Image

ചാക്കോ ശങ്കരത്തില്‍ എന്ന ചാക്കോച്ചന്‍ (ജോണ്‍ മാത്യു)

Published on 08 March, 2014
ചാക്കോ ശങ്കരത്തില്‍ എന്ന ചാക്കോച്ചന്‍ (ജോണ്‍ മാത്യു)
തൊണ്ണൂറുകളുടെ തുടക്കത്തിലെന്നോ, ഡിട്രായ്‌റ്റില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. യാദൃച്ഛികമായി ആരോ ഒരു മാന്യ വ്യക്തിയെ എനിക്കു പരിചയപ്പെടുത്തി.

`ചാക്കോ ശങ്കരത്തില്‍................ ഫിലദല്‍ഫിയ...........'

പേരു സൂപരിചിതമായിത്തോന്നി, ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.

മറ്റൊന്നും പറയുന്നതിനുമുന്‍പ്‌ അദ്ദേഹം ഒരു മാസിക കയ്യില്‍ത്തന്നു:

`ഇതൊന്ന്‌ വായിക്കണേ...'

ഞാന്‍ പുറംചട്ട ഒന്നോടിച്ചു നോക്കി...... `രജനി മാസിക.'

അദ്ദേഹത്തിന്‌ എയര്‍പോര്‍ട്ടിലേക്ക്‌ പോകാന്‍ നോരമായിരിക്കുന്നു.

ഞാന്‍ മനസ്സില്‍ വിചാരിച്ചു എന്തൊരു ചുറുചുറുക്ക്‌, എന്തൊരു ധൃതി!

ആദ്യമായിട്ടൊന്നുമല്ല രജനി മാസിക ഞാന്‍ കാണുന്നത്‌. അന്നേക്ക്‌ ഏതാണ്ട്‌ രണ്ടുവര്‍ഷം മുന്‍പുള്ള വേനല്‍ക്കാലത്ത്‌ ഹൂസ്റ്റനില്‍ നടന്ന ഒരു കോണ്‍ഫ്രന്‍സില്‍ ഈ മാസികയുടെ കോപ്പികള്‍ കണ്ടിരുന്നത്‌ ഓര്‍മ്മിച്ചു.

ന്യൂയോര്‍ക്കില്‍നിന്ന്‌ ഇതിനുമുന്‍പും ചില മാസികകള്‍ ഉണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ, സംഘടിതമായി, മനോഹരമായ കെട്ടും മട്ടുമായി തുടങ്ങിയവ! കേരളത്തിനു പുറത്തുജീവിച്ച്‌, വൈകാരികമായി മലയാളത്തെയും കേരളത്തെയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന മലയാളി തങ്ങള്‍ക്കു വന്നുചേര്‍ന്ന അവസരങ്ങള്‍ മുതലെടുക്കുന്നതിന്റെ ആഹ്ലാദം! മദ്ധ്യതിരുവിതാംകൂര്‍ ശൈലിയില്‍ പറഞ്ഞാല്‍ ഒരു `ഊത്തകയറ്റംപോലെ!'

പക്ഷേ, രജനി മാസികക്ക്‌ ഒരു ഉല്‍കൃഷ്‌ടതയും വ്യക്തിത്വവും അന്ന്‌ കാണാന്‍ കഴിഞ്ഞു.

അത്ര വലിയ സംഭവങ്ങളൊന്നുമില്ലാതെ, എന്നാല്‍, നിശബ്‌ദമായ മാറ്റങ്ങളുമായി ഒന്നുരണ്ടു വര്‍ഷം കടന്നുപോയി. ഇതിനിടെ ഹൂസ്റ്റനിലെ കേരള റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ മാതൃകയില്‍ മറ്റുനഗരങ്ങളിലും സാഹിത്യ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കപ്പെട്ടു. ഡോ.എം.വി. പിള്ളയും റൈറ്റേഴ്‌സ്‌ ഫോറവും നേതൃത്വം കൊടുത്ത വാഷിംഗ്‌ടണ്‍ ഫൊക്കാനാസമ്മേളനത്തിലെ സാഹിത്യചര്‍ച്ചകള്‍ അമേരിക്കയിലെ മലയാളസാഹിത്യത്തിന്‌ ഒരു പുതിയ വഴിത്തിരിവായിരുന്നു. ആ സമ്മേളനങ്ങളിലാണ്‌ ചാക്കോച്ചന്റെ രജനി മാസിക മലയാളം എഴുത്തുകാരുടെ ശ്രദ്ധ പിടിച്ചുപറ്റിയതും.

ശ്രീ ചാക്കോ ശങ്കരത്തില്‍ `രജനി' മാസികയില്‍ക്കൂടി ഒരു ബിസിനസ്‌ നടത്തുകയല്ലായിരുന്നു. എഴുതാന്‍ താല്‌പര്യമുള്ളവരെക്കൊണ്ട്‌ നിര്‍ബന്ധിച്ചുതന്നെ എഴുതിക്കുക, അത്‌ പ്രഫഷനലായി ടൈപ്പ്‌സെറ്റ്‌ ചെയ്‌ത്‌ പ്രസിദ്ധീകരിക്കുക എന്നിട്ട്‌ സ്വതന്ത്ര അഭിപ്രായവും പറയുക! ഇതിനിടെ അമേരിക്കയിലും കേരളത്തിലും സഞ്ചരിച്ച്‌ മലയാളം എഴുത്തുകാരുമായി വലിയൊരു സുഹൃദ്‌വലയവും അദ്ദേഹം നേടിയെടുത്തു. ഇതെല്ലാം നേടിയത്‌ സ്വന്തം താല്‌പര്യങ്ങളുംകൂടി ബലികഴിച്ചിട്ടായിരുന്നുവെന്നുവെന്ന്‌ ഓര്‍ക്കുമ്പോഴാണ്‌ മലയാളഭാഷയ്‌ക്കുവേണ്ടി അദ്ദേഹം ചെയ്‌ത സേവനങ്ങളുടെ വില നാം അറിയുന്നത്‌. ഈ ജോലിത്തിരക്കിനിടയിലും തന്റേതായ നോവലുകളും ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കാനും അദ്ദേഹം മറന്നില്ല.

തുടക്കത്തിലേ സാങ്കേതിക വളര്‍ച്ചയുടെ സാദ്ധ്യതകള്‍ കണ്ടറിഞ്ഞ വ്യക്തിയായിരുന്നു ചാക്കോച്ചന്‍. ലോകമെമ്പാടുമുള്ള മലയാളിയുടെ നാവില്‍ തത്തിക്കളിക്കുന്ന ഇന്നത്തെ `ലാന'യെന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കയിലെ സാഹിത്യസംഘടനക്ക്‌ ഒരിക്കലും ശ്രീ ചാക്കോ ശങ്കരത്തിനെ മറക്കാന്‍ കഴിയുകയില്ല, അതുപോലെ ലാനയെ നയിച്ച മറ്റ്‌ പ്രഗത്ഭവ്യക്തിത്വങ്ങളെയും!

ഞാന്‍ നാലു തവണ ഫിലദല്‍ഫിയയിലേക്ക്‌ യാത്ര ചെയ്‌തു. രണ്ടുപ്രാവശ്യം ലാനയുടെ സമ്മേളനത്തിനും, മറ്റൊരിക്കല്‍ രജനി മാസികയുടെ പത്താം വാര്‍ഷികത്തില്‍ പങ്കെടുക്കാനും. സമ്മേളന ആഡിറ്റോറിയത്തില്‍ ഔദ്യോഗിക പരിപാടികളെല്ലാം മുറപോലെ നടന്നിരിക്കും. പിന്നീട്‌ അതിഥികളുടെ യഥാര്‍ത്ഥ കൂട്ടായ്‌മ അദ്ദേഹത്തിന്റെ വീട്ടില്‍ത്തന്നെ. സാഹിത്യത്തിന്റെ വിവിധ തലങ്ങളെപ്പറ്റി, സ്വന്തം അനുഭവങ്ങളെപ്പറ്റിയെല്ലാം അര്‍ദ്ധരാത്രിവരെയും ചര്‍ച്ച, പിന്നീട്‌ ബേസ്‌മെന്റിലും ലിവിംഗ്‌ റൂമിലുമൊക്കെക്കിടന്നുറങ്ങിയാലായി.

രജനി മാസികയില്‍ നക്ഷത്രഫലം എഴുതുന്ന വിശ്വപ്രസിദ്ധിനേടിയ `മാന്ത്രികന്‍ ബ്രഹ്മദത്തന്‍ നമ്പൂതിരി'യുമായി ഇതിനിടെ പരിചയപ്പെടാനിടയായി. അക്കാലത്ത്‌ രജനിയിലെ നക്ഷത്രഫലം അച്ചെട്ടെന്നായിരുന്നു വെയ്‌പ്‌! പലരും അത്‌ കൃത്യമായി വിശ്വസിക്കുകയും ചെയ്‌തു. അന്നൊരിക്കല്‍ ചാക്കോച്ചന്‍ നാടകീയമായി ഒരു പ്രസ്‌താവന ചെയ്‌തു ബ്രഹ്മശ്രീ ബ്രഹ്മദത്തന്‍ നമ്പൂതിരി സ്ഥലത്തെത്തിയിരിക്കുന്നു, അദ്ദേഹം ഒരു ചെറിയ മയക്കത്തിലാണ്‌. ഭാവിഫലം അറിയേണ്ടവര്‍ കാത്തിരിക്കുക!

മാന്ത്രികനെ വിളിച്ചുണര്‍ത്താന്‍ ചാക്കോച്ചന്‍ അകത്തേക്കുപോയി. മടങ്ങിവന്നത്‌ അദ്ദേഹം തന്നെ മാന്ത്രികന്റെ വേഷത്തിലും!

രണ്ടായിരത്തിയഞ്ചിലെ ലാനയുടെ ദേശീയസമ്മേളനം ഡാളസില്‍ ആയിരുന്നു. ലാനയുടെ തുടക്കംകുറിച്ച ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിയേഴിനുശേഷം ഈ നഗരത്തിലേക്ക്‌ `ലാന' മടങ്ങിവന്നു. വിജയകരമായ സമ്മേളനംകഴിഞ്ഞു പ്രതിനിധികള്‍ ഹോട്ടല്‍ മുറികളില്‍ വിശ്രമിക്കുന്നു. മറ്റു ചിലര്‍ ഹോട്ടേല്‍ ലോബിയിലിരുന്ന്‌ ഭാവി പരിപാടികളെപ്പറ്റി ആലോചിക്കുന്നു. ഫിലദല്‍ഫിയയില്‍നിന്നുള്ള അശോകന്‍ വേങ്ങാശ്ശേരി കനംതൂങ്ങിയ മുഖവുമായി അപ്പോള്‍ അങ്ങോട്ടു കയറിവന്നു.

`ഒരു ദുഃഖവാര്‍ത്തയുണ്ട്‌..... നമ്മുടെ ചാക്കോച്ചന്‍ പോയി..... കടന്നുപോയി....' എന്താണ്‌ പറയേണ്ടുന്നതെന്നറിയാതെ, വിശ്വസിക്കാന്‍ കഴിയാതെ, ഞങ്ങള്‍ തരിച്ചിരുന്നു.

ഞാന്‍ നാലാമതും ഞാന്‍ ഫിലാദല്‍ഫിയയിലേക്ക്‌ പോയി. ഉണങ്ങിയിട്ടില്ലാത്ത മണ്ണും വാടിക്കൊണ്ടിരിക്കുന്ന പൂക്കളും അവിടെയുണ്ടായിരുന്നു. അതിനുമുന്നില്‍ നമ്രശിരസ്‌കനായി നില്‍ക്കുമ്പോള്‍ തൊണ്ണൂറുകള്‍ മുതല്‍ ഏതാണ്ട്‌ ഒന്നരപ്പതിറ്റാണ്ടുകാലത്തെ അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ വളര്‍ച്ച എന്റെ മനസ്സില്‍ക്കൂടി കടന്നുപോയി.

അതു കഴിഞ്ഞിട്ട്‌ ഇപ്പോള്‍ ഒന്‍പതു വര്‍ഷം തികയാന്‍ പോകുന്നു!
ചാക്കോ ശങ്കരത്തില്‍ എന്ന ചാക്കോച്ചന്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക