Image

അഴിക്കുംതോറും മുറുകുന്ന ബോണ്ട്

Published on 11 November, 2011
അഴിക്കുംതോറും മുറുകുന്ന ബോണ്ട്
കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയായാലും നഴ്‌സുമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് "ബോണ്ട്" എന്ന ഊരാക്കുടുക്ക്. ആഴ്ചകളോളമായി ഡല്‍ഹിയില്‍ സമരം തുടരുന്ന ആതുരസേവകര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യവും ബോണ്ടിന്റെ പേരില്‍ തുടരുന്ന ചൂഷണം അവസാനിപ്പിക്കുക എന്നതാണ്. നഴ്‌സിംഗ് പഠനത്തിനു ചേരുമ്പോള്‍ തന്നെ വരാനിരിക്കുന്ന വിപത്തെന്നറിയാതെ ബോണ്ട് ഒപ്പിടാന്‍ നിര്‍ബന്ധിതരാകുകയാണ് നമ്മുടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയാണ് സാധാരണ നിലയില്‍ ബോണ്ടിന്റെ കാലാവധി. ഒരു വര്‍ഷത്തെ നിര്‍ബന്ധിത സേവനമെന്ന വ്യവസ്ഥയോട് കൂടിയ ബോണ്ട് സമ്പ്രദായം കേരളത്തിലെ ഒട്ടുമിക്ക നഴ്‌സിംഗ് കോളേജുകളിലുമുണ്ട്. ആശുപത്രികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഇത് രണ്ടും മൂന്നും വര്‍ഷമായി വര്‍ദ്ധിക്കുന്നത്.

പഠന കാലഘട്ടത്തില്‍ ചെയ്യുന്ന പ്രതിഫലമില്ലാത്ത സേവനത്തെ കൂടാതെയാണ് ബോണ്ടെന്ന പേരിലുള്ള നിര്‍ബന്ധിത സേവനം. സ്വന്തമായി നഴ്‌സിംഗ് കോളേജുകളുള്ള ആശുപത്രികള്‍ അവിടുത്തെ വിദ്യാര്‍ത്ഥികളെ കുടുക്കുന്നത് കൂടാതെ മറ്റ് പല നഴ്‌സിംഗ് സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അവിടുത്തെ വിദ്യാര്‍ത്ഥികളെയും ചൂഷണം ചെയ്യുന്നു. കൊച്ചിയിലെ പല പ്രമുഖ ആശുപത്രികളും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചെറു നഴ്‌സിംഗ് സ്ഥാപനങ്ങളുമായി “ടൈ അപ്പ്”ഉണ്ടാക്കിയിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ ആശുപത്രികളില്‍ ബോണ്ട് അടിസ്ഥാനത്തില്‍ ട്രെയിനിംഗ് നല്‍കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പ്രതിഫലമായി നല്‍കുന്നത് ആയിരത്തയഞ്ഞൂറോ, രണ്ടായിരമോ രൂപ സ്റ്റെപ്പന്റ് മാത്രമാണ്.

അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ ആശുപത്രിയുടെ നിലവാരത്തിനനുസരിച്ച് ബോണ്ടെഴുതി വാങ്ങുന്നതോടൊപ്പം എസ്എസ്എല്‍സി മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വയ്ക്കുന്നതോടെ കുരുക്കിന്റെ കെട്ട് പൂര്‍ണ്ണമായും മുറുകിയിരിക്കും. ഇടയ്ക്കുവച്ച് ജോലി നിര്‍ത്തിയാല്‍ വന്‍തുക മുടക്കേണ്ടിവരുമെന്നതിനാല്‍ ആശുപത്രികളില്‍ മണിക്കൂറുകളോളം മാടുകളെപ്പോലെ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് ഇവര്‍ . അവസരം കിട്ടിയാല്‍ ഇവര്‍ വിദേശത്തേക്ക് കടക്കുമെന്നതിനാലാണ് ബോണ്ട് എഴുതി വാങ്ങുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. പഠനത്തിനായി എടുത്ത ലോണ്‍ അടയ്ക്കാന്‍ ബോണ്ട് കാലയളവില്‍ ലഭിക്കുന്ന സ്റ്റൈപ്പന്റ് കൊണ്ട് സാധിക്കില്ല എന്നതിനാല്‍ ജപ്തിനടപടി നേരിടുകയാണ് ഇവരില്‍ പലരുടെയും കുടുംബാംഗങ്ങള്‍ . ബോണ്ട് വ്യവസ്ഥയില്‍ ജോലി ചെയ്യുമ്പോള്‍ ആവശ്യത്തിന് അവധിയോ ആഴ്ചതോറുമുള്ള ഓഫോ ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു.

കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ ബോണ്ട് വ്യവസ്ഥയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പത്തനംതിട്ട സ്വദേശിയായ ജൂലിയുടെ വിവാഹം. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ട് മാസമേ ആയുള്ളൂവെന്ന പേരില്‍ അഞ്ച് ദിവസത്തെ അവധി മാത്രമാണ് വിവാഹത്തിന് ഈ പെണ്‍കുട്ടിക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നല്‍കിയത്. വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷം പിന്നിട്ടെങ്കിലും ബോണ്ട് കാലാവധി പൂര്‍ത്തിയായിട്ട് കുട്ടികള്‍ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ് ജൂലിയും ഭര്‍ത്താവും. ബോണ്ട് പീരിയഡില്‍ മാസങ്ങളോളം അവധി നല്‍കാനാവില്ലെന്ന ആശുപത്രിയധികൃതരുടെ കര്‍ശന നിലപാടാണ് ദമ്പതിമാരുടെ ഈ തീരുമാനത്തിന് പിന്നില്‍ . സാധാരണഗതിയില്‍ ഒരു സ്റ്റാഫ് നഴ്‌സ് ചെയ്യേണ്ടി വരുന്ന എല്ലാ ജോലികളും ഇത്തരം ട്രെയിനികളും ചെയ്യേണ്ടി വരുന്നുണ്ട്. പരിചയക്കുറവ് മൂലം പിഴവ് സംഭവിച്ചാല്‍ ഹെഡ്‌നഴ്‌സിന്റെയോ ടീം ലീഡറുടെയോ ശകാരം കൂടി കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന താമസസൗകര്യവും, മോശം ഭക്ഷണവുമാണ് ഇവര്‍ക്ക് ഹോസ്റ്റലുകളില്‍ ലഭിക്കുന്നത്. അടുത്ത ഷിഫ്റ്റിലെ നഴ്‌സ് വരാന്‍ വൈകിയാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞാലും പോകാന്‍ കഴിയാത്തത് മൂലം പല ദിവസവും ഭക്ഷണം പോലും കഴിക്കാറില്ലെന്നും ഇവര്‍ പറയുന്നു. ഒരു നിശ്ചിത കാലാവധി കഴിയുമ്പോള്‍ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ലേബര്‍ കമ്മീഷന്‍ നിയമങ്ങളൊന്നും നഴ്‌സിംഗ് മേഖലയില്‍ പ്രാവര്‍ത്തികമാക്കാറില്ല. മൂന്ന് ഷിഫ്റ്റിന് പകരം രണ്ട് ഷിഫ്റ്റായി ജോലി ക്രമീകരിച്ചിരിക്കുന്ന കേരളത്തിലെ ആശുപത്രികളില്‍ ഇവര്‍ 16 മണിക്കൂറോളം ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി താനും കുടുംബവും സ്വപ്നം കാണുന്ന വിദേശ അവസരത്തിന് പ്രവര്‍ത്തി പരിചയം അനിവാര്യമെന്നതിനാല്‍ എല്ലാം സഹിക്കുകയാണ് ഈ തുടക്കക്കാര്‍ . മൂന്ന് വര്‍ഷത്തെ ബോണ്ട് വ്യവസ്ഥയില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന മലയാളി നഴ്‌സിന് പ്രസവാവശ്യത്തിന് നല്‍കിയത് മൂന്ന് മാസത്തെ ലീവ് മാത്രമാണ്. അവധി കഴിഞ്ഞ് മടങ്ങാനിരിക്കേ കുട്ടിക്ക് മഞ്ഞപ്പിത്തം പിടിപെട്ടതിനാല്‍ പതിനഞ്ച് ദിവസം അധിക അവധികൂടിയെടുത്ത ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചപ്പോള്‍ തുടര്‍ച്ചയായി പത്ത് ദിവസത്തോളം ആശുപത്രിയില്‍ നിന്ന് ഇറക്കി വിട്ടു. ഒടുവില്‍ മേലുദ്യോഗസ്ഥന്റെ കാലുപിടിച്ച് കരഞ്ഞ് പറഞ്ഞപ്പോള്‍ ബോണ്ട് കാലാവധി ഒരു വര്‍ഷം കൂടി വര്‍ദ്ധിപ്പിക്കുമെന്ന വ്യവസ്ഥയിലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്.
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക