Image

കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)

Published on 15 March, 2014
കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമാക്കി മാറ്റാന്‍ സാധ്യതയുള്ള കോയിക്കല്‍ കൊട്ടാരം കണ്ടില്ലെങ്കില്‍ പിന്നെ കേരളം കണ്ടിട്ടുണ്ട്‌ എന്നു പറയുന്നതില്‍ എന്ത്‌ അര്‍ത്ഥമാണുള്ളത്‌. തിരുവനന്തപുരത്ത്‌ അവിചാരിതമായി തങ്ങാനിടയായപ്പോഴായിരുന്നു കൊട്ടാരം കാണാന്‍ നെടുമങ്ങാട്ടേക്ക്‌ ടാക്‌സി പിടിച്ചത്‌. യാത്ര തനിച്ചായിരുന്നു. അതിനു കാരണമുണ്ട്‌. ഗള്‍ഫില്‍ നിന്നു വന്നതിനു ശേഷം യുഎസിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്ത്‌ വന്നപ്പോഴായിരുന്നു ഒരു ദിവസം തങ്ങാനിടയായത്‌. അങ്ങനെ കോയിക്കല്‍ കൊട്ടാരത്തെക്കുറിച്ച്‌ കേള്‍ക്കുകയും കാണാനായി പോവുകയും ചെയ്‌തു. തിരുവനന്തപുരത്ത്‌ നിന്നും 18 കിലോമീറ്റര്‍ മാത്രമേ ഇവിടേക്കുള്ളു.

നാലുകെട്ടും നടുമുറ്റവും ഗതകാല കഥകള്‍ പറയുന്ന കോയിക്കല്‍ കൊട്ടാരം പഴമയെ അറിയാനാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ്‌. വേണാട്‌ രാജവംശത്തിലെ ഉമയമ്മ റാണിക്കായി പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ ആഡംബരവും വിവരണാതീതം തന്നെ.

ടാക്‌സിലായിരുന്നതിനാല്‍ സ്ഥലമൊന്നും അന്വേഷിക്കേണ്ടി വന്നില്ല. റോഡരുകിലായി മുനിസിപ്പല്‍ ഓഫീസ്‌ കണ്ടു. അതിന്‌ തൊട്ടടുത്തായാണ്‌ കോയിക്കല്‍ കൊട്ടാരം. ഇന്നിതൊരു മ്യൂസിയമാണ്‌. തദ്ദേശ കലാ രൂപങ്ങളുടെ മാതൃകകള്‍, ഉപകരണങ്ങള്‍, നാണയങ്ങള്‍ എന്നിവയുടെ ഒരു അമൂല്യ കലവറ. പുരാവസ്‌തു വകുപ്പ്‌ ഇവിടെയൊരു മ്യൂസിയം 1992-ല്‍ തുടങ്ങിയിട്ടുണ്ട്‌. കേരളത്തില്‍ ആദ്യമായി ഒരു ജനകീയ വിജ്ഞാന നാടന്‍ കലാദൃശ്യമന്ദിരം (ഫോക്‌ ലോര്‍ മ്യൂസിയം), ഒരു നാണയ പ്രദര്‍ശന മന്ദിരം (ന്യൂമിസ്‌മാറ്റിക്‌ മ്യൂസിയം) എന്നിവയും ഇവിടെ കാണാമെന്നു പുറം ഗേറ്റില്‍ എഴുതി വച്ചിരിക്കുന്നു.

പതിനഞ്ചാം നൂറ്റണ്ടിലെ കേരളീയ വാസ്‌തുശില്‌പവിദ്യയുടെ മകുടോദാഹരണം പോലെ കൊട്ടാരം മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ടാക്‌സി നിര്‍ത്തി പുറത്തിറങ്ങി. നാലുകെട്ടിന്റെ ആകൃതിയിലാണ്‌ നിര്‍മ്മിതി. ഒറ്റ തൂണും ചരിഞ്ഞ മേല്‍ക്കൂരയും ചേര്‍ന്ന്‌ കേരളീയ പാരമ്പര്യശൈലിയെ പരിപോഷിപ്പിക്കുന്ന രാജമന്ദിരം. നാലുകെട്ട്‌ മാതൃകയില്‍ കൊത്തുപണികളോടെ വെട്ടുകല്ലില്‍ സിമന്റ്‌ ഉപയോഗിക്കാതെയാണ്‌ കൊട്ടാരം നിര്‍മ്മിച്ചിട്ടുള്ളത്‌. വേണാട്‌ രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളിലൊന്നാണിതത്രേ. സന്ദര്‍ശകര്‍ കുറവായിരുന്നുവെന്നു പറയാം. ഉദ്യോഗസ്ഥരെ പോലെ തോന്നിക്കുന്ന ചിലര്‍ അവിടെയിവിടെയായി റോന്ത്‌ ചുറ്റുന്നുണ്ട്‌. തീവ്രവാദിയെ നോക്കുന്ന കണ്ണു കൊണ്ടുള്ള നോട്ടം കണ്ടപ്പോള്‍ അരോചകമായെങ്കിലും കൊട്ടാരത്തിന്റെ പൂമുഖം കണ്ടപ്പോഴെ അതൊക്കെയും മറന്നു. എന്റെയൊപ്പം ഡ്രൈവറും അകത്തേക്കു വന്നു. ഞങ്ങള്‍ക്കൊപ്പം ഒരു ഗൈഡും കാര്യങ്ങള്‍ വിശദീകരിക്കാനായി എത്തി.

അകത്തുകടന്നപ്പോള്‍ ആദ്യമേ ദൃശ്യമായത്‌ നാണയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മന്ദിരമാണ്‌. അതൊരു രസകരമായ കാഴ്‌ചയായി തോന്നി. അവിടെ യേശുക്രിസ്‌തുവിന്റെ കാലത്തെ നാണയങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്‌ ഗൈഡ്‌ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല. റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍, റോമന്‍ വെള്ളിനാണയങ്ങള്‍ (ക്രിസ്‌തുവിനെ ഒറ്റിക്കൊടുത്തത്തിനു യൂദാസിനു കിട്ടിയ വെള്ളിക്കാശ്‌ ഇതു തന്നെ), തിരുവിതാംകൂര്‍ നാണയങ്ങള്‍, നാണയനിര്‍മ്മാണത്തിന്‌ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികള്‍ (കമ്മട്ടത്തിന്റെ കാര്യമാണേ), പഴയകാലത്തെ അളവുതൂക്കങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാം. കാണാതിരുന്നെങ്കില്‍ അതൊരു നഷ്‌ടമായേനെ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാണയശേഖരണ മ്യൂസിയമാണിതെന്നു ഗൈഡ്‌ പറഞ്ഞപ്പോള്‍ അവിശ്വസനീയമായി തോന്നി.

ഏറെ ആകര്‍ഷിച്ചത്‌ യേശുക്രിസ്‌തുവിന്‌ സമര്‍പ്പിച്ചതെന്ന്‌ കരുതുന്ന വെനീഷ്യന്‍ നാണയമായിരുന്നു. പഴമയുടെ കഥപറയുന്ന നാണയ ശേഖരങ്ങളില്‍ റോമന്‍ നാണയങ്ങളുടെ അപൂര്‍വ ശേഖരമുണ്ട്‌. എത്രയോ തവണ ഏതൊക്കെ മ്യൂസിയങ്ങള്‍ ലോകത്ത്‌ കണ്ടിരിക്കുന്നു. അതൊന്നും ഇതിനടുത്തു വരില്ലെന്നു അപ്പോഴൊക്കെയും തോന്നിയിട്ടുണ്ട്‌. പക്ഷേ, ഇതൊന്നും ആരും വില കല്‍പ്പിക്കുന്നില്ലെന്നു മാത്രം. അത്‌ അങ്ങനെയാണല്ലോ. മുറ്റത്ത്‌ മുല്ലയ്‌ക്ക്‌ മണമില്ലല്ലോ?

നടുമുറ്റം കടന്ന്‌ അടുത്തമുറിയിലേക്കു കടന്നു. അവിടെ കേരളചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും നടരാജവിഗ്രഹവും കണ്ടു. സമീപത്തെ കുളത്തില്‍ നിന്നു കണ്ടെടുത്ത പുരാതന വിഗ്രഹങ്ങള്‍. കലമാന്റെ തലയും, ആനയുടെ താടിയെല്ലുമൊക്കെ മനോഹരമായി വച്ചിരിക്കുന്നു. തറയില്‍ ഭൂമിക്കടിയിലൂടെയുള്ള തുരങ്കത്തിലേക്കുള്ള പ്രവേശനവാതില്‍. ഇത്‌ അന്നത്തെ കാലത്ത്‌ രാജാക്കന്മാര്‍ക്ക്‌ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നതിനായി നിര്‍മ്മിച്ചതാണെന്നു ഗൈഡ്‌ പറഞ്ഞു. ഇപ്പോഴിത്‌ തുറക്കാറില്ല.

പടികയറി മുകളിലത്തെ നിലയില്‍ എത്തി. കേരളത്തിലെ നാടന്‍ കലകളെക്കുറിച്ചുള്ള ദൃശ്യവിരുന്നുകള്‍. ആനച്ചമയവും തുള്ളല്‍ കഥകളി വേഷങ്ങള്‍ക്കുമൊപ്പം ആദിമ വസ്‌ത്രമായ മരവുരിയും, നായാട്ടിനു ഉപയോഗിച്ചിരുന്ന കല്‍മഴുവും അമ്പും വില്ലും കുന്തവുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇതൊക്കെ എവിടെ നിന്നു ശേഖരിച്ചു വച്ചിരിക്കുന്നുവോ ആവോ? വാളും പരിചയും ചാട്ടവാറും ഇരുതലവാളുമൊക്കെ ഏതൊരു കൊട്ടാരത്തിലുമെന്നതുപോലെ ഇവിടെയുമുണ്ട്‌. കേട്ടുപരിചയം മാത്രമുണ്ടായിരുന്ന ഊരാക്കുടുക്ക്‌ ഇവിടെ കണ്ടു. അതു ശരിക്കുമൊരു കുടുക്ക്‌ തന്നെ. രാമകഥാ കഥനത്തിന്‌ ഉപയോഗിച്ചിരുന്ന അപൂര്‍വ്വ വാദ്യോപകരണം, തടിയില്‍ പണിത സാരംഗി എന്നിവ ഇവിടുത്തെ പ്രധാന കാഴ്‌ചകളാണ്‌. കൂടാതെ, പഴയകാലത്തെ ചെമ്പ്‌, പിത്തള പാത്രങ്ങള്‍ എന്നു വേണ്ട വീട്ടുപകരണങ്ങള്‍ എന്നിവയും ഈ പഴമയുടെ കലവറയ്‌ക്ക്‌ മാറ്റു കൂട്ടുന്നു.

വീണ്ടും താഴെയിറങ്ങി ഗൈഡ്‌ ഞങ്ങളെ മറ്റുമുറികളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പഴയകാലത്തെ ഗൃഹോപകരണങ്ങള്‍ ഒട്ടുമിക്കതും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഓട്ടുപാത്രങ്ങളും ഒറ്റത്തടിപ്പാത്രങ്ങളും കൃഷിസാമഗ്രികളും, മീന്‍പിടിക്കുന്ന പ്രാചീനവലകളും, കുതിരവണ്ടിയും കാളവണ്ടിയുമൊക്കെ ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പായി തോന്നി. ഇതില്‍ പലതും ഞാന്‍ ചെറുപ്പത്തില്‍ പാമ്പാടിയിലെ എന്റെ വീട്ടില്‍ കണ്ടിട്ടുണ്ട്‌. പാതാളക്കരണ്ടിയും പാളകൊണ്ടുള്ള വെള്ളംകോരിയും തേന്‍ സംഭരിക്കുന്ന മുളങ്കുഴലും, പത്തായവും അറയും, വലിയ കുടവും ആട്ടുകല്ലും അരകല്ലുമൊക്കെ ഇന്നത്തെ കുട്ടികളോടു പറഞ്ഞാല്‍ വിശദീകരിക്കാനാവും പ്രയാസം. പലതും ഇന്നൊരു പുരാവസ്‌തുവായി എനിക്കു തോന്നിയില്ലെങ്കിലും ഇതെല്ലാം ശേഖരിച്ചുവയ്‌ക്കുന്ന പുരാവസ്‌തുവകുപ്പിന്റെ അഭിനന്ദനങ്ങള്‍.

വിശ്രമിക്കാനായി നിന്നപ്പോള്‍ ഗൈഡ്‌ കോയിക്കല്‍ കൊട്ടാരത്തെക്കുറിച്ച്‌ വിശദീകരിച്ചു.

തിരുവിതാംകൂറിലെ ഇളവല്ലൂര്‍നാട്ടിലെ രാജാക്കന്മാരുടെ താവഴികളില്‍ ഒന്നായ പേരകം സ്വരൂപത്തിന്റെ ആസ്ഥാനമന്ദിരമായിരുന്നത്രേ ഇത്‌. ആറ്റിങ്ങല്‍ ഇളയ തമ്പുരാട്ടിയായ ഉമയമ്മറാണിയാണ്‌ ഈ കൊട്ടാരം പണിതത്‌. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത്‌ ഈ കൊട്ടാരം വേണാട്‌ രാജവംശത്തിന്റെ കൊട്ടാരങ്ങളില്‍ ഒന്നായി. സ്വാതിതിരുനാള്‍ രാജാവിന്റെ മാതാവായ റാണിലക്ഷിഭായിയാണ്‌ അവസാനമായി കോയിക്കല്‍ കൊട്ടാരത്തില്‍ താമസിച്ചത്‌. കോയിക്കല്‍ കൊട്ടാരത്തിന്റെ നാലുകെട്ടിന്റെ ആകൃതിയിലാണ്‌ കൊട്ടാരത്തിന്റെനടുമുറ്റത്തേക്കു വീഴുന്ന വെള്ളം പുറത്തേക്ക്‌ ഒഴുകുന്നതിന്‌ കരിങ്കല്‍ കൊണ്ടുള്ളകുഴലുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

കൊട്ടാരത്തിന്റെ എല്ലാ ആഢ്യത്തെയും ഒരു നിമിഷം മനസാ സ്‌മരിച്ചു. ഇതൊക്കെയും കാണാനാവുക എന്നതു തന്നെ വലിയൊരു കാര്യമാണ്‌. പഴമയെ സ്‌നേഹിക്കുന്ന എന്നെ പോലെയുള്ളവര്‍ക്ക്‌ ഇതൊക്കെയും അക്ഷയഖനി തന്നെ. സമയം ഉച്ചയോടടുക്കുന്നു. മടങ്ങാനായി ഞാന്‍ ടാക്‌സിയിലേക്കു കയറി.

(തുടരും)
കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)കണ്‍മുന്നില്‍ കോയിക്കല്‍ കൊട്ടാരം (പ്രകൃതിയുടെ നിഴലുകള്‍ തേടി -7: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക