Image

സോളാര്‍ സ്വപ്‌നത്തില്‍ സോളാറല്ല വിഷയം (അഭിമുഖം: രാജു ജോസഫ്‌ പ്രാലേല്‍)

Published on 01 March, 2014
സോളാര്‍ സ്വപ്‌നത്തില്‍ സോളാറല്ല വിഷയം (അഭിമുഖം: രാജു ജോസഫ്‌ പ്രാലേല്‍)
emalayalee exclusive

(`സോളാര്‍ സ്വപ്‌നം' എന്ന സിനിമ തടയണം എന്നാവശ്യപ്പെട്ട്‌ ബിജു രാധാകൃഷ്‌ണന്‍ കോടതിയെ സമീപിച്ചു. സിനിമയില്‍ തന്റെ പേരിനു പകരം അജയ്‌ നായര്‍ എന്നും സരിത നായര്‍ക്കു പകരം ഹരിത നായര്‍ എന്നുമാണ്‌ കഥാപാത്രങ്ങള്‍ക്ക്‌ പേരിട്ടത്‌. സിനിമാവാരികയിലൂടെയാണ്‌ `സോളാര്‍ സ്വപ്‌നം' എന്ന സിനിമയെക്കുറിച്ചറിഞ്ഞത്‌. ഇത്‌ തന്നെയും കുടുംബയെും അധിക്ഷേപിക്കുന്നതിനുവേണ്ടിയാണ്‌. സോളാറുമായി ബന്ധപ്പെട്ട്‌ മാന്യമായി ബിസിനസ്‌ നടത്തിവന്ന തന്റെ കുടുംബത്തെ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടാണ്‌ വിവാദത്തില്‍ പെടുത്തിയത്‌. ഈ ഉന്നത ഇടപെടല്‍ ചോദ്യം ചെയ്‌തതാണ്‌ താന്‍ കേസില്‍ പെടാന്‍ കാരണമായതെന്ന്‌ ബിജുരാധാകൃഷ്‌ണന്‍ ഹര്‍ജിയില്‍ പറയുന്നു. ഇതിനാല്‍ സിനിമ നിര്‍മിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ടാണ്‌ ബിജു രാധാകൃഷ്‌ണന്‍ തിരുവനന്തപുരം മുന്‍സിഫ്‌ കോടതിയില്‍ കേസ്‌ നല്‍കിയത്‌. നിര്‍മാതാവ്‌ ജറീഷ്‌ മാത്യു, സംവിധായകന്‍ ജോയ്‌ ആന്റണി, തിരക്കഥാകൃത്ത്‌ രാജുജോസഫ്‌ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌.)

സോളാര്‍ സ്വ്‌പനത്തിന്റെ കഥയും സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടോ?


ഈ സിനിമയുടെ ഒരു കഥ മനസ്സില്‍ ജനിക്കുന്നത്‌ ഒരു പത്ത്‌ വര്‍ഷം മുന്‍പാണ്‌. ഞാന്‍ എറണാകുളത്ത്‌ ഒരു ബില്‍ഡേര്‍സ്‌ വഴി അപ്പാര്‍ട്ടുമെന്റിന്‌ അഡ്വാന്‍സ്‌ കൊടുത്ത ദിവസം. എന്നെപ്പോലെ തന്നെ ഇപ്പോഴും പണിതീരാത്ത ആ ഫ്‌ളാറ്റ്‌ തട്ടിപ്പില്‍ അമേരിക്കയില്‍ കബളിപ്പിക്കപ്പെട്ട പല പ്രവാസി മലയാളികളും ഉണ്ട്‌. കഷ്‌ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങള്‍ കടലാസിലെ പ്ലാന്‍ കാണിച്ച്‌ തട്ടിയെടുക്കാന്‍ കേരളത്തില്‍ നിന്ന്‌ എത്തിയ ഫ്‌ളാറ്റ്‌ മുതാളികളും ശിങ്കിടികളും. ഈ അനുഭവത്തില്‍ നിന്ന്‌ ഒരു കഥയെഴുതാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ്‌ കേരളത്തില്‍ സോളാര്‍ തട്ടിപ്പ്‌ നടക്കുന്നത്‌. `സോളാര്‍' എന്ന പദം ആര്‍ക്കും ഉപയോഗിക്കാം, `സൗരോര്‍ജം' എന്ന അര്‍ത്ഥത്തിലല്ല ഈ സിനിമയില്‍ സോളാര്‍. മേല്‍പറഞ്ഞ ഒരു പണിതീരാത്ത ഒരു അപ്പാര്‍ട്ടുമെന്റ്‌ തട്ടിപ്പിന്റെ കഥയാണ്‌. ഇതിലെ കഥാപാത്രങ്ങള്‍ക്ക്‌ മറ്റു പല സംഭവങ്ങളോടും കഥകളോടും സാമ്യം തോന്നാം. അത്‌ യാദൃശ്ചികം മാത്രമാണ്‌. മനപൂര്‍വ്വമായി ആരെയും ഉപദ്രവിക്കുവാന്‍ ഒരു കഥാകാരനും ശ്രമിക്കുകയില്ല.

സിനിമ നിര്‍മ്മാണം പൂര്‍ത്തീയായി എന്നറിയുന്നു. ആരാണു പ്രധാന കഥാപാത്രങ്ങള്‍?

`സോളാര്‍ സ്വപ്‌നം' എന്ന സിനിമയുടെ നിര്‍മ്മാണം തുടങ്ങുമ്പോഴെ എനിക്ക്‌ 50 ലക്ഷത്തില്‍ താഴെ ഒരു ബഡ്‌ജറ്റ്‌ ഉണ്ടായിരുന്നു. ഒരു സിനിമയുടെ ചിലവു കൂടുവാനുള്ള പ്രധാന ഘടകം നടീനടന്മാരുടെ പേയ്‌മെന്റ്‌ തന്നെയാണ്‌. അതു കുറയ്‌ക്കണമെങ്കില്‍ കഴിവുള്ള പുതുമുഖങ്ങളെയും അന്യഭാഷാ നടീനടന്മാരെയും നമുക്കു കണ്ടെത്താന്‍ പറ്റണം. അങ്ങനെ ലിമിറ്റഡ്‌ ബഡ്‌ജറ്റില്‍ ചെയ്‌ത ഈ സിനിമയിലെ നായകന്‍ ഭുവന്‍ മലയാളിയായ തമിഴ്‌ നടനാണ്‌. നായിക പൂജ മലയാളി പുതുമുഖ നായികയാണ്‌. കൂടാതെ ഹിന്ദി ഡാന്‍സര്‍ ആക്‌ട്രസ്‌ മേഘ്‌ന പട്ടേല്‍, ദേവന്‍, സന്തോഷ്‌, കൃഷ്‌ണ പ്രസാദ്‌ മംഗള പ്രസാദ്‌, സീമാജി നായര്‍, പ്രമീല്‍, ബാലാജി, ജയ്‌ റോസ്‌, കാഞ്ഞിരപ്പള്ളി ജോസ്‌ തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറയും സംവിധാനവും ജോയി ആന്റണി നിര്‍വ്വഹിക്കുന്നു. തിരക്കഥ രാജു ജോസഫ ്‌  പ്രാലേല്‍, ഗാനങ്ങള്‍ പുതുമുഖങ്ങളായ ജയകുമാര്‍ പവിത്രന്‍, സംഗീതം ജയന്‍ എഴുമാംതുരുത്ത്‌ എന്നിവരും പാടിയവര്‍ എം.ജി. ശ്രീകുമാര്‍, റിയാ രാജു, അനിതാ ഷേക്ക്‌ എന്നിവരുമാണ്‌.

എവിടെയാണു പ്രധാനമായും ചിത്രീകരണം നടത്തിയത്‌?


ഒരു സിനിമയുടെ ചിലവു കുറയ്‌ക്കാന്‍ ലൊക്കേഷന്‍ സെലക്ഷന്‍ വളരെ പ്രധാനമാണ്‌. നമ്മുടെ സ്വന്തം നാട്‌ അതും കോട്ടയത്തിനടുത്ത നീണ്ടൂര്‍, കൈപ്പുഴ, കല്ലറ തുടങ്ങിയ ഭംഗിയുള്ള ഗ്രാമപ്രദേശങ്ങളാണ്‌ ഞങ്ങള്‍ തിരഞ്ഞെടുത്തത്‌. ഗ്രാമവാസികളുടെ നല്ല സഹകരണം ലഭിച്ചു. നീണ്ടൂരിലെ പ്ലാസ ബാര്‍ ഹോട്ടലായിരുന്നു പ്രധാന ലൊക്കേഷന്‍. നല്ല സഹകരണമാണ്‌ ഈ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയത്‌.

സിനിമ ആരെയാണു ലക്ഷ്യമാക്കുന്നത്‌? കേരളത്തിലുള്ളവരെയോ പ്രവാസികളെയോ?

മലയാളഭാഷ സംസാരിക്കുന്ന എല്ലാവരും ഈ സിനിമ കാണണം. കേരളത്തില്‍ അന്നും ഇന്നും നടക്കുന്ന ബാലികാപീഡനത്തിന്‌ എതിര്‍ക്കുന്ന ഒരു സ്‌ത്രീയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ കേരളത്തിനകത്തും പുറത്തും ഉള്ള മലയാളികള്‍ കാണണമെന്നാണ്‌ ആഗ്രഹം.

ബിജു രാധാക്രുഷ്‌ണന്റെ കേസിനെപ്പറ്റി എന്തു തോന്നുന്നു?

ഇങ്ങിനെയൊരു കേസിന്റെ കാര്യം പത്രങ്ങളില്‍ വായിച്ചപ്പോഴാണ്‌ ആദ്യം അറിയുന്നത്‌. സിനിമ ഇറങ്ങാന്‍ പോകുന്ന സമയത്താണ്‌ ഇതു തകര്‍ക്കാന്‍ മനഃപൂര്‍വ്വം കരുതുകൂട്ടി ചെയ്‌ത പ്രവൃത്തിയായിട്ടാണ്‌ ഇതു കാണുന്നത്‌. ഞാന്‍ സിനിമയില്‍ 1990 മുതല്‍ സജീവമാണ്‌. ഇതിന്റെ സംവിധായകനും അതുപോലെതന്നെ. ഇതെന്റെ നാലാമത്തെ മലയാള സിനിമയാണ്‌. കഥ എഴുതാന്‍ തുടങ്ങിയിട്ട്‌ 30 വര്‍ഷത്തോളമായി. ഇവിടെ സോളാര്‍ തട്ടിപ്പു കേസ്‌ കണ്ടു കൊണ്ട്‌ സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിയ പുതുമുഖങ്ങളല്ല ഞങ്ങള്‍ ആരും. സിനിമ കാണാതെ ഏതോ വാരികയില്‍ വായിച്ചിട്ട്‌ അതു സ്വന്തം കഥയാണെന്നു പറഞ്ഞ്‌ അഭിമാനക്ഷതമുണ്ടായി എന്ന്‌ പറഞ്ഞ്‌ കേസ്‌ കൊടുത്തിരിക്കുന്ന ആള്‍ ബിജു രാധാകൃഷ്‌ണന്‍, പ്രമാദമായ ഒരു കൊലപാതകം ചെയ്‌ത്‌ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്‌ ജയില്‍ കഴിയുന്ന സോളാര്‍ തട്ടിപ്പു കേസ്സിലെ മുഖ്യ പ്രതിയാണ്‌, ക്രിമിനലാണ്‌. ജയിലില്‍ ഇരുന്ന്‌ കഥയെഴുതി കാശുണ്ടാക്കുന്നതു കൂടാതെ ഒരു ബോണസ്സായി ഒരു സിനിമാ തടഞ്ഞ്‌ അതില്‍ നിന്ന്‌ ഞങ്ങള്‍ എന്തോ പണം കൊടുത്ത്‌ ഒഴിവാക്കുമെന്ന്‌ കരുതിയാണ്‌ അയാള്‍ ശ്രമിക്കുന്നത്‌. ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തെയാണ്‌ ഇത്‌ ഹനിക്കുന്നത്‌.

അടുത്ത കാലത്ത്‌ സിനിമാ രംഗത്ത്‌ അധികമൊന്നു കേള്‍ക്കുകയുണ്ടായില്ലല്ലോ?


ഞാന്‍ സിനിമയില്‍ ഇല്ലാ എന്നു പറയാന്‍ പറ്റില്ല. സിനിമ ഞാന്‍ പറഞ്ഞതുപോലെ ഇന്നത്തെ സ്ഥിതിക്ക്‌ ഒരു ഊഹകച്ചവടമാണ്‌. വിജയം വിരലിലെണ്ണാവുന്നവ മാത്രം. പക്ഷെ ചാനലുകളിലൂടെ ഞാന്‍ സജീവമാണ്‌. കൈരളിയില്‍ വന്ന `ഉള്‍കടല്‍,' സൂര്യയില്‍ 300 എപ്പിസോഡ്‌ തീര്‍ത്ത `മോഹക്കടല്‍' ഇതൊക്കെ എന്റെ കഥയും സീരിയലുകളുമാണ്‌. കൂടാതെ കഴിഞ്ഞ വര്‍ഷം ചെയ്‌ത റെയിന്‍ ഡ്രോപ്‌സ്‌ എന്ന ഷോര്‍ട്ട്‌ ഫിലിം പല ഫെസ്റ്റിവല്‍സിലും പോയിട്ടുണ്ട്‌. ഇപ്പോഴും കഥകള്‍ ഉണ്ടാകുന്നു. പക്ഷെ എഴുതുന്നതിലും നല്ലത്‌ വിഷല്‍ ചെയ്യുന്നതാണെന്ന്‌ തോന്നുന്നതുകൊണ്ട്‌ സ്വന്തമായി അവധികിട്ടുമ്പോഴൊക്കെ അതു ചെയ്യുന്നു. `അണ്ടര്‍ ദ സ്‌കൈ' എന്ന ഇംഗ്ലീഷ്‌ ചിത്രം അമേരിക്കയില്‍ ചെയ്‌ത ചിത്രമാണ്‌. ഇപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഒരു ഇംഗ്ലീഷ്‌ സിനിമയ്‌ക്ക്‌ കഥയെഴുതുന്നു. ഇന്റര്‍നെറ്റ്‌ ലക്ഷ്യമാക്കി ചെയ്യുന്ന ഒരു നല്ല പ്രോജക്‌റ്റ്‌ ആണത്‌.

സിനിമാ ജീവിതത്തിന്റെ തുടക്കം എങ്ങനെയാണ്‌?

എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്‌ ന്യൂയോര്‍ക്കില്‍ വച്ചാണ്‌. 1989 റഷീദ്‌ (റിയാസ്‌ഖാന്‍ എന്ന നടന്റെ പിതാവ്‌) അമേരിക്കയില്‍ ഒരു സിനിമ ചെയ്യാനെത്തിയപ്പോള്‍ കഥാരചനയില്‍ ഞാന്‍ സഹായിച്ചു. അന്ന്‌ എന്നോട്‌ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ചേരാന്‍ നിര്‍ബന്ധിച്ചതുകൊണ്ട്‌ ഞാന്‍ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി ഫിലിം സ്‌ക്കൂളില്‍ രണ്ടു വര്‍ഷം പഠിച്ചു. അങ്ങനെ 1993 ഡോളര്‍ എന്ന സിനിമ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌തു.

അതിനുശേഷം നിയോഗം എന്‌ന സിനിമ 1997 ല്‍ ചെയ്‌തു. പിന്നീട്‌ 2006 ല്‍ ഇംഗ്ലീഷ്‌ സിനിമ ചെയ്‌തു. 2006 മുതല്‍ ഇന്നു വരെ ആറ്‌ ടെലിഫിലിമുകളും മൂന്ന്‌ സീരിയലുകളും ചെയ്‌തു. ഇപ്പോള്‍ ഇതാ 2014 ല്‍ സോളാര്‍ സ്വപ്‌നം.

ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമ?

ഇനിയും വരാനിരിക്കുന്നേയുള്ളൂ. ഇതുവരെ ചെയ്‌തതില്‍ ഇഷ്‌ടപ്പെട്ടത്‌ `സോളാര്‍ സ്വപ്‌നം' തന്നെയാണ്‌.

പ്രവാസിയായതു കൊണ്ടു നഷ്ടമായ അവസരങ്ങള്‍?

ഒരാള്‍ എവിടെ താമസിച്ചാലും സിനിമയോട്‌ താല്‌പര്യമുണ്ടെങ്കില്‍ അയാള്‍ ഒരു ഫിലിം മേക്കര്‍ ആകും. നൈററ്‌ ഷ്യാമളന്‍ അമേരിക്കയില്‍ ഉള്ള മലയാളി- അമേരിക്കയില്‍ സിനിമ ചെയ്യുന്നു. സിനിമ ആഗോള മാര്‍ക്കറ്റാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണനെ കൂടുതലും അറിയപ്പെടുന്നത്‌ കേരളത്തിന്‌ വെളിയിലാണ്‌. ഒരാള്‍ക്ക്‌ കഴിവുണ്ടെങ്കില്‍ അത്‌ ഏതു രാജ്യത്തുവച്ചും തെളിയിയ്‌ക്കാന്‍ പറ്റും. മലയാളത്തോടുള്ള അടുപ്പം-അമേരിയ്‌ക്കയില്‍ വച്ചും നമ്മുടെ ഇവിടത്തെ മലയാള മാധ്യങ്ങള്‍ വഴി നമുക്കു പരിപോഷിപ്പിക്കാം. പിന്നെ ഞാന്‍ സിനിമാ ചെയ്യുന്നത ഒരു എക്‌സ്‌ക്ലൂസീവ്‌ ഹോബി ആയിട്ടാണ്‌. ഇത്‌ എന്റെ തൊഴിലല്ല. ഞാന്‍ ബേസിക്കലി ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ ആണ്‌. സിനിമ ജീവിത മാര്‍ഗ്ഗമായി ഒരിയ്‌ക്കലും സ്വീകരിച്ചിട്ടില്ല അതുകൊണ്ട്‌ തന്നെ അവസരങ്ങള്‍ കിട്ടാത്തതല്‍ വിഷമവുമില്ല.

പ്രവാസി മലയാളികള്‍ക്കായി ഒരു സിനിമ?

സ്‌ക്രിപ്‌റ്റ്‌ വര്‍ക്ക്‌ നടക്കുന്നു.

ഇത്രയും കാലത്തെ സിനിമാ ജീവിതം ലാഭമോ നഷ്ടമോ?


സിനിമ ഒരു ബിസിനസ്സ്‌ ആണ്‌. നല്ല മുതല്‍ മുടക്കുള്ള ഒരു കല. ഒരു കലയുടെ സാക്ഷാല്‍ക്കാരം പ്രതീക്ഷിക്കുന്ന കലാകാരന്‍ എന്ന നിലയ്‌ക്ക്‌ അതു ലാഭവും. എന്നാല്‍ ഒരു ബിസിനസ്സ്‌ എന്ന നിലയ്‌ക്ക്‌ നഷ്‌ടവുമാണ്‌. പണ്ടൊക്കെ ഒരു കഥയെഴുതി അതു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിച്ചിട്ടുള്ള എന്നെ പോലുള്ള എഴുത്തുകാര്‍ ഒരിയ്‌ക്കലും അതില്‍ നിന്ന്‌ ധനമാര്‍ഗ്ഗം ആഗ്രഹിക്കുന്നില്ല. എന്നതു പോലെ തന്നെ മനുഷ്യ മനസ്സിനെ ഏറ്റവും സ്വാധീനിക്കുന്ന സിനിമയിലൂടെ നമ്മുടെ കഥകള്‍ വെളിച്ചം കാണുമ്പോള്‍ പണ്ടത്തേക്കാള്‍ കലാപരമായ നേട്ടങ്ങളാണ്‌ ഞാന്‍ കൊതിക്കുന്നത്‌. അതുകൊണ്ട്‌ ഈ ഫീല്‍ഡില്‍ തന്നെ ഇനിയും തുടരും- എഴുത്തുകാരനായോ സംവിധായകനായോ ആയിട്ടു തന്നെ. നന്ദി.
സോളാര്‍ സ്വപ്‌നത്തില്‍ സോളാറല്ല വിഷയം (അഭിമുഖം: രാജു ജോസഫ്‌ പ്രാലേല്‍)സോളാര്‍ സ്വപ്‌നത്തില്‍ സോളാറല്ല വിഷയം (അഭിമുഖം: രാജു ജോസഫ്‌ പ്രാലേല്‍)സോളാര്‍ സ്വപ്‌നത്തില്‍ സോളാറല്ല വിഷയം (അഭിമുഖം: രാജു ജോസഫ്‌ പ്രാലേല്‍)സോളാര്‍ സ്വപ്‌നത്തില്‍ സോളാറല്ല വിഷയം (അഭിമുഖം: രാജു ജോസഫ്‌ പ്രാലേല്‍)സോളാര്‍ സ്വപ്‌നത്തില്‍ സോളാറല്ല വിഷയം (അഭിമുഖം: രാജു ജോസഫ്‌ പ്രാലേല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക