Image

ഒരനുസ്‌മരണം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 11 March, 2014
ഒരനുസ്‌മരണം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
(മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാദ്ധ്യക്ഷനായിനുന്ന പരിശുദ്ധ ബസ്സേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവാ തിരുമേനിയുടെ ചരമ സുവര്‍ണ്ണ ജൂബിലിയില്‍ 50 വര്‍ഷം (1964 ജനുവരി 2) പരിശുദ്ധ ബാവാതിരുമേനിയുടെ മാതൃ ഇടവകയായ കുറിച്ചി വലിയ പള്ളിയില്‍ വച്ച്‌ ഫെബ്രുവരി 16, 2014-ന്‌ നടത്തിയ അനുസ്‌രണ സമ്മേളനത്തില്‍ അവതരിപ്പിച്ചത്‌).

അസ്‌തഗിരി ശ്രംഗമതിലാദിത്യ ദേവന്റെ
ദീപ്‌തിയില്‍ ക്ഷിതീതലം വിളങ്ങിയാവേളയില്‍
അക്ഷയഭാസ്സിയന്നോരജപാലശ്രേഷ്‌ഠനും
മൃത്യുവിന്‍ നി്‌ഷഠുരമാം കൈകളിലമര്‍ന്നല്ലോ!

അന്‍പതു നിദാഘങ്ങള്‍ കടന്നിട്ടു മാദിനം
തപ്‌തവീചിയായെന്നുള്ളിലിന്നും വിലയിപ്പൂ
നീതിമാന്മാര്‍ക്കുള്ളൊരാ നിര്‍മ്മല വെള്ളിയാഴ്‌ച
ഭൂതലം ബാവാതിരുമേനിയും വെടിഞ്ഞല്ലോ !

താപമെന്നുള്‍ത്തട്ടാകെ നീറ്റുന്നാ സ്‌മരണയില്‍
വേപഥുവിന്നുമെന്റെ കൈകളെ തളര്‍ത്തുന്നു
എന്താണു കരണീയം? ഏവരുമിതേമട്ടില്‍
പന്തയം വയ്‌ക്കുവേണ്ട, പോകയേ തരമുള്ളു !

ഭക്തിയിന്‍ ജ്യോതിസ്സായി മുക്തിയിന്‍ സ്രോതസ്സായി
ശക്തിയിന്‍ ദുര്‍ഗ്ഗമായി വാണൊരു മഹാമുനേ!
തൊണ്ണൂറു സംവത്സരം മണ്ണിനെ വിണ്ണാക്കുവാന്‍
കണ്ണുനീര്‍ ചൊരിഞ്ഞൊരാ കാരുണ്യ വാരാനിധേ!
കണ്ണുനീര്‍ മുത്തല്ലാതെ കാഴ്‌ചയായില്ലൊന്നുമേ,
വിണ്ണിലെ താരകമായ്‌ മാറിയ ദേവാത്മജാ !

ബാലാര്‍ക്കപ്രഭ വെല്ലും പാലൊളിത്തൂവദനം
വാര്‍തിങ്കള്‍പ്രഭ നാണിച്ചൊളിക്കും മന്ദഹാസം
ആരാദ്ധ്യമാം തേനൊളി വിതറും മന്ദ്രനാദം
വെള്ളിലാവിനെ വെല്ലും വെള്ളിനൂല്‍ താടിമീശ
സന്തതം മുഴങ്ങിയൊരിടിനാദസ്വനവും
ഗാംഭീര്യമോളം തല്ലും അഭൗമ മുഖശ്രീയും,

അന്തിച്ചുവപ്പിന്നരുണാഭയാര്‍ന്നുടയാട
കാന്തിചിന്തും ദീപ്‌തമാം സ്വര്‍ണ്ണാഭയിന്‍ മേലാട
എന്തും സ്വര്‍ണ്ണാംശദണ്ഡും സ്ലീബയും കരദ്വമ്പേ
സന്തതം സംപൂജ്യനാം ആ യതീശ്വര ശ്രേഷ്‌ഠന്‍ !

ചെങ്കോലും കിരീടവും പട്ടുപധാനങ്ങളും
തങ്കവിഷ്ടരങ്ങളും തങ്കുമാ ദിവ്യരൂപം
പങ്കമറ്റൊരു ദേവജ്യോതിസ്സായ്‌ ഞങ്ങള്‍ക്കെന്നും
സങ്കേതം നല്‍കാനായീ വിണ്‍വീഥിയില്‍ തെളിയൂ !

എണ്‍പത്തിയാറാം കാതോലിക്കാ മാര്‍ ബസ്സേലിയോസ്‌
ഗീവര്‍ക്ഷീസ്‌ ദ്വിതീയന്‍, മലങ്കരേല്‍ ത്രിതീയനാം
സംപൂജ്യസ്‌മരണാര്‍ഹന്‍ മാര്‍ത്തോമ്മാ പിന്‍ഗാമി
സന്തതം ലസിക്കുകേ വ്യഥിതര്‍ക്കാശ്വാസമായ്‌ !
സൗവ്വര്‍ണ്ണ ജൂബിലീസ്‌മരണാര്‍ഹനാമങ്ങേയ്‌ക്കായ്‌
സംസ്‌താവമര്‍ത്ഥിപ്പെങ്ങള്‍ ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിച്ചാലും !

നമസ്‌തേ, മാമുനീന്ദ്ര ധനനാം മഹാത്മാവേ!
നമസ്‌തേ, സാത്വികാഗ്രിമനാകും ദിവ്യാത്മാവേ!
എന്നാളും ഞങ്ങള്‍ക്കങ്ങുന്നാശ്വാസദീപമാക!
എന്നാളും ഞങ്ങള്‍ക്കായി താതനോടര്‍ത്ഥിക്കണേ!

ജനുവരി 2, 2014
ഒരനുസ്‌മരണം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)ഒരനുസ്‌മരണം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക