Image

എന്‍. എസ്‌. എസ്‌. ജനറല്‍ സെക്രട്ടറിമാരും അവരുടെ അഭിപ്രായാന്തരങ്ങളും (ബ്ലസന്‍ ഹൂസ്റ്റണ്‍)

Published on 24 March, 2014
എന്‍. എസ്‌. എസ്‌. ജനറല്‍ സെക്രട്ടറിമാരും അവരുടെ അഭിപ്രായാന്തരങ്ങളും (ബ്ലസന്‍ ഹൂസ്റ്റണ്‍)
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പി.കെ. നാരായണപണിക്കര്‍ ഏത് കാര്യത്തെകുറിച്ച് അഭിപ്രായം പറഞ്ഞാലും അതിന് ജനം വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു. നാരായണപ്പണിക്കരുടെ വാക്കുകള്‍ക്ക് പക്വതയും ഗൗരവമായ തലവുമുണ്ടായിരുന്നു. അദ്ദേഹം ഏത് കാര്യത്തെക്കുറിച്ച് പറഞ്ഞാലും അതിനുമുന്‍പ് അതിനെകുറിച്ച് പഠിച്ചിട്ടെ അഭിപ്രായം പറയുമായിരുന്നൊള്ളുയെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. താത്വീകനായ നാരായണപണിക്കരുടെ അഭിപ്രായപ്രകടനങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ വളരെയേറെ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമുദായനേതാവിന്റെ ഒരു അഭിപ്രായ പ്രകടനമായിട്ടല്ല അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങളെ കേരള ജനത കണ്ടത്. തങ്ങള്‍ ആഗ്രഹിച്ച അഭിപ്രായപ്രകടനമായി തന്നെയായിരുന്നു, സമദൂര സിദ്ധാന്തവും സാമ്പത്തിക സംവരണവും കേരളക്കരയില്‍ എന്‍.എസ്.എസിന്റെ മു ദ്രാവാക്യമായിട്ടും നിലപാടായിട്ടും ഉയര്‍ത്തികൊണ്ടു വന്നപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍പ്പോലും അതിനെ അടിച്ചമര്‍ത്താന്‍ നോക്കിയപ്പോള്‍ അതിന്റെ ഉദ്ദേശല ക്ഷ്യം അവരെ പറഞ്ഞു മനസ്സിലാക്കാന്‍ തന്റെ പക്വരായും മിതമായ അഭിപ്രായംകൊണ്ട് നാരായണപ്പണിക്കര്‍ക്ക് കഴിഞ്ഞു.

യു.ഡി.എഫില്‍ ഉള്ളപ്പോഴും അതിനുപുറത്തുപോയപ്പോഴും നാരായണപണിക്കരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവര്‍ സ്വീകരിച്ചിരുന്നു. എന്തിന് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ സഖാവ് ഇ.എം.എസ്. പോലും പണിക്കരുടെ വാക്കിനെ എപ്പോഴും മാനിച്ചിരുന്നുയെന്ന് പറയുമ്പോള്‍ ഇത് ഏറെക്കുറെ വ്യക്തമാണ്.
നാരായണപണിക്കരെ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന് മുന്‍പ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന കിടങ്ങൂര്‍. കിടങ്ങൂരിന്റെ അഭിപ്രായപ്രകടനങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടു മാത്രമെ ഉണ്ടായിരുന്നൊള്ളൂ. വാക്കുകള്‍ അളന്നു തൂക്കി കുറിക്കുകൊള്ളു ന്ന രീതിയില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്ന നാരായണപണിക്കരും മൃദുവും മാന്യതയും നിറഞ്ഞ രീതിയില്‍ അഭിപ്രായ പ്രകടനങ്ഹള്‍ നടത്തിയിരുന്ന കിടങ്ങൂരും എന്‍.എസ്.എസിന്റെ ശക്തരായ ജനറല്‍ സെക്രട്ടറിമാരായിരുന്നു. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി നാരായണപണിക്കരുടെ പിന്തുണ ആവശ്യപ്പെടുമായിരുന്നു. അവരെ മാന്യമായി സ്വീകരിച്ച് തന്റെ നിലപാട് വ്യക്തമാക്കി തന്നെ പറഞ്ഞയയ്ക്കുമായിരുന്നു. തന്റെ നോമിനിയെ മന്ത്രിയാക്കണമെന്ന് ഒരിക്കല്‍പോലും അദ്ദേഹം പറഞ്ഞതായിട്ടറിവില്ല. എന്നിരുന്നാലും യു.ഡി.എഫ്. മന്ത്രിസഭ രൂപീകരണവേളകളില്‍ അദ്ദേഹത്തിന്റെ മനസ്സുകൂടി അറിഞ്ഞായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. യു.ഡി.എഫില്‍ നിന്ന് പുറത്തുപോയശേഷം ഒരിക്കല്‍പോലും അതിനിടയില്‍ കയറി ആളുകളിക്കാന്‍ നാരായണപണിക്കര്‍ ശ്രമിച്ചിട്ടില്ലായെന്ന് പറയുമ്പോള്‍ ഇതെ ഏറെക്കുറെ വ്യക്തമാണ്. എന്‍.എസ്.എസില്‍ കൂടി വളര്‍ന്ന് കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളായി നിയമസഭയിലെത്തിയവരോട് പോലും അദ്ദേഹം പ്രത്യേക മമത കാണിച്ചിരുന്നില്ല. അവരെപോലും മന്ത്രിയാക്കി താ ക്കോല്‍ സ്ഥാനത്തിരുത്താന്‍ യു.ഡി.എഫില്‍ പറഞ്ഞതായി ഓര്‍ക്കുന്നില്ല. സമുദായസേവനമാണ് തന്റെ ലക്ഷ്യമെന്നതും അതാണ് തന്റെ ജോലിയുമെന്നുമായിരുന്നു അതിനുള്ള മറുപടി. നാരായണപണിക്കരുടെ കാലത്ത് ചങ്ങനാശ്ശേരിയിലെ മന്നം സമാധിയില്‍ എത്തി ആദരവര്‍പ്പിക്കാത്ത കേന്ദ്രമന്ത്രിമാരെ കേരളത്തിലെ യു.ഡി.എഫ് മുഖ്യമന്ത്രിമാരെ മന്ത്രിമാരോ കെ.പി.സി.സി. പ്രസിഡന്റുമാരോ ഉണ്ടോയെന്നുപോലും സംശയമാണ്. അവരെയൊക്കെ കാരണവരുടെ സ്ഥാനത്ത് നിന്ന് അദ്ദേഹം സ്വീകരിച്ചിരുന്നു. എന്‍എസ്. ജനറല്‍ സെക്രട്ടറിക്ക് അന്ന് കേരളത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്നു.

എന്നാല്‍ ഈ അടുത്തകാലത്തായി ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുമായി ബന്ധപ്പെട്ട ചില വിവാദപരമായ വാര്‍ത്തകള്‍ ഇതിന് വിപരീതമായി പലരും വ്യാഖ്യാനിക്കുന്നുണ്ട്. പ്രത്യേകിച്ച് വി.എം. സുധീരന്‍ സംഭവത്തില്‍. കെ.പി.സി.സി. പ്രസിഡന്റായ ശേഷം ആദ്യമായി ചങ്ങനാശ്ശേരിയിലെത്തിയ സുധീരന് പെരുന്നയിലു ള്ള എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ എത്തി ആദരാഞ്ജലികളര്‍പ്പിക്കുകയുണ്ടായി. മന്നം സമാധിയില്‍ നിന്ന് മടങ്ങും മുന്‍പ് സു കുമാരന്‍നായരുടെ ഓഫീസിലെ ത്തി അദ്ദേഹത്തെ കണ്ടില്ലെന്നും താന്‍ ഓഫീസിലുള്ളപ്പോള്‍ അവിടെയെത്തി തന്നെ കാണാതെ പോയത് ശരിയായ നടപടിയായില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞതാണ് വിവാദത്തിനിടവരുത്തിയത്. ഈ നടപടി തന്നെ മാത്രമല്ല എന്‍.എസ്.എസിനെയും അപമാനിക്കുന്നതിനു തുല്യമാണെന്നു വരെ പറയുകയുണ്ടായി സുകുമാരന്‍നായര്‍.

മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുകമാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും സുകുമാരന്‍നായര്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ഓഫീസില്‍ ചെന്നുകണ്ടേനേം എന്ന് സുധീരന്‍ അതിന് വിശദീകരണം പറഞ്ഞെങ്കിലും അതുകൊണ്ടൊന്നും സുകുമാരന്‍നായര്‍ അടങ്ങിയില്ലായെന്നാണ് പറയുന്നത്. സുധീരനെയും കോണ്‍ഗ്രസിനെയും അതിരൂക്ഷമായി വിമര്‍ശിക്കുകയും അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് അതിരൂക്ഷമായി തന്നെ പറഞ്ഞുവത്രെ. ലോകസഭ തിരഞ്ഞെടുപ്പ് ആയതിനാല്‍ കോണ്‍ഗ്രസ് നേതൃത്വവും സുധീരനെയും അത് കേട്ട് ഭയക്കുമെന്നും സുകുമാരന്‍നായരുടെ അടുത്തെത്തിയെല്ലാവരും മാപ്പ് പറയുമെന്നും അദ്ദേഹം കരുതിയെന്ന് അതിന് വിമര്‍ശിക്കുന്നവരുടെ പക്ഷം. എന്നാല്‍ അതൊന്നുമുണ്ടായില്ല. അത് കുറച്ച് വി വാദവും വാര്‍ത്തയും സൃഷ്ടിച്ച് അങ്ങ് കേട്ടടങ്ങുകയാണുണ്ടായത്. സുകുമാരന്‍നായര്‍ മലപോലെ ഉയര്‍ത്തികൊണ്ടുവന്നത് എലിപോലെയായിയെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ഇത്രയും വലിയ സംഭവമായി സു കുമാരന്‍നായര്‍ ഉയര്‍ത്തികൊണ്ടുവരേണ്ടതായിട്ടുണ്ടായെന്നാ ണ് പലരുടെയും ചോദ്യം. എന്‍.എസ്.എസ്. ആസ്ഥാനത്ത് ഇതിനെക്കാള്‍ വലിയ വിവാദങ്ങളുണ്ടായിട്ടുപോലും അന്നത്തെ സെക്രട്ടറിമാരായതോടെ പ്രകോപനവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടല്ലത്രെ.

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മന്നംസമാധിയില്‍ എത്തുകയുണ്ടായി. മന്നം സമാധിയില്‍ അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഷൂസിട്ടുകൊണ്ട് കയറുകയുണ്ടായി. ഇത് പലരുടെയും ശ്രദ്ധയില്‍പ്പെടുകയുണ്ടായി. പ്ര ത്യേകിച്ച് ചില മാധ്യമങ്ങളുടെ. അത് മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോട് തങ്ങളുടെ പത്രത്തില്‍ കാണിക്കുകയുണ്ടായി. ഇതോടെ സംഭവം കാട്ടുതീപോലെ പടര്‍ന്നു. എന്‍.എസ്.എസ്. അംഗങ്ങളില്‍ പലരും അതിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷമാപണം നടത്തികൊണ്ടുള്ള കത്ത് എന്‍.എസ്.എസ്. ആസ്ഥാനത്തെത്തിയിട്ടും മലരും അമര്‍ഷം രേഖപ്പെടുത്തുകയുണ്ടായി. അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. നാരായണപണിക്കര്‍ വളരെ സമചിത്തതയോടുകൂടി കണ്ട് അതിന് വളരെ പക്വതയാര്‍ന്ന മറുപടി നല്‍കിയതോടെ ആ സംഭവം കെട്ടടുങ്ങുകയാണുണ്ടായത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയുടെ ഭാഗമായിട്ടാണ് അവിടെയെത്തിയതെന്നും ഷൂസിട്ടതും അതിന്റെ ഭാഗതമാണെന്നും അല്ലാതെ അപമാനിക്കാന്‍ യാതൊരുദ്ദേശവും അതിന്റെ പിന്നിലില്ലായിരുന്നുയെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തില്‍ പറഞ്ഞിരുന്നത്. സംഗതിയുടെ ഗൗരവം പ്രധാനമന്ത്രിയുടെ ഓഫീസ് മനസ്സിലാക്കിയതുകൊണ്ട് ആരും അത് വിവാദപരമായി കാണേണ്ടയെന്നായിരുന്നു പി.കെ. നാരായണപണിക്കര്‍ നല്‍കിയ മറുപടി അ ദ്ദേഹത്തിന് അത് കേരളം മുഴുവന്‍ ആളിപ്പടര്‍ന്ന തക്ക രീതിയില്‍ കൊണ്ടുപോകാമായിരുന്നു. എന്നാല്‍ അതല്ല അതിന്റെ ശരിയെന്നായിരുന്നു നാരായണപണിക്കരുടെ പക്ഷം. സമുദായത്തെ സേവിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും സമുദായ അംഗങ്ങളെ നയിക്കുകയാണ് തന്റെ ദൗത്യമെന്നുമുള്ളതായിരുന്നു പി.കെ. നാരായണപണിക്കരുടെ മുദ്രാവാക്യം. അനാവശ്യവിവാദങ്ങളുണ്ടാക്കി ആളുകളിച്ച് ആ പ്രസ്ഥാനത്തി ന്റെ പേരും പ്രശസ്തിയും കളഞ്ഞ് അതിന്റെ പ്രസക്തിയില്ലാതാക്കുന്നതല്ല നല്ല നേതൃത്വത്തിന്റെ ലക്ഷണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതിയെന്നു ഒരിക്കല്‍ അദ്ദേഹം തന്നെ പറയുകയുണ്ടായി.

ഒരു വ്യക്തിയെ സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും ഓരോ വ്യക്തികളുടെയും വ്യക്തിപരമായ കാര്യം തന്നെയാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കേണ്ടതായിട്ടുണ്ട്. അഥിതിയെ ദൈവതുല്ല്യമായി കാണണമെന്ന് ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത. ഏതൊരു ഭാരതീയനും തന്റെ അടുത്ത് വരുന്ന അഥിതിയെ ദൈവമായി കരുതി ആദരിക്കണമെന്നാണ് ആ പഠിപ്പിക്കലിന്റെ ഉള്ളടക്കം. എത്തുന്ന വ്യക്തി ആരായാലും ആ വ്യക്തി ഏത് സ്ഥാനം വഹിക്കുന്ന വ്യക്തിയായാലും അങ്ങനെ കാണണമെന്ന് പറയുമ്പോള്‍ അത് ഓരോ ഭാരതീയനും തീര്‍ത്തും പാലിക്കേണ്ട ഒന്നുതന്നെയാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ മുറുകേപ്പിടിക്കുന്നവരെന്നവകാശപ്പെടുന്നവര്‍. തന്റെ മുന്‍പില്‍ യാജകനായി വന്ന വ്യക്തിയെപ്പോലും ആദരപൂര്‍വ്വം സ്വീകരിച്ച് തന്റെ രാജ്യം പോലും അയാള്‍ക്ക് ദാനമായി നല്‍കിയ ഭരണകര്‍ത്താക്കളുടെ നാടായ നമ്മുടെ നാട്ടില്‍ അഥിതിയായെത്തിയവരെ ഗൗനിക്കാതെ പോകുന്നത് എന്ത് സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നാണ് പല രും ചോദിക്കുന്നത്. സുധീരനെ സുകുമാരന്‍നായര്‍ ഗൗനിക്കാതെപോയതിനെ വിമര്‍ശിക്കുമ്പോഴാണ് ഈ ചോദ്യം പലരും ചോദിച്ചത്. ഈ വിവാദം അദ്ദേഹത്തിനെതിരെ തിരഞ്ഞപ്പോള്‍ സുധീരന്റെ സന്ദര്‍ശനം താന്‍ അറിഞ്ഞിരുന്നില്ലായെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനും നോക്കിയെന്നതും പലരും വിമര്‍ശിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ കോട്ടയത്തുള്ള നേതാക്കള്‍ സുധീരന്‍ ചങ്ങനാശ്ശേരിയിലെത്തിയപ്പോള്‍ എത്തുകയുണ്ടായി മന്നം സമാധിയില്‍ സുധീരനോടൊപ്പം അവരെത്തിയപ്പോള്‍ അതിനകത്തുള്ളവര്‍ ആരും അറിഞ്ഞില്ലായെന്നു പറയുന്നത് യാതൊരു സാങ്കേതികത്വവുമില്ലാത്തതാണെന്നാണ് വിമര്‍ശിക്കുന്നവരുടെ ഭാഷ്യം.

മന്നം സുകുമാരന്‍നായരുള്‍പ്പെടെയുള്ളവരുടെ ആചാര്യനാണ് അദ്ദേഹത്തിന്റെ അടുത്ത് ആദരപൂര്‍വ്വം എത്തിയപ്പോള്‍ സുകുമാരന്‍നായര്‍ സുധീരനുമായി കൂടി കാഴ്ചക്ക് താല്പര്യം കാട്ടാമായിരുന്നുയെന്നും അതിനെ വിവാദമാക്കിയത് ശരിയായില്ലായെന്നുമാണ് പലരുടെയും വിലയിരുത്തല്‍. പള്ളിയിലെത്തുന്ന വിശ്വാസികളെല്ലാം വികാരിയച്ചന്‍ താമസിക്കുന്നിടത്ത് പോയി കണ്ട് മടങ്ങാവുയെന്നുണ്ടോ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൂജാരിയുടെ താമസസ്ഥലത്തെത്തി അദ്ദേഹത്തെ കണ്ട് മടങ്ങാവുയെന്നുണ്ടോ ഇങ്ങനെ പല മറുചോച്യങ്ങളും ചോദിക്കുന്നുണ്ട്. ഇതിനെ വിലയിരുത്തുന്നവര്‍ എന്തായാലും ഇത് വിവാദത്തിനപ്പുറം പല വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയെന്നാണ് പറയപ്പെടുന്നത്. അത് അദ്ദേഹത്തോടുള്ള പുറംലോകത്തിന്റെ മനോഭാവത്തിന് മാറ്റം വരുത്തിയെന്നാണ് പറയുന്നത്.

ബഹുമാനം നല്‍കി ബഹുമാനം നേടുകയെന്നത് വെറും വാക്കല്ല അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരു വ്യക്തിയെ ബഹുമാനിക്കുന്നത് ഏതൊരു വ്യക്തികളുടെയും മഹത്വം കൂടിയാണ്. വിശാലമനസ്‌ക്കര്‍ക്ക് മാത്രമെ അതിന് കഴിയും. ആ സത്യം ഉന്നതര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അവരെ സമൂഹവും അംഗീകരിക്കും ആദരിക്കും. അ ങ്ങനെയുള്ളവരായിരുന്നു പി.കെ. നാരായണപണിക്കരും കിടങ്ങൂരും അവരുടെ അഭിപ്രായങ്ങള്‍ക്കും വാക്കിനും ജനം വിലക്കല്‍പ്പിച്ചത് അതുകൊണ്ടാണ്. അവര്‍ തങ്ങളുടെ സ്ഥാനത്തി ന്റെ മഹത്വവും മനസ്സിലാക്കി പ്രവര്‍ത്തിച്ചുയെന്നതാണ് സത്യം. അതുകൊണ്ടുതന്നെ അവരെ സമുദായനേതാക്കളെന്നതിലുപരി സമുന്നതരായ നേതാക്കളായി കരുതി. അവരുടെ പിന്‍ഗാമിയായ സുകുമാരന്‍നായരും ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതായിരുന്നുയെന്നും ഈ സംഭവത്തെ വിലയിരുത്തന്നവരുടെ അഭിപ്രായം.

സുധീരന്‍ സംഭവം മാത്രമല്ല അദ്ദേഹത്തിനെതിരായത്. രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹത്തിനെതിരായി യു.ഡി.എഫില്‍ അംഗമോ ഒന്നുമല്ലാത്ത സുകുമാരന്‍നായര്‍ ത ന്റെ നോമിനിയായി രമേശ് ചെന്നിത്തലയെ യു.ഡി.എഫ് നേ തൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എടുക്കണമെന്ന് പറഞ്ഞത് ശരിയായ നടപടിയല്ലായെന്നാണ് പലരും വിമര്‍ശിച്ചത്. ജനാധിപത്യഭരണസംവിധാനത്തില്‍ സമുദായപരിഗണനയെക്കാള്‍ വ്യക്തികളുടെ കഴിവിനും ഭരണം നേതൃത്വം നല്‍കുന്നവരുടെ തീരുമാനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുകയെന്നതാണ് ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫ് ഭരണത്തിലിരിക്കുമ്പോള്‍ അതിലെ അംഗങ്ങളായ രാഷ്ട്രീ യ പാര്‍ട്ടികളും മുഖ്യമന്ത്രിയുമാ ണ് തീരുമാനമെടുക്കുക അതില്‍ ആര് മന്ത്രിയാകണമെന്ന്. അതി ല്‍ പങ്കാളികളാകാത്തവര്‍ അതി ല്‍ തീരുമാനമെടുക്കാന്‍ മുന്നോട്ടുവന്നാല്‍ അത് രാഷ്ട്രീയ അസമത്വത്തിന് വഴി തെളിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുള്‍ പ്പെടെയുള്ളവരുടെ അഭിപ്രായം. ഓരോ സമുദായനേതാക്കളും തങ്ങള്‍ക്കിഷ്ടമുള്ളവരെ ഇങ്ങനെ നിര്‍ദ്ദേശിച്ചാല്‍ ജനാധിപത്യ തിരഞ്ഞെടുപ്പ് എന്നത് വെറും ചടങ്ങുമാത്രമാത്രമാകും ഭരണപ്പെടുന്നത് ചിലരുടെ കയ്യിലെ കളിപ്പാട്ടങ്ങള്‍പോലെയാകുമെന്നാണ് കഴിഞ്ഞ കാലങ്ങളിലെ പല സംഭവങ്ങളും തുറന്നുകാട്ടുന്നത്.

രാഷ്ട്രീയക്കാര്‍ മതത്തില്‍ പ്രവര്‍ത്തിക്കുന്നതും മതനേതാക്ക ള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതും തെറ്റുണ്ടെന്നു തോന്നുന്നില്ല, മതവും രാഷ്ട്രീയവും കൂട്ടികുഴയ്ക്കുകയും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അതിനെ കൊണ്ടുപോകുകയും ചെയ്യുമ്പോഴാണ് പലപ്പോഴും ഭരണപ്രതിസന്ധിയും രാഷ്ട്രീയ അനശ്ചിതത്വവും ഉണ്ടാക്കുന്നത്. ആ സത്യം മതനേതൃത്വത്തിലുള്ളവരും രാഷ്ട്രീയ നേതൃത്വത്തിലുള്ളവരും ഇന്ന് ഓര്‍ക്കുന്നുണ്ടോയെന്ന് സംശയമാണ്. അതായിരിക്കാം ചെറിയ പ്രശ്‌നങ്ങള്‍ പോലും വിവാദമാകാന്‍ കാരണമാകുന്നത്. പറുന്നതും പ്രവര്‍ത്തിക്കുന്നതും ജനത്തിന്റെ നാടിന്റെ നന്മയ്ക്കാകണമെന്ന് ചിന്തിക്കുന്ന നേതാക്കളുടെ എണ്ണം കുറഞ്ഞുവരുന്നുയെന്നതാണ് സത്യം. ചെറിയ പ്രശ്‌നങ്ങള്‍പോലും പെരുപ്പിച്ച് വിവാദമുണ്ടാക്കി എല്ലാം തങ്ങളുടെ കൈയ്യിലെ വെറും പാവകളാണെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ സമുദായനേതാക്കളില്‍ പലരുമെന്ന് വിമര്‍ശിക്കപ്പെടുമ്പോള്‍ അത് കേട്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നില്ല ജനങള്‍, അവര്‍ ഇപ്പോള്‍ ഉടനടി പ്രതിഷേധിക്കുന്നുണ്ട് പലരീതിയില്‍ അത് പലരുടെ പേരിനുതന്നെ കോട്ടം തട്ടും

ബ്ലസന്‍ ഹൂസ്റ്റണ്‍ :
blesson houston@gmail.com
എന്‍. എസ്‌. എസ്‌. ജനറല്‍ സെക്രട്ടറിമാരും അവരുടെ അഭിപ്രായാന്തരങ്ങളും (ബ്ലസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക