Image

ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 09 March, 2014
ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍നിന്ന്‌ കഷ്‌ടിച്ച്‌ രണ്ടു കിലോമീറ്റര്‍ അകലമേയുള്ളൂ ഭരണങ്ങാനത്തടുത്ത്‌ ഇടമറ്റത്തെ ഓശാനമൗണ്ടിലേക്ക്‌. ഞായറാഴ്‌ച അവിടേക്കുണ്ടായ ബഹുജനപ്രവാഹം ഒരുപക്ഷേ തികച്ചും അപൂര്‍വമായിരിക്കും - ഒരു പ്രസിദ്ധീകരണം നിറുത്തരുതേ എന്നതായിരുന്നു വായനക്കാരുടെ മുദ്രാവാക്യം. മൗണ്ടിന്റെ പന്ത്രണ്ടേക്കര്‍ വരുന്ന പച്ചത്തുരുത്തിലേക്ക്‌ ഈ അഭ്യര്‍ഥനയുമായി അവര്‍ ഓടിക്കൂടിയപ്പോള്‍ സൗദി അറേബ്യയൊഴികെ ലോകത്തിന്റെ നിരവധി കേന്ദ്രങ്ങളില്‍നിന്നു വന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ ആ സമരത്തിന്‌ ആക്കംകൂട്ടി.

ഫ്രഞ്ച്‌ വിപ്ലവം അരങ്ങേറിയ ഫ്രാന്‍സില്‍ ഇരുപതാം നൂറ്റാണ്ടിനൊടുവില്‍ ഇതുപോലൊരു കലാപം പൊട്ടിപ്പുറപ്പെട്ടതാണ്‌ ഓര്‍മ വരുന്നത്‌. `ദ്‌ മോന്ത്‌' (Le Monde) എന്ന്‌ ഫ്രഞ്ചുകാര്‍ വിളിക്കുന്നതും `ദ വേള്‍ഡ്‌' അഥവാ ലോകം എന്നര്‍ത്ഥമുള്ളതുമായ പത്രം ചെറിയ മീനൊന്നുമല്ല. ലോകത്തിലെ ഏറ്റവും മികച്ച പത്രങ്ങളുടെ ലിസ്റ്റില്‍ ന്യൂയോര്‍ക്ക്‌ ടൈംസിനൊപ്പം പരിഗണിക്കപ്പെടുന്ന പത്രമാണത്‌.

1944ല്‍ തുടങ്ങിയ പത്രത്തിന്റെ നഷ്‌ടം കുമിഞ്ഞുകൂടിയപ്പോള്‍ അതു നിറുത്തിക്കളയാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചു. പക്ഷേ, അപ്രതീക്ഷിതമായുണ്ടായ ഒരു `കൊട്ടാരവിപ്ലവം' ആ പദ്ധതി തകര്‍ത്തുകളഞ്ഞു. പത്രത്തിലെ ജേര്‍ണലിസ്റ്റുകള്‍ ഒറ്റക്കെട്ടായി അതിനെതിരേ സമരം തുടങ്ങി. ഒടുവില്‍ പത്രംതന്നെ അവരെ ഏല്‌പിക്കാനും ഓഹരിയുടമകളാക്കാനും ഉടമസ്ഥര്‍ നിര്‍ബന്ധിതരായി. ജേര്‍ണലിസ്റ്റുകള്‍ ബാങ്കില്‍നിന്നു വായ്‌പയെടുത്ത്‌ പത്രം നടത്തുന്നു. ഈയിടെ മുഖ്യപത്രാധിപര്‍ മരണമടഞ്ഞപ്പോള്‍ നതാലി എന്നൊരു വനിതയെത്തന്നെ പകരം തെരഞ്ഞെടുത്തു. പത്രത്തിന്റെ സ്വാധീനം എത്ര വലുതാണെന്ന്‌ ഈയിടെയുണ്ടായ ഒരു സംഭവം തെളിയിക്കുന്നു. `റെയ്‌ന്‍ബോ വാരിയര്‍' എന്ന ഗ്രീന്‍പീസ്‌ കപ്പല്‍ കടലില്‍ മുക്കിക്കളയാന്‍ നടത്തിയ ഗൂഢാലോചനയ്‌ക്കു പിന്നില്‍ ഫ്രഞ്ച്‌ പ്രധാനമന്ത്രി ഫ്രാന്‍സ്വ മിത്തറാംഗ്‌ ആയിരുന്നുവെന്ന്‌ പത്രം കണ്ടുപിടിച്ചു. ഫ്രാന്‍സില്‍ അതുണ്ടാക്കിയ ഒച്ചപ്പാട്‌ ഊഹിക്കാവുന്നതേയുള്ളൂ.

ഫ്രഞ്ച്‌ പത്രത്തെപ്പോലെ നാലു പതിറ്റാണ്ടുമുമ്പ്‌ ജോസഫ്‌ പുലിക്കുന്നേല്‍ എന്ന സാഹസികന്‍ സ്വപ്‌നം ചിറകിലേറ്റി നടക്കുന്ന കാലത്തു വിഭാവനം ചെയ്‌ത `ഓശാന' മാര്‍ച്ച്‌ ലക്കത്തോടെ നിര്‍ത്തുകയാണെന്നു പ്രഖ്യാപനം വന്നപ്പോള്‍ കേരളത്തിലും പുറത്തും അതുണ്ടാക്കിയ കോലാഹലം ചില്ലറയൊന്നുമല്ല. മാസികയുടെ ആസ്ഥാനമായ ഓശാനമൗണ്ടിലേക്ക്‌ ടെലിഫോണ്‍ കോളുകളുടെ പ്രവാഹംതന്നെയുണ്ടായി.

കത്തോലിക്കാ സഭയ്‌ക്കുള്ളില്‍ നടക്കുന്ന അനീതിക്കും മെത്രാന്മാരുടെ ഏകാധിപത്യവാഴ്‌ചയ്‌ക്കുമെതിരേ പടപൊരുതാന്‍വേണ്ടിയാണ്‌ പുലിക്കുന്നേല്‍ `ഓശാന' തുടങ്ങിവച്ചത്‌. അദ്ദേഹം വിഭാവനം ചെയ്‌ത പല കാര്യങ്ങളും പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ്‌ നടപ്പാക്കിത്തുടങ്ങിയപ്പോഴാണ്‌ ഇങ്ങനെയൊരു ചിന്താഗതിയിലേക്ക്‌ അദ്ദേഹം എത്തിച്ചേര്‍ന്നതെന്നു വേണം വിചാരിക്കാന്‍. പക്ഷേ, പറയുന്ന കാരണം 82 വയസായ തനിക്ക്‌ മാസിക നടത്തിക്കൊണ്ടുപോകാനുള്ള ആരോഗ്യമില്ല എന്നതാണ്‌. പക്ഷേ, 2014 ജനുവരിയിലും ഏറ്റവുമൊടുവില്‍ മാര്‍ച്ചിലും പുറത്തിറക്കിയ ലക്കങ്ങളില്‍ അദ്ദേഹം വിവരിച്ചിരിക്കുന്ന കാരണങ്ങള്‍ വായിച്ചാല്‍ അദ്ദേഹത്തിന്റെ മനസ്‌ ഇന്നും യൗവനയുക്തമായി നില്‍ക്കുന്നുവെന്നു തീര്‍ച്ചയാണ്‌.

ഓശാനമൗണ്ടില്‍നിന്ന്‌ കഷ്‌ടിച്ച്‌ പത്തു കിലോമീറ്റര്‍ അകലെ പാലാ നഗരമധ്യത്തില്‍ ഈയടുത്ത നാള്‍ കൊണ്ടാടിയ മെത്രാന്മാരുടെ അഖിലേന്ത്യാ സംഗമത്തെ കോടികള്‍ മുടക്കുള്ള ഒരു `മാമാങ്ക'മായാണ്‌ ജോസഫ്‌ പുലിക്കുന്നേല്‍ കാണുന്നത്‌. ഭൂരിഭാഗം മെത്രാന്മാരും ലളിതജീവിതം നയിക്കുന്നവരും ഒരുനേരം ഉരിയരിയുടെ ഭക്ഷണം കഴിക്കുന്നവരുമാണെങ്കിലും ഒരാള്‍ക്ക്‌ ഒരുദിവസത്തെ ഭക്ഷണച്ചെലവിന്‌ 1000 രൂപയാണ്‌ ഭാരവാഹികള്‍ വകയിരുത്തിയതെന്ന്‌ ഓര്‍ക്കുമ്പോള്‍, ഒരാഴ്‌ചത്തെ സംഗമത്തിന്‌ എത്ര കോടികള്‍ ചെലവായിക്കാണുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.

അര നൂറ്റാണ്ടിലേറെയായി താന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടം, വഴിതെറ്റിയ ഏതെങ്കിലും വൈദികനോ അപഭ്രംശം വന്ന കന്യാസ്‌ത്രീക്കോ എതിരല്ലെന്ന്‌ സംഗമത്തിന്റെ ആമുഖമായി ചെയ്‌ത ഹ്രസ്വപ്രസംഗത്തില്‍ പുലിക്കുന്നേല്‍ പറഞ്ഞു. സ്വാഭാവികമായി ജനങ്ങളുടെ നിയന്ത്രണത്തിലിരിക്കേണ്ട ഭാരിച്ച സ്വത്തുവകകള്‍ സ്വകാര്യസ്വത്തായി പിടിച്ചുവച്ചിരിക്കുന്നതും ഇടയന്മാരെന്ന നിലയില്‍ സ്വന്തം കുഞ്ഞാടുകളെ സംരക്ഷിക്കേണ്ട മെത്രാന്മാര്‍ അവരെ രണ്ടാം തരം പൗരന്മാരായി കാണുന്നതുമാണ്‌ പുലിക്കുന്നേല്‍ എന്ന എഡിറ്ററെ അരിശംകൊള്ളിക്കുന്നത്‌.

കോഴിക്കോട്‌ ദേവഗിരിയിലെ സെന്റ്‌ ജോസഫ്‌സ്‌ കോളേജില്‍ ഇക്കണോമിക്‌സ്‌ അധ്യാപകനായി ജീവിതം തുടങ്ങിയ ആളാണ്‌ പാലാക്കാരനായ ജോസഫ്‌ പുലിക്കുന്നേല്‍. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്തിയതിന്റെ പേരില്‍ കോളജില്‍നിന്നു പിരിഞ്ഞുപോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. തന്റെ ആശയാഭിലാഷങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദിയെന്ന നിലയിലാണ്‌ അദ്ദേഹം 1975 ഒക്‌ടോബര്‍ 5ന്‌ `ഓശാന' ആരംഭിക്കുന്നത്‌.

കോഴിക്കോട്‌ ഡി.സി.സി എക്‌സിക്യൂട്ടീവ്‌ അംഗം, കെ.പി.സി.സി മെംബര്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റംഗം തുടങ്ങിയ നിരവധി മേഖലകളില്‍ പയറ്റിത്തെളിഞ്ഞ അദ്ദേഹം കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്‌. ഓശാനമൗണ്ട്‌ ആസ്ഥാനമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ക്രിസ്‌ത്യന്‍ സ്റ്റഡീസ്‌ സ്ഥാപിച്ചു, നിരവധി പുസ്‌തകങ്ങള്‍ രചിച്ചു, നിരവധിയെണ്ണം പ്രസിദ്ധീകരിച്ചു, ഗുഡ്‌ സമരിറ്റന്‍ ആശുപത്രി സ്ഥാപിച്ചു. ഏഴു വര്‍ഷം തപസ്‌ ചെയ്‌ത്‌ മലയാളത്തില്‍ ഒരു അല്‍മേനി പുറത്തിറക്കുന്ന ആദ്യത്തെ ബൈബിള്‍ പ്രസിദ്ധീകരിച്ചു. പാറേമ്മാക്കല്‍ ഗോവര്‍ണദോറുടെ വര്‍ത്തമാന പുസ്‌തകം പ്രൊഫ. മാത്യു ഉലകംതറയെക്കൊണ്ടു പരാവര്‍ത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചതും ഉദയംപേരൂര്‍ സൂനഹദോസിന്റെ ആകമാനം ചരിത്രം പ്രൊഫ. സ്‌കറിയ സക്കറിയയെക്കൊണ്ട്‌ എഴുതി പുറത്തിറക്കിയതും നേട്ടങ്ങളില്‍ ചിലതു മാത്രം.

``ഓശാന നിറുത്തരുതേ...'' എന്ന്‌ സമ്മേളനത്തില്‍ മുഴങ്ങിക്കേട്ട പരിദേവനം കേട്ട്‌ പുലിക്കുന്നേല്‍ കുറേസമയം മൗനമുദ്രിതനായി ഇരുന്നുപോയി. ദേവഗിരിയില്‍ തന്നോടൊപ്പം പഠിപ്പിച്ച പ്രൊഫ. ജോര്‍ജ്‌ തോമസ്‌ ``ഇത്രയും റീഡബിളായി ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരാളെ മലയാളത്തില്‍ കണ്ടുകിട്ടുക വിഷമമാണ്‌'' എന്നു പറഞ്ഞപ്പോള്‍ പുലിക്കുന്നേലിന്റെ മനസ്‌ അല്‌പം കുളിര്‍ത്തുകാണണം.

മാസിക ഡിജിറ്റലാക്കണം, പുതിയ തലമുറയ്‌ക്കുവേണ്ടി ഓണ്‍ലൈന്‍ എഡിഷന്‍ ലഭ്യമാക്കണം, അതേസമയം പ്രിന്റ്‌ നിര്‍ത്തുകയുമരുത്‌ എന്നൊക്കെ സമ്മേളനത്തില്‍ ആവശ്യങ്ങളുയര്‍ന്നപ്പോള്‍ അദ്ദേഹം കൂടുതല്‍ ചിന്താനിമഗ്നനായി. എന്‍.ടി. പോള്‍, ജോസ്‌ ആന്റണി, ജോര്‍ജ്‌ മൂലേച്ചാലില്‍, ലൂക്കോസ്‌ മാത്യു, ഡോ. കെ.ജെ. സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ കലൂര്‍, ആന്റോ കൊക്കാട്ട്‌, കുര്യന്‍ പാമ്പാടി, ജോസഫ്‌ കൊട്ടാരം, മാത്തുക്കുട്ടി തകടിയേല്‍, ജോസഫ്‌ വര്‍ഗീസ്‌, ക്യാപ്‌റ്റന്‍ ജോജോ ചാണ്ടി, അന്നമ്മ വടക്കേതില്‍ തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. റവ. എം.ജെ. ജോസഫിന്റെ സന്ദേശം ജോര്‍ജ്‌ കര്‍ണിക്കല്‍ അവതരിപ്പിച്ചു. ഡയറക്‌ടര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍.എം. ജോസഫ്‌ ആത്യന്തം ഉണ്ടായിരുന്നു. അദ്ദേഹം എല്ലാം കേട്ടു, ബോധ്യപ്പെട്ടു. പക്ഷേ, ഒരക്ഷരം ഉരിയാടിയില്ല (87-91 കാലത്ത്‌ വനം-വന്യജീവി മന്ത്രിയായിരുന്നു അദ്ദേഹം).

ചര്‍ച്ചകള്‍, അഭ്യര്‍ഥനകള്‍, പരിദേവനങ്ങള്‍ - എല്ലാറ്റിനുമൊടുവില്‍ ജോസഫ്‌ പുലിക്കുന്നേലിന്‌ അല്‌പം മുഖപ്രസാദം തിരികെക്കിട്ടിയതുപോലെ തോന്നി. മൂന്നു മാസത്തിലൊരിക്കല്‍ മാസിക ഇറക്കാം എന്നദ്ദേഹം സമ്മതിച്ചു. ``ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിച്ചുകഴിഞ്ഞു. നാല്‌പതു വര്‍ഷത്തെ കൃതികള്‍ ഡിജിറ്റലൈസ്‌ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌'' എന്നും ചുമതലക്കാര്‍ പറഞ്ഞുകേട്ടു. വിപ്ലവം ജയിച്ചു, ഓശാന നീണാള്‍ വാഴട്ടെ.
ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഓശാനമൗണ്ടില്‍ തൂലികപ്പടവാളിനു മൂര്‍ച്ച കൂട്ടാന്‍ ബഹുജനറാലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
andrews-Millennium bible 2014-03-09 10:37:14
Please furnish more details : how to be a subscriber ?  On line will be more attractive. Many will be glad to Join. Best wishes to all those who are supporting the cause.
Alice valsamma 2014-03-19 10:52:43
I am proud of my uppapan who stood by his principles even in the extreme adversities .He is right in revealing the truth happening in Catholica Sabha.Not to stop this Osana publication.It shal continue with all the merits
Binu Alex, NY, USA 2014-03-20 20:30:26
Please provide the email Id  to  contact hosana and to get the previous editions in digital format or book. 
I hope the next one  edition will have some meaningful discussion on the circumstances that led to the suicide of Salomy, Prof. T. J Joseph's wife due to the tyranny of Catholic Church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക