Image

നഴ്‌സിന്റെ യൂണിഫോമില്‍നിന്ന്‌ രാഷ്ട്രീയക്കാരിയുടെ വേഷത്തിലേക്ക്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 10 November, 2011
നഴ്‌സിന്റെ യൂണിഫോമില്‍നിന്ന്‌ രാഷ്ട്രീയക്കാരിയുടെ വേഷത്തിലേക്ക്‌

ന്യൂയോര്‍ക്ക്‌: ആതുരസേവന രംഗത്തുനിന്ന്‌ അമേരിക്കയിലെ രാഷ്ട്രീയരംഗത്ത്‌ പൊരുതി ജയിച്ച്‌ ആധിപത്യമുറപ്പിച്ച്‌ മലയാളികള്‍ക്കെല്ലാം അഭിമാനമായി ഒരു മലയാളി വനിതയുടെ തേരോട്ടം. ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേച്ചറായി?ആനി പോള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ ആഹ്ലാദിച്ചത്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ മലയാളികള്‍ മാത്രമല്ല, അമേരിക്കയിലെ മലയാളി സമൂഹമാണ്‌. ഡിസ്‌ട്രിക്ട്‌ 14-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ എതിരാളി ഹെന്റ്രി സ്റ്റുവാര്‍ട്ടിനെ 63 ശതമാനം വോട്ടിനാണ്‌ ആനി തറപറ്റിച്ചത്‌.

 

'ഈ ചരിത്രവിജയം എന്റേതു മാത്രമല്ല, എന്നെ പ്രോത്സാഹിപ്പിച്ചവരുടേയും, തെരഞ്ഞെടുപ്പു പ്രവര്‍ത്തകരുടേയും, വോട്ടു ചെയ്‌ത്‌ വിജയിപ്പിച്ച സമ്മതിദായകരുടേയും വിജയമാണ്‌.' ലേഖകന്റെ ഇന്റര്‍വ്യൂവില്‍ ആനി പോള്‍ മനസ്സു തുറന്നു. വ്യക്തികളും സംഘടനകളും സഹപ്രവര്‍ത്തകരും ആനി പോളിന്റെ വിജയത്തിനായി രാപകലില്ലാതെ അക്ഷീണം പ്രയത്‌നിച്ചത്‌ അവര്‍ കൃതജ്ഞതയോടെ അനുസ്‌മരിച്ചു. നഴ്‌സിന്റെ യൂണിഫോമില്‍നിന്ന്‌ രാഷ്ട്രീയക്കാരിയുടെ വേഷത്തിലേക്ക്‌ മാറിയപ്പോള്‍ തലക്കനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്‌ അവര്‍ വിനയാന്വിതയായി. `എനിക്കിപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വമായി. ജനങ്ങള്‍ക്കുവേണ്ടി, രാജ്യത്തിന്റെ നന്മയും ഉയര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും ഇനിയുള്ള കാലം.' അവര്‍ പറഞ്ഞു.

അമേരിക്കന്‍ മലയാളികള്‍ക്ക്‌, പ്രത്യേകിച്ച്‌ യുവജനങ്ങള്‍ക്ക്‌, നല്‍കാനുള്ള സ്‌ന്ദേശമെന്താണ്‌? `പ്രാദേശിക സംഘടനകളിലും മലയാളി സംഘടനകളിലും മാത്രം ഒതുങ്ങിക്കൂടാതെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ തെരഞ്ഞെടുക്കുകയാണ്‌ മുഖ്യമായും വേണ്ടത്‌. കഴിവുള്ള എല്ലാവരും രാഷ്ട്രീയരംഗത്തേക്ക്‌ കടന്നു വരണമെന്നാണ്‌ എന്റെ അഭിപ്രായം. എങ്കിലേ നമ്മെ നാമാക്കി മാറ്റിയ ഈ രാജ്യത്തിനുവേണ്ടി എന്തെങ്കിലും നമുക്ക്‌ ചെയ്യാന്‍ കഴിയൂ.' അവര്‍ അഭിപ്രായപ്പെട്ടു.

ഈ വിജയത്തില്‍ ഏറെ ആഹ്ലാദിക്കുന്നത്‌ അഗസ്റ്റിന്‍ പോള്‍ ആണ്‌. പരാജയങ്ങളില്‍ പതറാതെ സ്വന്തം ഭാര്യയ്‌ക്ക്‌ താങ്ങും തണലുമായി കൂടെ നില്‌ക്കുകയും കൂടുതല്‍ പ്രചോദനമേകി ശ്രദ്ധയോടെ മുന്നോട്ടു നീങ്ങി ഭാര്യയെ വിസ്‌മയകരമായ നേട്ടത്തിലേക്ക്‌ നയിച്ചഅഗസ്റ്റിന്‍ പോള്‍, അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരു മാതൃകാ പുരുഷനാണെന്ന്‌ പറയാതെ വയ്യ.കാമ്പയിന്‍ മാനേജര്‍ ഇന്നസന്റ്‌ ഉലഹന്നാന്റെ കര്‍മ്മകുശലമായ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ കൂടിയായപ്പോള്‍ ആനി പോളിന്റെ വിജയം സുനിശ്ചിതമായി.

മൂവ്വാറ്റുപുഴയ്‌ക്കടുത്ത്‌ കല്ലൂര്‍ക്കാട്‌ നെടുങ്കല്ലേല്‍ ജോണിന്റേയും പരേതയായ മേരിയുടേയും പുത്രിയാണ്‌ ആനി പോള്‍. ഭര്‍ത്താവ്‌ അഗസ്റ്റിന്‍ പോള്‍ കോട്ടയം ജില്ലയില്‍ രാമപുരം തേവര്‍കുന്നേല്‍ കുടുംബാംഗമാണ്‌. മൂന്നു പെണ്‍മക്കളാണ്‌ ഈ ദമ്പതികള്‍ക്ക്‌ - മറീന, ഷബാന, നടാഷ.

 

പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച്‌, പരാജയങ്ങളുടേയും എതിര്‍പ്പുകളുടേയും അതിര്‍വരമ്പുകള്‍ ഭേദിച്ച്‌, ദൃഢനിശ്ചയത്തോടെ സധൈര്യം രാഷ്ട്രീയ ഗോദായിലേക്ക്‌ കാലെടുത്തുവെച്ച്‌ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ആനി പോളിന്‌ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്‌ നാനാദിക്കുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

 

റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ആനി പോള്‍ പുതിയ പല മാറ്റങ്ങളും ലൈബ്രറിയില്‍ വരുത്തിയിരുന്നു. ലൈബ്രറിയില്‍ ഒരു ഇന്ത്യന്‍ വിഭാഗം സ്ഥാപിക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യങ്ങളിലൊന്ന്‌.

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌, ഇന്ത്യന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌, മറ്റു പ്രാദേശിക സംഘടനകളുടെ ഭാരവാഹി എന്നീ നിലകളില്‍ തിളക്കമാര്‍ന്ന സേവനം കാഴ്‌ചവെച്ചിട്ടുള്ള ആനി പോള്‍ ഫൊക്കാനയുടെ ഒരു സജീവ പ്രവര്‍ത്തകയും കൂടിയാണ്‌. 2010-ലെ ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടന്ന നഴ്‌സസ്‌ സെമിനാറിന്റെ മേല്‍നോട്ടം വഹിച്ച്‌ അന്നത്തെ കേരള ആരോഗ്യ മന്ത്രി പി.കെ. ശ്രീമതിയടക്കം ഒട്ടേറെ പ്രമുഖ വ്യക്തികളുടെ മുക്തകണ്‌ഠമായ പ്രശംസക്ക്‌ പാത്രീഭൂതയായിട്ടുണ്ട്‌.

ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിംഗ്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ നഴ്‌സിംഗ്‌ പഠനം പൂര്‍ത്തിയാക്കിയ ആനി പോള്‍, പഠന കാലങ്ങളിലും തന്റെ കഴിവു തെളിയിച്ച്‌ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയില്‍ നിന്ന്‌ `ഡോ. വിജയകുമാര്‍ ഗുജ്‌റാള്‍ അവാര്‍ഡ്‌ ഫോര്‍ മോസ്റ്റ്‌ എഫിഷ്യന്റ്‌ ആന്‍ഡ്‌ സിംപതറ്റിക്‌ നഴ്‌സ്‌' എന്ന ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്‌.

1982-ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിയ ആനി പോള്‍, റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ നയാക്ക്‌ ആശുപത്രിയിലായിരുന്നു ജോലി ചെയ്‌തിരുന്നത്‌. ജോലിയോടൊപ്പം പഠനവും തുടര്‍ന്ന അവര്‍ നഴ്‌സിംഗിലും പബ്ലിക്‌ ഹെല്‍ത്തിലും മാസ്റ്റര്‍ ബിരുദം നേടി. റോക്ക്‌ലാന്റിലെ ഡൊമിനിക്കന്‍ കോളേജില്‍ അഡ്‌ജംക്ട്‌ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ്‌ 2009-ല്‍ ക്ലാര്‍ക്‌സ്‌ ടൗണ്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാറ്റുരയ്‌ക്കാന്‍ കന്നിയങ്കത്തിനിറങ്ങിയത്‌.

നഴ്‌സിന്റെ യൂണിഫോമില്‍നിന്ന്‌ രാഷ്ട്രീയക്കാരിയുടെ വേഷത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക