ്പാര്‍ചന നടത്തി. എന്‍.എസ്.എസിന്റെ സെക്രട്ടറി സുകുമാരന്‍ നായരെ മൂന്നുദിവസം മുമ്പുതന്നെ സുധീരന്‍ വരുന്നകാര്യം അറിയിച്ചിരുന്നു. എന്നിട്ടും സുധീരന്‍ മന്നം സമാധിയിലേക്കുകയറി വന്നപ്പോള്‍ സുകുമാരന്‍ നായര്‍ പുറംവാതിലില്‍കൂടി ഇറങ്ങി അദ്ദേഹത്തിന്റെ ഓഫീസിലേക്കു പോയി സുധീരന്‍ വരുന്നതും കാത്തിരുന്നു. പത്തുമിനിറ്റുമാത്രം ചെലവഴിച്ചശേഷം സുധീരന്‍ വന്നവഴിയേ തിരിച്ചുപോയി. ഓഫീസിലെത്തിമുഖം ദര്‍ശിക്കുമെന്നു കരുതി ചായം തേച്ചിരുന്ന സുകുമാരന്‍ നായര്‍ പൊട്ടിത്തെറിച്ചു. കെ.പി.സി.സി. പ്രസിഡന്റായാലും കേന്ദ്രമന്ത്രിയായാലും തന്നേക്കാള്‍ വലിയതല്ലയെന്നു സമുദായത്തിന്റെ പേരില്‍ അഹങ്കരിച്ചിരുന്ന സുകുമാരന്‍ നായര്‍ പിന്നെ വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞും വീമ്പിളക്കിയും കേരളത്തിലെ നായന്മാരെ മൊത്തം നാറ്റിച്ചു. നായര്‍ സമുദായത്തിനു ബാധ്യതയായി കസേരയിലിരിക്കുന്ന സുകുമാരന്‍ നായര്‍ വിചാരിക്കുന്നത് മുഴുവന്‍ നായന്മാരും അദ്ദേഹം പറയുന്നിടത്തുമാത്രം വോട്ടു ചെയ്യുന്നവരാണെന്നാണ്. രാവിലെ സൂരന്‍ ഉദിക്കുന്നതു താന്‍ കൂവന്നതുകൊണ്ടാണെന്നു ധരിക്കുന്ന കോഴിയെപ്പോലെയാണിദ്ദേഹം.

ഈഴവ സമുദായത്തില്‍ ജനിച്ച സുധീരന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തു വരുമ്പോള്‍ നായരായ എന്നെ എന്റെ ഓഫീസില്‍ വന്നു കാണേണ്ടതല്ലേ എന്നാണു സുകുമാരന്‍ നായര്‍ ചോദിക്കുന്നത്. ഇതു പഴയ മാടമ്പി സ്വഭാവമാണ്. മന്നത്തിന്റെ കസേരയില്‍ മന്ദബുദ്ധി ഇരിക്കുന്നുവെന്നാണ് വെള്ളാപള്ളി നടേശന്‍ പറഞ്ഞത്. സോഷ്യല്‍നെറ്റുവര്‍ക്കുകളില്‍ ഭൂരിഭാഗം പേരും സുധീരന്റെ നടപടിയെ ശരിവയ്ക്കുകയാണു ചെയ്യുന്നത്. ഇനി എന്നാണാവോ ഇദ്ദേഹത്തിനു നല്ല ബുദ്ധിയുണ്ടാകുന്നത്.!


സുധീരനും സുകുമാരന്‍ നായരും - ബാബു പാറയ്ക്കല്‍
Join WhatsApp News
Ben 2014-03-03 07:34:12
ഇടതു വലതു വ്യത്യാസം ഇല്ലാതെ നേതാക്കൾ മത നേതൃത്വങ്ങളുടെ അരമന നിരങ്ങി അവരുടെ കാലു നക്കുന്ന സ്വഭാവം ഒന്ന് നിര്ടുവാൻ സുധീരനെ കണ്ടു പഠിച്ചിരുന്നെങ്കിൽ ....സുകുമാരാൻ നായരും, നടേശനും ബാവ മാരും അല്ലെ ഇന്ന് പുറകില നിന്ന് ഭരണം നടത്തുന്നത്....പിണറായിയും, ചാണ്ടിയും ഒന്നും ഇവരുടെ കാലു പിടിമ്ക്കുവാൻ മോശമല്ല ...ഇത് മാരിയില്ലങ്കിൽ ജനം ചൂലെദുക്കൂം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക