Image

വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)

Published on 01 March, 2014
വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)
അവധിക്ക്‌ നാട്ടില്‍ പാമ്പാടിയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ കോള്‍ വന്നത്‌. ഫൈന്‍ ആര്‍ട്‌സ്‌ മലയാളത്തിലെ പ്രധാന നടനും റിട്ടയര്‍മെന്റായി കാഞ്ഞിരപ്പള്ളിയില്‍ താമസിക്കുന്ന ജോസായിരുന്നു മറുതലയ്‌ക്കല്‍. കുശലവര്‍ത്തമാനങ്ങള്‍ക്കു ശേഷം ഒരു യാത്ര വരുന്നോ എന്ന ചോദ്യത്തിന്‌ മറുത്തൊന്നും ആലോചിക്കാതെ വരുന്നുവെന്ന മറുപടിയില്‍ നിന്നാണ്‌ ഞങ്ങളുടെ വര്‍ക്കല യാത്ര രൂപം കൊള്ളുന്നത്‌. ജോസിനും ഭാര്യ വത്സയ്‌ക്കും വര്‍ക്കലയിലുള്ള ഒരു റിസോര്‍ട്ടില്‍ ടൈം ഷെയര്‍ ഉണ്ടായിരുന്നു. അതു മുതലാക്കാനുള്ള പുറപ്പാടിലാണ്‌. ഞാന്‍ വര്‍ക്കല വഴി ട്രെയിനില്‍ കടന്നു പോയിട്ടുണ്ടെന്നതൊഴിച്ചാല്‍ അവിടം സന്ദര്‍ശിച്ചിട്ടില്ലായിരുന്നു. അങ്ങനെ ഒരു പുലര്‍കാലവേളയില്‍ ഞങ്ങള്‍ കോട്ടയത്തു നിന്നു വര്‍ക്കലയ്‌ക്ക്‌ വണ്ടിവിട്ടു.

സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ്‌ വര്‍ക്കല. രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്‌ണു ക്ഷേത്രം ഇവിടെയുണ്ട്‌. ആത്മീയ പ്രസക്‌്‌തിയുള്ള ശിവഗിരി മഠവും വര്‍ക്കലയ്‌ക്ക്‌ തൊട്ടടുത്താണ്‌. പ്രഭാതഭക്ഷണം പത്തനാപുരത്തു നിന്നായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും നല്ല പൂരി കിട്ടി. ജോസും വത്സയും ചപ്പാത്തി കഴിച്ചു. കോഫി ഹൗസിലെ കാപ്പി മൊത്തിക്കുടിക്കുന്നതിനിടയില്‍ ജോസിന്റെ കമന്റ്‌, എത്ര തരം കാപ്പികള്‍ നമ്മള്‍ കുടിച്ചിട്ടുണ്ട്‌ കപ്പിചുനോ അടക്കം, എന്നിട്ടും കോഫി ഹൗസിലെ കാപ്പിയുടെ രുചി വേറെ എവിടെയാണ്‌ കിട്ടുന്നത്‌? ശരിയാണ്‌. ഒന്നു രുചിച്ചു നോക്കിയാല്‍ പിന്നെയും കുടിക്കാനുള്ള അതേ രസം.

ഞങ്ങള്‍ രാവിലെ ഒമ്പതര കഴിഞ്ഞപ്പോള്‍ വര്‍ക്കലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണം. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ്‌ വര്‍ക്കല സ്ഥിതി ചെയ്യുന്നത്‌. കടലും കുന്നുകളും മുട്ടിയുരുമ്മി നില്‌ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്‌ച. റിസോര്‍ട്ടില്‍ ചെക്ക്‌ ഇന്‍ ചെയ്‌തു, അല്‍പ്പനേരം വിശ്രമം. കടലിനോടു ചേര്‍ന്നായിരുന്നു റിസോര്‍ട്ട്‌. ജനാല തുറന്നിട്ടാല്‍ കടല്‍ കാണാം. ചിലമ്പിച്ച കാറ്റ്‌ ജനാല വഴി അകത്തേക്കു വന്നു കിന്നാരം ചൊല്ലി തിരിച്ചു പോയി. എത്ര സുന്ദരമായ പ്രകൃതി.

ഏതൊരു മനസ്സിനും സാന്ത്വനം പകരുന്ന കടല്‍ക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകള്‍ വര്‍ക്കല ബീച്ചിനെ വ്യത്യസ്‌തമാക്കുന്നു. ഇവിടത്തെ ജലത്തിന്‌ മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ്‌ ശുദ്ധീകരിക്കാന്‍ കഴിവുണ്ടൊണ്‌ വിശ്വാസമെന്നു വത്സ പറഞ്ഞു. ശരിയായിരിക്കാം, ഐതീഹ്യവും യാഥാര്‍ത്ഥ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന സുന്ദരഭൂമി... തീരത്ത്‌ ഇറങ്ങാന്‍ പറ്റിയ സമയം വൈകുന്നേരമാണ്‌. കടലും സൂര്യനും ഒന്നിക്കുന്ന സമയത്ത്‌ കാറ്റിനു പോലും പ്രകൃതിയുടെ പുല്ലാങ്കുഴല്‍ നാദമായിരിക്കും. ആ കാറ്റില്‍ മനസ്സിലെ എല്ലാ മാലിന്യങ്ങളും തുടച്ചു നീക്കപ്പെടാനുള്ള ശേഷിയുണ്ടത്രേ. അങ്ങനെ, ഈ ഈ ബീച്ചിന്‌ പാപനാശം എന്ന പേര്‌ ലഭിച്ചുവെന്നു ജോസ്‌.

ഉച്ചഭക്ഷണം പുറത്ത്‌ ഏതെങ്കിലും ഹോട്ടലില്‍ നിന്നു കഴിക്കാമെന്നു വത്സയാണ്‌ നിര്‍ദ്ദേശിച്ചത്‌. ഞങ്ങള്‍ പുറത്തിറങ്ങി, ഒരു സാദാ ഹോട്ടലിലേക്ക്‌ കയറി. മത്തിവറുത്തതിന്റെ മണം മൂക്കിലേക്ക്‌ വലിഞ്ഞു കയറി. കുരുമുളകിട്ടു കറി വച്ച ഏതോ ഒരു മീന്‍, പിന്നെ അല്‍പ്പം മീന്‍ തോരന്‍, തൊട്ടു കൂട്ടാന്‍ മീന്‍ അച്ചാര്‍ എന്നിങ്ങനെ, മൊത്തത്തില്‍ മീനുകള്‍ സമ്പന്നമായ ഒരു ഉച്ചയൂണ്‌. വയറു നിറഞ്ഞതു മനം നിറഞ്ഞതു കൊണ്ടാണെന്നു ജോസിന്റെ ഡയലോഗ്‌. ശരിയാണെന്ന്‌ എനിക്കും തോന്നി. ഊണു കഴിഞ്ഞിട്ടും ആ രുചികളൊന്നും വായില്‍ നിന്നും മാറുന്നില്ല.

അല്‍പ്പം നേരം നടന്നതിനു ശേഷം ഒരു ഓട്ടോയില്‍ കയറി വീണ്ടും റിസോര്‍ട്ടിലെത്തി. ഇത്തിരി കിടന്നപ്പോഴേയ്‌ക്കും വൈകുന്നേരം നാലു മണിയായി. ഇനി സയമം കളയാനില്ല. സൂര്യോസ്‌തമയം കാണേണ്ടിയിരിക്കുന്നു. അതിനായി ഞങ്ങള്‍ ബീച്ചിലേക്കു നടന്നു. ഇവിടെ ബീച്ചിന്‌ സംരക്ഷണം നല്‍കുന്ന കുന്നിന്‍ മുകളിലാണ്‌ ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്‌.

സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണഗുരു (1856 -1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്‌. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമ സ്ഥാനമെന്ന നിലയില്‍ പതിനായിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഇവിടേക്കെത്തുന്നത്‌. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെയാണ്‌ ശിവഗിരി തീര്‍ത്ഥാടനമെന്ന്‌ അവിടെ വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളില്‍ നിന്നും ഞങ്ങള്‍ക്ക്‌ മനസ്സിലായി.

ബീച്ചിലേക്കുള്ള വഴി നീളെ ആയുര്‍വേദ മസാജ്‌ സെന്ററുകള്‍ കണ്ടു. കോവളത്തായിരുന്നു ഒരു കാലത്ത്‌ ഇതുണ്ടായിരുന്നത്‌. ഇപ്പോഴിത്‌ എല്ലാ ബീച്ചിലുമുണ്ടെന്ന്‌ ജോസ്‌ പറഞ്ഞു. പലേടത്തും പെര്‍ഫക്ട്‌ മസാജിങ്‌ ഒന്നുമല്ല നടക്കുന്നത്‌. ഇത്തിരി കുഴമ്പ്‌ ഇട്ട്‌ ശരീരമൊന്നു തിരുമ്മി തരും. അതിനാണ്‌ കാശ്‌. ഇതിനൊക്കെ തടയിടാന്‍ ഇവിടാളില്ലേ എന്നോര്‍ത്തു പോയി.

തീരത്ത്‌ നിന്നു നോക്കിയാല്‍ ഹോളിവുഡ്‌ സിനിമകളിലൊക്കെ കാണുന്നതു പോലെ വലിയ ക്ലിഫുകള്‍ കാണാമായിരുന്നു. മറ്റു തീരപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്‌തമായി മദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ്‌ വര്‍ക്കലയ്‌ക്കുള്ളത്‌. ബീച്ചിലെത്തും വരെ കടല്‍ ഇത്ര അടുത്താണെന്നു പോലും തോന്നുകയില്ല. ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കന്‍ കേരളത്തിലെ ഏക സ്ഥലമാണ്‌ വര്‍ക്കല.

ബീച്ചിന്റെ തീരങ്ങളില്‍ പൊടിമണ്ണിന്‌ കറുത്ത നിറം കണ്ടു. ഇത്‌ ലാറ്ററൈറ്റ്‌ നിക്ഷേപങ്ങളുടെ സൂചനയാണെന്നു ജോസ്‌ പറഞ്ഞു. മുന്നില്‍ കാണുന്ന മുനമ്പുകളില്‍ സമൃദ്ധമായ ലാറ്ററൈറ്റ്‌ നിക്ഷേപമുണ്ടെന്നു അവിടെയുണ്ടായിരുന്ന ഒരു ഗൈഡ്‌ കൂട്ടിച്ചേര്‍ത്തു. ഈ ക്ലിഫ്‌ഫുകള്‍ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൗമ പ്രത്യേകതയാണത്രേ. വര്‍ക്കല തീരത്തിനു മാത്രമുള്ള സുഭഗമായ പ്രകൃതി ഭംഗിയുടെ ഉറവിടത്തെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ കേരളത്തിന്റെ വ്യത്യസ്‌തയെക്കുറിച്ച്‌ ഒരു നിമിഷം ഓര്‍ത്തു പോയി. എല്ലാം ദൈവനിശ്ചയം, അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടാണെന്ന പേര്‌ എത്ര തരത്തിലാണ്‌ അന്വര്‍ത്ഥമാവുന്നത്‌. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്‌. ഈ ഭൂമിശാസ്‌ത്ര രൂപവത്‌കരണം `വര്‍ക്കല രൂപവത്‌കരണം' എന്നാണ്‌ ഭൂമിശാസ്‌ത്രജ്ഞര്‍ക്കിടയില്‍ അറിയപ്പെടുന്നത്‌. ഭൂമിശാസ്‌ത്രപരമയി തിരമാണെങ്കിലും കടലിന്‌ അടുത്ത്‌ കിടക്കുന്ന പ്രദേശം ഒഴിച്ച്‌ ബാക്കി സ്ഥലങ്ങള്‍ക്ക്‌ മദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ്‌. ഉയര്‍ന്ന കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ്‌ വര്‍ക്കല ഭൂപ്രദേശം.

ഈ കുന്നുകളെ ദേശീയ സ്‌മാരകമാക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണത്രേ. ഒരു ജലഛായ ചിത്രം പോലെ മനോഹരമാണ്‌ ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ എന്നു പറയാതെ വയ്യ. തീരത്ത്‌ തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ഒന്നുവേറെ തന്നെ. ഏറ്റവും മനോഹരമായ പത്ത്‌ കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതമില്ല. സൂര്യന്‍ താഴേക്ക്‌ വരുന്നു. ജോസിന്റെ ക്യാമറകള്‍ നിരന്തരം തുറന്നടഞ്ഞു കൊണ്ടിരുന്നു.

എത്ര പ്രശാന്തസുന്ദരമായ അന്തരീക്ഷം. നല്ല തണുത്ത കാറ്റ്‌. ഞങ്ങള്‍ ഹെലിപാഡിലേക്ക്‌ നടന്നു. അവിടെ നിന്നു ബീച്ച്‌ കാണാന്‍ എന്തു ഭംഗിയാണ്‌. കയറ്റം കയറിയപ്പോള്‍ ഞാന്‍ ശരിക്കും ക്ഷീണിച്ചു. കുത്തനെയുള്ള കുന്നിന്റെ മുകളിലെത്തിയപ്പോഴേയ്‌ക്കും അണച്ചു തുടങ്ങി. എന്റെ അവസ്ഥ കണ്ട്‌ ജോസും വത്സയും ചിരിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നു ചെഞ്ചുവപ്പുള്ള സൂര്യന്‍ കടലിലേക്ക്‌ ആഴുന്നതു കണ്ടപ്പോള്‍ ഇതാണ്‌ സ്വര്‍ഗമെന്നു തന്നെ തോന്നി...

(തുടരും)
വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)വര്‍ക്കലയുടെ തീരഭൂവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക