Image

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത പതിന്നാലാം വയസ്സിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 March, 2014
ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത പതിന്നാലാം വയസ്സിലേക്ക്‌
ഷിക്കാഗോ: 2001 മാര്‍ച്ച്‌ മാസം പതിമൂന്നാം തീയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ സ്ഥാപിതമായ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത അത്ഭുതകരമായ വളര്‍ച്ചയുടെ 13 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ക്രിസ്‌തുശിഷ്യനായ മാര്‍ത്തോമാ ശ്ശീഹയാല്‍ സ്ഥാപിതമായ സീറോ മലബാര്‍ രൂപതയ്‌ക്ക്‌ ഇന്ത്യയ്‌ക്കുപുറത്ത്‌ രൂപംകൊണ്ട ആദ്യത്തെ രൂപതയാണിത്‌. 2001-ല്‍ രൂപതാസ്ഥാപനത്തിനു മുമ്പ്‌ ഏതാനും വൈദീകരുടെ നേതൃത്വത്തില്‍ ചില മിഷന്‍ കേന്ദ്രങ്ങള്‍ കേന്ദ്രമാക്കി അമേരിക്കയിലെ സീറോ മലബാര്‍ സഭാതനയരുടെ അജപാലന കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്ന അവസ്ഥയില്‍ നിന്നും, 13 വര്‍ഷംകൊണ്ട്‌ രൂപത കൈവരിച്ച നേട്ടങ്ങള്‍ അത്ഭുതകരമാണ്‌.

വിശുദ്ധ തോമാശ്ശീഹായുടെ പ്രേക്ഷിത തീക്ഷണതയില്‍ നിന്നും വിശ്വാസാനുഭവത്തില്‍ നിന്നും ശക്തിസ്വീകരിച്ചുകൊണ്ട്‌, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ രൂപതയുടെ വളര്‍ച്ചയ്‌ക്കായി സേവനം ചെയ്യുന്ന 68 വൈദീകരുടേയും ആയിരക്കണക്കിന്‌ അത്മായരുടേയും അര്‍പ്പണ മനോഭാവത്തിന്റേയും, പ്രയത്‌നത്തിന്റേയും ഫലമായി രൂപതയ്‌ക്ക്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി 32 ഇടവകകളും അമേരിക്കയിലും കാഡനയിലുമായി 42 മിഷനുകളുമുണ്ട്‌. രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമായി ആയിരത്തില്‍പ്പരം വിശ്വാസപരിശീലകരുടെ നേതൃത്വത്തില്‍ 8000-ല്‍പ്പരം കുട്ടികള്‍ വിശ്വാസപരിശീലനം നേടുന്നു. കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന കൊച്ചുകേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വ്യത്യാസങ്ങളും പ്രത്യേകതകളും സ്വന്തമാക്കി വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയിരിക്കുന്ന ഈ രൂപതയിലെ വിശ്വാസികളും, അവര്‍ക്ക്‌ നേതൃത്വം നല്‍കുന്ന ബഹുമാനപ്പെട്ട വൈദീകരും അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനോട്‌ ചേര്‍ന്നു നിന്നു ആരാധനാ സംബന്ധമായ കാര്യങ്ങളില്‍ സീറോ മലബാര്‍ സഭാ സിനഡിന്റെ പൊതുവായ തീരുമാനങ്ങള്‍ക്ക്‌ വിധേയമായി ഒരേ മനസ്സോടെ കൂട്ടായ്‌മയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.

രൂപതാസ്ഥാപനത്തിന്റെ പതിനാലാം വര്‍ഷത്തില്‍ രൂപതാസ്ഥാപകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നത്‌ രൂപതാംഗങ്ങള്‍ക്കെല്ലാവര്‍ക്കും വര്‍ദ്ധിച്ച സന്തോഷത്തിന്‌ കാരണമാകും; രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നവോന്മേഷവും പുതുചൈതന്യവും പ്രദാനം ചെയ്യും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അജപാലന ശുശ്രൂഷയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌, രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടേയും വിശ്വാസപരിശീലനവും കുടുംബപ്രേക്ഷിതത്വവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ കര്‍മ്മപരിപാടികള്‍ രൂപതാതലത്തില്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുമെന്ന്‌ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു.
ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത പതിന്നാലാം വയസ്സിലേക്ക്‌
Join WhatsApp News
George 2014-03-15 03:55:36
സീറോ മലബാര്‍.. Just a pain in the neck. How come they didn't start a mission somewhere in Africa ? "0"s and church goes after money. Just blame the fools who are after the stupidity.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക