Image

മെന്റ് "സ്‌കോളര്‍ഷിപ് ഡ്രൈവ് 2011"; ഡോ. അരുണ്‍കുമാര്‍ കിക്കോഫ് ചെയ്തു

Published on 09 November, 2011
മെന്റ് "സ്‌കോളര്‍ഷിപ് ഡ്രൈവ് 2011"; ഡോ. അരുണ്‍കുമാര്‍ കിക്കോഫ് ചെയ്തു
ഡാലസ്: മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (മെന്റ്) എന്‍ജിനീയറിങ് സ്‌കോളര്‍ഷിപ് ഡ്രൈവ് 2011 - 12 കിക്കോഫ് ചെയ്തു. മെന്റ് പ്രസിഡന്റ് ഡോ. അരുണ്‍കുമാര്‍ സ്‌കോളര്‍ഷിപ് കമ്മിറ്റി അംഗങ്ങളുടെയും മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഒക്‌ടോബര്‍ അവസാനം നടന്ന ഡാലസ് മെന്റ് ഫെസ്റ്റിലാണ് കേരളത്തിലെ പുതു അധ്യയന വര്‍ഷത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സഹായമാകുന്ന സ്‌കോളര്‍ഷിപ് ഡ്രൈവിന്റെ കിക്കോഫ് കര്‍മം നിര്‍വഹിച്ചത്.

നിര്‍ധനരും പഠനത്തില്‍ മുന്നിട്ടു നില്‍ക്കുന്നതുമായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. 2005 മുതല്‍ മെന്റ് ഇത്തരത്തില്‍ സ്‌കോളര്‍ഷിപ് നല്‍കിവരുന്നു. ഈ പ്രോഗ്രാമിലൂടെ സെമസ്റ്റര്‍ ഫീയുള്‍പ്പെടെ രണ്ടായിരം ഡോളര്‍ വീതം നാലുവര്‍ഷത്തേയ്ക്ക് മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്‌കോളര്‍ഷിപ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. മെന്റിന്റെ ഈ കാരുണ്യപ്രവര്‍ത്തനം പഠനത്തില്‍ മികവു പുലര്‍ത്തുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് തികച്ചും പ്രയോജനപ്രദമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സതേണ്‍ മെഥഡിസ്റ്റ് യൂണിവേഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ. സുകു നായര്‍, രാജന്‍ ചിറയില്‍, ബല്‍ദേവ് നായര്‍, മെന്റ് ബോര്‍ഡ് ഡയറക്‌ടേഴ്‌സ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് 2011 - 12ലെ സ്‌കോളര്‍ഷിപ് കമ്മിറ്റി. രാജന്‍ ചിറയില്‍ സ്‌കോളര്‍ഷിപ് പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഉദ്ഘാടനവേളയില്‍ വിശദീകരിച്ചു.

ഇതുവരെ ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കിയതായി ഡോ. അരുണ്‍കുമാര്‍ കിക്കോഫിനോടനുബന്ധിച്ച് അറിയിച്ചു.
ഡോ. പ്രണുിയ, ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ ആദ്യ ചെക്ക് നല്‍കി സ്‌കോളര്‍ഷിപ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. അടുത്ത നാലു വര്‍ഷത്തേയ്ക്ക് നാലു വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള മുഴുവന്‍ തുകയും സമാഹരിച്ചതായി ട്രഷറര്‍ രാധിക പറഞ്ഞു. പ്രോഗ്രാമിന്റെ വിജയത്തിനായി സഹസംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഹൂസ്റ്റണിന്റെ (മിയ) സഹകരണവും തുടക്കം മുതല്‍ മെന്റിനൊപ്പമുണ്ട്.

ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള മെന്റ് പ്രതിനിധികള്‍ കേന്ദ്ര വ്യവസായ - വാണിജ്യ വകുപ്പ് മന്ത്രി ആനന്ദ് ശര്‍മയെ ഗ്രേറ്റര്‍ ഡാലസ് ഇന്‍ഡോ - അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ കൂടിക്കാണുകയും അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മെന്റ് നടത്തുന്ന സേവന പദ്ധതികളെ പറ്റി ധരിപ്പിക്കുകയുമുണ്ടായി. വിദൂരതയിലിരുന്നു ജന്മനാടിന്റെ ക്ഷേമത്തിനായി നടത്തുന്ന സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
മെന്റ് "സ്‌കോളര്‍ഷിപ് ഡ്രൈവ് 2011"; ഡോ. അരുണ്‍കുമാര്‍ കിക്കോഫ് ചെയ്തുമെന്റ് "സ്‌കോളര്‍ഷിപ് ഡ്രൈവ് 2011"; ഡോ. അരുണ്‍കുമാര്‍ കിക്കോഫ് ചെയ്തുമെന്റ് "സ്‌കോളര്‍ഷിപ് ഡ്രൈവ് 2011"; ഡോ. അരുണ്‍കുമാര്‍ കിക്കോഫ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക