Image

സലോമിയെ കൊല്ലാം, തോല്‍പ്പിയ്ക്കാം; ആരുണ്ടിവിടെ ചോദിക്കാന്‍?

ഷാജന്‍ ആനിത്തോട്ടം Published on 22 March, 2014
സലോമിയെ കൊല്ലാം, തോല്‍പ്പിയ്ക്കാം; ആരുണ്ടിവിടെ ചോദിക്കാന്‍?
തൊടുപുഴ ന്യൂമാന്‍ കോളജിലെ മുന്‍ അദ്ധ്യാപകനും മലയാളം വകുപ്പദ്ധ്യക്ഷനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ജോസഫി നാല്‍പ്പത്തിയൊമ്പതാമത്തെ വയസ്സില്‍ കഴിഞ്ഞ ബുധനാഴ്ച(മാര്‍ച്ച് 19) ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ മൂവാറ്റുപുഴ നിര്‍മ്മലമാതാ ദേവാലയത്തിന് സമീപമുള്ള സ്വന്തം വീട്ടില്‍ ജീവനൊടുക്കി. വീട്ടിലെ കുളിമുറിയില്‍ നീളമുള്ള തോര്‍ത്തുമുണ്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സോലമിയെ കണ്ടെത്തിയത്. അന്ത്യശ്വാസം വലിയ്ക്കുമ്പോള് അടുത്തമുറിയില്‍ കഥയറിയാതെ ഭര്‍ത്താവും കൈവെട്ട് കേസിലെ മുഖ്യവാദിയുമായ പ്രൊഫ. ജോസഫും അദ്ദേഹത്തിന്റെ സഹോദരിയും അമ്മയുമുണ്ടായിരുന്നു. ഒരു ജന്മം മുഴുവനും പറഞ്ഞറിയിക്കുവാന്‍ വയ്യാത്ത മാസനിക പീഡനവും ശാരീരികസ്വസ്തകളും അനുഭവിച്ച് ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ സ്വയം മരണത്തിന് കീഴടങ്ങിയ സലോമിയെ പിറ്റേന്ന് ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ദേവാലയ സെമിത്തേരിയില്‍ തന്നെ കബറടക്കി.

ഒരു കണക്കിന് സലോമി ഭാഗ്യവതിയാണ്. തെമ്മാടിക്കുഴിയില്‍ അന്ത്യവിശ്രമം കൊള്ളേണ്ടി വന്നില്ലല്ലോ. പോരാത്തതിന് വൈദിക പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യവും ഉജ്ജ്വലമായൊരു ചരമപ്രസംഗവും ലഭിച്ചു. ദിവസങ്ങള്‍ക്കു മുമ്പുവരെ ഭര്‍ത്താവിന്റെ നഷ്ടപ്പെട്ട ജോലി പേരിനു മാത്രമെങ്കിലും തിരിച്ച് നല്‍കി മാര്‍ച്ച് 31ന് മാന്യമായി റിട്ടയര്‍മെന്റ് വാങ്ങി ശിഷ്ടകാലം പെന്‍ഷന്‍ കൊണ്ട് കുടുംബം പുലര്‍ത്താമെന്ന് മോഹിച്ച് സഭാധികാരികളോട് കെഞ്ചിയപേക്ഷിച്ചിട്ടും മനസ്സാക്ഷിവിരളമായി ആ കണ്ണീരിന് പുല്ലുവില പോലും കൊടുക്കാത്തവര്‍ തന്നെ അന്ത്യയാത്രയില്‍ മുതലക്കണ്ണീരൊഴുക്കുവാന്‍ മുമ്പിലുണ്ടായിരുന്നു. അവരുടെ പൊള്ളയായ ആശ്വാസവാക്കുകള്‍ കേട്ടുകൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ സലോമിയുടെ ആത്മാവ് അവിടെത്തന്നെ കറങ്ങി നടന്നിട്ടുണ്ടാവണം.

സലോമിയെ ആരാണ് തോല്‍പ്പിച്ച്, നോവിച്ച് കൊന്നത്? 2010 ജൂലൈ നാലാം തീയ്യതി ഞായറാഴ്ച പള്ളി കഴിഞ്ഞ് കുടുംബമൊന്നിച്ച് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് മതതീവ്രവാദികള്‍ പ്രൊഫസറുടെ വലതുകൈ വെട്ടി മാറ്റിയത്. കാലുകളിലും ശരീരത്തിന്റെ ഇതര ഭാഗങ്ങളിലും വെട്ടേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സലോമിയും അമ്മയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലാക്കിയെങ്കിലും ഇതേവരെ അദ്ദേഹം പൂര്‍ണ്ണസൗഖ്യം പ്രാപിച്ചിട്ടില്ല. ആഴ്ചകള്‍ക്കുശേഷം പ്രതികളെന്ന് സംശയിക്കുന്ന ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കേരളാ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ എന്‍.ഐ.ഐ. കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി കാത്തിരിക്കുന്ന ആ കേസ്സിന്റെ പ്രധാന സാക്ഷികളിലൊരാളായിരുന്ന സലോമി, കേസ്സിന്റെ സമ്മര്‍ദവും ജീവഛവമായി കിടന്നിരുന്ന ഭര്‍ത്താവിന്റെ അനുദിന ശുശ്രൂഷകളിലുമായി വര്‍ഷങ്ള്‍ നീണ്ട യാതനകളിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. പോലീസ് സ്റ്റേഷനും കോടതിയും ആശുപത്രിയുമായി കഴിയുമ്പോഴാണ് പ്രൊഫസറെ കോളേജധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത്. പരാശ്രയമില്ലാതെ തിരിഞ്ഞുകിടക്കാന്‍ പോലുമാവാത്ത അദ്ദേഹം നല്‍കിയ അപ്പീലുകളും ദയാപേക്ഷകളും നിര്‍ദ്ദാഷിണ്യം കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് തള്ളിക്കളഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാലാധികൃതര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ച് അപ്പീലപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടായെങ്കിലും കോളേജ് പ്രിന്‍സിപ്പലും കോതമംഗലം രൂപതാധികൃതരും ഓരോ തടസ്സങ്ങള്‍ പറഞ്ഞ് പ്രൊഫ.ജോസഫിനെ ജോലിയില്‍ നിന്നും അകറ്റി നിര്‍ത്തി. ഒടുവില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും റിട്ടയര്‍മെന്റിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും അദ്ദേഹത്തിന് ജോലി നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.

പ്രൊഫ. ജോസഫ് ചെയ്ത തെറ്റെന്താണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. കോളജിലെ ബി.കോം മലയാളം പേപ്പര്‍ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യക്കടലാസ്സില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍  ചില വാചകങ്ങള്‍ ചേര്‍ത്തുവെന്നതാണ് കോലാഹലത്തിന് കാരണം. നിര്‍ദോഷമായ ഒരു ഫലിതരൂപേണ punctuation mark അടയാളപ്പെടുത്തുവാന് വേണ്ടി മറ്റേതോ കൃതിയില്‍ നിന്നും കടം കൊണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്വതയുള്ള ഒരു അധ്യാപകന്‍ ചെയ്യേണ്ടതായിരുന്നില്ല അതെന്ന് ആരും സമ്മതിക്കും. നിരുപദ്രവമെന്ന് സ്വയം തോന്നിയാലും മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വിശ്വാസത്തെ വൃണപ്പെടുത്തുന്ന ഒരു നേരിയ പരാമര്‍ശം പോലും വിവേകമതിയായ ഒരു വ്യക്തി ചെയ്യുവാന്‍ പാടില്ല. ഒടുവില്‍ തനിക്ക് തെറ്റ് പറ്റിയെന്നും മാപ്പ് തരണമെന്നും അദ്ദേഹം പരസ്യമായി അഭ്യര്‍ത്ഥിച്ചതാണ്. പോലീസ് കേസ് ഭയന്ന് ഒളിവില്‍ പോയ അദ്ദേഹം ഒടുവില്‍ തീവ്രവാദികള്‍ സ്വന്തം മക്കളെയും കുടുംബത്തെയും അക്രമിയ്ക്കാനൊരുങ്ങിയെന്നറിഞ്ഞപ്പോള്‍ പോലീസിന് പിടികൊടുത്ത് കീഴടങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ അദ്ദേഹം പോലീസ് സംരക്ഷണം തേടി ജീവിച്ച് വരുമ്പോഴാണ് സമൂഹമനസാക്ഷിയെ നടുക്കിയെ കൈവെട്ട് സംഭവം അരങ്ങേറുന്നത്.

പ്രൊഫ. ജോസഫിന്റെ തെറ്റിനെ ന്യായീകരിക്കുന്നില്ല. പക്ഷേ മാറാടും നിലയ്ക്കലും നടന്ന വര്‍ഗ്ഗീയ സംഘര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഈ തെറ്റിന്റെ തീവ്രത എത്ര ലഘുവാണെന്ന് മനസ്സിലാകും. 2 തവണയാണ് മാറാട് വര്‍ഗ്ഗീയ ലഹളകള്‍ നടന്നത്. അതിന്  ശേഷവും കേരളത്തില്‍ ചെറിയ തോതിലെങ്കിലും പല വര്‍ഗ്ഗീയ സംഘട്ടനകള്‍ നടന്നു. പലതിന്റെയും പിന്നില്‍ രാഷ്ട്രീയ, സാമുദായിക പ്രമുഖര്‍ തന്നെയായിരുന്നു. കുറെ വാടകപ്രതികളും നിരപരാധികളും ശിക്ഷിക്കപ്പെട്ടു. വമ്പന്‍ സ്രാവുകള്‍ ഇന്നും സമൂഹത്തില്‍ തിമിര്‍ത്തു നടക്കുന്നു.
ശരീരത്തിനേറ്റ വെട്ടിനേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു പ്രൊഫസറുടെ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം ജോലി നഷ്ടപ്പെട്ടതിന്റെ കേസുകളുടെ പ്രളയത്തിന്റെയും വേദന. അവിടെയാണ് സലോമിയെന്ന ഹതഭാഗ്യയുടെ കദനകഥ നാം അറിയുന്നത്. പ്രായമേറിയ ഭര്‍ത്തൃമാതാവിനെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ശയ്യാവലംബിയായ ഭര്‍ത്താവിനെയും ശുശ്രൂഷിച്ചുകൊണ്ട് ജീവിക്കുമ്പോഴും ഇന്നല്ലെങ്കില്‍ നാളെ ജോലി തിരികെ ലഭിക്കുമെന്ന് കരുതി അവര്‍ കാത്തിരുന്നു. മതനിന്ദ നടത്തിയെന്ന് പറഞ്ഞ്, കേസിന്റെ മറവില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ സഭാധികാരികള്‍ അദ്ദേഹിത്തിന് ജോലി നിഷേധിച്ചപ്പോള്‍ മാസശമ്പളം കൊണ്ട് മാത്രം ജീവിച്ച ആ കുടുംബം മെല്ലെ വഴിയാധാരമാവുകയായിരുന്നു. ചികില്‍സയ്ക്ക് വേണ്ടിവന്ന ലക്ഷങ്ങളും കുട്ടികളുടെ പഠിപ്പും അനുദിന കുടുംബചിലവുകള്‍ക്കുമെല്ലാം അവര്‍ വല്ലാതെ ബുദ്ധിമുട്ടി. ജോസഫിന്റെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള തുക ലഭിക്കുവാന്‍ പോലും കോളേജധികൃതര്‍ തടസ്സം നിന്നുവെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ചികില്‍സയ്ക്കും അരിമേടിയ്ക്കാനും നിവൃത്തി തേടി ആ വീട്ടമ്മ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കൂലിപ്പണിയ്ക്കുവരെ പോയിത്തുടങ്ങി. ഇതിനിടയിലാണ് ഡിപ്രഷനും കടുത്ത തലവേദനയും സലോമിയെ വേട്ടയാടിത്തുടങ്ങിയത്. മരിക്കുന്ന അന്ന് രാവിലെയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തലവേദനയ്ക്ക് ചികില്‍സ തേടി അവര്‍ പോയിരുന്നു. മടങ്ങിവന്ന് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പാണ് മരണത്തിന് അവര്‍ സ്വയം കീഴടങ്ങിയത്.

ക്ഷമിക്കുന്ന സ്‌നേഹവും കരുണയും പ്രസംഗിക്കുന്ന, വാതോരാതെ ശത്രുക്കളെ സ്‌നേഹിക്കുവാന്‍ പഠിപ്പിക്കുന്ന പുരോഹിത ശ്രേഷ്ഠരോട് എത്ര കെഞ്ചിപ്പറഞ്ഞിട്ടും അര്‍ഹിക്കുന്ന ജോലി തിരിച്ച് തരാത്തതിന്റെ നിരാശയിലാണ് സലോമി ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 31 ന് മുമ്പ് ജോലിയില്‍ തിരികെ കയറി മുപ്പത്തൊന്നാം തീയ്യതി റിട്ടയര്‍ ചെയ്താല്‍ ലഭിക്കുന്ന പെന്‍ഷന്‍ ആ കുടുംബത്തിന്റെ നിലനില്‍പ്പിന് സഹായകമാവുമായിരുന്നു. സഭാധികാരികള്‍ ആദ്യം അതിന് സമ്മതിച്ചതുമായിരുന്നു. അതിനനുസരിച്ച് കരാറെല്ലാമെഴുതി ഒപ്പിടുവാനിരിയ്ക്കുമ്പോഴാണ് പെട്ടെന്ന് അധികാരികളുടെ മനം മാറ്റം. ഒരു പക്ഷേ പ്രൊഫസറെ തിരിച്ചെടുത്താല്‍ അദ്ദേഹത്തിന് നല്‍കേണ്ടി വന്നേക്കാവുന്ന സാമ്പത്തിക നഷ്ടപരിഹാരത്തെപ്പറ്റി മനഃസാക്ഷിയില്ലാത്ത ആരോ അവരെ ഉപദേശിച്ചു. അതിന്റെ വെളിച്ചത്തിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് അധികാരികള്‍ വീണ്ടും കൈയൊഴിഞ്ഞതെന്ന് പറയപ്പെടുന്നത്. ജോസഫിന്റെയൊപ്പം വിരമിയ്ക്കുന്ന മറ്റ് സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ് ചടങ്ങുകളും മാന്യമായ റിട്ടയര്‍മെന്റും അറിഞ്ഞ സലോമിയ്ക്ക്, ഭര്‍ത്താവിനെ പേരിനെങ്കിലും തിരിച്ചെടുത്ത് പെന്‍ഷന്‍ ലഭിക്കാനുള്ള വഴിയുണ്ടാക്കാനുള്ള തങ്ങളുടെ അപേക്ഷ അവസാന നിമിഷമെങ്കിലും സ്വീകരിക്കുമെന്ന പ്രതീക്ഷ നശിച്ചപ്പോഴാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. ന്യൂമാന്‍ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായൊരു സുഹൃത്തില്‍ നിന്നുമറിയാന്‍ കഴിഞ്ഞത് ജോസഫ് സാറിന്റെ സഹപ്രവര്‍ത്തകര്‍ മാസാമാസം പിരിച്ചെടുത്ത് നല്‍കിയിരുന്ന ചെറിയ തുകകൊണ്ടാണ് പലപ്പോഴും അവര്‍ കുടുംബം പുലര്‍ത്തിയിരുന്നതെന്നാണ്. എല്ലാവഴികളും അടയുമ്പോള്‍ സലോമിയ്ക്ക് പിന്നെ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ലെന്ന് വേണം അനുമാനിക്കുവാന്‍.

ഇത്ര ദാരുണമായ ഒരു സംഭവം നമ്മുടെ നാട്ടില്‍ നടന്നിട്ടും നമ്മുടെ അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്ന ദാസ്യമനോഭാവവും അവഗണനയുമാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത. രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും ഇങ്ങിനെയൊരു സംഭവം കണ്ടതായി നടിക്കുന്നു പോലുമില്ല. 'നികൃഷ്ടജീവികള്‍' ഇപ്പോള്‍ പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കാലത്ത്, എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാവുമ്പോള്‍ അവരില്‍ നിന്നും അത് പ്രതീക്ഷിക്കേണ്ടതില്ല. വോട്ട് ബാങ്കുകളുടെ ഉടയോന്മാരായ സഭാധികാരികളെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഇടതുപക്ഷത്തെയും വലതുപക്ഷത്തേയും നേതാക്കന്മാര്‍ക്ക് സലോമി ഒരു വിഷയമേയല്ല. പക്ഷേ മാധ്യമങ്ങളുടെ അവഗണന ഭയാനകമാണ്. പേരിന് മാത്രം റിപ്പോര്‍ട്ടിംഗ് നടത്തി അവര്‍ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്കിറങ്ങിത്തിമിര്‍ക്കുകയാണ്. കൈവെട്ട് നടക്കുന്ന സമയത്ത് എത്രയോ രാത്രികളില്‍ ദീര്‍ഘചര്‍ച്ചകള്‍ക്ക് ക്രൈം ട്രൈം നീക്കിവച്ച ചാനലുകള്‍ സലോമിയെയും പ്രൊഫസര്‍ ജോസഫിനെയും മറക്കുന്നു. പത്രങ്ങള്‍ ജില്ലാവാര്‍ത്തയുടെ അറ്റത്തെവിടെയോ അരക്കോളം മാറ്റിവയ്ക്കുന്നു. വിശ്വാസികളും നാളെയിത് മറക്കും. പട്ടിണികിടക്കുന്ന സഹജീവികളെ പാടേ മറന്നുകൊണ്ട് വമ്പന്‍ ദേവാലയ നിര്‍മ്മാണങ്ങള്‍ക്കും ജൂബിലിയാഘോഷങ്ങള്‍ക്കും പട്ടക്കാരനും പുരോഹിത ശ്രേഷ്ഠര്‍ക്കും പുതുപുത്തന്‍ കാറുകള്‍ക്കും സംഭാവന നല്‍കുവാന്‍ മടി കാണിക്കാത്ത വിശ്വാസികള്‍ക്ക് സലോമിയുടെ ആത്മഹത്യ ഒരു വേദനയാവില്ല.
നമുക്കിടയില്‍ ഇങ്ങിനെയും ചിലര്‍ ജീവിച്ചിരുന്നുവെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും സമയം വൈകിയിരിക്കും. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!


സലോമിയെ കൊല്ലാം, തോല്‍പ്പിയ്ക്കാം; ആരുണ്ടിവിടെ ചോദിക്കാന്‍?
Join WhatsApp News
Joseph Nampimadam 2014-03-23 15:13:34
സലോമി പറയാതെ പോയത് 

പള്ളി മേടയിലിരുന്നെന്നെ കല്ലെറിയല്ലേ 
കല്ലെറിയല്ലേ!
തിരുമേനിക്കരമനയുണ്ട്
പാതിരിക്കു പള്ളിമേടയുണ്ട്
മനുഷ്യ പുത്രിക്ക് തല ചായ്ക്കാൻ 
ഒരു മുഴം കയർമാത്രം. 
വിളക്കു മരമേ,വിളക്കു മരമേ 
വെളിച്ചമുണ്ടോ?
കൈയ്യിൽവെളിച്ചമുണ്ടോ 
(ചില്ല് മേടയിളിരുന്നെ കല്ലെറിയല്ലേ എന്നാ നാടക ഗാനത്തിന് ഒരു പാരഡി ജോസഫ്‌  നമ്പിമഠം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക