Image

സാമൂഹ്യപ്രതിബദ്ധത- സരോജാ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്

സരോജാ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക് Published on 13 March, 2014
സാമൂഹ്യപ്രതിബദ്ധത- സരോജാ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്
മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുന്ന പല അനിഷ്ടസംഭവങ്ങള്‍ക്കും ഇന്നു നമ്മുടെ സമൂഹം സാക്ഷ്യം വഹിക്കേണ്ടിവരുന്നു. ബാല്യവും കൗമാരവും പിന്നിട്ട് യുവത്വത്തിലേയ്ക്കു പ്രവേശിച്ചു ജീവിതം ആരംഭിക്കുന്നതിനു മുമ്പു തന്നേ വിധിയുടെ ക്രൂരഹസ്തങ്ങളാല്‍ ഞെരിഞ്ഞമരുന്ന യുവതീയുവാക്കളുടെ സംഖ്യ ഇന്നു നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഒരു യുവതിയെയോ, യുവാവിനെയോ കാണ്‍മാനില്ല എന്ന ഒരു അറിയിപ്പ് മാധ്യമങ്ങളില്‍ കാണുമ്പോള്‍ മനസ്സു നൊമ്പരപ്പെടുന്നു. ആശങ്കകളും ഊഹാപോഹങ്ങളും സമൂഹത്തില്‍ ഉയരുന്നു. കാണാതാവുന്നതില്‍ ഏറിയ പങ്കും സംശയാസ്പദങ്ങളായ സാഹചര്യങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം പ്രത്യക്ഷപ്പെടുന്നു. ജീവനില്ലാത്ത ആ ജഡം ഏറ്റവാങ്ങേണ്ടിവരുന്ന ബന്ധുക്കളും സുഹൃത്തുക്കളും നിസ്സഹായരാകുന്നു. എവിടെ എന്താണ് സംഭവിക്കുന്നത്. നിയമപരമായ അന്വേഷണം ക്രമേണ നിഷ്ഫലമായി പരിണമിക്കുന്നു. ആര്‍ക്ക് എവിടെയാണ് ഇതിന് ഒരു പരിഹാരം കണ്ടെത്താനാവുക. ഇത്തരം ആകസ്മിക സംഭവങ്ങള്‍ തടയാന്‍ എന്താണു നാം ചെയ്യേണ്ടത് നിയമപരമായി നടത്തുന്ന അന്വേഷണത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ നിയമസംഹിതകള്‍ക്കു കഴിയുന്നു. ഇവിടെ നമ്മുടെ മാധ്യമങ്ങളുടെയും സംഘടനകളുടെയും ഇടപെടല്‍ ആവശ്യമാണോ?

റോം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി ഒരുക്കിയ ഉദ്യാനവിരുന്നില്‍ വിശിഷ്ടാതിഥികള്‍ കലാകാരന്മാരും പണ്ഡിതശ്രേഷ്ഠരും ആയിരുന്നു. തടവുകാരെ ചുട്ടെരിച്ചു അലങ്കാരദീപമാക്കിയപ്പോള്‍ നിര്‍മ്മദരായി വിരുന്നാസ്വദിച്ച റോമിലെ ബുദ്ധിജീവികളെപ്പോലെയാകുമോ നമ്മുടെ ബുദ്ധിജീവി സമൂഹം?

പൗരസ്ത്യസംസ്‌ക്കാരത്തിന്റെ മൂല്യങ്ങളെ താലോലിച്ചുകൊണ്ട്, പാശ്ചാത്യസംസ്‌ക്കാരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്നവരാണ് നാം. ജീവിതാനുഭവങ്ങളാണ് ജീവിതത്തില്‍ നാം പഠിക്കുന്ന ഏറ്റവും വലിയ പാഠങ്ങള്‍.

വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു മിനിക്കഥ ഇപ്പോള്‍ സ്മരണയിലെത്തുന്നു. ഒരു ആട്ടിന്‍കുട്ടിയുടെ കഥ. ഇടയന്‍ നിര്‍മ്മിച്ച ബലമുള്ള വേലിക്കെട്ടിനുള്ളില്‍ സുരക്ഷിതമായി കഴിഞ്ഞിരുന്ന ഒരു ആട്ടിന്‍കുട്ടി വേലിക്കെട്ടിനുള്ളില്‍ നിന്നും പുറത്തേയ്ക്കു നോക്കിയപ്പോള്‍ ചുറ്റുപാടുമുള്ള ഹരിതാഭമായ പുല്‍പ്പുറവും രാത്രിയാമങ്ങളെ മനോഹമാക്കുന്ന വെണ്‍നിലാവും ഹൃദയാവര്‍ജ്ജകമായി തോന്നി.  എങ്ങിനെയെങ്കിലും ആ വേലിക്കെട്ടിനുള്ളില്‍ നിന്നും പുറത്തുകടന്ന് ആ മനോഹാരിത  ആവോളം ആസ്വദിക്കണമെന്ന തീരുമാനത്തിലെത്തി, പുറത്തുകടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചിന്തിച്ചു. ഒടുവില്‍ വേലിയുടെ ഒരു ഭാഗത്തായി ചെറിയ ഒരു ദ്വാരം കണ്ടെത്തി. ദിവസങ്ങളുടെ അശ്രാന്തപരിശ്രമം കൊണ്ട് ആ ചെറുദ്വാരം വലുതാക്കി. വളരെ കഷ്ടപ്പെട്ട് കൂട്ടിനുള്ളില്‍ നിന്നും സ്വതന്ത്രലോകം മോഹിച്ചു പുറത്തുചാടി. എന്നാല്‍ അധികം താമസിയാതെ തന്നെ ചെന്നുപെട്ടതോ, ഇരയ്ക്കുവേണ്ടി പാഞ്ഞു നടക്കുന്ന ഒരു ചെന്നായുടെ മുമ്പില്‍.
ആടിനെ നഷ്ടപ്പെട്ട ഇടയന്‍ കാണാതെപോയ തന്റെ ആട്ടിന്‍കുട്ടിയെ തേടി യാത്രയായി. ഒടുവില്‍ വളരെ ക്ലേശങ്ങള്‍ സഹിച്ച് ചെന്നായുടെ ക്രൂര ആക്രമണത്തില്‍ നിന്നും തന്റെ ആട്ടിന്‍കുട്ടിയെ ഒരു വിധത്തില്‍ രക്ഷിച്ചു.

മനോഹരമായ ഈ കഥ കേട്ടുകൊണ്ടിരുന്ന ഒരു ബാലന്‍ ഇപ്രകാരം ചോദിച്ചു. “ആ ആട്ടിയന്‍ വേലിയിലുണ്ടായിരുന്ന ദ്വാരം അടച്ചോ.”  എത്രയോ ചിന്തനീയമായ ചോദ്യം.
ഇന്നത്തെ സമൂഹത്തിന്റെ വേലിക്കെട്ടുകളില്‍ മാതാപിതാക്കളും അദ്ധ്യാപകരും മറ്റു മുതിര്‍ന്നവരും ചേര്‍ന്ന് കുട്ടികള്‍ക്ക് ഓടിപ്പോകാന്‍ സാദ്ധ്യതയേറുന്ന ചില ദ്വാരങ്ങള്‍ ചുരുക്കമായിട്ടെങ്കിലും അവശേഷിപ്പിക്കുന്നില്ലേ? ഇന്നു പ്രചാരത്തിലുള്ള പല മാധ്യമങ്ങളും പ്രത്യക്ഷമായും പരോക്ഷമായും തെറ്റായ സ്വാതന്ത്ര്യബോധത്തിലേക്കു യുവതലമുറയെ മാടിവിളിക്കുന്നതായി തോന്നുന്നു. കുട്ടികളോടൊത്തു പുകവലിക്കുന്നതും മദ്യപിക്കുകയും ചെയ്യുന്നത് ആധുനിക സംസ്‌കാരത്തിന്റെ ഭാഗമായി ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നു. അവ യുവതലമുറയ്ക്കു വേലിയിലെ ദ്വാരങ്ങള്‍ പോലെയാണ്. വേലിക്കെട്ടിനുള്ളില്‍ സുരക്ഷിതമായി കഴിയുന്ന യുവതലമുറയ്ക്ക് ചെന്നായ്ക്കളുടെ കൈയ്യില്‍ അകപ്പെടാതിരിക്കണമെങ്കില്‍, വേലിയില്‍ ദ്വാരങ്ങള്‍ വീഴാതെ സൂക്ഷിക്കാന്‍ മാതാപിതാക്കളോടൊപ്പം മാധ്യമങ്ങളും സംഘടനകളും കൈകോര്‍ത്തു സഹകരിച്ചു പ്രവര്‍ത്തിക്കണം.

അധര്‍മ്മത്തിനും അനീതിക്കും എതിരെ കര്‍മ്മ സമരം നടത്താനും സമൂഹത്തോടുള്ള പ്രതിബന്ധതയെ മാനിച്ചുകൊണ്ട് സംഘടിതമായി, സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം അപചയങ്ങള്‍ക്കു നേരേ ശബ്ദമുയര്‍ത്താനും നമുക്കു കഴിയട്ടെ!


സാമൂഹ്യപ്രതിബദ്ധത- സരോജാ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക