Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ `സകല വിശുദ്ധന്മാരുടേയും ഓര്‍മ്മദിനം' ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 09 November, 2011
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ `സകല വിശുദ്ധന്മാരുടേയും ഓര്‍മ്മദിനം' ആഘോഷിച്ചു
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയം `സകല വിശുദ്ധന്മാരുടേയും ഓര്‍മ്മദിനം' 2011 ഒക്‌ടോബര്‍ 30-ന്‌ ഞായറാഴ്‌ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ 9.30-ന്‌ ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. തുടര്‍ന്ന്‌ കുട്ടികളുടെ മതബോധന ക്ലാസുകള്‍ക്കുശേഷം സകല വിശുദ്ധരുടേയും ഓര്‍മ്മകള്‍ സ്‌മരിക്കുന്ന പരിപാടികള്‍ ദേവാലയത്തില്‍ അരങ്ങേറി. ഓരോ കുട്ടികളും അവര്‍ തെരഞ്ഞെടുത്ത വിശുദ്ധനെ ഓര്‍മിപ്പിക്കുന്ന വേഷമണിഞ്ഞ്‌ ഇടവക സമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ദേവാലയം വിശുദ്ധന്മാരാല്‍ നിറഞ്ഞുനിന്നു.

തോമാശ്ശീഹാ, വിശുദ്ധ സെബസ്‌ത്യാനോസ്‌, യോഹന്നാന്‍ ശ്ശീഹ, വിശുദ്ധ പത്രോസ്‌, വിശുദ്ധ അല്‍ഫോന്‍സാമ്മ, കന്യാമറിയം, വിശുദ്ധ പൗലോസ്‌, മദര്‍ തെരേസ, മാലാഖമാര്‍ എന്നിങ്ങനെ സകല വിശുദ്ധരുടേയും സാന്നിധ്യം സി.സി.ഡി കുട്ടികള്‍ അവതരിപ്പിച്ചു.

മതബോധന ക്ലാസുകളില്‍ നിന്നും, വായനകളിലും വിശുദ്ധന്മാരേക്കുറിച്ച്‌ കിട്ടിയ അറിവുകളും, ചിന്തകളും സ്വന്തം ജീവിതത്തിലേക്ക്‌ മാതൃകയാക്കുന്നതിനുള്ള ശ്രമത്തോടൊപ്പം, അത്‌ തങ്ങളുടെ മാതാപിതാക്കളുടേയും ഇടവക ജനങ്ങളുടേയും മുന്നില്‍ അവതരിപ്പിക്കാനുള്ള ഒരു അവസരവുമായിട്ടാണ്‌ കുട്ടികള്‍ ഈ ദിനത്തെ കണ്ടത്‌.

കുട്ടികളോടൊപ്പം, അധ്യാപകരും, മാതാപിതാക്കന്മാരും ഒന്നുചേര്‍ന്നപ്പോള്‍ ദേവാലയത്തില്‍ സ്വര്‍ഗീയ അനുഭൂതിയുളവായി. ഒന്നാം ക്ലാസ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസുവരേയുള്ള സി.സി.ഡിക്ക്‌ പഠിക്കുന്ന കുട്ടികള്‍ ക്ലാസ്‌ തിരിച്ചായിരുന്നു വിശുദ്ധന്മാരെ അവതരിപ്പിച്ചത്‌. ഓരോ ഗ്രൂപ്പും തങ്ങള്‍ തെരഞ്ഞെടുത്ത വിശുദ്ധന്റെ ജീവചരിത്രം ചുരുങ്ങിയ രൂപത്തില്‍ പോസ്റ്ററുകളുടേയും, ചിത്രങ്ങളുടേയും സഹായത്തോടെ അവതരിപ്പിക്കുകയും ഓരോ വിശുദ്ധന്മാരേയും തങ്ങളുടെ ജീവിതത്തിന്‌ മാതൃകയായി സ്വീകരിക്കുമെന്നും പ്രതിജ്ഞയെടുത്തു.

പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും അതിന്‌ സഹായിച്ച മാതാപിതാക്കന്മാര്‍ക്കും ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളില്‍ അഭിനന്ദിക്കുകയും, ഓരോ വിശുദ്ധന്മാരേയും തങ്ങളുടെ ജീവിതത്തില്‍ മാതൃകയാക്കി നന്മയിലൂന്നിയ ഒരു പുതിയ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കുട്ടികള്‍ക്ക്‌ കഴിയട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു.

മിഠായി വിതരണത്തോടെ വിശുദ്ധന്മാരുടെ ഓര്‍മ്മദിനത്തിന്‌ തിരശ്ശീല വീണു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ `സകല വിശുദ്ധന്മാരുടേയും ഓര്‍മ്മദിനം' ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക