Image

ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി !! (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)

Published on 09 March, 2014
ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി !! (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)
`ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസിന്‍ തൂവല്‍ പൊഴിയും തീരം. ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി...'

ബീച്ചിന്റെ സൗന്ദര്യമാസ്വദിച്ചു നില്‍ക്കേ, വയലാറിന്റെ ഈ വരികളാണ്‌ മനസ്സിലേക്ക്‌ ആദ്യം ഓടിക്കയറിയത്‌. എത്ര സുന്ദരമായ പ്രകൃതി ദൃശ്യം. തണുത്ത കാറ്റില്‍ കുളിച്ച്‌ മറ്റു സഞ്ചാരികള്‍ക്കൊപ്പം അവിടെ നില്‍ക്കേ വത്സല പറഞ്ഞു, വര്‍ക്കലയുടെ ഉത്ഭവത്തെക്കുറിച്ച്‌ പല കഥകളുമുണ്ട്‌. അതിലൊന്നിങ്ങനെയാണ്‌. ഒരിടത്തൊരിടത്ത്‌ പാണ്ട്യ രാജാവിനോട്‌ തന്റെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി ഇവിടെ ഒരമ്പലം പണിയാന്‍ ബ്രഹ്മദേവന്‍ കല്‍പ്പിച്ചുവത്രെ. മറ്റൊന്ന്‌, നാരദമുനിയുമായി ബന്ധപ്പെട്ടതാണ്‌. ഒരിക്കല്‍ ഏതാനും ഭക്തജനങ്ങള്‍ മുനിയെ വന്ന്‌ കണ്ട്‌ തങ്ങള്‍ പാപങ്ങള്‍ ചെയ്‌തുപോയെന്ന്‌ ഏറ്റുപറഞ്ഞു. പാപപരിഹാരത്തിന്‌ ഒരിടം തേടി മുനി തന്റെ വത്‌കലം (മരവുരി) അന്തരീക്ഷത്തിലേക്കെറിഞ്ഞു. അത്‌ വന്ന്‌ പതിച്ച ഇടമായതിനാല്‍ ഈ സ്ഥലം വര്‍ക്കല എന്ന പേരില്‍ അറിയപ്പെട്ടു. പേരിന്റെ ഉറവിടം വച്ചു നോക്കിയാല്‍ ഇതു ശരിയാവാനാണ്‌ സാധ്യതയെന്നു ജോസ്‌ പറഞ്ഞു. കടല്‍ത്തീരത്തോടു ചേര്‍ന്നുള്ള ഹെലിപാഡില്‍ നിന്നും പാരാസൈലിങ്ങിനും പാരാ ഗ്ലൈഡിങ്ങിനും സൗകര്യമുണ്ട്‌.

പിറ്റേന്നു രാവിലെ തന്നെ ഞങ്ങള്‍ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം കാണാന്‍ പുറപ്പെട്ടു. ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ വൈഷ്‌ണവ ക്ഷേത്രമാണിത്‌. ചരിത്രത്തിന്റെ നേര്‍സാക്ഷ്യം പോലെ നില്‍ക്കൊള്ളുന്ന ഈ ആരാധനാലയം ദക്ഷിണേന്ത്യയിലെ ബനാറസ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഏറ്റവും കുറഞ്ഞത്‌ ഈ ക്ഷേത്രത്തിന്‌ 2000 വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌ കരുതപ്പെടുന്നു. പാപനാശം കടല്‍ത്തീരത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഈ ക്ഷേത്രത്തില്‍ ടൂറിസ്റ്റുകളെ വളരെയേറെ ആകര്‍ഷിക്കുന്ന ഒരു മണിയുണ്ട്‌. ഒരു ഡച്ച്‌ കപ്പലിന്റെ ക്യാപ്‌ടന്‍ സമ്മാനിച്ചതാണിതെന്ന്‌ ക്ഷേത്രപാലകരിലൊരാള്‍ പറഞ്ഞു തന്നു.

മഹാവിഷ്‌ണുവാണ്‌ ഇവിടത്തെ മുഖ്യ പ്രതിഷ്‌ഠ. എല്ലാവര്‍ഷവും മീനമാസത്തില്‍ പത്ത്‌ ദിവസങ്ങളിലായി ഇവിടെ ആഘോഷിക്കുന്ന ആറാട്ട്‌ മഹോത്സവം വളരെ പ്രസിദ്ധമാണ്‌. പിതൃക്കള്‍ക്ക്‌ തര്‍പ്പണം ചെയ്യാന്‍ ആയിരക്കണക്കിന്‌ ഭക്തന്മാര്‍ ഈ മഹോത്സവത്തിന്‌ ഇവിടെയെത്തുന്നു. ഹിന്ദുക്കള്‍ക്ക്‌ മാത്രമേ ക്ഷേത്രപ്രവേശനത്തിന്‌ അനുമതിയുള്ളുവെങ്കിലും അഹിന്ദുക്കള്‍ക്ക്‌ ക്ഷേത്ര പരിസരം ചുറ്റിനടന്നു കാണുന്നതില്‍ വിരോധമില്ല. ക്ഷേത്രക്കുളത്തിലെ വെള്ളം പവിത്രമാണെന്നും അതില്‍ ഒന്ന്‌ മുങ്ങിനിവരുന്നത്‌ സകല പാപങ്ങള്‍ക്കും പരിഹാരമാണെന്നും ആളുകള്‍ വിശ്വസിക്കുന്നു.

ദക്ഷിണേന്ത്യന്‍ വാസ്‌തുകലാ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം വര്‍ക്കല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ 3 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിനു പുറത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്നായിരുന്നു പ്രഭാത ഭക്ഷണം. നല്ല ഒന്നാന്തരം പുട്ടും കടലയും. ജോസ്‌ രണ്ടു കുറ്റി പുട്ടു വാങ്ങിച്ചു. അതു കണ്ട്‌ ഞാനും വാങ്ങി ഒരെണ്ണം എക്‌സ്‌ട്രാ. ഇതൊക്കെ നോക്കിയിരുന്ന്‌ വത്സല ഊറിച്ചിരിക്കുകയായിരുന്നു.

ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലത്തേക്കാണ്‌ ഇനി യാത്ര. ജാതിമതഭേദ്യമന്യേ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന സ്ഥലം. ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവക്ഷേത്രവും ശാരദാക്ഷേത്രവും (ശാരദാമഠം), സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്‌. ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും ഇവിടെ സന്ദര്‍ശിക്കാനുണ്ട്‌. ഞങ്ങള്‍ ഭക്തിപൂര്‍വ്വം ഗുരുസമാധിക്കു മുന്നില്‍ നിന്നു. 1928 സെപ്‌റ്റംബര്‍ ഇരുപതാം തീയതി ശിവഗിരിയിലെ ആശ്രമത്തില്‍ വച്ചാണ്‌ ശ്രീ നാരായണഗുരു സമാധിയായത്‌. അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചയിടത്ത്‌ ഇന്ന്‌ ഗുരുദേവ സമാധിമന്ദിരം സ്ഥിതി ചെയ്യുന്നു. ശിവഗിരി തീര്‍ത്ഥാടന സമയത്ത്‌ ശ്രീ നാരായണഗുരുവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള വൃതാനുഷ്‌ഠാനങ്ങളോടു ഇവിടേയ്‌ക്ക്‌ ഭക്തര്‍ തീര്‍ത്ഥാടനം ചെയ്യുന്നു. ഡിസംബര്‍ മാസത്തിലെ അവസാനത്തെ ആഴ്‌ചയാണ്‌ ശിവഗിരി തീര്‍ഥാടനം. വര്‍ക്കലയ്‌ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളില്‍ 1904 ല്‍ ആണ്‌ ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്‌. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധര്‍മ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്‌.

ഇന്ന്‌ വര്‍ക്കല ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷന്‍ എന്നതിനപ്പുറം ശ്രീനാരായണഗുരുവിന്റെ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലാണ്‌ വര്‍ക്കല അറിയപ്പെടുന്നത്‌. ശിവഗിരിക്കുന്നിന്റെ മുകളില്‍ ഗുരുദേവനും ശിഷ്യരും ചേര്‍ന്ന്‌ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കുകയും അവിടെ താമസം തുടങ്ങുകയും ചെയ്‌തതായി ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്‌. തുടര്‍ന്ന്‌ ഇവിടേക്ക്‌ നാരായണഗുരുവിനെ സന്ദര്‍ശിക്കാനായി ജനങ്ങള്‍ പലയിടത്തു നിന്നും എത്താന്‍ തുടങ്ങി. ഒരു ആശ്രമമായി വികസിച്ചപ്പോള്‍ നാരായണഗുരു ആ കുന്നിനെ സര്‍ക്കാരില്‍ നിന്നു ചാര്‍ത്തി വാങ്ങി. അതിനോട്‌ ചേര്‍ന്ന കുറേ ഭൂമി അതിന്റെ ഉടമസ്ഥര്‍ അദ്ദേഹത്തിനു ദാനമായി നല്‍കുകയും ചെയ്‌തു. അങ്ങനെയാണ്‌ ഇവിടം ശിവഗിരിമഠമായി വളര്‍ന്നത്‌.

ഞങ്ങള്‍ മഠത്തില്‍ എത്തിയപ്പോള്‍ അവിടെ സന്ദര്‍ശകര്‍ക്കു കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനായി ഒരു ഗൈഡ്‌ നില്‍ക്കുന്നതു കണ്ടു. അയാള്‍ക്ക്‌ ചുറ്റും ചില വിദേശികളും നില്‍പ്പുണ്ട്‌. ഞങ്ങള്‍ അയാളുടെ അടുത്തേക്ക്‌ നീങ്ങിനിന്നു കാര്യങ്ങള്‍ ശ്രവിച്ചു. കര്‍ക്കടക മാസത്തിലെ കറുത്തവാവു ദിവസം ധാരാളം പേര്‍ വര്‍ക്കല പാപനാശം കടപ്പുറത്ത്‌ ശ്രാദ്ധമൂട്ടാനായി വന്നു ചേരാറുണ്ടായിരുന്നത്രേ. ഇന്നും ആ ആചാരം നിലനില്‍ക്കുന്നു. 1904 ലെ കര്‍ക്കിടകവാവു ദിവസം (മലയാള മാസം 1079 കര്‍ക്കിടകം 28) കടപ്പുറത്ത്‌ ശ്രാദ്ധമൂട്ടുന്നതിനു പകരം തന്റെ അനുയായികള്‍ മഠത്തില്‍ വന്നു ചേരുന്നതിനായി നാരായണഗുരു ആവശ്യപ്പെട്ടു. വന്നവരുടെ പൂര്‍വികര്‍ക്കായി ശ്രാദ്ധകര്‍മ്മങ്ങളെല്ലാം അവിടെവച്ച്‌ അദ്ദേഹം തന്റെ ശിഷ്യന്മാരെക്കൊണ്ട്‌ യഥാവിധി ചെയ്യിച്ചു. അങ്ങനെ അവിടം നാരായണഗുരുവിന്റെ അനുയായികള്‍ക്കും ശിഷ്യന്മാര്‍ക്കും ഒത്തുചേരാനുള്ള ഒരു കേന്ദ്രമായി മാറി.

ഞങ്ങള്‍ മഠം ചുറ്റി നടന്നു കണ്ടു. അവിടെ ശിലാലിഖിതം പോലെയൊന്ന്‌ കൊത്തിവച്ചിരിക്കുന്നു. അതില്‍ രേഖപ്പെടുത്തിയിരുന്നത്‌ ഞാന്‍ കുറിച്ചെടുത്തു. 1907ലാണ്‌ ഇവിടെ ശിവക്ഷേത്രത്തിന്റെ പണി ആരംഭിച്ചതത്രേ. 1908ല്‍ ചിങ്ങമാസത്തിലെ ചതയദിനത്തില്‍ (മലയാള വര്‍ഷം 1084) ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിനു ശാരദാ ക്ഷേത്രത്തിനുള്ള പണി ആരംഭിച്ചു. 1912 ല്‍ (മലയാള വര്‍ഷം 1087) മേടം 19, 20, 21 തീയതികളില്‍ വര്‍ക്കല ശിവഗിരിയില്‍ വച്ച്‌ എസ്‌എന്‍ഡിപിയുടെ ഒമ്പതാം വാര്‍ഷികയോഗവും ശാരദാമഠത്തിലെ പ്രതിഷ്‌ഠയും ഒരുമിച്ച്‌ നടത്തി. ഏറെ നേരത്തിനു ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. ഇനിയെന്ത്‌ എന്ന നിലയില്‍ നില്‍ക്കവേ ബീച്ചിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കാപ്പില്‍ തടാകത്തില്‍ ബോട്ടിങ്ങുള്ളതായി അറിഞ്ഞു. എന്നാല്‍ നല്ല ഉച്ച സമയമാണ്‌. ചൂട്‌ പറ്റില്ല. അങ്ങനെ ടൗണിനടുത്തുള്ള പൊന്നുംതുരുത്ത്‌ അഥവാ ഗോള്‍ഡന്‍ ഐലന്റിലേക്ക്‌ ഞങ്ങള്‍ ചെന്നു. ഒരു നൂറ്റാണ്ട്‌ പഴക്കമുള്ള ശിവപാര്‍വ്വതീ ക്ഷേത്രം ഇവിടെയുണ്ട്‌. വര്‍ക്കലയിലെ സന്ദര്‍ശക പ്രാധാന്യമുള്ള ഒരു ചെറുദ്വീപാണ്‌ ഈ സ്ഥലം.

ഉച്ചയൂണിനു ശേഷം ഞങ്ങള്‍ ചരിത്രപ്രാധാന്യമുള്ള ആഞ്ചെങ്ങൊ ഫോര്‍ട്ട്‌ കാണാന്‍ തീരുമാനച്ചു. വര്‍ക്കലടണലും ലൈറ്റ്‌ ഹൌസും ഇവിടത്തെ മറ്റ്‌ കാഴ്‌ചാവിസ്‌മയങ്ങളാണ്‌. വൈകുന്നേരം ടൗണിലെ കഥകളിക്ഷേത്രം സന്ദര്‍ശിച്ചപ്പോഴേയ്‌ക്കും ക്ഷീണിച്ചു പോയി. കഥകളി മേക്കപ്പിന്റെ വിശദാംശങ്ങളും സമയദൈര്‍ഘ്യവും നേരില്‍ കണ്ട്‌ മനസ്സിലാക്കാന്‍ പറ്റി. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഈ കലാകേന്ദ്രത്തില്‍ മോഹിനിയാട്ടം നടക്കുന്നുണ്ടായിരുന്നു. ഒന്നു കണ്ടെന്നു വരുത്തി, പിന്നെ റിസോര്‍ട്ടിലേക്ക്‌ മടങ്ങി. വര്‍ക്കലുയുടെ മനസ്സറിഞ്ഞ്‌ ഞങ്ങളുടെ മനം നിറഞ്ഞുള്ള ഒരു പകല്‍ യാത്രയ്‌ക്ക്‌ അന്ത്യം.

(തുടരും)
ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി !! (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി !! (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി !! (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി !! (പ്രകൃതിയുടെ നിഴലുകള്‍ തേടി 7: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക