Image

സ്വഭാവ വൈശിഷ്ട്യത്താല്‍ അമരത്വം നേടിയ ചാക്കൊ ശങ്കരത്തില്‍- പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 12 March, 2014
സ്വഭാവ വൈശിഷ്ട്യത്താല്‍ അമരത്വം നേടിയ ചാക്കൊ ശങ്കരത്തില്‍- പി.പി.ചെറിയാന്‍
ഒരിക്കല്‍ പോലും നേരില്‍ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയെകുറിച്ച് അനുസ്മരണം കുറിച്ച് എഴുതുന്നതെങ്ങനെയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

ആറുമാസം മുമ്പ് വീടിനകത്ത് പല സ്ഥലങ്ങളിലായി കിടന്നിരുന്ന സാഹിത്യ കൃതികളും, മാസികകളും വാരികകളും ഷെല്‍ഫില്‍ അടുക്കി വെയ്ക്കുന്നതിനിടെ 1997 ല്‍ പ്രസിദ്ധീകരിച്ച് രജനി എന്ന മാസിക ശ്രദ്ധയില്‍പ്പെട്ടു. മാസിക തുറന്ന് അതിലെ ഓരോ പേജുകളിലൂടെ  വെറുതെ ഒന്ന് കണ്ണോടിച്ചു. അമേരിക്കന്‍ എഴുത്തുക്കാരുടെ നല്ല സാഹിത്യ രചനകളും, കവിതകളും, ലേഖനങ്ങളും അടക്കും ചിട്ടയോടും കൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടപ്പോള്‍ വായിക്കണമെന്നൊരാഗ്രഹം. മാസികയുടെ പത്രാധിപരെ നേരില്‍ കാണാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ പലതും വായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. മാസികയുടെ ഉള്‍പേജില്‍ ചേര്‍ത്തിരിക്കുന്ന ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരില്‍ ഒന്നു വിളിച്ചു നോക്കുവാന്‍ ഒരു ഉള്‍പ്രേരണം. രണ്ടു പതിറ്റാണ്ട് മുമ്പുളള ഫോണ്‍ നമ്പര്‍ മാറിയിരിക്കുമോ ? സാരമില്ല നമ്പര്‍ ഒന്ന് കറക്കി നോക്കി. ഭവ്യതയും ആഢ്യത്വവും ആകര്‍ഷണവുമുളള ഒരു സ്ത്രീ ശബ്ദമാണ് അങ്ങേ തലയ്ക്കല്‍ എന്നെ സ്വീകരിച്ചത്. ഫോണ്‍  വിളിക്കുന്നതിന് പ്രേരകമായ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ആമുഖമായി ഞാന്‍ ചോദിച്ചതിനെല്ലാം ഏറ്റവും തൃപ്തികരമായ ഉത്തരമാണ് ലഭിച്ചത്. പിന്നീട് ദീര്‍ഘനേരം രജനി എന്ന മാസികയുടെ ആരംഭം മുതല്‍ അവസാനം വരെയുളള വളര്‍ച്ചയുടേയും തളര്‍ച്ചയുടേയും കഥകളും അതിന്റെ പത്രാധിപകരെകുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചു വാചാലമായി സംസാരിച്ചത് മറ്റാരുമായിരുന്നില്ല. ചാക്കോ ശങ്കരത്തില്‍ എന്ന അമേരിക്കന്‍ മലയാളി സാഹിത്യത്തിലെ ചക്രവര്‍ത്തിയുടെ ഉത്തമമായ കുടുംബിനി റെയ്ച്ചല്‍ എന്ന റാഹേലമ്മ ശങ്കരത്തിലായിരുന്നു.

1943 സെപ്റ്റംബര്‍ 9 ന് പത്തനംതിട്ട താലൂക്കില്‍ കുമ്പഴയില്‍ കണിച്ചേരില്‍ ശങ്കരത്തില്‍ മത്തായി - റാഹേല്‍ ദമ്പതികളുടെ സീമന്തപുത്രനായ ചാക്കോച്ചന്‍ ആറ് ദശാബ്ദത്തിലധികം പ്രവര്‍ത്തന നിരതമായ ജീവിതത്തിനുടമയായിരുന്നു. ചാക്കോച്ചനുമായി റാഹേലമ്മ ജീവിതത്തില്‍ പരസ്പരം പങ്കുവെച്ച സുന്ദര മുഹൂര്‍ത്തങ്ങളുടേയും, നൊമ്പരങ്ങളുടേയും കഥകള്‍ ഫോണ്‍ സംഭാഷണത്തിലൂടെ റാഹേലമ്മ വിശദീകരിച്ചു.

1983 ല്‍ മൂത്ത മകന്‍ ഷാജിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു സഹോദരിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചാക്കോച്ചനും കുടുംബവും അമേരിക്കയിലെ ഫിലഡല്‍ഫിയായില്‍ എത്തിയത്.

കാല്‍ നൂറ്റാണ്ട് കാലത്തെ അമേരിക്കന്‍ ജീവിതത്തിനിടയില്‍ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിന് ചാക്കോച്ചന്‍ നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്. സാഹിത്യ ലോകത്തേക്ക് നിരവധി പേരെ കൈപിടിച്ചുയര്‍ത്തുന്നതിനും ചാക്കോച്ചന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. അമേരിക്കയില്‍ എവിടെ സാഹിത്യ സദസ്  സംഘടിപ്പിക്കുന്നുവോ, അതിന്റെ അമരത്തിരുന്ന് നിയന്ത്രിക്കുന്നവരില്‍ പ്രമുഖ സ്ഥാനം ചാക്കോച്ചനായിരുന്നു. എഴുത്ത് ജീവിത തപസ്യയായി സ്വീകരിച്ച ചാക്കോച്ചന്‍ "രജനി" എന്ന മാസികയുടെ ജീവാത്മാവും പരമാത്മാവും ആയിരുന്നു.

ലളിതമായ ഭാഷാ ശൈലിയും സരളമായ ആവിഷ്‌ക്കരണവും ആര്‍ക്കും മനസിലാകുന്ന ഭാഷയും സമന്വയിപ്പിച്ചു ചാക്കോച്ചന്റെ   തൂലികയില്‍ നിന്നും പിറന്നു വീണ നോവലുകളിലും ചെറു കഥകളും, ലേഖനങ്ങളും ചിലതെല്ലാം വായിക്കുവാനുളള അവസരം ലഭിച്ചിട്ടുണ്ട്.

റാഹേലമ്മയുമായുളള സംഭാഷണത്തിന് എനിക്ക് ലഭിച്ച സമ്മാനം മലയാളികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സുപ്രധാന സംഭവങ്ങളെ കോര്‍ത്തിണക്കി അമേരിക്കന്‍ പശ്ചാത്തലത്തില്‍ രചിച്ച ചാക്കോച്ചന്റെ അവസാന നോവലായ കിരണങ്ങള്‍ ആയിരുന്നു. 1999 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച നോവല്‍ ലക്ഷ്മണ രേഖ, 2002 ല്‍ പ്രസിദ്ധീകരിച്ച സിന്ദൂരചാര്‍ത്ത്, 2003 ല്‍ ആശുപത്രി രോഗ കിടക്കയില്‍ വെച്ച് പൂര്‍ത്തികരിച്ച ന്യായവിധി ഇവയെല്ലാം ഒന്നിനോടൊന്ന് മികച്ച കൃതികളാണ്.

ഒരിക്കല്‍ പോലും അവാര്‍ഡ്  ആഗ്രഹിക്കാതിരുന്ന ചാക്കോ ചേട്ടനെ തേടിയെത്തിയത് ഫൊക്കാന അവാര്‍ഡ് ട്രയല്‍ ബ്ലെയ്‌സര്‍ അവാര്‍ഡ്, പാസഡീന മലയാളി അസോസിയേഷന്‍ അവാര്‍ഡ്, ജ്വാല, വിദേശ മലയാള വേദി, സാഹിത്യ സാംസ്‌കാരിക പത്ര പ്രവര്‍ത്തന രംഗങ്ങളിലെ സമഗ്ര സംഭാവനാ അവാര്‍ഡ്, സമന്വയ പുരസ്‌കാരം തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ആണ്.

സ്വഭാവ വൈശിഷ്ട്യം കൊണ്ട് അമരത്വം നേടിയ ചാക്കോച്ചന്‍  2005 മാര്‍ച്ച് 12 ന് തന്റെ തൂലിക താഴെ വെച്ച് കാലയവനികയ്ക്കുളളില്‍ മറയുമ്പോള്‍ ഒരു സാഹിത്യക്കാരനും നിത്യമായി മരിക്കയില്ല പ്രത്യുത  തന്റെ സൃഷ്ടികള്‍ക്കൊപ്പം എന്നും ജീവിക്കും എന്ന സന്ദേശം അവിസ്മരണീയമാക്കിയിരിക്കുന്നു.

ഫോണ്‍ സംഭാഷണം അവസാനിക്കുന്നതിനു മുമ്പ് 1969 മുതല്‍ ചാക്കോച്ചന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ആവശ്യമായ കൈത്താങ്ങലുകള്‍ നല്‍കിയ റാഹേലമ്മക്ക് ചെറിയൊരു പരിഭവം. ചാക്കോച്ചന്റെ മരണശേഷം ചാക്കോച്ചന്റെ പല സുഹൃത്തുക്കളും സാഹിത്യ ലോകത്തിലേക്ക്  കൈപിടിച്ചു കയറ്റിയ പലരും തങ്ങളെ വിസ്മരിച്ചുവോ ?

വീഴ്ചയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന ചാക്കോ ശങ്കരത്തിലിന്റെ  ഉത്തമയായ കുടുംബിനി റാഹേലമ്മയുടെ വികാരം ഉള്‍ക്കൊളളുവാന്‍ കഴിഞ്ഞാല്‍ മാര്‍ച്ച് 13 ന് നടത്തപ്പെടുന്ന ചാക്കോച്ചന്റെ ചരമ വാര്‍ഷികം അര്‍ത്ഥവത്തായിരിക്കും.

ചാക്കോച്ചന്റെ സ്മരണകള്‍ അയവിറക്കി ശുഭ പ്രതീക്ഷകളോടെ കഴിയുന്ന സഹധര്‍മ്മിണി റാഹേലമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍വ്വേശ്വരന്‍ സര്‍വ്വ ആശ്വാസങ്ങളും നല്‍കട്ടെ. ചാക്കോ ശങ്കരത്തിലിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍.


സ്വഭാവ വൈശിഷ്ട്യത്താല്‍ അമരത്വം നേടിയ ചാക്കൊ ശങ്കരത്തില്‍- പി.പി.ചെറിയാന്‍
Join WhatsApp News
Moncy kodumon 2014-03-12 06:37:51
Only once I met with Chacko sankarathil in Kerala center New York.He dedicated his life full in literature and also he worked hard for about Rejeni magazine .He was a talented man with good sincere .I never forget him in my life.we can pray for his soul in this time.   Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക